കോടിയേരി ബാലകൃഷ്ണൻ | ഫോട്ടോ:അഖിൽ ഇഎസ്/മാതൃഭൂമി
കൊച്ചി: പി. ശശിയെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ സന്ദേശമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശശിക്കെതിരേ പാര്‍ട്ടി നടപടിയെടുത്തത് സ്ത്രീപീഡന പരാതിയിലല്ല. സംഘടനാതത്വം ലംഘിച്ചതിനായിരുന്നു. തെറ്റുകള്‍ തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുമെന്നും ശശിയെ സംസ്ഥാന സമിതിയില്‍ എടുത്തത് ശരിയായ തീരുമാനമാണെന്നും കോടിയേരി പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം തവണയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് തീരുമാനിക്കുന്നത്. എല്ലാവരേയും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും പി. ജയരാജനെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചുള്ള ചോദ്യത്തോട് കോടിയേരി പ്രതികരിച്ചു.
75 വയസുള്ള എല്ലാവരേയും സംസ്ഥാന സമിതികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജെയിംസ് മാത്യുവിനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ്. ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി. സുധാകരനും കത്ത് നല്‍കിയിരുന്നു. സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ജില്ല കേന്ദ്രീകരിച്ച് സുധാകരന്‍ പ്രവര്‍ത്തിക്കുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമിതികളില്‍ നിന്ന് ഒഴിവാക്കിയവര്‍ക്കെല്ലാം പകരം ചുമതല നല്‍കുമെന്നും കോടിയേരി വിശദീകരിച്ചു.
പാര്‍ട്ടി ഭരണഘടനപ്രകാരം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാത്തവരേയും സംസ്ഥാന സമിതിയില്‍ എടുക്കാം. അംഗങ്ങളുടെ ആനുപാതിക പ്രാതിനിധ്യം നേക്കിയല്ല വനിതാ നേതാക്കളെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തുന്നതെന്നും കോടിയേരി വ്യക്തമാക്കി. പാര്‍ട്ടി നയരേഖ ആറുമാസത്തിനകം ചര്‍ച്ചചെയ്ത് അംഗീകരിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ നയരേഖ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും കോടിയേരി പറഞ്ഞു.
സെക്രട്ടറിയടക്കം 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയാണ് സിപിഎം സംസ്ഥാന സമിതി തിരഞ്ഞെടുത്തിരിക്കുന്നത്. പുതുതായി എട്ട് പേരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 89 അംഗ സംസ്ഥാന സമിതിയില്‍ 16 പേര്‍ പുതുമുഖങ്ങളാണ്.
Content Highlights: including P Sasi in state committee is the right decision says Kodiyeri
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..