വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം: കാലത്തിനനുസരിച്ച് സിപിഎമ്മും മാറുകയാണ്


കെ എ ജോണി

സി.പി.എം സംസ്ഥാന സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ| ഫോട്ടോ: ടി.കെ പ്രദീപ്കുമാർ, മാതൃഭൂമി

കൊച്ചി: നവകേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകളാവാം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ചൊവ്വാഴ്ച സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന്‍ അവതരിപ്പിച്ച പുതിയ കേരളത്തെക്കുറിച്ചുള്ള വികസന രേഖയിലാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കേണ്ട മാറ്റങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നത്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെയും അടുത്ത മാസം കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെയും അംഗീകാരത്തോടെ മാത്രമേ ഈ കാഴ്ചപ്പാട് പാര്‍ട്ടിയുടെ ഔദ്യോഗിക നയമാവുകയുള്ളുവെങ്കിലും സിപിഎം ഇക്കാര്യത്തില്‍ തീര്‍ത്തും തുറന്ന സമിപനത്തിന് തയ്യാറെടുത്ത് കഴിഞ്ഞതായാണറിയുന്നത്. സിപിഎം എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ കേരളത്തിലെ സിപഎമ്മാണെന്ന് കഴിഞ്ഞ ദിവസം ഉദ്ഘാടന പ്രസംഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി സൂചിപ്പിച്ചിരുന്നു. കേരളത്തില്‍ സിപിഎമ്മിന് ഇപ്പോള്‍ ഒരൊറ്റ നേതാവേയുള്ളു- മുഖ്യമന്ത്രി പിണറായി വിജയന്‍- ആ നിലയ്ക്ക് പിണറായി മുന്നോട്ട് വെയ്ക്കുന്ന ഒരു കാഴ്ചപ്പാട് പാര്‍ട്ടി തള്ളിക്കളയാനുള്ള സാദ്ധ്യത വിരളമാണ്.

അതേസമയം അക്കാദമിക് വിദഗ്ദരും സാമൂഹ്യ നിരീക്ഷകരും പൊതുവെ പിണറായിയുടെ ഈ നയത്തിനൊപ്പമാണ് നിലകൊള്ളുന്നത്. സിപിഎം കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കുന്നു എന്നാണ് പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ എം കുഞ്ഞാമന്‍ പ്രതികരിച്ചത്. '' സ്വകാര്യ മൂലധനം എന്നതിനേക്കാള്‍ സ്വകാര്യ മുതല്‍ മുടക്ക് എന്നേ ഇതിനെ കാണാന്‍ കഴിയുകയുള്ളു. ഇതില്‍ തെറ്റ് കാണാന്‍ കഴിയില്ല. വിദേശ സര്‍വ്വകലാശാലകളെയൊക്കെ ഇങ്ങോട്ട് ആകര്‍ഷിക്കണമെങ്കില്‍ ഇത്തരമൊരു സമീപനം ആവശ്യമാണ്. ''

ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ സ്വകാര്യ മേഖലയില്‍ നന്നായി പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളുണ്ട്. അശോക, അസിം പ്രേംജി , ജിന്‍ഡാള്‍ സര്‍വ്വകാലാശാലകള്‍ ഇതിനുദാഹരണങ്ങളാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. '' നന്നായി പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകള്‍ അതിപ്പോള്‍ സ്വകാര്യ മേഖലയിലായാലും വിദ്യാര്‍ത്ഥികളെ ഓടിച്ചിട്ട് പിടിക്കാറില്ല. പൂവും തേനീച്ചയും പോലെയാണത്. തേനീച്ചയെത്തേടി പൂവ് അങ്ങാട്ട് പോവാറില്ല, മറിച്ച് പൂക്കള്‍ തേടി തേനീച്ചകള്‍ എത്തുകയാണ് ചെയ്യുന്നത്.'' പ്രൊഫസര്‍ കുഞ്ഞാമന്‍ ചൂണ്ടിക്കാട്ടി. '' ലോകത്തൊരിടത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വകാര്യ മുതല്‍ മുടക്കിനെതിരല്ല. അതില്‍ അര്‍ത്ഥമില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖല്‍യുടെ പ്രാധാന്യം ഇന്ത്യയില്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞ ഒരാള്‍ നെഹ്രുവായിരുന്നു. ഐഐഎം അഹമ്മദാബാദ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നാണ്. വിദേശം, തദ്ദേശീയം എന്നൊക്കെയുള്ള വേര്‍തിരിവുകള്‍ ഇന്നിപ്പോള്‍ അങ്ങിനെയില്ല. നെഹ്രു ഇതേക്കുറിച്ച് പറഞ്ഞത് രസകരമായിരുന്നു: '' There is now east or west in a world which is round.'' നെഹ്രുവിയന്‍ കാഴ്ചപ്പാടിലേക്കാണ് സിപിഎം വരുന്നതെന്ന് പറഞ്ഞാല്‍ പക്ഷേ, അവരത് ഇഷ്ടപ്പെട്ടെന്ന് വരില്ല.''

ഇതൊരു തെറ്റ് തിരുത്തലാണോ എന്നത് അതിന്റെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണെന്നും കുഞ്ഞാമന്‍ ചൂണ്ടിക്കാട്ടുന്നു. '' സിപഎം യന്ത്രവത്കരണത്തെയും കമ്പ്യൂട്ടറൈസേഷനെയും എതിര്‍ത്തിരുന്നു. അന്നത് എതിര്‍ക്കപ്പെടേണ്ടതായിരുന്നു. അന്ന് തൊഴില്‍ നഷ്ടപ്പെടുമെന്നത് യാഥാര്‍ത്ഥ്യമായിരുന്നു. ഇന്നിപ്പോള്‍ തൊഴില്‍ ചെയ്യാന്‍, ജീവിക്കാന്‍ കമ്പ്യൂട്ടര്‍ വേണമെന്നായി. യന്ത്രങ്ങളെക്കുറിച്ചുള്ള മാര്‍ക്സിയന്‍ വീക്ഷണം തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അതാവശ്യമാണ് താനും. കാലത്തിനനുസരിച്ച് നിലപാടുകള്‍ മാറ്റാന്‍ സിപിഎം തയ്യാറാവുന്നുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യണം. വൈജ്ഞാനിക മേഖലയില്‍ കൂടുതല്‍ മുതല്‍ മുടക്ക് വേണമെന്നത് ഇന്ന് ലോകം അംഗീകരിച്ചിട്ടുള്ള സംഗതിയാണ്.''

മനുഷ്യ വിജ്ഞാനം സദാ നവീകരിക്കപ്പെടുകയും വളരുകയും ചെയ്യുന്നുണ്ടെന്നും അതുകൊണ്ടാണ് മനുഷ്യരാശിക്ക് മുന്നോട്ട് മാത്രമേ പോവാനാവുകയുള്ളുവെന്നും പിന്നാക്കം സഞ്ചരിക്കാനാവില്ലെന്നും കാള്‍ മാര്‍ക്സ് വ്യക്തമാക്കിയിട്ടുള്ളതെന്ന് കുഞ്ഞാമന്‍ ചൂണ്ടിക്കാട്ടി. അതേസമയം വികസന രംഗത്ത് സിപിഎം പുലര്‍ത്തുന്ന അപ്പര്‍ മിഡില്‍ ക്ലാസ് പക്ഷപാതിത്വം ചോദ്യം ചെയ്യപ്പെടേണ്ടതായിട്ടുണ്ടെന്നും കുഞ്ഞാമന്‍ പറഞ്ഞു. '' മിഡില്‍ ക്ലാസ്സ് ഒരു മാര്‍ക്‌സിയന്‍ പരികല്‍പനയല്ല. അതൊരു സോഷ്യോളജിക്കല്‍ പരികല്‍പനയാണ്. ക്ലാസ്സിനെക്കുറിച്ചല്ല മാസ്സിനെക്കുറിച്ചാണ് ഇപ്പോള്‍ സിപിഎം സംസാരിക്കുന്നത്. ബഹുജനാടിത്തറ വലുതാക്കണമെന്നാണ് സിപിഎം പറയുന്നത്. അത് തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് മാത്രമുള്ളതാണ്.''

