ചെങ്കൊടി പാറി... സി. പി. എം. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളം മറൈൻ ഡ്രൈവ് മൈതാനിക്കു മുന്നിലെ കാഴ്ച | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
കൊച്ചി: ഹിന്ദുത്വയ്ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന് പറയുമ്പോഴും ഇതില്‍ രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കോണ്‍സ്രിന്റെ പങ്കെന്താണെന്ന കാര്യത്തില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പം പുകയുന്നു. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ അടവ് നയമാവാമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശമാണ് കഴിഞ്ഞ തവണ ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചത്. ഈ നയത്തിന്റെ പുറത്താണ് ബംഗാള്‍ ഉള്‍പ്പെടെുയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സിപിഎം കൈകോര്‍ത്തതും.
എന്നാല്‍, അടുത്തിടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗികരിച്ചതും അടുത്ത മാസം കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അന്തിമ ചര്‍ച്ചയ്ക്ക് വരുന്നതുമായ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത് കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു ക്ഷീണിത (weakened) പാര്‍ട്ടിയാണെന്നും ബിജെപിയും ആര്‍എസ്എസ്സും ഉയര്‍ത്തുന്ന ഹിന്ദുത്വയ്ക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനാവില്ലെന്നുമാണ്. അതുകൊണ്ടുതന്നെ ഓരോ സംസ്ഥാനത്തെയും സാഹചര്യം കണക്കിലെടുത്ത ശേഷമായിരിക്കും കോണ്‍ഗ്രസുള്‍പ്പെടെയുള്ള കക്ഷികളുമായി പാര്‍ട്ടി സഖ്യമുണ്ടാക്കുകയെന്നും കരട് രാഷ്ട്രീയ പ്രമേയം പറയുന്നു.
കോണ്‍ഗ്രസ് ക്ഷീണിത പാര്‍ട്ടിയാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ വ്യാഴാഴ്ച കൊച്ചിയില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളന വേദിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ യെച്ചൂരി പ്രധാനമന്ത്രി മോദിയെ ഉദ്ധരിച്ചുകൊണ്ട്, ഇന്ത്യയില്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രമേ ഇടതുപക്ഷം ഉള്ളൂവെന്ന് ചൂണ്ടിക്കാട്ടി. കേരളത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്ന ഇടതുപക്ഷത്തിന് ഇന്ത്യയിലെമ്പാടും സാന്നിദ്ധ്യമുള്ള കോണ്‍ഗ്രസിനെ ഒഴിവാക്കി ഹിന്ദുത്വയ്ക്കെതിരെയുള്ള പോരാട്ടം എങ്ങിനെ മുന്നോട്ടുകൊണ്ടുപോകാനാവും എന്ന ചോദ്യത്തിന് യെച്ചൂരി പക്ഷേ, വ്യക്തമായ മറുപടി പറഞ്ഞില്ല.
പാര്‍ട്ടിയുടെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടെന്ന് പറഞ്ഞ യെച്ചൂരി പത്രപ്രവര്‍ത്തകര്‍ക്കായി ആ ഭാഗം വായിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കാതെ എങ്ങിനെയാണ് ആര്‍എസ്എസ്സിനെയും ബിജെപിയേയും നേരിടുകയെന്ന ചോദ്യത്തിന് യെച്ചൂരിക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സുമായുള്ള രാഷ്ട്രീയ സഖ്യത്തിന്റെ കാര്യത്തില്‍ സിപിഎമ്മിന്റെ കേരളഘടകത്തിന് പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ഹിന്ദുത്വ കൂടുതല്‍ കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കെ കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന നയത്തോട് പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നതും കാതലായ ചോദ്യമാണ്. അടുത്ത മാസം കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുന്നതോടെയാണ് കരട് രാഷ്ട്രീയ പ്രമേയം സിപിഎമ്മിന്റെ ഔദ്യോഗിക രേഖയാവുക.
വി.എസ് ഇപ്പോഴും പ്രചോദനമെന്ന് യെച്ചൂരി
കൊച്ചി: മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ സമുന്നത നേതാക്കളില്‍ ഒരാളുമായ വി എസ് അച്ച്യുതാനന്ദന്‍ ഇപ്പോഴും തന്റെ പ്രചോദനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. വ്യാഴാഴ്ച കൊച്ചിയില്‍ സിപിഎം സംസ്ഥാന വേദിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് യെച്ചൂരി വിഎസ്സിനെ സ്നേഹപൂര്‍വ്വം ഓര്‍ത്തത്. ശാരീരിക അസ്വാസ്ഥ്യമുള്ളതിനാല്‍ വിഎസ് ഈ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. വിഎസ് തനിക്ക് എക്കാലത്തും പ്രചോദന കേന്ദ്രമായിരുന്നെന്നും ഇനിയും അങ്ങിനെ തന്നെ തുടരുമെന്നും യെച്ചൂരി വ്യക്തമാക്കി.
.jpg?$p=cc1f289&&q=0.8)
വിഎസ് ഇവിടെയും ഉണ്ടാകണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ ശാരീരിക പ്രശ്നങ്ങള്‍ ആരുടെയും നിയന്ത്രണത്തിലല്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. വിഎസ്സിന്റെ അഭാവം അനുഭവപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. തിരുവനന്തപുരത്തെത്തി വിഎസ്സിനെ നേരിട്ട് കാണാന്‍ ശ്രമിക്കുമെന്നും ഇത്തവണ അതിന് കഴിഞ്ഞില്ലെങ്കില്‍ ഇടനെ തന്നെ അവസരമുണ്ടാക്കി അദ്ദേഹത്തെ സന്ദര്‍ശിക്കുമെന്നും യെച്ചൂരി പറഞ്ഞു.
ഇത്തവണ സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിഎസ്സിന്റെ ഒരു ചിത്രം പോലും പാര്‍ട്ടി ഉയര്‍ത്താത്തത് പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. വിഎസ്സിനെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യാനുള്ള ശ്രമമാണോ ഇതെന്ന ചോദ്യമാണ് ഉയരുന്നത്.
2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വിഎസ്സാണ് മുന്നില്‍ നിന്ന് പാര്‍ട്ടിയെ നയിച്ചതെങ്കിലും മുഖ്യമന്ത്രി സ്ഥാനം പാര്‍ട്ടി പിണറായി വിജയന് കൈമാറുകയായിരുന്നു. വിഎസ് സിപിഎമ്മിന്റെ ഫിദല്‍ കാസ്ട്രൊയാണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അന്ന് സിതാറാം യെച്ചൂരി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജനെയാണ് പാര്‍ട്ടി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് പ്രഖ്യാപനം നടത്തിയത്.
Content Highlights: CPM state conference 2022, Kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..