ബി.കെ.ഹരിനാരായണൻ ബെൽജിയം ആരാധകനൊപ്പം
കാണിയുടെ മൈതാനം
ഏഴുനിറമുള്ള മഴവില്ലുപോലെയാണ്
ആരാധകന്റെ മൈതാനം
ഒറ്റ നിറമുള്ള സമുദ്രവും
അവന്റെ വീര്‍പ്പില്‍ ,നിഴലില്‍ -
നടപ്പില്‍ ,ഉയിര്‍പ്പില്‍
ഒറ്റ നിറമേയുള്ളൂ
ഒരേയൊരു മുഖവും
വില്യം ഷാങ്ക്‌ലി സ്‌കോട്ടിഷ് ഫുട്‌ബോളറും, ലിവര്‍പൂളിന്റെ മാനേജരും ആയിരുന്നു. ആത്യന്തിക ഫുട്‌ബോള്‍ ഭ്രാന്തന്‍ എന്ന് വിളിക്കപ്പെട്ട ഷാങ്ക്‌ലിയുടെ പ്രശസ്തമായ വാചകം ഇങ്ങനെയാണ് 'ഫുട്‌ബോള്‍ ജീവിതത്തിന്റേയും മരണത്തിന്റെയും പ്രശ്‌നമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. ആ വിശ്വാസത്തില്‍ ഞാന്‍ വളരെ നിരാശനാണ്. കാരണം ഫുട്‌ബോള്‍ അതിനേക്കാളുമൊക്കെ പ്രധാനപ്പെട്ടതാണ് എന്ന് ഉറപ്പു നല്‍കാന്‍ എനിക്ക് കഴിയും'. ഓരോ ആരാധകനും ആരാധികയ്ക്കും തന്റെ ടീമിനോടും കളിക്കാരോടുമുള്ള ഇഷ്ടം മറ്റെന്തിനേക്കാളും വലുതാണ്. ഇന്നലെ അല്‍ സദ്ദ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ടിക്കറ്റ് കൗണ്ടറിനടുത്ത് കണ്ട അര്‍ജന്റീനക്കാരി പെണ്‍കുട്ടിയും ഇതിനൊരു ഉദാഹരണമാണ്.
രാത്രിയിലെ അര്‍ജന്റീന - പോളണ്ട് മത്സരത്തിന് ടിക്കറ്റ് കിട്ടാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്നന്വേഷിച്ച് ചെന്നതാണ് ഞങ്ങള്‍. ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ എത്രയോ നേരമായി കാത്തു നില്‍ക്കുന്ന വലിയ നിരയുണ്ട്. അതിന്റെ ഏതാണ്ട് മുന്നിലായാണ് അവളുള്ളത്. 'റെനിറ്റപെരെസ്' എന്നാണവളുടെ പേര്. തന്റെ ടീമിന്റെ കളി കാണാന്‍ അവസാന പ്രതീക്ഷയോടെ നില്‍ക്കുകയാണ്. അതിനിടയ്ക്ക് മൈക്രോഫോണില്‍ അനൗണ്‍സ്‌മെന്റ് വന്നു. 'ഇവിടെ ടിക്കറ്റുകള്‍ ഒന്നുമില്ല, നിങ്ങള്‍ ദയവായി പിരിഞ്ഞ് പോണം '. സുരക്ഷാ ഉദ്യോഗസ്ഥര്‍, വളരെ വിനയത്തോടെ എന്നാല്‍ കര്‍ശനമായി ആളുകളോട് പിരിഞ്ഞ് പോകാന്‍ പറയുന്നു. പലരും പോയി. അവള്‍ അവിടെ തന്നെ നില്‍ക്കുന്നു. ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നുണ്ട് .പക്ഷെ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്.
