Representative Image | Photo: Gettyimages.in
ആരോഗ്യ പരിപാലനരംഗം ധാരാളം വെല്ലുവിളികളെ നേരിടുന്ന ഈ സമയത്ത് പ്രതിസന്ധികളെ അതിജീവിക്കാൻ ഇടപെടലുകൾ അനിവാര്യമാണ്.
അതിക്രമങ്ങൾ, കൈയേറ്റങ്ങൾ
കോവിഡ് വ്യാപനം രൂക്ഷമായ പ്രതിസന്ധിഘട്ടത്തിൽപ്പോലും നൂറിലധികം ഡോക്ടർമാർ കേരളത്തിൽ ആക്രമിക്കപ്പെട്ടു. ആശുപത്രിസംരക്ഷണനിയമം പ്രാവർത്തികമാക്കുന്നതിൽ പോലീസ് സംവിധാനം തികഞ്ഞ നിസ്സംഗത പാലിച്ചു. ഈ പ്രവണത ഡോക്ടർമാരുടെ മനോവീര്യം തകർത്തു. ആശുപത്രികളെ സംരക്ഷിതമേഖലകളായി പ്രഖ്യാപിച്ച് രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും സംരക്ഷണം ഉറപ്പാക്കണം.
ഉപഭോക്തൃസംരക്ഷണ നിയമം
1994-ൽ ഡോക്ടർമാരെയും ദേശീയ ഉപഭോക്തൃനിയമ പരിധിയിൽ ഉൾപ്പെടുത്തിയതോടുകൂടി ഡോക്ടർ-രോഗി ബന്ധം കൂടുതൽ പ്രതിസന്ധിയിലായി. രോഗികളെ ഉപഭോക്താക്കളായി കാണേണ്ട അവസ്ഥ സംജാതമായതോടെ ഡോക്ടർമാർ രോഗികളെ സംശയദൃഷ്ടിയോടെ കാണുന്ന അവസ്ഥ ഉണ്ടായി.
ആശുപത്രികളിലും വ്യാവസായിക നിയമം
സ്വകാര്യ ആശുപത്രികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കു തുല്യമായ നിയമങ്ങൾ നടപ്പാക്കിയപ്പോൾ ആശുപത്രികളിലെ ആതുരസേവന മനോഭാവം നഷ്ടമായി. ആശുപത്രികളിലെ നിയമങ്ങളും നിരക്കുകളും വാണിജ്യാടിസ്ഥാനത്തിലാക്കിയപ്പോൾ വൻകിട ആശുപത്രികൾ വ്യവസായികളുടെ നിയന്ത്രണത്തിലായി. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് ഈ മേഖലയിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു.
മെഡിക്കൽ വിദ്യാഭ്യാസം
സ്വകാര്യ മെഡിക്കൽ കോളേജുകളുടെ ആവിർഭാവത്തോടെ ആരോഗ്യ വിദ്യാഭ്യാസ രംഗവും കച്ചവടവത്കരിക്കപ്പെട്ടു. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പഠനം സാധാരണക്കാർക്കു താങ്ങാനാകുന്നതിനപ്പുറത്തായി. ആവശ്യത്തിൽകൂടുതലായി ഓരോ വർഷവും ഡോക്ടർമാർ പഠനം പൂർത്തിയാക്കിവരുന്നതോടെ സംസ്ഥാനത്ത് ഡോക്ടർമാരുടെ ഇടയിൽ തൊഴിലില്ലായ്മ യാഥാർഥ്യമാകുന്നു.
ദേശീയ മെഡിക്കൽ കൗൺസിൽ
ദേശീയ മെഡിക്കൽ കൗൺസിൽ രൂപവത്കരിച്ചതോടെ എം.ബി.ബി.എസ്. യോഗ്യതയില്ലാത്തവർക്കും പിൻവാതിലിലൂടെ ആധുനികചികിത്സ നടത്താം എന്ന സ്ഥിതിയായി. വിവിധ ചികിത്സാരീതികളെ ഒന്നിപ്പിച്ച് ഒരു അശാസ്ത്രീയ സങ്കരചികിത്സാരീതി ഇന്ത്യക്കുമാത്രമായി രൂപവത്കരിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ബ്രിഡ്ജ് കോഴ്സുകൾവഴി വേഗത്തിൽ, കുറഞ്ഞ ചെലവിൽ രാജ്യത്ത് ഡോക്ടർമാരുടെ എണ്ണത്തിൽ വലിയവർധന വരുത്താനുള്ള ഈ ശ്രമങ്ങൾ നമ്മുടെ ആരോഗ്യമേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും.
പുതുക്കാത്ത സ്റ്റാഫ് പാറ്റേൺ
സർക്കാർമേഖലയിൽ ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കുന്നത് സാധാരണക്കാർക്ക് ആശ്വാസം നൽകും. പക്ഷേ, സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ എണ്ണം ആനുപാതികമായി വർധിപ്പിക്കുന്നില്ല. പുതിയ സർക്കാർമെഡിക്കൽ കോളേജുകളിൽ നിലവിലുള്ള മെഡിക്കൽ കോളേജ് സ്റ്റാഫിനെ പുനർവിന്യസിച്ച് മെഡിക്കൽ കൗൺസിൽ പരിശോധനകളെ അതിജീവിക്കുന്നതിനുപരി മെഡിക്കൽ വിദ്യാഭ്യാസ നിലവാരം സംരക്ഷിക്കുന്നതിനാവശ്യമായ കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടാകുന്നില്ല.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്
ആശുപത്രികളുടെ നിലവാരം കാലാനുസൃതമായി മെച്ചപ്പെടുത്തേണ്ടതാണ്. പക്ഷേ, അതിനായി നിർമിക്കുന്ന നിയമങ്ങൾ സ്ഥാപനങ്ങളുടെ നിലനിൽപ്പുതന്നെ ഇല്ലാതാക്കുന്ന തരത്തിലാകാൻപാടില്ല. വേണ്ട ചർച്ചകൾ ഇല്ലാതെ ഏകപക്ഷീയമായ രീതിയിൽ ചില വ്യവസ്ഥകൾ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ ഉൾപ്പെടുത്തിയത് ഈ നിയമത്തിന്റെ സാംഗത്യത്തെത്തന്നെ ചോദ്യംചെയ്യുന്നു. കേരള ആരോഗ്യമോഡലിന്റെ നട്ടെല്ലായ ചെറിയ ആശുപത്രികളുടെ നിലനിൽപ്പ് ഇല്ലാതാക്കുന്ന ഇത്തരം വ്യവസ്ഥകൾ ഭേദഗതി ചെയ്തുമാത്രമേ ഈ നിയമം കേരളത്തിൽ പ്രാവർത്തികമാക്കാവൂ.
ഐ.എം.എ. സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..