
പ്രതീകാത്മക ചിത്രം | Photo: gettyimages.in
ലോകത്തിന്റെ സാമ്പത്തികസ്ഥിതിയെ ഇന്ന് നിയന്ത്രിക്കുന്നത് വിജ്ഞാന വ്യവസായങ്ങളും വ്യാവസായിക സ്ഥാപനങ്ങളുമാണ്. പല പരമ്പരാഗത ജോലികളും ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. 85 മില്യണ്‍ ജോലികള്‍ പുതിയ 97 മില്യണ്‍ ജോലികള്‍ക്കായി വഴിമാറിക്കൊടുക്കുകയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പുതിയതരം തൊഴില്‍രീതികളും ഉണ്ടായിവരുന്നു. ജോലികള്‍ ഡിജിറ്റൈസ് ചെയ്യുന്നതും ഫ്രീലാന്‍സര്‍മാരുടെ ആവിര്‍ഭാവവും പ്രധാന ഘടകങ്ങളാണ്.
വീടിനു പുറത്തുപോകാതെതന്നെ വിജ്ഞാനാധിഷ്ഠിത ജോലികളുടെ നല്ലൊരു പങ്കും ചെയ്തുതീര്ക്കാനാകുമെന്ന തിരിച്ചറിവ് കോവിഡ്കാലത്തുണ്ടായി. ആവശ്യത്തിന് മത്സരശേഷിയുള്ള കേരളത്തിലെ പ്രതിഭകള്‍ക്ക് ഡിജിറ്റല്‍ ഇടങ്ങള്‍ ഉപയോഗിച്ച് ഇവിടിരുന്നു ചെയ്തുകൊടുക്കാവുന്ന പുതിയ ജോലിസാധ്യതകള്‍ ലോകത്തെവിടെനിന്നും കണ്ടെത്താനും തുടങ്ങാനുമാകും.
കോളജുകളില്‍ നിന്ന് ജയിച്ചിറങ്ങുന്നവര്ക്ക് തൊഴില്ക്ഷമതയുടെയും നൈപുണ്യത്തിന്റെയും പ്രശ്നങ്ങളുണ്ട്. അതേസമയം, ഇന്ത്യയൊട്ടാകെ എടുത്താല്‍ ഐ.ടി മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ മൂന്നിലൊന്നും കേരളീയരാണുതാനും. സുപ്രധാന ഗവേഷണ സ്ഥാപനങ്ങളിലും രാജ്യാന്തരതലത്തിലുമൊക്കെ മികച്ച സ്ഥാനങ്ങളില്‍ മലയാളികളുണ്ട്. തൊഴില്‍ നൈപുണ്യം അവര്‍ നേടിയെടുക്കുന്നത് പ്രധാനമായും തൊഴിലിടങ്ങളില്‍ നിന്നാണ്.
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ശക്തമായ അടിത്തറ ഒരുക്കുമ്പോഴും അതിനെ ഉടനടിയുള്ള തൊഴില്സാധ്യതകള്ക്കനുയോജ്യമായി പരുവപ്പെടുത്താന്‍ നമ്മുടെ കലാലയങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൃത്യമായ ഇടപെടലുകളുണ്ടെങ്കില് കേരളത്തിലെ കലാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് വളരെവേഗം കളിക്കളത്തിലേക്ക് പ്രവേശിക്കാനാകും. അതിനുള്ള അവസരമൊരുക്കുകകൂടിയാണ് നോളജ് എക്കണോമി മിഷന് ചെയ്യുന്നത്.
ഏതെങ്കിലും മേഖലയില്‍ തൊട്ടടുത്ത ഭാവിയില്‍ ഇന്ന തൊഴിലിന് ഒഴിവുകളുണ്ടാകുമെന്ന് മുന്‍കൂട്ടി അറിവു ലഭിച്ചാല്‍ അതിലേക്ക് മല്സരിക്കാന്തക്ക വിധത്തില്‍ കേരളത്തിലെ ക്യാംപസുകളില്‍ നിന്ന് പ്രസ്തുത തൊഴിലില്‍ നൈപുണ്യ പരിശീലനം നല്കി തയ്യാറാക്കി നിറുത്താനുമാകും. ഇതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഐടിഐകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വലിയൊരു ക്യാംപെയ്നും നോളജ് എക്കണോമി മിഷന് പദ്ധതിയിടുന്നുണ്ട്.
ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള തൊഴിലുകളിലേക്ക് ക്യാംപസില്‍ നിന്നുതന്നെ ഇവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിനായി ചില ഹ്രസ്വകാലകോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കേണ്ടിവരും. അതോടൊപ്പം അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ ആശയവിനിമയത്തിലുള്‍പ്പെടെ ആവശ്യമായ പരിശീലനവും നല്‍കും. 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുടെ തുടര്‍ച്ചയായി നോളജ് എക്കണോമി മിഷന് നടത്തുന്ന വിപുലമായ ക്യാംപെയ്നായിരിക്കും കാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..