'ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയോടെ മരണം വരെ ജീവിക്കാൻ സാധിക്കുന്ന ഒരു അനുഗൃഹീത തൊഴിൽമേഖലയാണിത്'


പലതരം പരിമിതികൾക്കുള്ളിൽ നിന്നാണ് ഓരോ ഡോക്ടറും ജോലി ചെയ്യുന്നത് എന്ന സത്യം പൊതുജനങ്ങൾ അറിയാറില്ല,

ഡോ. വി.പി. ഗംഗാധരൻ (Photo: സിദ്ദിക്കുൽ അക്ബർ)

ഡോക്ടർമാരാരും ദൈവങ്ങളല്ല. പഠിച്ച, അഭ്യസിച്ച ഒരു ശാസ്ത്രം വേണ്ട വിധത്തിൽ ഉപയോഗിക്കാൻ ശ്രമിക്കുന്നവർ എന്നതിനപ്പുറം അമാനുഷികമായ ഒരു കഴിവും ഒരു ഡോക്ടർക്കില്ല. അക്കാര്യം പൊതുജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. വളരെ സങ്കീർണമാണ് ആരോഗ്യശാസ്ത്രം. ഓരോ മനുഷ്യനും ഓരോ തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ വ്യത്യസ്തരായിരിക്കും. അതുകൊണ്ടു തന്നെ ശരീരത്തിന്റെ പ്രതികരണങ്ങളിലും ആ വ്യത്യാസമുണ്ടാവും. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യശരീരം പോലെ വിഭിന്നമായ വ്യത്യസ്തമായ മറ്റൊരു സൃഷ്ടി ഈ ലോകത്തിലില്ല. ആ മേഖലയിൽ ജോലി ചെയ്യേണ്ടി വരുന്ന ഡോക്ടർമാരെക്കുറിച്ച് ഒരു നിമിഷമെങ്കിലും ഒന്നു ചിന്തിച്ചിരുന്നെങ്കിൽ...ഒരു ഡോക്ടർ എന്ന നിലയിൽ ഞാനും ആശിച്ചു പോവുകയാണ്.

സ്‌കൂൾ ജീവിതവും കലാലയ ജീവിതവുമൊന്നും ആസ്വദിക്കാൻ സമയവും സന്ദർഭവും ലഭിക്കാതെ, തുള്ളിത്തിമിർക്കേണ്ട യുവത്വം അടക്കം മെഡിക്കൽ വിദ്യാഭ്യാസത്തിനു മുന്നിൽ അടിയറ വെക്കേണ്ടി വരുന്ന ഒരു പറ്റം മനുഷ്യരാണ് നിങ്ങൾ കാണുന്ന ഡോക്ടർമാർ എന്നത് ഒരു സത്യം മാത്രമാണ്. പ്രത്യേകിച്ചും പുതിയ തലമുറയിലെ ഡോക്ടർമാർ. എൻട്രൻസ് പഠനം, മാറിമാറിയുള്ള പരീക്ഷകൾ, നിരന്തര പരീക്ഷണങ്ങൾ... കടമ്പകൾ ഏറെക്കടന്നാണ് നല്ലൊരു ശതമാനം ഡോക്ടർമാരും പ്രാഥമിക ഡിഗ്രിയുമായി സമൂഹത്തിലേക്ക് കടന്നു വരുന്നത്. പ്രൊഫഷനൽ തലത്തിൽ കൂടുതൽ മികവിലേക്ക് എത്തണമെങ്കിൽ ഇത് മാത്രം മതിയാവില്ല എന്ന് പെട്ടെന്നു തന്നെ അവർ തിരിച്ചറിയും. പിന്നെ ഭാവി പഠനങ്ങൾക്കും പരിപാടികൾക്കും വേണ്ടിയുള്ള നെട്ടോട്ടമായി.

