Representative Image | Photo: Gettyimages.in
ഇന്ന് ജൂലായ് ഒന്ന് - ഡോക്ടർമാരുടെ ദിനം അഥവാ ഡോക്ടർമാർക്കായി ഒരു ദിനം. ഡോക്ടർമാരെ ഓർക്കാൻ, ആദരിക്കാൻ, അനുമോദിക്കാൻ ഒരു ദിനം. എന്നാൽ മുന്നൂറ്റി അറുപത്തി അഞ്ചു ദിനത്തിൽ ഡോക്ടർമാർക്കായി ഒരു ദിവസം മതിയോ? ബാക്കി ഉള്ള ദിനങ്ങളിൽ സമൂഹം ഡോക്ടർമാർക്കായി കരുതി വെച്ചിരിക്കുന്നത് എന്താണ്?
ഇന്നു ഡോക്ടർമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവർക്കെതിരെയുള്ള ഉള്ള അക്രമണം തന്നെയാണ്. ആക്രമണം എന്നത് ശാരീരിക ആക്രമണം മാത്രമല്ല, മാനസിക പീഡനം കൂടിയാണ്. വാക്കുകളാലുള്ള അധിക്ഷേപം, സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപം, അങ്ങനെ ഒരു ഡോക്ടർ എന്നും രോഗികളിൽ നിന്നും ബന്ധുകളിൽ നിന്നും അധിക്ഷേപ വാക്യങ്ങൾ പ്രതീക്ഷിച്ചു തന്നെയാണ് ജോലി ചെയ്യുന്നത്.
അടുത്ത കാലത്ത് ഒരു ഗൈനകോളജിസ്റ്റ് താൻ ഇനി പ്രാക്ടീസ് ചെയ്യുന്നില്ല എന്ന് കരഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു. പ്രസവത്തിൽ കുട്ടിക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് ഡോക്ടറെ പഴി ചാരുന്ന ബന്ധുക്കൾ, ഡോക്ടറെ പ്രാകുന്ന അമ്മായിഅമ്മ, നിന്റെ കുട്ടിക്കും ഈ ഗതി വരട്ടെ എന്നു പ്രാർത്ഥിക്കുന്ന ബന്ധുക്കൾ - നോക്കൂ നമ്മുടെ മനസ്സ് എത്ര വികലമാണ്, എത്ര ഹീനമാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, കേരളത്തിൽ അങ്ങോളം ഇങ്ങോളം നിത്യം നടക്കുന്ന സംഭവങ്ങളാണ്. പലതും പുറത്ത് അറിയുന്നില്ല എന്നു മാത്രം. അടുത്ത ആക്രമണം, അടി, ചീത്തവിളി, ഇത് എപ്പോൾ വേണമെങ്കിലും ഏത് ഡോക്ടർക്ക് വേണമെങ്കിലും, ഏത് നിമിഷവും സംഭവിക്കാവുന്ന കാര്യമാണ്. സർക്കാർ ആശുപത്രിയിലും കോർപ്പറേറ്റ് ആശുപത്രികളിലും ചെറിയ ക്ളിനിക്കുകളിലും എല്ലാം സംഭവിക്കാവുന്ന അവസ്ഥ. പലതിനും വാർത്ത പ്രാധാന്യം തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, കാരണം ഇവ ഒരു നിത്യ സംഭവം ആയിരിക്കുന്നു.
