cpm
കൊച്ചി: പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ചര്‍ച്ച ഒറ്റദിവസംകൊണ്ട് പൂര്‍ത്തിയാവുന്ന വിധത്തിലാണ് സി.പി.എം. സംസ്ഥാന സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് നവകേരള സൃഷ്ടിക്കായുള്ള നയരേഖ അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഊന്നല്‍ നവകേരള സൃഷ്ടിക്കായിരിക്കും.
തുടര്‍ഭരണം എന്നതാണ് ചര്‍ച്ചയുടെ കാതല്‍. പശ്ചിമബംഗാളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ കേരളശൈലി ഉണ്ടാക്കാന്കൂടി ലക്ഷ്യമിട്ടാവും ഇത്. പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച സാധാരണ രണ്ടുദിവസങ്ങളിലായി നടക്കാറുണ്ട്. ഇക്കുറി രണ്ടാംദിവസം ചര്‍ച്ച പൂര്‍ണമായും നവകേരളരേഖയെ അടിസ്ഥാനമാക്കിയുള്ളതാണ്. 25 വര്‍ഷം മുന്നില്‍ക്കണ്ടുള്ള വികസനരേഖയായിരിക്കും മുഖ്യമന്ത്രി അവതരിപ്പിക്കുക.
രേഖ പാര്‍ട്ടിയുടെ അടിസ്ഥാന നയങ്ങളുമായി ചേര്ന്നുപോകുന്നെന്ന് ഉറപ്പുവരുത്തും. പാര്ട്ടിതാത്പര്യങ്ങള് അടിസ്ഥാനമാക്കിയാവും പുതിയ നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്യുക. കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് ഹാനികരമല്ലാത്തതും പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതുമായ പദ്ധതികളായിരിക്കും ആവിഷ്കരിക്കുക.
വികസനത്തിന് തനത് വിഭവങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സ്വകാര്യ മൂലധനം തേടേണ്ടത് അനിവാര്യമാണെന്ന് ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ടുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി ചര്‍ച്ചചെയ്തിരുന്നു.
സ്വകാര്യമൂലധനം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മാവൂര്‍ ഗ്വാളിയോര്‍ റയോണ്സുപോലുള്ള കമ്പനികള്‍ വന്നത്. അന്ന് മൂലധനം ആകര്‍ഷിക്കാന്‍ പറ്റിയ സാഹചര്യമില്ലായിരുന്നു. ഇന്നത്തെ അവസ്ഥ അതിന് അനുകൂലമാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.
സമ്മേളനത്തിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന നവകേരളരേഖ ഇടതുമുന്നണിയില്‍ ചര്‍ച്ചചെയ്യും. ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍കൂടി ആരാഞ്ഞശേഷമായിരിക്കും തുടര്‍ നടപടികളിലേക്കു കടക്കുക. വിദഗ്ധരുടെ അഭിപ്രായങ്ങളും കേള്‍ക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..