രോ​ഗം ഭേദമായി പോകുന്നവർ വീണ്ടും രോഗാവസ്ഥയിൽ എത്തരുത് എന്ന് ആ​ഗ്രഹിക്കുന്നവരാണ് ഓരോ ഡോക്ടർമാരും


അരുണിമ കൃഷ്ണൻ

രോഗവുമായി വന്ന് അത് ഭേദമായി തിരികെ പോകുന്നവർ, വീണ്ടും തങ്ങളുടെ മുന്നിൽ രോഗാവസ്ഥയിൽ തിരികെ എത്തരുത് എന്ന് ആഗ്രഹിക്കുന്നവരാണവർ...

Representative Image | Photo: Gettyimages.in

'യാളും ഞാനും തമ്മിൽ' എന്ന ചിത്രത്തിലെ രവി തരകൻ, തന്റെ കഴിഞ്ഞു പോയ ജീവിതത്തെക്കുറിച്ച് ഓർക്കുന്ന ഒരു രംഗമുണ്ട്. അത് വല്ലാതെ മനസ്സിൽ ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ട്. അയാളുടെ ചിന്തകളിലൂടെയാണ് ആ ചിത്രം മുന്നോട്ടു പോകുന്നത്. അതുപോലെ ഓരോ ആരോഗ്യ പ്രവർത്തകനും നിരവധി കഥകൾ പറയാനുണ്ടാവും. അവരോളം ജീവിതം തൊട്ടറിയുന്നവർ ഇന്നീ ലോകത്തുണ്ടാവില്ല.

തലശ്ശേരി ജോസ്ഗിരി ആശുപത്രിയിലെ ഇ എൻ ടി ഡിപ്പാർട്ട്‌മെന്റ് ഹെഡ് ആയ ഡോ. ശ്രീകുമാർ വാസുദേവൻ തന്റെ അനുഭവങ്ങൾ പങ്കുവച്ചത് ഇങ്ങനെയാണ്. "ഒരിക്കൽ പർദ അണിഞ്ഞ്, മുഖം മുഴുവൻ മറച്ച ഒരു സ്ത്രീ എന്റെ അരികിൽ പരിശോധനയ്ക്കായി എത്തി. അവരുടെ പ്രശ്നം ചെവിവേദനയും. ഒരു ചെവിയിൽ ആയിരുന്നു വേദനയെങ്കിൽ കൂടിയും രണ്ടു ചെവിയും പരിശോധന നടത്തണം എന്നു ഞാൻ അവരോട് പറഞ്ഞു. എന്നാൽ എന്തുകൊണ്ടോ അവർ അതിനു സമ്മതിച്ചില്ല.

ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം ഒരാഴ്ച കഴിഞ്ഞ് തിരികെ വരാൻ പറഞ്ഞു ഞാൻ അവരെ തിരികെ അയച്ചു. എന്നാൽ ഞാൻ പറഞ്ഞ ദിവസം അവർ എന്നെക്കാണാൻ വീണ്ടും എത്തിയില്ല. അതോടെ അവരുടെ വേദന കുറഞ്ഞുകാണും എന്നു ഞാനും കരുതി. ഒരാഴ്ച കഴിഞ്ഞപ്പോൾ കലശലായ ചെവി വേദനയോടെ അവർ എന്നെക്കാണാൻ വീണ്ടുമെത്തി. വീണ്ടും അവരെ ഞാൻ പരിശോധിച്ചു. അപ്പോഴും മറ്റേ ചെവിയിലാണ് ഇൻഫെക്ഷൻ ഉണ്ടായിരിക്കുന്നത് എന്ന നിഗമനത്തിൽ ഞാൻ ഉറച്ചു നിന്നു.