എങ്ങനെയും ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി സമ്പാദിക്കണം എന്നത് അവരെ മാനസികമായി വേട്ടയാടിത്തുടങ്ങും. വീണ്ടും എൻട്രൻസ് പഠനം, പരീക്ഷകൾ, പരീക്ഷണങ്ങൾ... കുടുംബം, ജോലി തുടങ്ങി മറ്റെല്ലാവർക്കുമുള്ള പ്രാരബ്ധങ്ങൾ ഒട്ടും കുറവില്ലാതെ ഡോക്ടർമാർക്കുമുണ്ട് ഈ സമയത്ത്. അടുത്ത ഡിഗ്രിയുമായി പുറത്തിറങ്ങുമ്പോഴേക്ക് മിക്കവരുടെയും പ്രായം മുപ്പതിനോടടുത്തു കാണും. പഠനത്തിൽ പിറകോട്ടു നിന്നിരുന്ന സഹപാഠികൾ പലരും സ്വന്തം കാറിലും ഫ്ളാറ്റിലുമായി ഭാര്യയും കുഞ്ഞുങ്ങളുമൊത്ത് ഉല്ലസിച്ച് ജീവിക്കുമ്പോൾ, താൻ എവിടെയുമെത്തിയിട്ടില്ലല്ലോ എന്ന ചിന്ത വീണ്ടും ഡോക്ടറുടെ മനസ്സിനെ അസ്വസ്ഥമാക്കും. നാടോടുമ്പോൾ നടുവേ ഓടണം എന്ന തത്ത്വം പോലെ കൂട്ടുകാർ സൂപ്പർ സ്പെഷ്യാലിറ്റിയിലേക്കും ഫെല്ലോഷിപ്പുകളിലേക്കുമുള്ള ഓട്ടം തുടങ്ങുമ്പോൾ താനും ഓടിയേ മതിയാവൂ എന്ന അവനും എത്തിപ്പെടുന്നു. പിന്നെയും പഠനം, പരീക്ഷകൾ, പരീക്ഷണങ്ങൾ... പഠനം ഒരു ഘട്ടത്തിലെത്തിച്ച് പുറത്തിറങ്ങുമ്പോൾ വയസ്സ് 35. കണ്ണാടി നോക്കാൻ പേടിയായിത്തുടങ്ങിയിട്ടുണ്ടാവും. മുന്നിലെ മുടികൾ നരച്ചുതുടങ്ങിയെന്നു കാണുമ്പോൾ താൻ ഇപ്പോഴും വിദ്യാർഥിയാണല്ലോ.. ജീവിക്കാൻ തുടങ്ങുന്നേയുള്ളല്ലോ എന്ന ചിന്ത അവരെ വിടാതെ പിൻതുടരും. വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ച ഒരു വിഭാഗം ഇതിൽ നിന്നെല്ലാം വ്യത്യസ്തരാണ് എന്ന സത്യം ഞാൻ മറച്ചു വെക്കുന്നില്ല. അതു പക്ഷേ, എല്ലാ രംഗങ്ങളിലുമുണ്ടല്ലോ അത്തരക്കാർ. ഡോക്ടർമാർക്കിടയിലുമുണ്ട് അങ്ങനെയുള്ള ചെറിയൊരു വിഭാഗം പേർ. ചെറിയൊരു വിഭാഗം മാത്രം. കേരളത്തിൽ എം.ബി.ബി.എസ്. പഠിച്ചു പാസാകുന്നവരിൽ ഭൂരിപക്ഷവും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവർ തന്നെയാണ്.

