ദ്രൗപദി മുർമു | Photo - PTI
ന്യൂഡല്‍ഹി: രാഷ്ട്രപതിയാകുന്ന ആദ്യ ഗോത്രവര്‍ഗ വിഭാഗക്കാരി മാത്രമല്ല ദ്രൗപദി മുര്‍മു. നിരവധി പ്രത്യേകതകളാണ് അവരുടെ സ്ഥാനലബ്ധിക്കുള്ളത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയും സ്വാതന്ത്ര്യം ലഭിച്ചശേഷം ജനിച്ചവരില്‍നിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെയാളുമാണ് അവര്‍. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥി ആയിരുന്ന യശ്വന്ത് സിന്‍ഹയ്ക്കെതിരെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് മുര്‍മു രാജ്യത്തിന്റെ 15-ാമത്തെ രാഷ്ട്രപതിയാകുന്നത്. 2015 ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായ സമയത്ത് അവിടെ ആ പദവിയിലെത്തുന്ന ആദ്യ വനിതയായിരുന്നു ദ്രൗപദി മുര്‍മു. സ്വന്തം സംസ്ഥാനമായ ഒഡീഷയില്‍നിന്ന് ഗവര്‍ണര്‍ പദവിയിലെത്തുന്ന ഗോത്രവര്‍ഗ വിഭാഗക്കാരിയായ ആദ്യ വനിതയെന്ന അംഗീകാരവും അവര്‍ക്കുതന്നെ.
സാന്താള്‍ വിഭാഗത്തില്‍നിന്നുള്ള നേതാവാണ് അവര്‍. ജാര്‍ഖണ്ഡിലെ ഏറ്റവും വലിയ ഗോത്രവര്‍ഗ വിഭാഗമാണ് സാന്താള്‍. ജാര്‍ഖണ്ഡിന് പുറമെ അസം, ത്രിപുര, ബിഹാര്‍, ഛത്തീസ്ഗഢ്, ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും സാന്താള്‍ വിഭാഗക്കാരുണ്ട്. ഒഡീഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലുള്ള ബൈദാപോസി ഗ്രാമത്തില്‍ 1958 ജൂണ്‍ 20 ന് ജനിച്ച ദ്രൗപദി മുര്‍മു 1997-ലാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. റായ്ഗഞ്ച്പുറിലെ തദ്ദേശഭരണ സ്ഥാപനത്തില്‍ കൗണ്‍സിലറും വൈസ് പ്രസിഡന്റുമായി ആയിരുന്നു തുടക്കം. അതേവര്‍ഷംതന്നെ ഒഡീഷ ബിജെപിയുടെ എസ്.ടി മോര്‍ച്ച വൈസ് പ്രസിഡന്റുമായി അവര്‍. 2000-ല്‍ അവര്‍ റായ്ഗഞ്ച്പുര് എംഎല്‍എ ആയി. ബിജെപിയും ബിജു ജനതാദളും ചേര്‍ന്ന് സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരിച്ച സമയത്തായിരുന്നു അത്. 2000 മുതല്‍ 2004 വരെ അവര്‍ വാണിജ്യം, ഗതാഗതം എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി പ്രവര്‍ത്തിച്ചു. ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ ചുമതലയും പിന്നീടവര്‍ വഹിച്ചു.
രാജ്യത്തെ ഏറ്റവും ഒറ്റപ്പെട്ടതും പിന്നാക്കാവസ്ഥയില്‍ ഉള്ളതുമായ ജില്ലകളില്‍ ഒന്നില്‍നിന്നുള്ള ദ്രൗപദി മുര്‍മു കടുത്ത പ്രതിസന്ധികളെ തരണംചെയ്തും ദാരിദ്ര്യത്തെ മറികടന്നുമാണ് രാഷ്ട്രപതി ഭവനിലെത്തുന്നത്. കടുത്ത പ്രതിസന്ധികളെ മറികടന്നും അവര്‍ ബിരുദ വിദ്യാഭ്യാസം നേടി. ഭുവനേശ്വര്‍ രമാദേവി വിമന്‍സ് കോളേജില്‍നിന്നാണ് ബി.എ ബിരുദമെടുത്തത്.
പൊതുപ്രവര്‍ത്തന രംഗത്തെത്തിയ അദ്ദേഹത്തെത്തേടി പാര്‍ട്ടി പദവികളും വൈകാതെയെത്തി. 2002 മുതല്‍ 2009 വരെ ബിജെപി എസ്.ടി മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു. 2004 ല്‍ വീണ്ടും റായ്ഗഞ്ച്പുര് എംഎല്‍എയായി. 2006 മുതല്‍ 2009 വരെ ബിജെപി എസ്.ടി മോര്‍ച്ച സംസ്ഥാന അധ്യക്ഷയായിരുന്നു. 2007 ല്‍ മികച്ച എംഎല്‍എയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. സര്‍ക്കാര്‍ ജോലിയും കുറച്ചുകാലം അവര്‍ ചെയ്തിട്ടുണ്ട്. 1979 മുതല്‍ 83 വരെ ഒഡീഷ ഊര്‍ജ - ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. റായ്ഗഞ്ച്പുരിലെ ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എഡ്യൂക്കേഷന്‍ സെന്റില്‍ കുറച്ചുകാലം അവര്‍ അധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..