ആ സ്ത്രീയോട് നിർബന്ധമായും മറ്റേ ചെവി കൂടി കാണിക്കാൻ ഞാൻ പറഞ്ഞു. ആ സ്ത്രീ അതിന് സാധ്യമല്ല എന്നു പറഞ്ഞു. ഒരു ചെവി എന്നെ കാണിക്കുകയും മറ്റേത് കാണിക്കാതിരിക്കുകയും ചെയ്തപ്പോൾ എനിക്ക് ആകെ വിഷമമായി. ഒരിക്കൽ കൂടി ഞാൻ അവരെ നിർബന്ധിച്ചപ്പോൾ അവർ കാര്യം തുറന്നു പറഞ്ഞു. കാതിലെ കമ്മൽ പണയം വെച്ചിട്ടാണ് അവർ എന്നെ കാണാൻ വന്നിരിക്കുന്നത്. അത് ഇല്ലാതെ മുന്നിൽ ഇരിക്കുന്ന ഡോക്ടറെ ചെവി കാണിച്ചാൽ അതൊരു കുറവ് ആകും എന്നവർക്ക് തോന്നി. തന്റെ ദാരിദ്ര്യത്തെ ഡോക്ടർ തിരിച്ചറിയുമെന്ന ഭയവും, പണമില്ലാതെ ചികിത്സിക്കാൻ എത്തിയാൽ കൃത്യമായ പരിശോധന ലഭിക്കുകയില്ലെന്നതും അവരുടെ മനസ്സിൽ ഭീതി നിറച്ചു.

ഇത് തിരിച്ചറിഞ്ഞ ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കി, അവർക്ക് എന്റെ ചിലവിൽ പുതിയ മരുന്നുകൾ നൽകി. ആ മരുന്നുകൾ ഫലം ചെയ്തു. അവരുടെ അസുഖം പൂർണ്ണമായും ഭേദമായി. അവർ സന്തോഷത്തോടെ ഒരിക്കൽ കൂടി എന്നെ കാണാൻ വന്നു. അത് എനിക്കും വലിയ തിരിച്ചറിവാണ് നൽകിയത്. എനിക്ക് ഈ സമൂഹത്തോട് പറയാനുള്ളത് എന്തെന്നാൽ ദാരിദ്ര്യത്തിന്റെ പേര് പറഞ്ഞ് ഒരു ഡോക്ടർമാരും രോഗികളായി എത്തുന്നവരെ മാറ്റിനിർത്തുകയില്ലെന്നാണ്. ചുരുക്കം ചിലരാണ് അങ്ങനെ ചെയ്യുന്നത്. തങ്ങളുടെ മേഖല സേവനമാണെന്നു തിരിച്ചറിയുന്ന ഒരുപാട് ഡോക്ടർമാർ നമ്മുടെ സമൂഹത്തിലുണ്ട്.

വേഷഭൂഷാദികൾ കൊണ്ട് ഒരാളുടെ സാമ്പത്തിക അവസ്ഥ തിരിച്ചറിയാനുള്ള കഴിവ് ഒരു ഡോക്ടർക്കും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ അവരവരുടെ അവസ്ഥ അവരവർ തന്നെ ഡോക്ടർമാരോട് തുറന്നുപറയാനുള്ള മനസ്സ് കാണിച്ചാൽ ചിലപ്പോൾ അവർ തന്നെ വേണ്ട നിർദ്ദേശങ്ങൾ നൽകി, ചിലപ്പോൾ മരുന്നും നൽകി മടക്കി അയച്ചേക്കാം. ഈ അനുഭവം എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. പിന്നെ പിന്നെ ഒരു രോഗി എന്റെ അരികിൽ വരുമ്പോൾ ഞാൻ ആദ്യം തിരക്കുന്നത് അവരുടെ അവസ്ഥയെക്കുറിച്ചാണ്. അവർ സംസാരിക്കുമ്പോൾ തന്നെ, അവർ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് വർഷങ്ങളുടെ എക്സ്പീരിയൻസ് കൊണ്ട് ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നുണ്ട്."

പലതരത്തിലുള്ള പലമുഖങ്ങളെയാണവർ ദിവസേന കാണുന്നതും, അറിയുന്നതും. ഒരിക്കൽ തങ്ങളുടെ മുന്നിലേക്ക് രോഗവുമായി വന്ന് അത് ഭേദമായി തിരികെ പോകുന്നവർ, വീണ്ടും തങ്ങളുടെ മുന്നിൽ രോഗാവസ്ഥയിൽ തിരികെ എത്തരുത് എന്ന് ആഗ്രഹിക്കുന്നവരാണവർ. ഇക്കഴിഞ്ഞ ദിവസം തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ എമർജൻസി മെഡിസിൻ വിഭാഗം കൺസൽട്ടൻറ് & അസിസ്റ്റന്റ് പ്രഫസറായ ഡോ. നിശാന്ത് മേനോൻ. എൻ. കോവിഡ്‌ കാലത്ത് നടന്ന തന്റെ ഒരനുഭവം പങ്കുവെക്കുന്നു.