ഈ നീണ്ട പഠനമെല്ലാം കഴിഞ്ഞ് ആശുപത്രി ജീവിതം ആരംഭിക്കുന്നത് വളരെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമായിരിക്കും. താൻ അഭ്യസിക്കുന്ന വിദ്യ ഉപയോഗപ്പെടുത്തി കുറേപ്പേരുടെയെങ്കിലും അസുഖം ചികിത്‌സിച്ചു ഭേദമാക്കണമെന്നും തിരികെ ആരോഗ്യകരമായൊരു ജീവിതത്തിലേക്ക് കൊണ്ടു വരണമെന്നും ആഗ്രഹിച്ചു കൊണ്ടാണ് ഭൂരിഭാഗം ഡോക്ടർമാരും അവരുടെ പ്രൊഫഷനൽ ജീവിതം ആരംഭിക്കുന്നത്. ചികിത്സ തേടി മുന്നിലെത്തുന്ന ഒരു രോഗിയെയും മനസാ വാചാ കർമണാ ഉപദ്രവിക്കണമെന്നോ നശിപ്പിക്കണമെന്നോ ആഗ്രഹിക്കുന്ന ഒരു ഡോക്ടറും ഒരു ചികിത്സാ മേഖലയിലും ഉണ്ടാവാൻ സാധ്യതയില്ല. തന്റെ പഠനകാലത്ത് അവർ അറിഞ്ഞോ അറിയാതെയോ ലഭിക്കുന്ന ഒരു വലിയ മനസ്സാണത്. പക്ഷേ, അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും ആവേശവും കെട്ടടങ്ങുന്ന സമീപനമാണ്, അനുഭവങ്ങളാണ് മിക്കപ്പോഴും അവർക്ക് അനുഭവിക്കേണ്ടി വരുന്നത്. താൻ പഠിച്ചതിന്റെ, അഭ്യസിച്ചതിന്റെ പത്തു ശതമാനം പോലും പ്രായോഗികമാക്കാൻ അവസരം ലഭിക്കാത്ത ആശുപത്രി സംവിധാനവും അതിനനുവദിക്കാത്ത പ്രൊഫഷനൽ സീനിയർമാരുണ്ടെങ്കിൽ അവരുടെ ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായി അവശേഷിക്കും.

പലതരം പരിമിതികൾക്കുള്ളിൽ നിന്നാണ് ഓരോ ഡോക്ടറും ജോലി ചെയ്യുന്നത് എന്ന സത്യം പൊതുജനങ്ങൾ അറിയാറില്ല, മനസ്സിലാക്കാറില്ല-ഭരണാധികാരികളാകട്ടെ ഇതൊന്നും തീരെ അറിയുകയോ അറിയാൻ ശ്രമിക്കുകയോ ചെയ്യാറില്ല. നിയമ പരിരക്ഷ പോലും നിഷേധിക്കപ്പെടുന്ന അനുഭവങ്ങളിലൂടെയുള്ള ഒരു പ്രൊഫഷനൽ യാത്രയ്ക്കിടയിലാണ് രോഗികളുടെയും ബന്ധുക്കളുടെയും മൃഗീയ വികാരങ്ങൾക്കും പെട്ടെന്നുള്ള തോന്നലുകൾ മൂലമെന്ന ന്യായവാദത്തിൽ നടത്തുന്ന മൃഗീയ മർദനങ്ങൾക്കും ഇരയാകേണ്ട ദയനീയ സാഹചര്യം ഡോക്ടർമാർക്കുണ്ടാകുന്നത്. അത്തരം ഒരു ഹീനകൃത്യത്തിനു മുതിരുന്നതിനു മുമ്പ് ഒരു മാത്ര ചിന്തിക്കാൻ ആ ഹീനമനസ്‌കർക്കു കഴിയുമോ! നിങ്ങളുടെ അച്ഛനമ്മമാരുടെയോ സഹോദരീ സഹോദരന്മാരുടെയോ മക്കളുടെയോ സ്ഥാനത്ത് ഒരു നിമിഷം ആ ഡോക്ടറെ സങ്കല്പിക്കുക. ചെയ്യാത്ത കുറ്റത്തിന്, എന്തിന് മനസ്സിൽ സങ്കല്പിക്കുക പോലും ചെയ്തിട്ടാല്ലാത്ത കുറ്റങ്ങളുടെ പേരിലാണ് നിങ്ങൾ ഒരു നിരപരാധിയെ തികച്ചും അന്യായമായ വിധത്തിൽ ശിക്ഷിക്കുന്നത് എന്നോർക്കുക. നിങ്ങൾ ചെയ്യുന്ന അത്തരം പ്രവർത്തികൾ കൊണ്ട് നിങ്ങൾക്കും സമൂഹത്തിനും നഷ്ടപ്പെടുന്നത് എന്താണെന്ന് ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ! നല്ല ഡോക്ടർമാരെ നഷ്ടപ്പെടും. ഡോക്ടർമാരുടെ നല്ല മനസ്സ് നഷ്ടപ്പെടും. ഈ മേഖലയിലേക്ക് കടന്നു വരാൻ മിടുക്കരായ ആളുകൾ ഒന്നു മടിച്ചു നിൽക്കും.

