ഡോ.സുൽഫി നൂഹു, ഡോ.അസീന, ഡോ.സൗമ്യ സത്യൻ, ഡോ.മുരളീധരൻ
ഒരു തലവേദനയോ ശരീരവേദനയോ എന്തുമായിക്കൊള്ളട്ടെ, നേരിട്ട് സ്പെഷലിസ്റ്റുകളെ കാണുക എന്നതാണ് ഇന്ന് പലരും പിന്തുടരുന്ന രീതി. എന്നാൽ ഇതിനൊക്കെ മുമ്പ് സ്ഥിരമായി ഒരു ഡോക്ടറെ മാത്രം കണ്ടിരുന്ന, ഒരു കുടുംബത്തിന് ഒരു ഡോക്ടർ എന്ന രീതിയിൽ ശീലിച്ച് പോന്നിരുന്ന സമൂഹമുണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലെല്ലാം വളരെ സാധാരണമായിട്ടുള്ള ആ സംവിധാനത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ഫാമിലി ഡോക്ടർ സങ്കൽപം. ഇത്തവണത്തെ ഡോക്ടേഴ്സ് ഡേയുടെ തീമും അതുതന്നെ.
Family doctors on the front line.. എന്നതാണ് ഇത്തവണത്തെ ഡോക്ടേഴ്സ് ഡേയുടെ തീം. ഒരു കുടുംബത്തെയോ അല്ലെങ്കിൽ ഒരു വിഭാഗത്തെയോ പരിചരിക്കുന്ന കുടുംബ ഡോക്ടർമാർക്കായുള്ള ആദരമായാണ് തീം അവതരിപ്പിച്ചിരിക്കുന്നത്. ഫാമിലി ഡോക്ടർ സങ്കൽപത്തെക്കുറിച്ചും അതിന്റെ ഗുണവശങ്ങളെക്കുറിച്ചും പങ്കുവെക്കുകയാണ് ഡോ.മുരളീധരൻ,ഡോ.അസീന, ഡോ.സുൽഫി നൂഹു, ഡോ.സൗമ്യ സത്യൻ എന്നിവർ.
നമ്മുടെ നാട്ടിലും ഫാമിലി ഡോക്ടർ എന്ന ആശയം വിദേശ രാജ്യങ്ങളിലേതു പോലെ അല്ലെങ്കിലും ശീലിച്ചു വന്നിരുന്നുവെന്നു പറയുകയാണ് ഐഎംഎ കേരള സ്റ്റേറ്റ് ബ്രാഞ്ച് സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് അവെയർനസ് കമ്മിറ്റി ചെയർമാൻ ഡോ.മുരളീധരൻ.
ഗ്രാമങ്ങളിലൊക്കെ ഡോക്ടർമാർ ഉണ്ടാവുകയും അവർ രോഗികളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളെ അടുത്തറിയുകയും ചെയ്യുന്ന രീതിയായിരുന്നു അത്. ഫാമിലി ഡോക്ടർ സംവിധാനം ഫലപ്രദമായി നടപ്പിലാക്കുമ്പോഴുള്ള ഗുണവശങ്ങൾ ഏറെയാണ്. യാതൊരു പരിചയവുമില്ലാത്ത ഒരു ഡോക്ടറുടെ അടുക്കലെത്തി രോഗവിവരം അറിയിക്കുന്ന രീതി മാറി ഫാമിലി ഡോക്ടർ ആകുമ്പോൾ രോഗിക്ക് കൂടുതൽ സുരക്ഷിതത്വവും മാനസിക അടുപ്പവും അനുഭവപ്പെടും. ശാരീരികമായ അസ്വസ്ഥകൾക്ക് അപ്പുറം മാനസിക സമ്മർദങ്ങൾ കൊണ്ട് വഷളാവുന്ന അസുഖങ്ങൾ നിരവധിയുണ്ട്. അത്തരം സാഹചര്യങ്ങളിൽ രോഗിയുടെ ആരോഗ്യവശങ്ങളെ അടുത്തറിയാൻ ഫാമിലി ഡോക്ടർക്ക് കഴിയും. തങ്ങളെ കേൾക്കാനും മനസ്സിലാക്കാനും കഴിയുന്ന എല്ലാ സാഹചര്യങ്ങളും അറിയുന്ന ഡോക്ടർ ആണ് മുന്നിലുള്ളത് എന്ന തോന്നൽ രോഗിക്കും ആത്മവിശ്വാസം പകരും.- ഡോ.മുരളീധരൻ പറയുന്നു.
ഒരു കുടുംബത്തിലെ എല്ലാവരുടെയും ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള സകലവിവരവും ഉള്ള ഒരു ഫാമിലി ഡോക്ടർ ഉണ്ടാകുന്നത് ആരോഗ്യമേഖലയിൽ അത്യാവശ്യമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു പറയുന്നു.
ചികിത്സയിൽ വലിയ മാറ്റം തന്നെ കൊണ്ടുവരാൻ ഈ സംവിധാനത്തിനാവും. ആദ്യമായി ഒരു ഡോക്ടറുടെ അടുക്കലെത്തുമ്പോൾ രോഗവിവരം മാത്രമേ പലരും പറയാറുള്ളു, മുൻകാല ചരിത്രം വിട്ടുപോവാറുണ്ട്. ഇത് രോഗനിർണയത്തെപ്പോലും ബാധിക്കുന്ന കാര്യമാണ്. എന്ത് അസുഖം ബാധിക്കുമ്പോഴും നേരിട്ട് സ്പെഷലിസ്റ്റിനെ കാണുന്ന ശീലമാണ് ഇവിടെ പാലിക്കാറുള്ളത്. ആവശ്യമില്ലാത്ത ഒട്ടേറെ ടെസ്റ്റുകളും ചികിത്സയിലെ ഘട്ടങ്ങളുമൊക്കെ ഒഴിവാക്കാനും ഈ സംവിധാനം വരിക വഴി സാധിക്കുമെന്നും ഡോ.സുൽഫി നൂഹു പറയുന്നു.
ഓരോ രോഗിക്കും ഒരു ഫാമിലി ഡോക്ടർ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നു തന്നെയാണ് ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റലിലെ ഇ.എൻ.ടി. കൺസൽട്ടന്റ് ഡോ.അസീനയും പറയുന്നത്. ഒരു രോഗിയുടെ ആരോഗ്യപരമായും സാമ്പത്തികപരമായുമുള്ള കാര്യങ്ങളെക്കുറിച്ചൊക്കെ ഡോക്ടർക്ക് വ്യക്തമായ ധാരണയുണ്ടാവും. രോഗികളിലുണ്ടാകുന്ന മാനസികപരമായ പ്രശ്നങ്ങളിൽ ഇടപെടാൻ പോലും അവർക്ക് കഴിയും.
മുമ്പത്തെ കാലത്തൊക്കെ ഈ സംവിധാനം ഇവിടെയും കാണാമായിരുന്നു. പക്ഷേ ഇന്നത്തെ തലമുറയൊക്കെ ആയപ്പോഴേക്കും തലവേദന വന്നാൽ നേരിട്ട് ന്യൂറോളജിസ്റ്റിനെ കാണുന്ന സ്ഥിതിവിശേഷമായി. അതല്ല വേണ്ടത്, ഫാമിലി ഡോക്ടർ ആകുമ്പോൾ രോഗിയുടെ ചെറിയ ആരോഗ്യ പ്രശ്നങ്ങളെപ്പോലും മനസ്സിലാക്കാനും വേണ്ട സാഹചര്യങ്ങളിൽ വിദഗ്ധ ചികിത്സ നിർദേശിക്കാനും കഴിയും. തിരക്കുള്ള ഒരു കാർഡിയോളജിസ്റ്റിന്റെയോ ന്യൂറോളജിസ്റ്റിന്റെയോ ഒക്കെ അടുത്ത് എത്തുമ്പോൾ പലപ്പോഴും രോഗിയുടെ പ്രാഥമികമായുള്ള ആരോഗ്യ പ്രശ്നങ്ങളൊന്നും അറിഞ്ഞിരിക്കണമെന്നില്ല. രോഗി എന്ത് ആരോഗ്യപ്രശ്നവുമായാണോ വന്നത്, അതിനുള്ള ചികിത്സയാവും നൽകുക. എന്നാൽ ഫാമിലി ഡോക്ടർ ആകുമ്പോൾ അവർക്ക് രോഗിയുടെ മുൻകാല ചരിത്രം മുതൽ അലർജിയാകുന്ന മരുന്നുകളെക്കുറിച്ചും രോഗിയുടെ സാമ്പത്തികാവസ്ഥയ്ക്ക് അനുസരിച്ച് ചികിത്സ നിർദേശിക്കാനുമൊക്കെ കഴിയും.- ഡോ.അസീന പറയുന്നു.
ഒരു കുടുംബത്തിന്റെ ആരോഗ്യപരമായ എല്ലാ ചരിത്രവും പക്കലുണ്ടാവുന്ന ഫാമിലി ഡോക്ടർ സംവിധാനം വളരെ ഗുണം ചെയ്യുമെന്നാണ് പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ.സൗമ്യ സത്യൻ പറയുന്നത്. പുതിയൊരു ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ പലരും പല ആരോഗ്യകാര്യങ്ങളും പറയാൻ മറക്കുകയോ പലതും വിട്ടുപോവുകയോ ചെയ്യും. അത് ചികിത്സയെയും ബാധിക്കും. പൂർവകാല ചരിത്രം ഉൾപ്പെടെ അറിയുന്ന ഡോക്ടർ ആണ് ഏത് വിദഗ്ധ വിഭാഗത്തിലേക്കാണ് രോഗിയെ റഫർ ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക. ഒപ്പം സ്പെഷലിസ്റ്റിന് മുകളിൽ വരുന്ന അമിത ചുമതലയും കുറയും.
ഫാമിലി ഡോക്ടർ ആണ് രോഗി ഏത് സ്പെഷലിസ്റ്റിനെയാണ് കാണേണ്ടത് എന്നെല്ലാം തീരുമാനിക്കുക. ഗൗരവകരമല്ലാത്ത കേസുകൾ സ്പെഷലിസ്റ്റിന്റെ അടുക്കലെത്തുമ്പോൾ മതിയായ ശ്രദ്ധ ആവശ്യമുള്ള രോഗികളുടെ പരിചരണസമയം കൂടിയാണ് നഷ്ടമാവുന്നത്. അതെല്ലാം ഒഴിവാക്കാൻ ഈ സാഹചര്യത്തിലൂടെ സാധിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..