"കോവിഡ്‌കാലത്ത് ആരോഗ്യ പ്രവർത്തകർ വളരെയധികം ബുദ്ധിമുട്ടി. രോഗികളുടെ എണ്ണം വളരെ കൂടിയ ഒന്നാം ഘട്ടത്തിൽ ഒരു ദിവസം ആംബുലൻസിൽ ഞങ്ങളുടെ ആശുപത്രിയിലേക്ക് ഒരു രോഗിയും അവരുടെ ബന്ധുക്കളുമെത്തി. ഡ്യൂട്ടിയ്ക്കായി ആശുപത്രിയിൽ എത്തിയ എന്നെ കണ്ട അവർ അടുത്ത് വന്ന് ഒരു കുറിപ്പ് എന്നെ കാണിച്ചു. സഹായിക്കണമെന്ന് പറഞ്ഞു കരഞ്ഞു.

കോവിഡ്‌കാലമാണ്. ഐസിയുവിൽ ബെഡ് ഒഴിവില്ല. അവർ പാലക്കാട് നിന്നുമാണ് വരുന്നതെന്ന് കൂടി കേട്ടപ്പോൾ ഞാൻ അയാളുടെ കേസ് ഹിസ്റ്ററി നോക്കി. ഒരാഴ്ചയായി വിട്ടുമാറാത്ത പനിയും ചുമയും ശ്വാസംമുട്ടലുമാണ്. അത് കൂടി ന്യൂമോണിയയായി. മുൻപ് ചികിത്സിച്ച ആശുപത്രിയിൽ ആധുനിക സൗകര്യങ്ങൾ കുറവാണ്. ബെഡുകളുടെ എണ്ണം കുറവാണ് എന്ന കാര്യം ഞാൻ അല്പനേരം മറന്നു. അയാളെ അകത്തേക്ക് കയറ്റാൻ പറഞ്ഞു.

തണുത്തു മരവിച്ച അവസ്ഥയിൽ ഒരു ചെറുപ്പക്കാരൻ. ഒന്നു മൂളാൻ പോലും വയ്യാത്ത അവസ്‌ഥയിൽ അയാളുടെ പ്രഷറും കുറയുന്നു. ആ യാത്രയ്ക്കിടയിൽ അയാളുടെ ശരീരത്തിലാകമാനം അണുബാധ വ്യാപിച്ചിരുന്നു. ആന്റിബയോട്ടിക്കുകൾ നൽകുന്നുമുണ്ട്. കോവിഡ് ലക്ഷണങ്ങൾ ഉള്ള, ക്രിട്ടിക്കലായ ഒരു രോഗി ആയതിനാൽ ഐസൊലേഷൻ ഏരിയയിലാണ് കിടത്തിയത്.

രക്തക്കുഴൽ ചുരുങ്ങിത്തുടങ്ങിയപ്പോൾ നീർക്കെട്ട് മാറ്റാനുള്ള തുടർ നടപടികൾ തുടങ്ങുകയാണ് എന്ന് ഒപ്പം വന്നവരോട് പറയാൻ നടന്നപ്പോൾ ഒരു നഴ്സ് ഓടിവന്നു. രോഗിക്ക് കാർഡിയാക് അറസ്റ്റ് സംഭവിച്ചു എന്ന് പറഞ്ഞു. ഒരു നിമിഷം ഞാൻ ഒന്നു നടുങ്ങി. അയാളുടെ അരികിലേക്ക് ഞാൻ ഓടി. ആ ധമനികളിൽ മിടിപ്പില്ല. എന്നാൽ ഇസിജി ചലനം കാണിക്കുന്നുമുണ്ട്. എനിക്ക് നേരിയ ഒരു പ്രതീക്ഷ കിട്ടിയ നിമിഷമായിരുന്നു അത്.

