സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
കൊച്ചി: ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമുതല്‍ മുകളിലേക്കുള്ള പാര്‍ട്ടി ചുമതലക്കാര്‍ക്ക് സ്ഥിരം ശമ്പളം നല്‍കാന്‍ സി.പി.എം. ഒരുങ്ങുന്നു. നിലവില്‍ അലവന്‍സ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത് എല്ലാ ജില്ലയിലും കാര്യക്ഷമമായി നല്‍കാനാകുന്നില്ല. അതുകൊണ്ടാണ്, എല്ലാവര്‍ക്കും ഒരേതുക ലഭിക്കുന്നവിധം 'ശമ്പളപരിഷ്‌കരണം' നടത്താന്‍ തീരുമാനിച്ചത്.
ഇതിനുള്ള പദ്ധതിക്കും സംസ്ഥാനസമ്മേളനം അംഗീകാരം നല്‍കും. ഇതിനൊപ്പം, പാര്‍ട്ടി അംഗങ്ങള്‍ക്ക് പഠനവും പരിശീലനവും നല്‍കാന്‍ സ്ഥിരം സ്ഥാപനമുണ്ടാക്കും.
മറ്റു ജോലികളുള്ളവര്‍ ഒരു ഘടകത്തിലും സെക്രട്ടറിമാര്‍ ആകേണ്ടതില്ലെന്ന് ഈ സമ്മേളനകാലത്ത് സി.പി.എം. നിര്‍ദേശിച്ചിരുന്നു. പക്ഷേ, സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഇപ്പോള്‍ സെക്രട്ടറിമാരായിട്ടുണ്ട്. സംസ്ഥാന സമ്മേളനത്തിനുശേഷം ഇവരോട് ജോലിയില്‍നിന്ന് അവധിയില്‍ പ്രവേശിക്കാന്‍ പാര്‍ട്ടി നിര്‍ദേശിക്കും. ലോക്കല്‍ സെക്രട്ടറിമാര്‍, ഏരിയാ സെക്രട്ടറിമാര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍, ജില്ലാ സെക്രട്ടറിമാര്‍ എന്നിവരാണ് പൂര്‍ണസമയം പാര്‍ട്ടിയുടെ ഭാഗമാകേണ്ടത്. ഇവര്‍ക്കുള്ള ശമ്പളം അതത് ജില്ലയില്‍നിന്ന് നല്‍കുന്നവിധത്തില്‍ സ്ഥിരം സംവിധാനമുണ്ടാക്കും. ഏരിയാ സെക്രട്ടറിമാര്‍ക്ക് 15,000 രൂപവരെയാണ് ഇപ്പോള്‍ അലവന്‍സായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍ മാറ്റംവരുത്തിയേക്കും. തിരുവനന്തപുരം ഇ.എം.എസ്. അക്കാദമിക്ക് കീഴിലായാണ് പഠനകേന്ദ്രം. പുതുതായി പാര്‍ട്ടിയിലേക്കുവരുന്ന എല്ലാ അംഗങ്ങള്‍ക്കും രാഷ്ട്രീയ-സംഘടനാ പഠനം നിര്‍ബന്ധമാക്കും. ഇടതുരാഷ്ട്രീയത്തില്‍ മൂന്നുമുതല്‍ ഒരുവര്‍ഷംവരെയുള്ള വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ടാവും. ഇതിന് സര്‍വകലാശാല അഫിലിയേഷന്‍ അടക്കമുള്ള കാര്യങ്ങളും പരിഗണിക്കുന്നുണ്ട്.
Content Highlights: cpm state conference 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..