
സീതാറാം യെച്ചൂരി/ പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി
കേരളത്തില്‍ സി.പി.എം. പിണറായി വിജയന്‍ എന്ന പരമോന്നത നേതാവിന്റെ പിടിയിലാണെന്ന ആരോപണം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി തള്ളിക്കളയുന്നു. പാര്‍ട്ടിയുടെ കാഴ്ചപ്പാട് സമൂലം മാറ്റിമറിക്കുന്നതെന്ന് കരുതപ്പെടുന്ന നവ കേരള വികസനരേഖ അവതരിപ്പിച്ചത് പിണറായി വിജയന്‍ എന്ന ഭരണാധികാരിയല്ലെന്നും പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറൊ അംഗമായ പിണറായി വിജയനാണെന്നും യെച്ചൂരി പറയുന്നു. സി.പി.എം. 23-ാം സംസ്ഥാന സമ്മേളനത്തിന് വെള്ളിയാഴ്ച കൊച്ചിയില്‍ പരിസമാപ്തിയാവുമ്പോള്‍ മാതൃഭൂമിക്ക് സിതാറാം യെച്ചൂരി നല്‍കിയ അഭിമുഖത്തില്‍ നിന്ന്
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം വരുമ്പോള്‍ സാമൂഹ്യ നീതി ഉറപ്പ് വരുത്താന്‍ സമൂഹ നിയന്ത്രണം (social control) കൊണ്ടുവരുമെന്ന് താങ്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമൂഹ നിയന്ത്രണം പരാജയപ്പെട്ടാല്‍ അതിനുള്ള പരിഹാരത്തിന് കോടതിയെ സമീപിക്കാനാവില്ല. അതുകൊണ്ട് തന്നെ സമൂഹ നിയന്ത്രണം അല്ല ഭരണഘടനപരമായ നിയന്ത്രണമാണ് (constitutional ) നിയന്ത്രണമാണ് വേണ്ടതെന്ന് സാമൂഹ്യ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
നിയമപരമായ പരിരക്ഷ കിട്ടണമെങ്കില്‍ അതിനായി നിയമം വേണം. സമൂഹ നിയന്ത്രണത്തിന്റെ ചുമതലയുള്ളവര്‍ ഇതിനാവശ്യമായ നിയമ നിര്‍മ്മാണത്തിനുള്ള ശുപാര്‍ശകള്‍ നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ നിയമങ്ങള്‍ ഭരണകൂടം കൊണ്ടുവരും. അതിലൂടെ സംവരണം ഉള്‍പ്പെടെയുള്ള സാമൂഹ്യ നീതി നിറവേറപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാവും. അതുപോലെ തന്നെ പാഠ്യപദ്ധതി, വിദ്യാര്‍ഥികളുടെ ഫീസ് , അദ്ധ്യാപകരുടെ ശമ്പളം എന്നിവയിലും നീതി ഉറപ്പ് വരുത്തും.
സ്വകാര്യ നിക്ഷേപകര്‍ വരുന്നത് ലാഭം ലക്ഷ്യമിട്ടാണെന്നും താങ്കളുടെയോ പിണറായി വിജയന്റെയോ പടം കണ്ടിട്ടല്ലെന്നും താങ്കള്‍ പറയുകയുണ്ടായി. വസ്തുത അതാണെന്നിരിക്കെ താങ്കള്‍ ഇപ്പോള്‍ മുന്നോട്ടുവെയ്ക്കുന്ന ഈ സമൂഹ നിയന്ത്രണം സ്വകാര്യ നിക്ഷേപകരെ പിന്നിലേക്ക് വലിക്കില്ലേ?
സാമൂഹ്യ നീതി അവഗണിക്കാനാവില്ലെന്ന് സ്വകാര്യ നിക്ഷേപകര്‍ തിരിച്ചറിയേണ്ടതായുണ്ട്. ഇന്നിപ്പോള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല സ്വകാര്യ സ്ഥാപനങ്ങളുടെയും നില പരിതാപകരമാണ്. വിദ്യാഭ്യാസം വെറും കച്ചവടമായാല്‍ സംഗതി നഷ്ടക്കച്ചവടമാവുമെന്ന് സ്വകാര്യ നിക്ഷേപകര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗങ്ങളെ ഉള്‍ക്കൊള്ളാതെ മുന്നോട്ടുപോകാനാവില്ലെന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന് സംശയമില്ല. അതിനുള്ള പരിസരമാണ് സമൂഹ നിയന്ത്രണത്തിലൂടെ ഒരുക്കുക.