നേരം പാഴാക്കാതെ ഞങ്ങൾ സിപിആർ നൽകി. കാർഡിയാക് മസാജുകൾ കൂടി ആയതോടെ അയാളുടെ ഹൃദയക്കുഴലിൽ നിറഞ്ഞ ബ്ലോക്ക് ഒഴുകി മാറി. അത് അലിയിക്കാനുള്ള മരുന്നുകൾ നൽകി. രക്തത്തിന്റെ പമ്പിങ്ങ് കുറഞ്ഞതിനാൽ ബി പിയും ഹൃദയത്തിന്റെ പമ്പിങ്ങും കൂട്ടാനുള്ള ഡ്രിപ്പുകളും കൂടി നൽകി. കുറഞ്ഞു പോയ പ്രഷർ കൂടി തുടങ്ങി. ആ ചെറുപ്പക്കാരൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് പൂർണ്ണമായും ഞാനും ഒപ്പമുള്ളവരും വിശ്വസിച്ചു.

കോവിഡ്‌നെഗറ്റീവ് ഫലം വന്നതോടെ ഞങ്ങൾ പൂർണമായും ആശ്വസിച്ചു. ഒന്നു രണ്ടു ദിവസത്തിനകം അയാളെ റൂമിലേക്കും മാറ്റി. ആരോഗ്യം മെച്ചപ്പെട്ടപ്പോൾ ഞാൻ അയാളെ ഒരിക്കൽ കൂടി പോയി കണ്ടു. എന്നെ മനസ്സിലായോ എന്നു ചോദിച്ചു. പക്ഷേ അയാൾ എന്നെ തിരിച്ചറിഞ്ഞില്ല. നിഷ്കളങ്കമായി അയാളത് എന്നോട് തുറന്നു പറഞ്ഞു. അയാളുടെ ചേച്ചി ക്ഷമാപണം നടത്തിക്കൊണ്ട് പറഞ്ഞത് ഇപ്പോഴും കാതിൽ മുഴങ്ങുന്നു. "സർ, അന്ന് അവിടെ നടന്നത് ഒന്നും ഇവന് ഓർമയില്ല എന്നാണ് പറയുന്നത്. പിന്നെ ആ കാര്യങ്ങൾ ഒക്കെ ഇനി പറഞ്ഞാൽ ഇവന് ഇനിയും ടെൻഷൻ ആവുമെന്ന് കരുതി ഞങ്ങൾ പറഞ്ഞില്ല."

അത്രമേൽ എക്സ്പീരിയൻസ് ഉള്ള ചില ഡോക്ടർമാരുടെ ഒറ്റനോട്ടത്തിൽ തന്നെ ചിലപ്പോൾ ചിലരുടെ രോഗത്തെ അവർക്ക് മനസ്സിലാക്കാനും കഴിയുന്നുണ്ട്. അതിനു തക്ക മരുന്ന് കൊടുക്കാൻ അവർക്ക് കഴിയുന്നതിലൂടെ അവർ രക്ഷിക്കുന്നത് ഒരു ജീവനെയല്ല. പകരം ആ ജീവനുവേണ്ടി പ്രാർത്ഥിക്കുന്ന ഇരു കൂട്ടം ആളുകളെക്കൂടിയാണ്. എന്നാൽ ചുരുക്കം ചിലരുടെ അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്ന അപകടങ്ങൾ ഇവിടെ ഉണ്ടാവുന്നില്ലയെന്നല്ല പറയുന്നത്. അത് ബാധിക്കുന്നത് ചില നല്ല മനുഷ്യരെ കൂടിയാണെന്ന് നാം മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചു. അവരുടെ ചുരുക്കിയെഴുത്തുകൾ, നമ്മുടെ ഓരോരുത്തരുടേയും പ്രതീക്ഷകളാണ്, ഒപ്പം ആശ്വാസങ്ങളുമാണ്. ഈ ഡോക്ടേഴ്സ് ഡേയില്‍ നമുക്ക് നമ്മുടെ പ്രിയപ്പെട്ട ഡോക്ടർമാരെ ഓർക്കാം. അവരെ മനസ്സിലാക്കാം. നന്ദിയോടെ അവരുടെ സേവനങ്ങളെ വിലമതിക്കാം. അവരും മനുഷ്യരാണ്. അവരുടെ ജീവന് സംരക്ഷണം നൽകാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് കൂടി ഈ ദിവസം നമ്മെ ഓർമ്മപ്പെടുത്തുന്നു.

Content Highlights: doctors day 2022, violence against doctors

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented