Photo: AFP
പോര്‍ട്ടോ: ഖത്തര്‍ ലോകകപ്പില്‍ കളിക്കാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവുമുണ്ടാകുമോ? ഫുട്ബോള്‍ ലോകത്ത് ദിവസങ്ങളായി തുടരുന്ന ചോദ്യത്തിനുള്ള ഉത്തരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ന് രാത്രി 12.15-ന് വടക്കന്‍ മാസിഡോണിയയുമായി നടക്കുന്ന പ്ലേ ഓഫ് ഫൈനല്‍ പോര്‍ച്ചുഗലിന്റെയും ക്രിസ്റ്റ്യാനോയുടെയും ലോകകപ്പ് ഭാവി തീരുമാനിക്കും. മറ്റൊരു പ്ലേ ഓഫ് ഫൈനലില്‍ സ്വീഡന് പോളണ്ടുമായി ഏറ്റുമുട്ടും.
പ്ലേ ഓഫ് റൗണ്ടിലെ ആദ്യകളിയില്‍ തുര്‍ക്കിയെ 3-1ന് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ നിര്‍ണായക പോരാട്ടത്തിനൊരുങ്ങിയത്. മാസിഡോണിയ ഇറ്റലിയെ അട്ടിമറിച്ച് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചു (1-0). ഇനിയൊരു ലോകകപ്പിന് ബാല്യമില്ലാത്തതിനാല് ക്രിസ്റ്റ്യാനോ കളത്തില്‍ പൊരുതുമെന്നുറപ്പ്. പോര്‍ച്ചുഗലിന് യോഗ്യതനേടാന്‍ കഴിയാതെപോയാല്‍ ക്രിസ്റ്റ്യാനോയ്ക്ക് അത് കരിയറിലെ വലിയ നഷ്ടമാകും.
കടലാസില്‍ കരുത്തരാണ് പോര്‍ച്ചുഗല്‍. താരസമ്പന്നമായ നിര. ഒപ്പം ക്രിസ്റ്റ്യാനോ എന്ന ഇതിഹാസത്തിന്റെ സാന്നിധ്യവും. വടക്കന്‍ മാസിഡോണിയ യോഗ്യതാറൗണ്ടിലെ കറുത്തകുതിരകളാണ്. യോഗ്യതാറൗണ്ടില്‍ ഗ്രൂപ്പ് ജെ-യില്‍ ജര്മനിക്കുപിന്നില് രണ്ടാംസ്ഥാനം നേടിയാണ് പ്ലേ ഓഫിലെത്തിയത്. റുമാനിയ, ഐസ്ലന്ഡ് ടീമുകള്‍ കളിച്ച ഗ്രൂപ്പാണത്. 10 കളിയില്‍ അഞ്ചു ജയവും മൂന്നു സമനിലയും നേടി. ബ്ലാഗോയ മിലെവ്സ്കിയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.
ചെക്ക് റിപ്പബ്ലിക്കിനെ കീഴടക്കിയാണ് സ്വീഡന് പ്ലേ ഓഫ് ഫൈനലില്‍ കടന്നത്. റഷ്യയായിരുന്നു പോളണ്ടിന്റെ എതിരാളി. റഷ്യക്ക് ഫിഫയുടെ വിലക്കുള്ളതിനാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ പോളണ്ടിന് വാക്കോവര്‍ ലഭിച്ചു. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് പോളണ്ടിന്റെ ശക്തി.
Content Highlights: 2022 qatar world cup football qualifiers portugal cristiano ronaldo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..