ദ്രൗപതി മുർമു | Photo: UNI
ന്യൂഡല്‍ഹി: ഭരണപാടവവും ജനകീയതയുമാണ് ദ്രൗപദി മുര്‍മുവിന്റെ മുഖമുദ്രകള്‍. ഝാര്‍ഖണ്ഡില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ ഗവര്‍ണറായ മുര്‍മു നേതൃശേഷിയുടെയും സംഘാടന സാമര്‍ഥ്യത്തിന്റെയും പടവുകളിലൂടെയാണ് ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തിയത്.
ഝാര്‍ഖണ്ഡിലെ ആദ്യത്തെ വനിതാ ഗവര്‍ണറായ മുര്‍മു ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ ബൈദാപോസി എന്ന ആദിവാസി മേഖലയിലാണ് ജനിച്ചത്. സാന്താള്‍ ഗോത്രത്തിന്റെ പ്രതിനിധിയായ മുര്‍മു രാജ്യത്ത് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ വനിതയുമാണ്. 2015 മുതല്‍ 2021 വരെയായിരുന്നു മുര്‍മുവിന്റെ ഗവര്‍ണര്‍ കാലാവധി. ഇതിനിടെ ബി.ജെ.പി.ഭരണം മാറി യു.പി.എ. മുന്നണിയിലുള്ള ജെ.എം.എം. ഭരണം പിടിച്ചു.
ഭുവനേശ്വറിലെ രമാദേവി വനിതാ സര്‍വകലാശാലയില്‍നിന്ന് വിദ്യാഭ്യാസം നേടിയ മുര്‍മു അധ്യാപികയായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. തുടര്‍ന്ന് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1997-ല്‍ റായ്റംഗ്പുരില്‍ നഗരസഭാ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു. നഗരസഭാ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചു. റായ്റംഗ്പുര്‍ മണ്ഡലത്തില്‍നിന്ന് രണ്ടുതവണ ബി.ജെ.പി. ടിക്കറ്റില്‍ എം.എല്‍.എ. ആയി. 2000-ത്തില്‍ നിയമസഭയിലെത്തിയ മുര്‍മു ബി.ജെ.പി.-ബി.ജെ.ഡി. സംയുക്ത മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു. ഗതാഗത, വാണിജ്യ, ഫിഷറീസ് വകുപ്പുകള്‍ കൈകാര്യംചെയ്തു. പാര്‍ട്ടിക്കുള്ളിലും ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്. 1997-ല്‍ ബി.ജെ.പി.യുടെ എസ്.ടി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായി. 2013 മുതല്‍ 2015 വരെ എസ്.ടി. മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..