വിവര്‍ത്തനത്തില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട് പി. രാജീവ്


കെ.എ. ജോണി

പി. രാജീവ് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനം ചൊവ്വാഴ്ച ഉദ്ഘാടന പ്രസംഗം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആദ്യം നന്ദി പറഞ്ഞത് സംസ്ഥാന വ്യവസായ മന്ത്രിയും സംസ്ഥാന സമ്മേളന സംഘാടക സമിതി അദ്ധ്യക്ഷനുമായ പി. രാജീവിനോടാണ്. ''വളരെയധികം ക്ഷമയോടെ, അത്യധികം ഭംഗിയായി എന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയതിന് ഞാന്‍ സഖാവ് രാജീവിന് നന്ദി പറയുന്നു.'' രാജ്യസഭയില്‍ ഒരു ടേമില്‍ (2009-2015) തങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നെന്നും തന്റെ പ്രസംഗങ്ങള്‍ രാജീവിന് ചിരപരിചിതമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. പരിഭാഷ പലപ്പോഴും അബദ്ധമാവുകയും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് വിളനിലമാവുകയും ചെയ്യുന്ന ഒരു കാലത്ത് രാജീവ് എന്ന പരിഭാഷകന്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.

യെച്ചൂരിയുടെ പ്രസംഗം തത്സമയം പരിഭാഷപ്പെടുത്തുക അത്രകണ്ട് എളുപ്പമുള്ള പണിയല്ല. മാര്‍ക്സിസ്റ്റ് പദാവാലികള്‍ യഥേഷ്ടം പ്രയോഗിച്ചുകൊണ്ടാണ് യെച്ചൂരി പ്രസംഗിക്കുക. രണ്ടും മൂന്നും മിനിറ്റുകള്‍ തുടര്‍ച്ചയായി പറഞ്ഞ ശേഷമാണ് യെച്ചൂരി പരിഭാഷയ്ക്കുള്ള ഇടവേളയിലേക്ക് കടക്കുക. യെച്ചൂരിയുടെ വാക്കുകള്‍ മിക്കവാറും അതേപടി മൊഴി മാറ്റാനാനാവുന്നുണ്ടെന്നതാണ് രാജീവിന്റെ പരിഭാഷയെ അടയാളപ്പെടുത്തുന്ന ഒരു പ്രധാന ഘടകം. ചൊവ്വാഴ്ച ഉദ്ഘാടന പ്രസംഗത്തില്‍ യുക്രൈനെതിരെയുള്ള റഷ്യന്‍ യുദ്ധം പരാമര്‍ശിക്കവെ റഷ്യന്‍ ഷോവനിസം (Russian chauvinsim) എന്ന പദപ്രയോഗം യെച്ചൂരി നടത്തിയിരുന്നു. 'റഷ്യയുടെ സങ്കുചിത ദേശീയവാദം' എന്ന് വളരെ കൃത്യമായി രാജീവ് ഇത് പരിഭാഷപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. അതുപോലെ തന്നെയാണ് ക്രോണി ക്യാപിറ്റലിസം ( crony capitalism) 'ദല്ലാള്‍ മുതലാളിത്തം' എന്ന് രാജീവ് മൊഴി മാറ്റിയത്.

ഉദ്ഘാടനം കഴിഞ്ഞ് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ രാജിവ് പറഞ്ഞത്, ചില ഇംഗ്ലീഷ് വാക്കുകളുടെ മലയാളം അന്നേരത്ത് മനസ്സിലേക്ക് ഓടിയെത്തുന്നതാണെന്നും എന്നാല്‍ ചില വാക്കുകള്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഉരുത്തിരിയുന്നതാണെന്നുമാണ്. മൈക്രോസ്കോപിക് ന്യൂനപക്ഷം എന്ന് സിപിഎം പോളിറ്റ് ബ്യൂറൊ അംഗം പ്രകാശ് കാരാട്ട് ഒരിക്കല്‍ പറഞ്ഞപ്പോള്‍ പെട്ടെന്ന് തന്നെ 'സൂക്ഷ്മ ന്യൂനപക്ഷം' എന്ന് പറയാനായി എന്ന് രാജീവ് ഓര്‍ക്കുന്നു. അതേസമയം, ക്രോണി ക്യാപിറ്റലിസം ആദ്യമൊക്ക ചങ്ങാത്ത മുതലാളിത്തം എന്നാണ് മൊഴി മാറ്റിയിരുന്നത്. എന്നാല്‍ ഇത് അര്‍ത്ഥം കൃത്യമായി സംവേദനം ചെയ്യുന്നില്ലെന്ന തിരിച്ചറിവിലാണ് ദേശാഭിമാനിയിലെ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ 'ദല്ലാള്‍ മുതലാളിത്തം' എന്നാക്കാമെന്ന് തീരുമാനിച്ചതെന്ന് രാജീവ് പറയുന്നു. ചങ്ങാത്ത മുതലാളിത്തം എന്ന് പറയുമ്പോള്‍ അതില്‍ ക്രോണി ക്യിപിറ്റലിസത്തിന്റെ നിഷേധാത്മക സ്വഭാവം കടന്നു വരുന്നില്ലെന്നും എന്നാല്‍ ദല്ലാള്‍ മുതലാളിത്തത്തില്‍ അത് പ്രതിഫലിക്കുന്നുണ്ടെന്നും രാജീവ് ചൂണ്ടിക്കാണിക്കുന്നു.

