സീതാറാം യെച്ചൂരി | Photo: PTI
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തില്‍ ചൊവ്വാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അത്യധികം ശ്രദ്ധിച്ച ഒരു കാര്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെക്കുറിച്ച് ഒരക്ഷരം പോലും പറയാതിരിക്കുക എന്നതായിരുന്നു. ഒന്നര മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ ഒരിക്കല്‍ പോലും യെച്ചൂരിയുടെ നാവില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് വന്നില്ല.
ബിജെപിയാണ് മുഖ്യശത്രുവെന്ന് വ്യക്തമാക്കിയ യെച്ചൂരി പക്ഷേ, ഹിന്ദുത്വയ്ക്കെതിരെയുള്ള വിശാല പോരാട്ടത്തെക്കുറിച്ച് പറഞ്ഞപ്പോഴും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് വന്നില്ല. ബിജെപിയെ ഒറ്റപ്പെടുത്തണമെന്നും പരാജയപ്പെടുത്തണമെന്നും ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.പക്ഷേ, ഈ കൂട്ടായ്മയില്‍ പ്രധാന കണ്ണിയാവേണ്ട കോണ്‍ഗ്രസിനെക്കുറിച്ച് യെച്ചൂരി അര്‍ത്ഥവത്തായ നിശ്ശബ്ദത പാലിച്ചു.
കഴിഞ്ഞ തൃശ്ശൂര്‍ സമ്മേളനത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ പേരില്‍ യെച്ചൂരിയും കേരള ഘടകവുമായി ഏറ്റുമുട്ടലുകളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിപിഎം എന്ന് പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് കേരള മാര്‍ക്സിസ്റ്റ് എന്നല്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് എന്നാണെന്നും യെച്ചൂരി കേരളത്തിലെ സഖാക്കളെ ഓര്‍മ്മിപ്പിക്കുന്നതും തൃശ്ശൂര്‍ സമ്മേളനത്തിലുണ്ടായി. പിന്നീട് നടന്ന ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ അടവ് നയമാവാം എന്ന യെച്ചൂരിയുടെ നിലപാടാണ് അംഗീകരിക്കപ്പെട്ടത്. ഈ നിലപാടിന്റെ പുറത്താണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ടത്.

അടുത്ത മാസം കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തില്‍ സിപിഎം കോണ്‍ഗ്രസിനോട് അനുഭാവപൂര്‍ണ്ണമായ സമീപനമല്ല സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ ' ക്ഷീണിത' (weakened) പാര്‍ട്ടി എന്നാണ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച ഈ പ്രമേയത്തില്‍ സിപിഎം വിശേഷിപ്പിച്ചിരിക്കുന്നത്. ബിജെപിക്കും ആര്‍എസ്എസ്സിനും എതിരെയുള്ള ജനകീയ മുന്നേറ്റം വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ ബലപ്പെടുത്തുന്നതിനും കോണ്‍ഗ്രസിനാവാത്ത അവസ്ഥയാണെന്നും കരട് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നുണ്ട്.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ബംഗാള്‍ ഘടകത്തിന്റെ നിലപാടിനോട് കേരള ഘടകത്തിന് തീരെ താല്‍പര്യമില്ല എന്നത് പരസ്യമാണ്. കേരളത്തില്‍ കോണ്‍ഗ്രസാണ് പാര്‍ട്ടിയുടെ മുഖ്യ എതിരാളികളെന്നതും ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ സമീപനമാണെന്നതും സിപിഎം കേരള ഘടകത്തിനെ അലോസരപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള കേരള നേതാക്കള്‍ ഇക്കാര്യം പല വേദികളിലും തുറന്നുപറഞ്ഞിട്ടുമുണ്ട്.
കരട് രാഷ്ട്രീയ പ്രമേയത്തില്‍ അന്തിമ തീരുമാനം കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസാണ് എടുക്കുകയെന്ന് സിപിഎമ്മിലെ ഒരു കേന്ദ്ര കമ്മിറ്റി അംഗം മാതൃഭൂമിയോട് പറഞ്ഞു. ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പാര്‍ട്ടിക്ക് കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നും പൊളിറ്റിക്കല്‍ അലയന്‍സ് വേണ്ടെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ അന്തിമ രേഖ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസാണ് തീരുമാനിക്കുക.
കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ നിന്ന് യെച്ചൂരിയും പിന്നാക്കം പോവുകയാണെന്നാണ് ചൊവ്വാഴ്ച എറണാകുളത്ത് യെച്ചൂരി നടത്തിയ ഉദ്ഘാടന പ്രസംഗം സൂചിപ്പിക്കുന്നത്. സിപിഎമ്മില്‍ ഇപ്പോള്‍ അഖിലേന്ത്യാ തലത്തില്‍ നിര്‍ണ്ണായക ഘടകം കേരളത്തിലെ പാര്‍ട്ടിയാണ്. ഉദ്ഘാടന പ്രസംഗത്തില്‍ യെച്ചൂരി ഇക്കാര്യം തുറന്നു സമ്മതിച്ചു. ബിജെപിക്കും ഹിന്ദുത്വയ്ക്കുമെതിരെയുള്ള പോരാട്ടത്തിന്റെ കുന്തമുന സിപിഎമ്മിന്റെ കേരള ഘടകമാണെന്നും അതുകൊണ്ടുതന്നെ ഈ ഘടകത്തെ കൂടുതല്‍ ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യെച്ചൂരി എടുത്തു പറഞ്ഞു.
സിപിഎമ്മില്‍ കേരള ഘടകം ചോദ്യംചെയ്യപ്പെടാത്ത നിലയിലേക്ക് വളര്‍ന്നിരിക്കുന്നു എന്ന സൂചനയാണ് 23-ാം സംസ്ഥാന സമ്മേളനം നല്‍കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ വാക്കുകള്‍ ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് ചൊവ്വാഴ്ച വിരല്‍ചൂണ്ടിയത്. ഇടതുപക്ഷം ഇപ്പോള്‍ ഇന്ത്യയില്‍ ഒരു മൂലയിലേക്ക് ഒതുങ്ങിയിരിക്കുകയാണെന്നും എന്നാലും അതുയര്‍ത്തുന്ന ഭീഷണി കാണാതിരിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞതും യെച്ചൂരി പരാമര്‍ശിച്ചു. കേരളത്തിലേക്ക് ഒതുങ്ങിയ ഒരു പ്രസ്ഥാനത്തെ ഇപ്പോഴും ബിജെപിയും ആര്‍എസ്എസ്സും പേടിക്കുന്നുണ്ടെന്നും ആ പേടി ഇടത് പക്ഷമാണ് ഹിന്ദുത്വയ്ക്കെതിരെ കൃത്യമായ ബദല്‍ ഉയര്‍ത്തുന്നത് എന്നതുകൊണ്ടാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
തൃശ്ശൂര്‍ സമ്മേളനത്തില്‍ നടന്നതുപോലെ ഇക്കുറി പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വവും കേരള ഘടകവും തമ്മില്‍ ഏറ്റുമുട്ടലുകളൊന്നും തന്നെയുണ്ടാവില്ല എന്ന സന്ദേശമാണ് യെച്ചൂരിയുടെ പ്രസംഗം നല്‍കുന്നത്. സിപിഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് മാർക്സിസ്റ്റ് കേരള എന്നായി മാറിയിരിക്കുകയാണെന്ന് പരോക്ഷമായി സമ്മതിക്കുന്ന ജനറല്‍ സെക്രട്ടറിയെയാണ് ചൊവ്വാഴ്ച പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ കണ്ടത്.
Content Highlights: seetharam yechury's inaugural speech in CPM State Conference 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..