Representative Image | Photo: Gettyimages.in
വീണ്ടും ഒരു ജൂലായ് ഒന്ന്. എല്ലാ വർഷവും ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നു.ഡോ .ബിദാൻചന്ദ്ര റോയ് എന്ന പ്രശസ്തനായ ഡോക്ടർ,സ്വാതന്ത്യ സമരസേനാനി ജനിച്ചതും മരിച്ചതും ജൂലായ് ഒന്നിനായിരുന്നു.1882 ജുലായ് ഒന്നിനാണ് ജനിച്ചത് .1962 ജൂലായ് ഒന്നിനാണ് മരണം സംഭവിച്ചത്. അദ്ദേഹം വൈദ്യ ശാസ്ത്ര രംഗത്തിന് നൽകിയ സംഭാവനകളോടുള്ള ആദരസൂചകമായിട്ടാണ് ഈ ദിനം ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്.
ഇന്നത്തെ കാലത്ത് ഒരു പക്ഷേ സോഷ്യൽ മീഡിയയുടെ കാരണത്താൽ ചിലർക്കെങ്കിലും ഇങ്ങനെ ഒരു ദിനം ഉള്ളത് സുപരിചിതമായിരിക്കാം. ഒന്നോർത്താൽ ഞങ്ങൾ ഡോക്ടർമാർക്ക് ഒരു ദിവസം ഇങ്ങനെ ഉണ്ടെന്ന് സാധാരണ ഓർമയിൽ ഉണ്ടാവില്ല. സുഹൃത്തുക്കളുടെ ആശംസ കാണുമ്പോൾ അറിയാതെ മനസ്സ് ചെറുതായൊന്നു സന്തോഷിക്കാറുണ്ട് എന്ന് പറയാതെ വയ്യ. അച്ഛനും അമ്മക്കും ദിവസങ്ങൾ ഉള്ള ഈ കാലത്ത് ഞങ്ങൾക്കായും ഒരു ദിവസം. കൊള്ളാം. കേൾക്കാൻ ഒരു രസമൊക്കെയുണ്ട്.
ഡോക്ടർ എന്ന വാക്ക് ദൈവതുല്യം എന്നൊക്കെ പറഞ്ഞിരുന്ന കാലത്ത് നിന്നും ഒരുപാട് മുന്നോട്ടു വന്ന് ഈ കാലഘട്ടത്തിൽ നാം കേൾക്കുന്നത് പല ആശുപത്രികൾക്കും ഡോക്ടർമാർക്കും നേരെയുള്ള ആക്രമങ്ങളെ കുറിച്ചാണല്ലോ. അപ്പോൾ ഈ ദിനാചരണത്തിലെങ്കിലും ചെറുതായൊരു തിരിച്ചറിവ് നല്ലതാവും.
സ്വന്തം അമ്മയെ അച്ഛനെ സഹോദരങ്ങളെ മക്കളെ സുഹൃത്തുക്കളെ എല്ലാം എന്തെങ്കിലും അസുഖം വരുമ്പോൾ കൊണ്ട് ചെല്ലുന്ന ഈ ഡോക്ടർമാരെ ദൈവമായൊന്നും കണ്ടില്ലെങ്കിലും അവരും മനുഷ്യരാണ് എന്ന് ഓർമ്മിപ്പിക്കാൻ ഈ ദിനത്തിൽ ആഗ്രഹിക്കുന്നു. അങ്ങനെ ഒരു ചെറിയ വിഭാഗം ആളുകൾ ചെയ്യുന്ന പരാക്രമങ്ങൾ കണ്ട് തളരില്ല ഞങ്ങളാരും. ഡോക്ടർമാരെ ഇന്നും നെഞ്ചോടു ചേർക്കുന്ന ജനങ്ങൾ തന്നെയാണ് ഭൂരിപക്ഷവും. അവരാണ് ഈ ജോലിഭാരം മറന്ന് പ്രവർത്തിക്കാർ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. രോഗം മാറി ആശുപത്രിയിൽ നിന്ന് പടിയിറങ്ങുമ്പോൾ അവരുടെ മുഖത്ത് കാണുന്ന ചിരിയും സമാധാനവുമാണ് മുന്നോട്ട് പോകാനുള്ള ഞങ്ങളുടെ ഊർജ്ജവും.