ഒടുവില്‍ ഒരു ഉദ്യോഗസ്ഥന് മുന്നില്‍ അവള്‍ തന്റെ ബാഗ് തുറന്നു. അതില്‍ നിന്ന് കുറച്ച് പണവും വിസ കാര്‍ഡുമൊക്കെ അയാള്‍ക്ക് നേരെ നീട്ടി. 'എന്റെ കയ്യിലുള്ളതെല്ലാം നിങ്ങള്‍ എടുത്തോളു .എന്നിട്ട് എനിക്കൊരു ടിക്കറ്റ് തരൂ..' മാഡം ഞാന്‍ നിസ്സഹായനാണ് എന്ന് പറഞ്ഞ് ആ ഉദ്യോഗസ്ഥന്‍ നടന്ന് പോയി.. ഇങ്ങനെ ഒരുപാടുപേരെ ഇന്നലെ ഖത്തറില്‍ കാണാന്‍ കഴിയും. രണ്ട് പേര്‍ തമ്മില്‍ കണ്ടാല്‍ ചോദിക്കുന്നത് ചായ കുടിച്ചോ? വേണോ എന്നായിരിക്കില്ല. മറിച്ച് അര്‍ജന്റീന -പോളണ്ട് കളിക്ക് ടിക്കറ്റ് ഉണ്ടോ എന്നായിരിക്കും. ഇത് അനുഭവമാണ്. ഞങ്ങളും ടിക്കറ്റ് കിട്ടാനായി പല വഴിയും നോക്കിയിരുന്നു. ഒന്നും ഫലം കണ്ടില്ല. ഈ ടിക്കറ്റിന്റെ പേരില്‍ ഫേസ് ബുക്കില്‍ പണം തട്ടിപ്പുവരെ നടന്നു എന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്. മത്സരം നടക്കുന്ന 974 സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 44000 ആളുകളാണ്. മറ്റു വലിയ സ്‌റ്റേഡിയങ്ങളേക്കാള്‍ താരതമ്യേന കുറവ്. അതിന്റെ ഇരട്ടിയിലധികം ആളുകള്‍ സ്റ്റേഡിയത്തിന് പുറത്തും ചുറ്റുവട്ടത്തും ഉണ്ടായിരുന്നു. ഖത്തര്‍ ഒരു നീലക്കടലായിരുന്നു ഇന്നലെ രാത്രി.
ഒരു രീതിയിലും ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഞങ്ങള്‍ അല്‍ബിദ പാര്‍ക്കിലെ ഫാന്‍സോണിലേക്ക് വച്ച് പിടിച്ചു. അവിടെ പടുകൂറ്റന്‍ സ്‌ക്രീനില്‍ ആരാധകര്‍ക്കൊപ്പം കളി കാണാന്‍. നാല്‍പ്പതിനായിരം പേര്‍ക്ക് കളികാണാവുന്ന സംവിധാനമാണ് അവിടെ. ഫാന്‍സ് സോണും നിറഞ്ഞ് കവിഞ്ഞിരുന്നു. പ്രവേശനം കിട്ടിയില്ല. പിന്നെ ഫ്രീ സോണിലുള്ള ഫാന്‍ വില്ലേജിലേക്ക് അക്ഷരാര്‍ഥത്തില്‍ ഓടി. കാരണം കളി തുടങ്ങാന്‍
നിമിഷങ്ങളെ ഉള്ളൂ. പല രാജ്യത്ത് നിന്ന് വരുന്നവര്‍ക്കുള്ള താമസ സൗകര്യമുണ്ട് ഫാന്‍സ് വില്ലേജില്‍. ഒരു കണ്ടൈനര്‍ ഒരു മുറിയാക്കി മാറ്റിയിരിക്കുന്നു. അതില്‍ ബാത്ത് റൂമും കിടക്കാനുള്ള സൗകര്യവും ഉണ്ട്. തീപ്പെട്ടിക്കൂടുപോലെ നിരനിരയായി അടുക്കി വച്ചിരിക്കുന്ന കണ്ടൈനര്‍ വീടുകള്‍. 407 മുതല്‍ 1512 റിയാല്‍ വരെ വാടകയുള്ളത്. താരതമ്യേന ഏറ്റവും വിലക്കുറവുള്ള ഹോട്ടല്‍ റൂം ഇതായിരിക്കും. ഫാന്‍ വില്ലേജിലേക്കും ആദ്യം കടക്കാന്‍ അനുമതി കിട്ടിയില്ല. ഒടുവില്‍ എങ്ങനെയോ കയറിപ്പറ്റി നിരനിരായായ കണ്ടൈനര്‍ വീടുകളുടെ രണ്ടറ്റത്തും രണ്ട് കൂറ്റന്‍ സ്‌ക്രീനുകള്‍. രണ്ടിനു മുന്നിലും പതിനായിരത്തോളം ആളുകള്‍. ഒന്നില്‍ അര്‍ജന്റീന - പോളണ്ട് കളി. മറ്റേ ഭാഗത്ത് മെക്‌സിക്കോ - സൗദി അറേബ്യ മത്സരം.
കണ്ടയ്‌നറുകള്‍ക്കിടയിലൂടെ ഓടി എത്തുമ്പോഴേക്കും മത്സരം തുടങ്ങിയിരുന്നു. നിന്ന നില്‍പ്പില്‍ ഒരടി അനങ്ങാതെ കളി മുഴുവന്‍ കണ്ടു. തിരിച്ച് നടക്കുമ്പോള്‍ തൊട്ടു മുന്നിലെ കണ്ടയ്‌നര്‍ മുറിയില്‍ നിന്ന് ഒരാള്‍ ഇറങ്ങി ഞങ്ങളോട് ചോദിച്ചു 'അര്‍ജന്റീന ജയിച്ചോ' ? ഉവ്വ് ഹൊ ! സമാധാനം.. ഏതോ രാജ്യത്ത് നിന്ന് കളി കാണാന്‍ എത്തിയതാണ്. ടിക്കറ്റ് ഉണ്ട് പക്ഷെ സമ്മര്‍ദ്ദം കാരണം കാണാന്‍ ധൈര്യമുണ്ടായില്ലത്രെ. കളി കഴിയും വരെ കണ്ണും ചെവിയും പൊത്തി അയാള്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കയായിരുന്നു.
രാവിലെ ബ്രേക്ക് ഫാസ്റ്റിന് പോയപ്പോള്‍, ഫൈസലിന്റെ സുഹൃത്തായ ഒരു മെക്‌സിക്കോകാരനെ കണ്ടു. കലങ്ങിയ കണ്ണുകളോടെയാണ് അയാള്‍ ഫൈസലിനോട് യാത്ര പറഞ്ഞത് 'ഞങ്ങള്‍ പ്രീ ക്വാര്‍ട്ടര്‍ അര്‍ഹിച്ചിരുന്നു. പക്ഷേ...' രാജാവിനെപ്പോലെ വേഷം കെട്ടി മെട്രോയില്‍ കണ്ട ബെല്‍ജിയംകാരനും പറയുന്നത് അത്യ തന്നെയാണ് 'ഞങ്ങള്‍ അത്ര മികച്ച കളിയല്ല കളിച്ചത്. പക്ഷെ ഞങ്ങള്‍ക്ക് മുന്നോട്ട് പോണം, നിങ്ങള്‍ പ്രാര്‍ത്ഥിക്കണം'.
നാല്‍പതിനായിരത്തോളം മൊറോക്കോ കാണികള്‍ വന്നിട്ടുണ്ടെന്നാണ് ഒരാരാധകന്‍ പറഞ്ഞത്. തങ്ങളുടെ ടീമിനെ മുന്നോട്ട് നയിക്കാന്‍. ആരാധകരെ ചിലപ്പോള്‍ ചിലര്‍ ഭ്രാന്തന്‍മാര്‍ എന്ന് വിളിച്ചു പോകാറുണ്ട്. പക്ഷെ ആ ഉന്മാദമാണ്, ആ അന്ധതയാണ് മരണത്തിനും മുകളിലേക്ക് അവരെ കൊണ്ടുപോകുന്നത്. ഉയിരുകൊണ്ട് തങ്ങളുടെ ടീമിന് ഉടല് നെയ്യുകയാണവര്‍.
Content Highlights: fifa world cup 2022, al kidu qatar, bk harinarayanan, qatar world cup 2022, qatar world cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..