ഈ 23-ാം സംസ്ഥാന സമ്മേളനത്തെ ചരിത്രപരം എന്ന് വിശേഷിപ്പിച്ചാല്‍ താങ്കള്‍ അംഗീകരിക്കുമോ? കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവ കേരള വികസന രേഖ സി.പി.എമ്മിന്റെ ഇതുവരെയുള്ള നയപരിപാടികളില്‍ നിന്നുള്ള വ്യതിചലനമല്ലേ?
ഈ വീക്ഷണത്തോട് യോജിക്കാനാവില്ല. കാരണം പാര്‍ട്ടി പരിപാടിക്കനുസൃതമായുള്ള വികസനരേഖയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള മൂര്‍ത്ത സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനമാണ് പിണറായിയുടെ രേഖയിലുള്ളത്. അതെങ്ങിനെയാണ് വ്യതിചലനമാവുക. കാലത്തിന്റെ ചുവരെഴുത്തുകള്‍ കൃത്യമായി വായിക്കുകയെന്നത് മാര്‍ക്സിയന്‍ രീതിശാസ്ത്രമാണ്.
നേരത്തെ തന്നെയുള്ള ഒരു വിമര്‍ശം കേരളത്തില്‍ സര്‍ക്കാരിനെ പാര്‍ട്ടിയല്ല മറിച്ച് പാര്‍ട്ടിയെ സര്‍ക്കാരാണ് നയിക്കുന്നതെന്നാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് ശേഷമുള്ള ഒരു സംഭവവികാസമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നവകേരള വികസനരേഖ ഈ ആരോപണം ശരിവെയ്ക്കുന്നില്ലേ? എന്തുകൊണ്ടാണ് ഇത്രയും പ്രാധാന്യമുള്ള ഒരു നയ രേഖ പാര്‍ട്ടിക്ക് പകരം മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്?
മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എമ്മിന്റെ പോളിറ്റ് ബ്യുറൊ അംഗമാണ്. പോളിറ്റ് ബ്യൂറൊ അംഗമെന്ന നിലയിലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. പോളിറ്റ് ബ്യൂറൊ പാര്‍ട്ടിയുടെ സമുന്നത നേതൃഘടകമാണ്. പാര്‍ട്ടി കോണ്‍ഗ്രസാണ്, സര്‍ക്കാരല്ല, ഈ നയരേഖയിന്മേല്‍ അന്തിമ തീരുമാനമെടുക്കുക. അതിനുശേഷം ഇത് ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്യും. അവിടെ നിന്നുള്ള അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത ശേഷമാണ് സര്‍ക്കാര്‍ ഇത് നടപ്പാക്കുക.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തില്‍ സി.പി.എം പ്രസിഡന്‍ഷ്യല്‍ മാതൃകയിലുള്ള തിരഞ്ഞെടുപ്പാക്കി മാറ്റിയെന്ന് ആക്ഷേപമുണ്ട്. എന്താണ് പറയാനുള്ളത്?
എങ്ങിനെയാണ് പ്രസിഡന്‍ഷ്യല്‍ മാതൃകയിലുള്ള തിരഞ്ഞെടുപ്പെന്ന് വിളിക്കുന്നത്? രണ്ട് പേര്‍ തമ്മില്‍ മുഖ്യമായും മത്സരിക്കുമ്പോഴാണ് അത്തരമൊരു അവസ്ഥ സംജാതമാവുന്നത്. കേരളത്തില്‍ അങ്ങിനെയാരു തിരഞ്ഞെടുപ്പുണ്ടായതായി ഞാന്‍ കാണുന്നില്ല.
സി.പി.എമ്മിന് ഒരൊറ്റ നേതാവേ ഉണ്ടായിരുന്നുള്ളു. ആ നേതാവിനെ മാത്രം ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്?
അത് ഞങ്ങളുടെ വീഴ്ചയല്ല. പ്രതിപക്ഷ നേതാവ് എവിടെയായിരുന്നു? നിങ്ങളിത് കോണ്‍ഗ്രസിനോടും യു.ഡി.എഫിനോടും ചോദിക്കണം. എന്തുകൊണ്ടാണ് ഒരു ബദല്‍ നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ അവര്‍ക്കാവാതെ പോയത്?