ഈ അവസരത്തിൽ ഒന്ന് രണ്ട് അനുഭവങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. 2006 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദ്യമായി ഒരു മെഡിക്കൽ വിദ്യാർതിയായി കാലുകുത്തിയ അന്നു മുതൽ ഇന്നുവരെ കൺമുന്നിൽ കണ്ടു മറഞ്ഞത് ഒരുപാട് മുഖങ്ങളാണ്. പല തരത്തിലുള്ള ആളുകളെ കണ്ടിട്ടുണ്ട്. ഒരുപാട് പേർ കൺമുന്നിൽ വിട്ടു പിരിഞ്ഞിട്ടുമുണ്ട്.
ഈ ഒരു രോഗി വല്ലാതെ അത്ഭുതപ്പെടുത്തി. കഥ ഇതാണ്.
2011 ഹൗസ് സർജൻസി സമയം. കോഴിക്കോട് മെഡിക്കൽ കോളേജ് എട്ടാം വാർഡ്. പതിവു പോലെ അഡ്മിഷൻ ഡേയുടെ പിറ്റേന്ന് 50-60 രോഗികളുടെ പ്രഷർ നോക്കി എഴുതാൻ ആരംഭിച്ചു. തലേ ദിവസം രാത്രി തുടങ്ങിയ ഡ്യൂട്ടി ആണ്. പ്രഭാത ഭക്ഷണമൊന്നും കഴിച്ചിട്ടില്ല. സീനിയർ ഡോക്ടർ പരിശോധിക്കാൻ വരുന്നതിന് മുമ്പ് ഈ പ്രഷർ നോക്കി തീർക്കാനുള്ള തത്രപ്പാടിലാണ്. അപ്പോഴാണ് അങ്ങേ അറ്റത്തെ ബെഡിൽ കിടക്കുന്ന ഒരു രോഗിക്ക് വല്ലാത്ത വയറുവേദന എന്ന് കൂട്ടിരിപ്പുകാരിയായ ഒരു അമ്മ വന്നു വിളിച്ചത്. അവിടെ ചെന്നു . പരിശോധിച്ചു. അഡ്മിറ്റ് ആയപ്പോൾ മുതൽ വേദന ഉണ്ട്. മരുന്നുകൾ നൽകുന്നുണ്ട്. ആ അച്ഛൻ ആകെ ക്ഷീണിതനാണ്. മുഖത്ത് ഒരു നിസ്സംഗതയാണ്. വേദനക്കുള്ള ഇഞ്ചക്ഷൻ കൊടുത്തു. അച്ഛൻ ചെറിയ മയക്കം ആയി. ഞാൻ വീണ്ടും പഴയ ജോലി തുടർന്നു. സീനിയർ വന്നു. പരിശോധിച്ച സമയത്ത് ഞങ്ങളെ പഠിപ്പിച്ചു ഈ അച്ഛനെക്കുറിച്ച്. കുറച്ചു പ്രത്യേകതയുള്ള അസുഖമാണ് . സാധാരണയായി കാണുന്ന രോഗമല്ല. അയോർട്ട എന്ന രക്തക്കുഴൽ വയറിന്റെ ഭാഗത്ത് വീങ്ങിയതാണ്. ഒരു മുഴ പോലെ കാണാം. കുറച്ചു സങ്കീർണ്ണമായ ശസ്ത്രകിയ വേണ്ടി വരും. പക്ഷേ പ്രായം കൂടുതൽ ആയതിനാൽ ഓപ്പറേഷൻ അത്ര എളുപ്പമല്ല. റിസ്ക് കൂടുതലാണ്. ഇതെല്ലാം അവരെയും പറഞ്ഞു മനസ്സിലാക്കി സാർ അടുത്ത രോഗിയെ കാണാൻ പോയി. പിന്നീട് കുറച്ചു ദിവസങ്ങൾ ഈ അച്ഛൻ അവിടെ ഉണ്ടായിരുന്നു. ഹൗസ് സർജൻസി ആയതിനാൽ മിക്ക സമയവും വാർഡിൽ ഞങ്ങൾ ഉണ്ടാവും. ഈ അച്ഛനോട് ഞാൻ പല ദിവസം വൈകുന്നേരങ്ങളിൽ ഇരുന്നു സംസാരിക്കുന്നത് പതിവാക്കി. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ കൂട്ടായി. നിസ്സംഗതയൊക്കെ മാറി ചെറിയ ചിരിയൊക്കെ അച്ഛന്റെ മുഖത്ത് വന്നു. രണ്ടാഴ്ച കഴിഞ്ഞ് വേറെ വാർഡിലേക്ക് ആയി എനിക്ക് ഡ്യൂട്ടി. അങ്ങനെ ഇദ്ദേഹം ഓർമ്മകളിൽ നിന്നും അകന്നു.
