ചെങ്കൊടി പാറി... സി. പി. എം. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളം മറൈൻ ഡ്രൈവ് മൈതാനിക്കു മുന്നിലെ കാഴ്ച | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
കൊച്ചി: പ്രാദേശികതലത്തിൽ എല്ലാമേഖലയിലും സ്വാധീനം ഉറപ്പിക്കാൻ കഴിയുന്നവിധത്തിൽ പാർട്ടിയംഗങ്ങളുടെ പ്രവർത്തനരീതി മാറ്റണമെന്ന് സി.പി.എം. പ്രവർത്തന റിപ്പോർട്ട്. റസിഡൻറ്‌സ് അസോസിയേഷൻ, ക്ലബ്ബുകൾ, ക്ഷേത്രോത്സവങ്ങൾ ഉൾപ്പെടെയുള്ള നാട്ടുകൂട്ടായ്മകൾ തുടങ്ങിയവയിലെല്ലാം പാർട്ടിയംഗങ്ങൾ സജീവമായി ഇപെടണമെന്നാണ് നിർദേശിക്കുന്നത്.
ഭരണം തുർച്ചയായി ഉറപ്പാക്കുന്നതിന് സി.പി.എമ്മിനോട് ചേർന്നുനിൽക്കാത്തവരെയും ഇടതുപക്ഷത്ത് നിർത്തുകയെന്നതാകണം പ്രവർത്തകരുടെ സമീപനം.
സ്വയംവിമർശനം മൂന്ന്
1, വിപുലീകരിക്കാത്ത അടിത്തറ:പാർട്ടിശത്രുക്കൾ നടത്തിയ നീക്കങ്ങളെ പരാജയപ്പെടുത്തി ഭരണത്തുടർച്ച ഉറപ്പാക്കിയപ്പോഴും പാർട്ടിയുടെ ബഹുജനാടിത്തറ വിപുലീകരിക്കാനായിട്ടില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന ആത്മപരിശോധന ഓരോ സഖാവും നടത്തണം. എല്ലാവർക്കും സ്വീകാര്യമാകുന്ന പ്രവർത്തനരീതിയുണ്ടാവുന്നില്ല. ജനങ്ങളെ സദാ കേൾക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഒപ്പമുണ്ടെന്ന് ഓർമപ്പെടുത്തിക്കൊണ്ടിരിക്കണം
2, അണികളിൽ ചോർച്ച :
പാർട്ടിക്കൊപ്പം നിന്ന അണികളിൽ ചിലർ ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും സ്വാധീനത്തിൽപ്പെട്ട് ചോർന്നുപോയിട്ടുണ്ട്. കടുത്ത വർഗീയതയാണ് അവരുടെ പ്രവർത്തനത്തിന് അടിസ്ഥാനമാക്കുന്നത്. വലിയ കോലാഹലങ്ങളൊന്നുമില്ലാത്ത ഒരു പ്രചാരണരീതിയാണ് ആർ.എസ്.എസ്. സ്വീകരിക്കുന്നത്. അവശതയനുഭവിക്കുന്ന ഹിന്ദു കുടുംബങ്ങളെ പ്രത്യേകമായി തിരഞ്ഞെടുത്ത് ആവശ്യമായ സഹായം ചെയ്യുന്നു. ഇത് തിരിച്ചറിയണം. നമ്മോടൊപ്പം ഉണ്ടായിരുന്ന കുടുംബങ്ങളിൽ ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി എന്തെങ്കിലും രാഷ്ട്രീയവ്യതിയാനം സംഭവിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തണം.
