പി. ശശി | ഫോട്ടോ മാതൃഭൂമി
കൊച്ചി: മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിയെ വീണ്ടും സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. പെരുമാറ്റദൂഷ്യ ആരോപണത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട പി. ശശി 11 വർഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശേഷമാണ് ഇപ്പോള്‍ തിരിച്ചുവരുന്നത്. പി. ശശിക്കെതിരേ ഉണ്ടായിരുന്ന സ്വകാര്യ അന്യായം കോടതി തള്ളിയ സാഹചര്യത്തില്‍ അദ്ദേഹത്തെ 2018-ല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തിരുന്നു.
സി.പി.എം. ജില്ലാ സെക്രട്ടറിയായിരിക്കെ 2011-ല്‍ ആണ് ശശിക്കെതിരേ ആരോപണമുയര്‍ന്നതും നടപടി ആരംഭിച്ചതും. പിന്നീട് അംഗത്വത്തില്‍നിന്നുതന്നെ പുറത്തായി. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ ശക്തനായ നേതാവായിരിക്കെയാണ് പി. ശശി നടപടി നേരിട്ട് പുറത്ത് പോയത്.
തുടര്‍ന്ന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു പി. ശശി. കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് 2019 മാര്‍ച്ചില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തി. പി. ശശി പുറത്തായതിനെ തുടര്‍ന്നാണ് പി ജയരാജന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായത്. നിലവില്‍ എം.വി ജയരാജനാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി.
കോടതി കുറ്റവിമുക്തനാക്കിയതോടെ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം അദ്ദേഹം അറിയിക്കുകയായിരുന്നു. 2018 ജൂലൈയില്‍ അദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റിയിലും പിന്നീട് ഏരിയാ കമ്മിറ്റിയിലും ഉള്‍പ്പെടുത്തി. പിന്നീട് സിപിഎം അഭിഭാഷക സംഘടനയുടെ ജില്ലാ പ്രസിഡന്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പി. ശശി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: P sasi back in CPM state committee
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..