അപ്പോള്‍ കുറ്റം പ്രതിപക്ഷത്തിന്റേതാണെന്നാണോ പറഞ്ഞുവരുന്നത്?
ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയല്ല. ഒരു വസ്തുത ചൂണ്ടിക്കാട്ടിയതാണ്.
തിരഞ്ഞെടുപ്പിന് ശേഷം പുതിയ മന്ത്രിസഭയുണ്ടാക്കിയപ്പോഴും ഒരു നേതാവിന് മാത്രമേ ഇളവ് കൊടുത്തുള്ളൂ?
അതായിരുന്നു പാര്‍ട്ടിയുടെ നയപരിപാടിയും ധാരണയും.
അതുകൊണ്ടുതന്നെയാണ് കേരളത്തില്‍ സി.പി.എമ്മിന് ഒരു മുഖവും ഒരു ശബ്ദവുമേ ഉള്ളുവെന്ന് പറയേണ്ടിവരുന്നത്?
തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണമാണിത്. കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് ഇങ്ങനെയൊരു അജണ്ടയേ ഉള്ളു. വിവാദങ്ങള്‍ എങ്ങിനെയുണ്ടാക്കാം എന്നാണവര്‍ നോക്കുന്നത്. എന്തായാലും അതിന് എന്നെ കിട്ടില്ല.
അടുത്തിടെ സി.പി.എമ്മും കേരളവും കണ്ട ശക്തരായ രണ്ട് നേതാക്കളാണ് വി.എസ്സും പിണറായിയും. സംസ്ഥാനത്തെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി എന്ന വിശേഷമണാണ് വി.എസ്സിനുള്ളത്. പിന്നീട് പിണറായിയും കരുത്തുറ്റ നേതാവായി വളരുന്നത് കേരളം കണ്ടു. എന്നാല്‍ ഒരു പിണറായി അനന്തര കാലഘട്ടത്തില്‍ അങ്ങിനെ മുന്നോട്ടുവെയ്ക്കാന്‍ സി.പി.എമ്മിന് ഒരു നേതൃ മുഖമുണ്ടോ?
പി.കൃഷ്ണപിള്ളയ്ക്കും എ.കെ.ജിക്കും ഇ.എം.എസ്സിനും നായനാര്‍ക്കുമൊക്കെ ശേഷം ഇതേ ചോദ്യം പാര്‍ട്ടി നേരിട്ടിട്ടുണ്ട്. വി.എസ്സിന് ശേഷം ആരെന്നും ചോദ്യമുണ്ടായി. അപ്പോഴൊക്ക കൃത്യമായ ഉത്തരം കൊടുക്കാന്‍ പാര്‍ട്ടിക്കായിട്ടുണ്ട്. അതുകൊണ്ട് പിണറായി അനന്തരകാലം എന്ന ചോദ്യം ഞങ്ങളെ അലട്ടുന്ന ഒന്നല്ല.
ഭരണകൂടത്തിലേക്ക് പുതുമുഖങ്ങളെ കൊണ്ടുവന്നതുപോലെ പാര്‍ട്ടിയെ നയിക്കാനും പുതിയ മുഖങ്ങള്‍ വരുമെന്ന് തന്നെയാണ് താങ്കള്‍ സൂചിപ്പിക്കുന്നത്?
തീര്‍ച്ചയായും. സംസ്ഥാന നേതൃ നിരയിലേക്ക് പുതിയ മുഖങ്ങള്‍ വന്നു കഴിഞ്ഞു. അടുത്ത മാസം കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും സമാനമായ മാറ്റങ്ങള്‍ ഉണ്ടാവും. ജീവിക്കുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേത്. ചലനാത്മകതയും മാറ്റവുമാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ മുഖ മുദ്ര. ദളിത്, വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ഒരു നേതൃഘടനയ്ക്കാണ് പാര്‍ട്ടി രൂപം നല്‍കുക. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെയും പങ്കാളിത്തവും സാന്നിദ്ധ്യവും പാര്‍ട്ടിയുടെ നേതൃനിരയിലുണ്ടാവും.
വിയോജിപ്പുകള്‍ ജനാധിപത്യ വ്യവസ്ഥയുടെ ആത്മാവാണ്. എന്നിട്ടും എന്തുകൊണ്ടാണ് സി.പി.എം. ഇത്തരം വിയോജിപ്പുകളെ വിഭാഗീയത എന്ന് മുദ്ര കുത്തുന്നത്?