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മുതല്‍ മുടക്ക് വരുന്നതിനെ നിരാകരിക്കേണ്ടതില്ലെന്ന് പ്രമുഖ സാമൂഹ്യ- രാഷ്ട്രീയ നിരീക്ഷകന്‍ കെ വേണു പറഞ്ഞു.''വളരെ മികച്ച പല സര്‍വ്വകലാശാലകളും സ്വകാര്യ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. നമ്മളിങ്ങനെ അടച്ചുകെട്ടി ഇരിക്കേണ്ട കാര്യമില്ല. കൂടുതല്‍ കാറ്റും വെളിച്ചവും വരുന്നത് എന്ത്കൊണ്ടും നല്ലതാണ്.'' വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല മറ്റ് മേഖലകളിലും സിപിഎമ്മിന്റെ നയം ഇപ്പോള്‍ ഇതാണെന്നും കെ റെയില്‍ പോലുള്ള പദ്ധതികള്‍ അതാണ് വ്യക്തമാക്കുന്നതെന്നും കെ വേണു ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവെയ്ക്കുന്ന പുതിയ സമീപനം തള്ളിക്കളയേണ്ടതില്ലെന്നും എന്നാല്‍ സാമൂഹ്യ നീതി നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതായുണ്ടെന്നും മഹാത്മ ഗാന്ധി സര്‍വ്വകലാശാല സോഷ്യല്‍ സയന്‍സസ് വിഭാഗം മുന്‍ ഡീന്‍ പ്രൊഫസര്‍ കെ ടി റാംമോഹന്‍ പറഞ്ഞു. '' പക്ഷേ, എങ്ങിനെയാണ് ഇന്നത്തെ ഈ അവസ്ഥയിലേക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല എത്തിപ്പെട്ടതെന്നും അതില്‍ ഇടതുപപക്ഷ സര്‍ക്കാരുകള്‍ വഹിച്ച പങ്ക് എന്താണെന്നും സിപിഎം ആത്മവിമര്‍ശപരമായി കാണണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വന്തം ആളുകളെ മാത്രം കുത്തിത്തിരുകി ഇന്നത്തെ ഈ അപചയമുണ്ടാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎമ്മിന് കൈകഴുകാനാവില്ല. സിന്‍ഡിക്കേറ്റും ട്രേഡ് യൂണിയനുകളും പാര്‍ട്ടി ഡോണ്‍സുമൊക്കെ ചേര്‍ന്നുള്ള മാഫിയയാണ് ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.''

ഇതിനൊരു മാറ്റമുണ്ടാക്കാന്‍ സ്വകാര്യ മുതല്‍മുടക്കിന് കഴിയുമെങ്കില്‍ അത് സ്വാഗതാര്‍ഹമാണെന്ന് കെ ടി റാംമോഹന്‍ പറഞ്ഞു. '' അതേസമയം ഒരു നിയന്ത്രണവുമില്ലാതെ ഇത് നടപ്പാക്കിയാല്‍ സാമൂഹ്യ നീതി നിഷേധിക്കപ്പെടുന്നതിന് കളമൊരുങ്ങും. സംവരണം ഇല്ലാതാവുന്നതോ പാവപ്പെട്ടവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നതോ അംഗീകരിക്കാനാവില്ല. അതിനെക്കുറിച്ച് ഇവരൊന്നും പറയുന്നില്ലെന്നത് അത്ഭുതകരമാണ്. സാമൂഹ്യ നീതി ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം ഈ നടപടിയുമായി സര്‍ക്കാരും പാര്‍ട്ടിയും മുന്നോട്ടു പോവേണ്ടത്. ''


Content Highlights: CPM for Private participation in education sector

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented