Sitaram Yechury | Photo: Mathrubhumi
കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം സ്വാഗതംചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നവ കേരള വികസനരേഖയിലെ നിര്‍ദ്ദേശം പ്രായോഗികമാക്കുന്നത് എളുപ്പമാവില്ലെന്ന നിരീക്ഷണം സിപിഎം വൃത്തങ്ങളില്‍ ഉയരുന്നു. സ്വകാര്യ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ സംവരണം ഉള്‍പ്പെടെയുള്ള സാമൂഹ്യനീതി എങ്ങിനെയാണ് ഉറപ്പാക്കുക എന്ന ചോദ്യമാണ് സിപിഎമ്മിനെ അലട്ടുന്നത്. വ്യാഴാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി നടത്തിയ പത്രസമ്മേളനത്തില്‍ ഈ ചോദ്യം ഉയര്‍ന്നു. ഈ വിഷയം പാര്‍ട്ടി ഗൗരവതരമായാണ് കാണുന്നതെന്നും സാമൂഹ്യനീതി നിറവേറ്റുന്നതിന് സാമൂഹ്യ നിയന്ത്രണം കൊണ്ടുവരുമെന്നുമാണ് യെച്ചൂരി മറുപടി പറഞ്ഞത്.
പാഠ്യപദ്ധതി, ഫീസ്, അദ്ധ്യാപകരുടെ ശമ്പളം, സംവരണം എന്നീ കാര്യങ്ങളില്‍ സാമൂഹ്യ നീതി ഉറപ്പുവരുത്തുമെന്നത് ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെയും അദ്ധ്യാപക-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെയും പ്രഖ്യാപിത ലക്ഷ്യമാണ്. സാമൂഹ്യ നിയന്ത്രണത്തിലൂടെ ഇതിനുള്ള പരിസരം ഉറപ്പു വരുത്തുമെന്നാണ് യെച്ചൂരി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ എങ്ങിനെയാണ് ഈ സാമൂഹ്യ നിയന്ത്രണത്തിന് രൂപം നല്‍കുക എന്നതില്‍ സിപിഎമ്മിനോ ഇതര ഇടത് പാര്‍ട്ടികള്‍ക്കോ വ്യക്തതയില്ല.
സ്വകാര്യ നിക്ഷേപകരുടെ ലക്ഷ്യം ലാഭമാണെന്നും തന്റെയോ പിണറായി വിജയന്റെയോ പടം കണ്ടിട്ടല്ല നിക്ഷേപകര്‍ പണമിറക്കുന്നതെന്നും യെച്ചൂരി കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇങ്ങനെ ലാഭക്കൊതിയോടെ എത്തുന്ന സ്വകാര്യ നിക്ഷേപകര്‍ ഇടത് പക്ഷത്തിന്റെ മേല്‍നോട്ടത്തിലുള്ള സാമൂഹ്യ നിയന്ത്രണത്തിന് വിധേയരാവാന്‍ തയ്യാറാവുമോ എന്നത് വലിയൊരു ചോദ്യമാണ്. അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംവരണമില്ല. പകരം സര്‍വ്വകാശാലകളും മറ്റും സ്വമേധയാ നടപ്പാക്കുന്ന 'affirmative action' (കറുത്തവര്‍ഗ്ഗക്കാര്‍ക്കും സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഇതര വിഭാഗങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുന്ന പദ്ധതി) സംവിധാനമാണുള്ളത്. അടിയുറച്ച സാമൂഹ്യ പ്രതിബദ്ധതയില്‍ നിന്നും ഉടലെടുക്കുന്ന പ്രക്രിയയാണിത്.
ഇങ്ങനെയൊരു സംവിധാനമാണോ സാമൂഹ്യ നിയന്ത്രണം എന്നതുകൊണ്ട് സിപിഎം ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ഇനി അഥവാ ഇത്തരമൊരു സംവിധാനത്തോട് കേരളത്തിലേക്ക് വരുന്ന സ്വകാര്യ നിക്ഷേപകര്‍ അനുകൂലമായി പ്രതികരിക്കുമോ എന്നതിലും ആര്‍ക്കും നിശ്ചയമില്ല. സാമൂഹ്യ നിയന്ത്രണമല്ല ഭരണഘടനപരമായ നിയന്ത്രണമാണ് വേണ്ടതെന്ന് പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ എം. കുഞ്ഞാമന്‍ ചൂണ്ടിക്കാട്ടുന്നത് ഈ പരിസരത്തിലാണ്. ''ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണ് സംവരണം. ഈ അവകാശം സംരക്ഷിക്കുന്നതിന് സാമൂഹ്യ നിയന്ത്രണം കൊണ്ടാവില്ല'', കുഞ്ഞാമന്‍ പറഞ്ഞു.
''ഇന്ത്യയ്ക്ക് ജീവിക്കുന്ന ഭരണഘടനയാണുള്ളത്. ഭരണകൂടത്തിനല്ല, ഭരണഘടനയ്ക്കാണ് പരമാധികാരം. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടം ബാദ്ധ്യസ്ഥമാണ്. ആ ഉത്തരവാദിത്വം ഭരണകൂടം നിറവേറ്റുന്നില്ലെങ്കില്‍ അതിനായി പൗരസമൂഹത്തിന് കോടതിയെ സമീപിക്കാം. സാമൂഹ്യ നിയന്ത്രണം നിറവേറ്റുന്നില്ലെങ്കില്‍ അതുംപറഞ്ഞ് കോടതിയില്‍ പോകാനാവില്ല. സാമൂഹ്യ നിയന്ത്രണം എന്നു പറയുന്നതിലൂടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് സിപിഎം ചെയ്യുന്നത്.''
ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞ സാമൂഹ്യ നിയന്ത്രണം ഒരിടത്തുമെത്തിയില്ലെന്നും സമ്പദ് വ്യവസ്ഥ ഒരു കൂട്ടം വ്യക്തികളുടെയും സംഘങ്ങളുടെയും കൈപ്പിടിയിലായെന്നും കുഞ്ഞാമന്‍ ചൂണ്ടിക്കാട്ടി. ''ഇവിടെ നിക്ഷേം നടത്തുന്നവര്‍ ഭരണഘടനയ്ക്കനുസൃതമായാണ് പ്രവര്‍ത്തിക്കേണ്ടത്. അതുറപ്പുവരുത്താനാണ് ഭരണകൂടം ശ്രദ്ധിക്കേണ്ടത്'', അദ്ദേഹം പറഞ്ഞു.
Content Highlights: Private investment in education: social control will be introduced to ensure reservation- Yechury
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..