ഡോ. സുശീലാ ലാസർ | ചിത്രം: രതീഷ് കാലിക്കടവ്)
കാഞ്ഞങ്ങാട്: ' പ്രസവം കഴിഞ്ഞ് അത്രയൊന്നും ദിവസം കഴിഞ്ഞില്ല. യുവതിക്ക് നിലയ്ക്കാത്ത രക്തസ്രാവം. രക്ത ബാങ്കോ രക്തദാനമോ ഒന്നുമില്ല. എന്തു ചെയ്യണമെന്നറിയില്ല. അധികം സൗകര്യങ്ങളില്ലാത്ത കാഞ്ഞങ്ങാട്ടെ താലൂക്ക് ആസ്പത്രി. യുവതിയുടെത് ഒ പോസിറ്റീവ് ആണെന്ന മനസിലായതോടെ രണ്ടാമതൊന്ന് ആലോചിച്ചില്ല. അതേ ഗ്രൂപ്പിൽപ്പെട്ട എന്റെ രക്തം നൽകി...' പ്രായം 85 പിന്നിട്ടു. കൃഷിയും പരിപാലനവുമായി കഴിയുന്ന ജീവിത സായാഹ്നത്തിൽ പ്രസവ ശുശ്രൂഷ വിദഗ്ധ കാഞ്ഞങ്ങാട്ടെ സുശീല ലാസറിന് ഓർക്കാനും പറയാനും അനുഭവങ്ങളേറെ.
ഡോക്ടർ-രോഗീ ബന്ധത്തിന്റെ അടുപ്പവും സ്നേഹവുമൊക്കെ പറയുമ്പോൾ പ്രയാധിക്യമൊന്നും ഒട്ടും തടസമാകുന്നില്ല. കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ 'ലാസേർസി' ലെത്തിയാൽ നക്സലേറ്റ് വർഗീസിന്റെ പോസ്റ്റുമോർട്ടത്തിൽ തുടങ്ങി ഡോക്ടർ ജീവിതത്തിലെ തീഷ്ണമായ അനുഭവങ്ങളെ കേൾക്കാം. ആറു പതിറ്റാണ്ടു നീളുന്ന സർവീസ് ജീവിതം.
.jpg?$p=e46716b&w=610&q=0.8)
'ഡോക്ടറേ, ഇതെന്റെ കൊച്ചു മോളാണ്. എന്റേതു മാത്രമല്ല, ഇവളുടെ അമ്മയുടെ പ്രസവമെടുത്തതും ഡോക്ടറാണ്... ഗർഭിണിയായ കൊച്ചുമകൾക്കൊപ്പമെത്തിയ വീട്ടമ്മ പറഞ്ഞതും ഇങ്ങനെ എത്രയോ പേർ സ്നേഹാർദ്രമായ വാക്കുകളാൽ നന്ദിയറിയിച്ചതുമെല്ലാം ഓർമയിലുണ്ട് ഡോക്ടർക്ക്. അംഗീകാരങ്ങൾക്കും സ്നേഹാദരങ്ങൾക്കും മുന്നിൽ, തന്റേതു മാത്രമല്ല സഹപ്രവർത്തകരുടെയും ഒപ്പം ജോലി ചെയ്തവരുടെയും പിന്തുണയിലേക്കും സഹായത്തിലേക്കും വിരൽ ചൂണ്ടും സുശീല ലാസർ.
ആലുവ സ്വദേശിനിയായ ഇവർ കാഞ്ഞങ്ങാട്ടുകാരിയായത് സർക്കാർ ഡോക്ടറായുള്ള സർവീസ് ജീവിതത്തിന്റെ ഭാഗം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാലാമത്തെ മെഡിസിൻ ബാച്ചിൽ പഠിച്ച് പുറത്തിറങ്ങി. കണ്ണൂരിലും മാനന്തവാടിയിലും പാപ്പിനിശ്ശേരിയിലും അഭിവക്ത കണ്ണൂർ ജില്ലയിലെ ഹൊസ്ദുർഗ് താലൂക്ക് ആസ്പത്രിയിലുമെല്ലാം സേവനമനുഷ്ഠിച്ചു. 1985-ൽ സർക്കാർ സർവീസിൽ നിന്നു സ്വയം വിരമിച്ചു. അന്നു തൊട്ട് കഴിഞ്ഞ വർഷം വരെ കാഞ്ഞങ്ങാട് പദ്മ പോളി ക്ലിനിക്കിൽ ജോലി ചെയ്തു. വിശ്രമജീവിതമെന്നൊന്നും പറയാനാകില്ല, പച്ചക്കറിത്തോട്ടമൊരുക്കിയും പൂന്തോട്ടം പരിപാലിച്ചും കഴിയുകയാണിപ്പോൾ.
.jpg?$p=e58ed77&w=610&q=0.8)
ഭർത്താവിന്റെ വെട്ടേറ്റ് തല വേർപ്പെട്ട യുവതിയുടെ പോസ്റ്റുമോർട്ടം നടത്തിയതും അയാൾക്കു ജീവപര്യന്തം ശിക്ഷ കിട്ടിയതും സുശീല ലാസറുടെ ജീവിത പുസ്തകത്തിലുണ്ട്. നക്സലേറ്റ് വർഗീസ് കൊല്ലപ്പെട്ടപ്പോൾ പോസ്റ്റു മോർട്ടം നടത്തിയത് ഇവരുടെ ഭർത്താവ് എം.എം.ലാസറാണ്. അന്നു ഇവർ രണ്ടു പേരു മാനന്തവാടി താലൂക്ക് ആസ്പത്രിയിൽ. മുടി ചീകിയൊതുക്കി, സുന്ദരനായെത്തുന്ന വർഗീസിന്റെ ഓർമകൾ ഇവരുടെ മനസിലിപ്പോഴുമുണ്ട്. വർഗീസിനൊപ്പം കൊല്ലപ്പെട്ട നക്സലേറ്റ് ചേക്കുവിന്റെ പോസ്റ്റു മോർട്ടം നടത്തിയത് താനാണെന്ന് സുശീല പറഞ്ഞു. ആളുകൾ പറഞ്ഞുണ്ടാക്കിയ പ്രണയത്തിൽ അകപ്പെട്ട് ഹിന്ദു കുടുംബത്തിൽ നിന്നു ലാസർ ഡോക്ടറുടെ ജീവിത സഖിയായ അനുഭവ കഥയും പറയാനുണ്ടിവർക്ക്. 2003 ലാണ് ലാസർ ഡോക്ടർ മരിച്ചത്. ഹോമിയോ ഡോക്ടർ സജീവ് ലാസർ, ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനായ രാജീവ് ലാസർ, ഓസ്ട്രേലിയയിൽ സൈക്യാട്രിസ്റ്റായ വിജയ് ലാസർ എന്നിവർ മക്കളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..