സമൂഹം മാറി ചിന്തിക്കേണ്ടി ഇരിക്കുന്നു. ഇവിടെ ഡോക്ടർമാരെ അക്രമിക്കുന്നവർക്ക് കിട്ടുന്ന രാഷ്ട്രീയ സംരക്ഷണം ആണ് ഇതിനു പ്രേരണ നൽക്കുന്ന ഏറ്റവും പ്രധാന ഘടകം, ജനങ്ങൾക്ക് എന്തും ആകാം എന്ന അവസ്ഥ. നിയമം എല്ലാവർക്കും തുല്യം എന്നു പറയുമ്പോൾ നിയമം നോക്കുകുത്തി ആകേണ്ട അവസ്ഥ !! ആശുപത്രി സംരക്ഷണ നിയമം ഉള്ളപോഴും അതു നടപ്പിലാകാതെ കുറ്റക്കാർക്ക് എതിരെ നിസ്സാര വകുപ്പുകൾ ചുമത്തുന്ന പോലീസ്, അവരെ പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കാൻ വരുന്ന രാഷ്ട്രീയക്കാർ, ഇവർക്ക് വേണ്ടി വാദിക്കാൻ വരുന്ന അഭിഭാഷകർ, ഇവരെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇതിനു കാരണക്കാരാണ്.
വാദിക്കുന്ന എല്ലാ കേസുകളും ജയിക്കാം എന്ന ഉറപ്പൊന്നും ഒരു അഭിഭാഷകനും കൊടുക്കാൻ സാധിക്കില്ല. കാരണം വിധി പ്രസ്താവിക്കുന്നത് കോടതിയാണ്. കോടതിയുടെ മുന്നിൽ വേണ്ടത് തെളിവുകളാണ്. ആരോഗ്യ പ്രവർത്തകർ എത്ര നന്നായി ചികിത്സിച്ചാലും വിധി പ്രസ്താവിക്കുന്നത് ഈശ്വരനാണ് അല്ലെങ്കിൽ ഒരു അദ്യശ്യ ശക്തിയാണ്. ആ ശക്തിയുടെ തീരുമാനം അനുകൂലമാകുന്നതും എതിരാകുന്നതും ഒന്നും ഡോക്ടർമാരുടെ കയ്യിലല്ല. അവരെ അവരുടെ ജോലി ചെയ്യാൻ വിടുക, പരാതി ഉണ്ടെങ്കിൽ അത് പരാതിപ്പെടാൻ നാട്ടിലെ നിയമ വ്യവസ്ഥ അനുസരിച്ച് പ്രവർത്തിക്കുക. ഓർക്കുക ഒരു ഡോക്ടറും ദൈവം അല്ല, ദൈവത്തെ പോലെ അല്ല, ദൈവത്തിന്റെ പ്രതിപുരുഷൻ അല്ല. വെറും ഒരു സാധാരണ മനുഷ്യൻ, വികാരങ്ങളും വിചാരങ്ങളും ഉള്ള മജ്ജയും മാംസവും ഉള്ള മനുഷ്യൻ.
ആരോഗ്യ പ്രവർത്തകർക്ക് എതിരെ ഉള്ള ആക്രമണങ്ങൾ കാട്ടി തരുന്നതു സമൂഹത്തിലെ മൂല്യച്യുതി തന്നെയാണ്. ഡോക്ടർമാരെ ഒരു ദിവസം ആദരിച്ചില്ലെങ്കിലും കുഴപ്പമില്ല, ദയവ് ചെയ്ത് ഒരു ദിനത്തിലും അവഹേളിക്കരുത്, കാരണം അവർ ഇതിൽ കൂടുതൽ അംഗീകാരം അർഹിക്കുന്നുണ്ട്, പക്ഷേ അത് നൽക്കേണ്ടത് സ്നേഹത്തിന്റെ ഭാഷയിൽ ആകണം. സമൂഹത്തിൽ എന്നും ഓർക്കപ്പെടേണ്ടവർ തന്നെയാണ് ഡോക്ടർമാർ എന്ന ബോധ്യം ഉണ്ടാകട്ടെ എന്ന് ഈ ഡോക്ടേഴ്സ് ഡേയിൽ പ്രത്യാശിക്കുന്നു.
കോഴിക്കോട് വിഭാഗം ഐഎംഎ സെക്രട്ടറിയാണ് ലേഖകൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..