3, മാറേണ്ട മനോഭാവം:
സ്ഥിരം ശത്രുക്കളെ പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന രീതി മാറേണ്ട ഘട്ടമായി. ന്യൂനപക്ഷങ്ങൾക്ക് പാർട്ടിയോടുള്ള സമീപനത്തിൽ മാറ്റം വന്നു. പക്ഷേ, ചില പാർട്ടിസഖാക്കൾക്ക് ന്യൂനപക്ഷ വിഭാഗത്തോടുള്ള സമീപനത്തിൽ മാറ്റമുണ്ടായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല വിജയമുണ്ടായതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളിലെ മാറ്റം ബോധ്യപ്പെട്ടതാണ്. പ്രാദേശികമായി അവരുമായി തുടർച്ചയായി ബന്ധമുണ്ടാക്കുക. വർഗ-ബഹുജന സംഘടനാ രംഗത്ത് ഉൾക്കൊള്ളിക്കാൻ പറ്റുന്നവരെ കൂടെ നിർത്തുക. പാർട്ടിയംഗത്വത്തിലേക്ക് ഉയർത്താനാകുന്നവരെ അങ്ങനെ കൊണ്ടുവരിക.
തിരുത്തലുകൾ മൂന്ന്
1, ഇടപെടൽ രീതി :ഒരുനാട്ടിലുണ്ടാകുന്ന എല്ലാ ജനകീയ പ്രശ്നങ്ങളിലും ഇടപെടുന്ന രീതി പാർട്ടിസഖാക്കൾക്കും ഘടകങ്ങൾക്കും ഉണ്ടാകണം. ആദിവാസി വിഭാഗങ്ങൾ, പട്ടികവിഭാഗ കോളനികൾ, നിർധനർ എന്നിവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകമായി പ്രവർത്തിക്കണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സംഭവങ്ങളിൽ സമൂഹത്തിന്റെ മനോഭാവം മാറ്റുന്നതിന് വേണ്ടിയുള്ള സ്ത്രീപക്ഷ ഇടപെടലുകൾ ശക്തിപ്പെടുത്തണം. സാംസ്കാരികമേഖലയിൽ നല്ലരീതിയിൽ ഇടപെട്ട് പുരോഗമന പൊതുബോധം സൃഷ്ടിക്കാൻ മുൻകൈയെടുക്കണം.
2, സഖാവ് എന്ന സഹായി:
പാർട്ടിക്കാരല്ലെങ്കിൽ പരിഗണനയും വേണ്ട എന്ന രീതി വെടിയണം. ആർക്കും എന്തിനും വിളിക്കാവുന്നവരായി പാർട്ടിയംഗങ്ങൾ മാറണം. അതിന് വീടുകളുമായി നിരന്തര ബന്ധമുണ്ടാകണം. പ്രായമായവരും സർവീസിൽനിന്ന് വിരമിച്ചവരും താമസിക്കുന്ന സ്ഥലങ്ങളിൽ സന്ദർശിക്കുന്ന രീതിയൊന്നും ഇപ്പോൾ പലയിടത്തുമില്ല. അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് സഹായികളാകണം.
3, സ്വയം നവീകരണം:
പാർട്ടിക്കാര്യത്തിൽ ബലം പിടിക്കുകയല്ല, പാർട്ടി മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകൾ വർഗ ബഹുജന സംഘടനകളിൽ എത്തിക്കുന്നതിനാണ് പാർട്ടിയംഗങ്ങൾ പരിശ്രമിക്കേണ്ടത്. പലവിധ കൂട്ടായ്മകൾ നാട്ടിലുണ്ടാകും. അവരുടെയെല്ലാം ആവശ്യങ്ങൾ പാർട്ടിയും അറിയണം. ഓരോ മേഖലയിലും പാർട്ടി സ്വീകരിക്കുന്ന നയം ബന്ധപ്പെട്ട സംഘടനകളുടെ ഫ്രാക്ഷനുകളിൽ റിപ്പോർട്ട് ചെയ്യാനും അത് സംഘടനയുടെ പൊതുതാത്പര്യമാക്കി മാറ്റാനും ചുമതലപ്പെട്ടവർ ശ്രദ്ധിക്കണം.
Content Highlights: cpm state conference 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..