പിന്നീട് വർഷങ്ങൾക്കിപ്പുറം 2014 ൽ മഞ്ചേരി മെഡിക്കൽ കോളേജിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്ന കാലം. കുത്തിവെപ്പിന്റെ ചുമതല ആയിരുന്നു. എങ്കിലും ഇടക്ക് ജനറൽ ഒ.പിയിൽ ഇരിക്കും. അങ്ങനെ ഒരു ദിവസം ഒരു രോഗി വന്നു. "സൗമ്യ ഡോക്ടറല്ലേ, എന്നെ ഓർമ്മയുണ്ടോ ?" സത്യമായിട്ടും ആരാണെന്ന് ഒരു പിടിയും കിട്ടിയില്ല. അത് അദ്ദേഹത്തോട് തുറന്ന് സമ്മതിച്ചു."കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ഉണ്ടായിരുന്നില്ലേ ഡോക്ടർ. അവിടെ അച്ഛനെ ഡോക്ടർ ചികിൽസിച്ചിട്ടുണ്ട്. മരിക്കുന്ന ദിവസം വരെ എന്നും ഓർത്തിരുന്നു അച്ഛൻ നിങ്ങളെ. മരിച്ചിട്ട് ഒരു മാസമേ ആയുള്ളൂ. അന്ന് ഡോക്ടറുടെ സംസാരം ഒരു പാട് അച്ഛനെ സഹായിച്ചിരുന്നു. അത്ര വലിയ അസുഖത്തെ ഉൾക്കൊള്ളാൻ ഡോക്ടറാണ് പഠിപ്പിച്ചത് എന്ന് അച്ഛൻ പറയുമായിരുന്നു."
കഥ മുഴുവൻ കേട്ടപ്പോൾ എനിക്ക് ആളെ മനസ്സിലായി. അന്ന് ഞാൻ ജൂനിയർ ആയിരുന്നു. സീനിയർ എഴുതിയ മരുന്നുകൾ കൊടുക്കുന്ന ജോലി മാത്രമായിരുന്നു എനിക്ക്. എന്നിട്ടും വർഷങ്ങൾക്കിപ്പുറം എന്നെ അവർ ഓർക്കുന്നെങ്കിൽ അത് മരുന്ന് കൊടുത്തതു കൊണ്ടോ ചികിത്സിച്ചു രോഗം മാറ്റിയതു കൊണ്ടോ അല്ല. മറിച്ച് അവരോട് സംസാരിച്ച് മാനസിക സമ്മർദ്ദം കുറച്ചെങ്കിലും അകറ്റിയതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം. ഇന്നും ഞാൻ ചെയ്യുന്ന ഒന്ന് അതാണ്. എത്ര തിരക്കുണ്ടെങ്കിലും രോഗികളെ കേൾക്കുകയും അവരോട് സംസാരിക്കുകയും ചെയ്യുക എന്നത്. പക്ഷേ പലപ്പോഴും തിരക്കേറിയ ആശുപത്രികളിലും വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്ത സ്ഥലങ്ങളിലും ഇത് പ്രാവർത്തികമല്ല. എങ്കിലും പരമാവധി സംസാരിക്കാൻ ശ്രമിക്കാറുണ്ട്. മരുന്നുകൾ കൊണ്ട് മാറ്റാൻ കഴിയാത്ത ഒന്നുണ്ട് എല്ലാ രോഗികൾക്കും. അവരുടെ മാനസിക പിരിമുറുക്കം. രോഗി ആയല്ലോ ഞാൻ എന്ന ദുഃഖം. ഇത് ഒരു പക്ഷേ ഡോക്ടർക്ക് മനസ്സിലാക്കാൻ പറ്റുന്നത്ര മറ്റൊരാൾക്കും മനസ്സിലാവില്ല. അതുകൊണ്ട് തന്നെ മരുന്നു ചീട്ടുകൾക്കുമപ്പുറം രണ്ടു ആശ്വാസ വാക്കുകൾക്ക് പ്രാധാന്യം അധികമായേക്കാം. ഇതെന്നെ പഠിപ്പിച്ചത് മേൽപറഞ്ഞ അനുഭവമാണ്. മാറാത്ത രോഗം മാറും എന്നല്ല മറിച്ച് ആ രോഗത്തോട് പൊരുത്തപ്പെടുത്താൻ നമുക്ക് ഡോക്ടർമാർക്ക് കഴിയും. ഒരു പക്ഷേ അതായിരിക്കാം ഒരു കാലത്ത് ഡോക്ടർ ദൈവമായതിന്റെയും കാരണം.
പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യൻ ആണ് ലേഖിക
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..