പരിഭാഷയില്‍ ഇത് രാജീവ് കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. 1990 കളില്‍ എസ്എഫ്ഐ അഖിലേന്ത്യ നേതാക്കളുടെ പ്രസംഗങ്ങള്‍ മൊഴിമാറ്റിയായിരുന്നു തുടക്കം. 2002-ല്‍ തിരുവനന്തപുരത്ത് അന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെ പ്രസംഗം മൊഴിമാറ്റിയത് വഴിത്തിരിവായി. എകെജിയുടെ പേരിലുള്ള പുതിയ ഹാള്‍ ഉദ്ഘാടനമായിരുന്നു വേദി. ഉദ്ഘാടനപ്രസംഗം സിപിഎം നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന കെ.മോഹനന്‍ പരിഭാഷപ്പെടുത്തി. എന്നാല്‍ പാര്‍ട്ടി റിപ്പോര്‍ട്ടിനെക്കുറിച്ച് സുര്‍ജിത് പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മോഹനന്‍ സ്ഥലത്തുണ്ടായിരുന്നില്ല. അന്ന് സമ്മേളനത്തിന്റെ അദ്ധ്യക്ഷനായിരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് അപ്പോള്‍ രാജീവിനോട് മൊഴി മാറ്റാന്‍ പറഞ്ഞത്. പിന്നീടങ്ങോട്ട് കേരളത്തിലെത്തുന്ന അഖിലേന്ത്യ നേതാക്കളുടെ ഏറ്റവും പ്രിയപ്പെട്ട പരിഭാഷകനായി രാജീവ് വളരുകയും പരിണമിക്കുകയും ചെയ്തു.

സുര്‍ജിത് പലപ്പോഴും 20, 25 മിനിറ്റുകള്‍ക്ക് ശേഷമാണ് പരിഭാഷകന് അവസരം കൊടുക്കുകയെന്ന് രാജീവ് ഓര്‍ക്കുന്നു. സുര്‍ജിത്തിന്റെ പ്രസംഗങ്ങളുടെ പരിഭാഷയായിരുന്നു മൊഴിമാറ്റത്തില്‍ രാജീവിന്റെ വലിയൊരു കളരി. പ്രസംഗകന്‍ പ്രസംഗിച്ചു പോകുമ്പോള്‍ കൈയ്യിലുള്ള ചെറിയ നോട്ട്പാഡില്‍ രാജീവ് അതിവേഗം പകര്‍ത്തുന്നത് കാണാം. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ രാജീവ് പറഞ്ഞത്, പ്രസംഗകന്റെ ഇംഗ്ലിഷ് വാക്കുകള്‍ നേരെ മലയാളത്തിലേക്കാണ് താന്‍ പകര്‍ത്തുന്നതെന്നാണ്. ചുരുക്കെഴുത്തായ ഷോര്‍ട്ട് ഹാന്‍ഡ് രാജീവ് പഠിച്ചിട്ടില്ല. പ്രസംഗം സാകൂതം കേള്‍ക്കുകയും അപ്പോള്‍തന്നെ അതിന്റെ മലയാളം കഴിയുന്നത്ര പകര്‍ത്തുകയും ചെയ്യാനാവുന്നതാണ് തന്റെ പരിഭാഷയുടെ വിജയമെന്ന് രാജീവ് കരുതുന്നു.

ബംഗാളില്‍ നിന്നുള്ള സഖാക്കളുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തല്‍ പലപ്പോഴും വെല്ലുവിളിയാവാറുണ്ടെന്ന് രാജീവ് ചൂണ്ടിക്കാട്ടുന്നു. തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് ബംഗാളികള്‍ ഇംഗ്ലീഷ് വാക്കുകള്‍ ഉച്ചരിക്കുന്നതെന്നതാണ് പ്രശ്നം. വേദിയിലെത്തുന്നതിന് മുമ്പ് യെച്ചൂരി പ്രസംഗത്തിന്റെ കോപ്പി തന്നിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അങ്ങിനെയാരു പരിപാടിയേ ഇല്ലെന്ന് രാജീവ് മറുപടി പറഞ്ഞു. യെച്ചൂരിയെപ്പോലുള്ളവര്‍ പലപ്പോഴും എഴുതിത്തയ്യാറാക്കിയ പ്രസംഗമല്ല നടത്താറുള്ളത്. എന്നാല്‍ രാജ്യസഭയില്‍ യെച്ചൂരിക്കൊപ്പം ഉണ്ടായിരുന്നതുകൊണ്ട് യെച്ചൂരിയുടെ പ്രസംഗ ശൈലി ചിരപരിചിതമാണെന്നും പരിഭാഷയില്‍ അതൊരു സഹായഘടകമാണെന്നും രാജിവ് പറഞ്ഞു. സംസ്ഥാന വ്യവസായ മന്ത്രിയും സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി അദ്ധ്യക്ഷനുമാണെന്നതിനാല്‍ ഇത്തവണ സംസ്ഥാന സമ്മേളനത്തില്‍ പുറത്തുവിട്ട വിവര്‍ത്തകരുടെ ഔദ്യോഗിക പട്ടികയില്‍ രാജീവ് ഇല്ല. സി.പി.നാരാണന്‍, കെ.എന്‍.ഗണേഷ്, ശിവദാസന്‍, മുസ്തഫ, എ.സമ്പത്ത്, ചിന്ത ജെറോം, സുകന്യ, കെ.കെ.രാഗേഷ് എന്നിവരാണ് ഈ പട്ടികയിലുള്ളവര്‍.

Content Highlights: P. Rajeev completed 25 years in translating speeches

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Ever Given Ever Green

1 min

അന്ന് 'എവർഗിവൺ' സൂയസില്‍ കുടുങ്ങി; ഇന്ന് ജീവനക്കാര്‍ക്ക് 5 കൊല്ലത്തെ ശമ്പളം ബോണസായി നല്‍കി കമ്പനി

Mar 22, 2023


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023

Most Commented