തന്റെ മുന്നിലിരിക്കുന്ന ഓരോ രോഗിയെയും അവർക്കൊപ്പമുള്ള ബന്ധുക്കളെയും തന്റെ ശത്രുവാകാൻ സാധ്യതയുള്ളവരായി കാണാൻ ഡോക്ടർമാർ ശീലിച്ചു തുടങ്ങിയിരിക്കുന്നു. പരിണത ഫലമോ! സ്വന്തം രക്ഷയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ട് ചികിത്സിക്കാൻ മുതിരുന്ന ഒരു പുതിയ തലമുറ ഡോക്ടർമാരുടെ ഉദയം കണ്ടു തുടങ്ങിയിരിക്കുന്നു. ഇതിനെ വിശേഷിപ്പിക്കുന്നത് ഡിഫൻസീവ് മെഡിസിൻ എന്നാണ്. ഇത് അപകടരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് ഈ മേഖലയെ നയിക്കുന്നത്. ഇതിനുത്തരവാദികൾ പൊതുജനവും പൊതുസമൂഹവുമാണ്. അസമിലെയും കർണാടകത്തിലെയും മാവേലിക്കരയിലെയും പൊതുജനങ്ങൾ. ഡോക്ടറെ തല്ലിയാലും ഒരു പ്രശ്നവും വരില്ലെന്ന് പൊതുജനങ്ങൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്ന ഭരണകൂടവും.

ഇനി...
കുട്ടി ഡോക്ടർമാരും ഈ മേഖലയിലേക്ക് കടന്നു വരാൻ തയ്യാറെടുക്കുന്നവരും അവരുടെ ബന്ധുമിത്രാദികളും അറിയാൻ...

നമ്മൾ ഇതുവരെ പറഞ്ഞ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരുമെങ്കിലും ഇത് അപൂർവമായി മാത്രമുള്ളതാണെന്നറിയണം. ആഹ്ലാദത്തോടെ ജോലി ചെയ്യാവുന്നതും ജോലിയുടെ സംതൃപ്തി അനുഭവിക്കാൻ കഴിയുന്നതുമായ ഒരു മേഖല തന്നെയാണ് ഡോക്ടറുടെ പ്രൊഫഷൻ ഇപ്പോഴും. ആ ആസ്വാദനം ധനത്തിലൂടെയും ധൂർത്തിലൂടെയും ആഡംബരജീവിതത്തിലൂടെയുമല്ല എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്.
കഴിഞ്ഞ ദിവസം നടന്ന ഒരു ചെറിയ സംഭവം പറയട്ടെ- നാലു വയസ്സുകാരിയായ ഒരു കൊച്ചുമിടുക്കിയെ കണ്ടു. അവൾ രക്താർബുദം ബാധിച്ച് ചികിത്സയിലാണ്. രാവിലെ പെട്ടെന്ന് പനിയും അപസ്മാരവും വന്ന് അവൾ അബോധാവസ്ഥയിലായി. മരുന്നു നൽകുമ്പോൾ മനസ്സുരുകി പ്രാർഥിച്ചു. അവൾക്ക് അപകടമൊന്നും സംഭവിക്കല്ലേ ദൈവമേ എന്ന്! ഉച്ചയായപ്പോൾ എന്റെ ഫോണിൽ റിയയുടെ ശബ്ദം- അങ്കിളേ ഞാൻ എഴുന്നേറ്റു. നല്ല ഫ്രഷ് ആയി. അങ്കിൾ ഊണു കഴിച്ചോ... ഞാൻ അങ്കിളിനെ കാണാൻ ഒ.പി.യിൽ വരട്ടേ... കളങ്കമില്ലാത്ത ഇത്തരം സ്നേഹാനുഭവം മതി ജീവിതം ധന്യമാകാൻ. ഇത്തരം ധാരാളം അനുഭവങ്ങളും ധന്യമുഹൂർത്തങ്ങളും ജീവിതത്തിലുടനീളം ഓരോ ദിവസവും അനുഭവിച്ചു മുന്നേറാൻ അവസരം ലഭിക്കുന്ന മറ്റൊരു പ്രൊഫഷനും ഈ ഭൂമിയിലില്ല.