ഞങ്ങള്‍ അങ്ങിനെ മുദ്ര കുത്താറില്ല.
1985-ല്‍ 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ കൊച്ചിയില്‍ എം.വി.രാഘവന്‍ ബദല്‍രേഖ അവതരിപ്പിച്ചപ്പോള്‍ വിഭാഗീയത എന്ന് മുദ്ര കുത്തിയല്ലേ അദ്ദേഹത്തെ പുറത്താക്കിയത്?
രാഘവന്റെ ബദല്‍ രേഖയെ ഞങ്ങള്‍ വിഭാഗീയത എന്ന് വിളിച്ചിട്ടില്ല. പാര്‍ട്ടി ആ രേഖ തള്ളിക്കളഞ്ഞിട്ടും അതുമായി അദ്ദേഹം മുന്നോട്ടുപോയതിനെയാണ് ഞങ്ങള്‍ വിഭാഗീയത എന്ന് വിളിച്ചത്.
വി.എസ്. ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. അദ്ദേഹം താങ്കളുടെ വലിയൊരു പ്രചോദനമാണെന്നറിയാം. വി.എസ്സിന്റെ ഏതൊക്കെ ഗുണ വിശേഷങ്ങളാണ് താങ്കളെ ആകര്‍ഷിക്കുന്നത്?
എനിക്ക് മാത്രമല്ല പാര്‍ട്ടിക്കൊന്നാകെ വി.എസ്. പ്രചോദനമാണ്. പാര്‍ട്ടി ആദര്‍ശത്തോടുള്ള പ്രതിബദ്ധതയാണ് മുഖ്യം. അദ്ദേഹം കടന്നുവന്ന വഴികള്‍ നോക്കുക. ജീവിതം അദ്ദേഹത്തിന് നിരന്തര പോരാട്ടമായിരുന്നു. വളരെ എളിയ നിലയില്‍ നിന്നാണ് വി.എസ്. കേരളത്തിലെ ജനകീയ നേതാവും മുഖ്യമന്ത്രിയുമായി വളര്‍ന്നത്. തന്റെ നിലപാട് എവിടെയും എപ്പോഴും പറയുന്നതിനുള്ള വി.എസ്സിന്റെ ചങ്കൂറ്റം എടുത്തുപറയണം. ഒരു ശത്രുവിനും അദ്ദേഹത്തെ കീഴ്പ്പെടുത്താനായിട്ടില്ല. അതേ സമയം തന്നെ പാര്‍ട്ടിയുടെ പൊതുനയങ്ങള്‍ അനുസരിക്കുന്നതിനും വി.എസ് മടികാണിച്ചിട്ടില്ല.
ആരോഗ്യ കാരണങ്ങളാലാണെങ്കിലും വി.എസ്സിന്റെ അഭാവം വലിയൊരു വിടവ് സൃഷ്ടിച്ചിട്ടില്ലേ? ഈ വിടവ് പാര്‍ട്ടി എങ്ങിനെയാണ് നികത്തുക?
വിടവുണ്ടെന്നത് നേരാണ്. എല്ലാ വലിയ നേതാക്കളുടെ കാര്യത്തിലും ഇതുണ്ട്. പക്ഷേ, ആ വിടവ് നികത്താന്‍ പാര്‍ട്ടിക്കാവുമെന്ന പ്രതീക്ഷയാണുള്ളത്. കാലക്രമേണ, പതുക്കെ, ആ വിടവും നികത്തപ്പെടും. അതേസമയം അവരുടെ സ്വാധീനം പാര്‍ട്ടിക്ക് മേല്‍ തുടര്‍ന്നുമുണ്ടാവും. എ.കെ.ജിയും ഇ.എം.എസും നിലനില്‍ക്കുന്നതുപോലെ വി.എസ്സും നിലനില്‍ക്കും.
പക്ഷേ, ഈ സംസ്ഥാന സമ്മേളനത്തില്‍ പോലും വി.എസ്സ് ഓര്‍ക്കപ്പെടുന്നില്ല എന്നതല്ലേ വാസ്തവം?
ഒരിക്കലുമല്ല. ഇവിടെയും വി.എസ്സുണ്ട്. നിങ്ങള്‍ അത് കാണാതെ പോവുന്നതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..