Draupadi Murmu | Photo: ANI
ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയുടെ മാതൃഭാഷ സന്താളിയാണ്. ഒരു ജനതയുടെ സംസ്കാരവും ചരിത്രവും വാമൊഴിയായി മാത്രം തലമുറകളിലൂടെ പകര്‍ന്നു നല്കിപ്പോന്ന ഈ ഭാഷയ്ക്ക് ദേശീയ അംഗീകാരം ലഭിക്കുന്നതിനുപിന്നില്‍ ദ്രൗപദി മുര്‍മുവിന്റെയും കഠിനപ്രയത്നമുണ്ട്. സന്താളിഭാഷയുടെ ചരിത്രത്തില്‍ ഒഡിഷയിലെ റായ്രംഗ്പുര് എന്ന കൊച്ചുപട്ടണത്തിന് വലിയ സ്ഥാനമുണ്ട്. സന്താളിഭാഷയ്ക്ക് ഇന്ന് അംഗീകരിക്കപ്പെട്ട ലിപി തയ്യാറാക്കിയത് റായ്രംഗ്പുരിനടുത്തുള്ള ദണ്ഡ്ബോസെ ഗ്രാമക്കാരനായ പണ്ഡിറ്റ് രഘുനാഥ് മുര്‍മു ആണ്. 1925-ല്‍ തന്റെ ഇരുപതാം വയസ്സിലാണ് അദ്ദേഹം 'ഒള് ചിക്കി' എന്ന ഈ ലിപി തയ്യാറാക്കുന്നത്.
സ്വന്തമായി ലിപി ഉണ്ടായിട്ടും സ്വതന്ത്ര ഇന്ത്യയില്‍ സന്താളിക്ക് ദേശീയതലത്തില്‍ ഔദ്യോഗിക അംഗീകാരം ലഭിച്ചിരുന്നില്ല. ഒട്ടേറെ വലിയപ്രക്ഷോഭങ്ങള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. രണ്ടായിരത്തില്‍ ആദ്യമായി നിയമസഭാംഗമായപ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ ദ്രൗപദി തീരുമാനിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായ ഗോത്രവര്‍ഗ ഉപദേശകസമിതിയില്‍ പലവട്ടം ഇക്കാര്യമുന്നയിച്ചു.
ബാലേശ്വറില്നിന്നുള്ള എം.പി. ഖാരവേല സ്വെയ്ന് ഇടപെട്ട് പ്രധാനമന്ത്രി മന്മോഹന് സിങ്ങുമായി ഒരു കൂടിക്കാഴ്ചയും തരപ്പെടുത്തി. സന്താളി ഭാഷയെപ്പറ്റി ഏറെ കൗതുകത്തോടെ ദ്രൗപദിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി ഈ ആവശ്യം പരിഗണിക്കുമെന്ന് പറയുകയും ചെയ്തു. പിന്നീട് പശ്ചിമബംഗാളില്‍ നിന്നുള്ള രാമചന്ദ്രഡോം എം.പി. ലോക്സഭയില്‍ ഇതേ ആവശ്യവുമായി പ്രമേയം അവതരിപ്പിച്ചു. 2003-ല്‍ ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള ഭാഷകളുടെ കൂട്ടത്തിലേക്ക് സന്താളിയും കടന്നിരുന്നു. അങ്ങനെ ദ്രൗപദിയുടെ പ്രയത്നത്തിനും ഫലമുണ്ടായി.
സന്താള്‍ ഗോത്രത്തില്‍ ജനനം
ആദിവാസിവിഭാഗത്തിലെ സന്താള്‍ ഗോത്രത്തിലാണ് ദ്രൗപദിയുടെ ജനനം. സന്താളി ഭാഷയും മുണ്ഡ ഭാഷയും പൊതുവേ സംസാരിക്കുന്ന സന്താള്‍വിഭാഗം കടുത്ത ആചാരങ്ങളും നിഷ്ഠകളും പിന്തുടരുന്ന യാഥാസ്ഥിതിക സമൂഹമാണ്. പ്രാരബ്ധങ്ങളുടെയും പരിമിതികളുടെയും നടുവിലാണ് പിറന്നത്. അച്ഛന് ബിരാഞ്ചി നാരായണ്‍ ടുഡുവും മുത്തച്ഛനും ഗ്രാമമുഖ്യന്മാരായിരുന്നു എന്നത് വിദ്യാഭ്യാസത്തിന് വഴിതുറന്നു.
പെണ്‍കുട്ടികളെ പഠിക്കാന്‍വിടാത്ത അന്നത്തെ ഇരുളാണ്ട സമൂഹത്തില്‍ ഏഴാംക്ലാസുവരെ മയൂര്‍ഭഞ്ജ് എച്ച്.എസ്. ഉപര്‍ബേഡ സ്കൂളില്‍ ദ്രൗപദി പഠിച്ചു. തുടര്‍ന്നും പഠിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ അച്ഛന് പ്രോത്സാഹിപ്പിച്ചു. എന്നാല്‍, തുടര്‍പഠനത്തിനുള്ള സൗകര്യം ഗ്രാമത്തിലുണ്ടായിരുന്നില്ല. ഭുവനേശ്വറില്‍പ്പോയി തുടര്‍പഠനം നടത്താന്‍ സര്‍ക്കാര്‍ സഹായം ലഭിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..