ഭൂരിഭാഗം രോഗികളും ബന്ധുക്കളും ഇന്നും ചികിത്സിക്കുന്ന/ചികിത്സിച്ച ഡോക്ടറുടെ നല്ല സുഹൃത്തുക്കളായി മാറുന്ന പ്രവണത തന്നെയാണുള്ളത്. അതിനിടയിൽ കുറച്ച് അപസ്വരങ്ങൾ - ഇതിനൊക്കെ അപവാദമെന്ന് വിശേഷിപ്പിക്കാവുന്ന ക്രിമിനൽ മനസ്സുള്ളവർ ഉണ്ടാകും. അതൊരു ന്യൂനപക്ഷമാണെന്ന് മനസ്സിലാക്കിയാൽ മതി. എന്റെ അനുഭവം അതാണ്. അത്തരക്കാരെ പക്ഷേ, മാതൃകാപരമായി ശിക്ഷിക്കാൻ ഭരണകൂടവും സമൂഹവും തയ്യാറാകണം.

താമസിച്ചാണ് ജീവിതം ആരംഭിക്കുന്നതെങ്കിലും മുരടിക്കാതെ മുന്നോട്ടു പോകാൻ മനസ്സു നൽകുന്ന ഒരു പ്രൊഫഷൻ തന്നെയാണ് ഡോക്ടർമാരുടേത്. നേരത്തേ ആരംഭിക്കുമെങ്കിലും 40 - 45 വയസ്സാകുമ്പോഴേക്ക് ഇനി എന്തു ചെയ്യാൻ! യാന്ത്രികമായ പ്രൊഫഷണൽ ജീവിതം മടുത്തു എന്നൊക്കെ മറ്റു പല മേഖലകളിലും ജോലി ചെയ്യുന്ന നമ്മുടെ കൂട്ടുകാർ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാവും. പലരും പുതിയ മേഖലകൾ കണ്ടെത്തി ചേക്കേറാൻ ശ്രമിക്കും. പക്ഷേ, അൻപതു വർഷം കഴിഞ്ഞാലും ഒരു മടുപ്പുമില്ലാതെ ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയോടെ മരണം വരെ ജീവിക്കാൻ സാധിക്കുന്ന ഒരു അനുഗൃഹീത തൊഴിൽമേഖലയാണ് നിങ്ങൾ തെരഞ്ഞെടുത്തതോ തെരഞ്ഞെടുക്കാൻ പോകുന്നതോ ആയ ഈ ഡോക്ടർ പ്രൊഫഷൻ എന്ന് തിരിച്ചറിയുക. നിങ്ങൾ സമൂഹത്തിലെ ഓരോ മനുഷ്യർക്കും വേണ്ടി, സമൂഹത്തിന്റെ ഭാഗമായി ജീവിക്കുക. സമൂഹം നിങ്ങളുടെ കൂടെയുണ്ടാകും. അതിനിടയിൽ ചില അപസ്വരങ്ങളോ അപവാദങ്ങളോ ഉണ്ടാകുമ്പോൾ എല്ലാവരും അസ്വസ്ഥരാകും. അപ്പോൾ പ്രശ്നങ്ങളെ കൃത്യമായും ശക്തമായും നേരിടണം.

ഡോക്ടർമാർ സമൂഹത്തിന്റെ പൊതുസ്വത്താണ്. വിലമതിക്കാനാകാത്ത ഒരു സമ്പത്ത്. അവരെ നോവിക്കരുത്. അവരുടെ മനസ്സ് നൊമ്പരപ്പെടുത്തരുത്. അവർക്കെതിരേയുള്ള ഒരു നീക്കത്തിനും ജനവും ഭരണകൂടവും കൂട്ടുനിൽക്കരുത്. ഭരണകൂടവും നിയമവ്യവസ്ഥയും നിയമപാലകരുമെല്ലാം ഡോക്ടർമാർക്ക് പിന്തുണയും സംരക്ഷണവും നൽകാൻ മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിയമപാലകരും ഭരണകൂടവും അതു ചെയ്യുന്നില്ലെങ്കിൽ....

Content Highlights: oncologist dr vp gangadharan, doctors day 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented