Photo: Mathrubhumi
കൊച്ചി: പാര്‍ട്ടിയുടെ പ്രായോഗിക നയവും സമീപനവും കാഴ്ചപ്പാടും അടിമുടി മാറ്റാനുള്ള ഒരുക്കവുമായാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സി.പി.എം. കടക്കുന്നത്. 'ആധുനികവത്കരിക്കപ്പെട്ട ഒരു സമൂഹമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം നാം കാണേണ്ടതുണ്ട്'- എന്നാണ് മാറേണ്ട കാര്യങ്ങള്‍ നിര്‍ദേശിച്ച് സംസ്ഥാന കമ്മിറ്റി വിശദീകരിക്കുന്നത്. എങ്ങനെയൊക്കെ മാറണമെന്നതിന് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം സമ്മേളനം ചര്‍ച്ചചെയ്യും.
മസിലുപിടിത്തം കുറയ്ക്കും
ബംഗാളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ഭരണം കിട്ടിയശേഷം പാര്‍ട്ടി പുലര്‍ത്തേണ്ട ജാഗ്രത എന്താണെന്ന് വിലയിരുത്തിയാണ് സംസ്ഥാന കമ്മിറ്റി സമീപനത്തിലെ മാറ്റം നിര്‍ദേശിച്ചത്. മസിലുപിടിച്ച് നയംപറയുന്ന രീതി ഈ കാലഘട്ടത്തിനു ചേര്‍ന്നതല്ലെന്നാണ് വിലയിരുത്തുന്നത്. 'പാര്‍ട്ടി നയം ഇതാണെന്ന് പറയുകയല്ല, അത് മനസ്സിലാക്കിക്കൊടുക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. അതിന് നമ്മുടെ ചര്‍ച്ചകളും ഇടപെടലുകളും വികസിക്കണം'- സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ പറയുന്നു.
ഒരുകാലത്ത് ഇടത് ട്രേഡ് യൂണിയനുകള്‍ മുന്നില്‍നിന്ന് ആവശ്യപ്പെട്ടിരുന്ന നോക്കുകൂലി നിരോധിച്ചത് പിണറായി സര്‍ക്കാരാണ്. മാതമംഗലത്ത് സി.ഐ.ടി.യു. നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞത് സി.പി.എം. മന്ത്രിമാരാണ്. ഈ രീതിയില്‍ പാര്‍ട്ടി സമീപനത്തിലെ മാറ്റങ്ങള്‍ സര്‍ക്കാര്‍ നടപടിയായി പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
എക്‌സ്പ്രസ് ഹൈവേ, ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ എന്നിവയൊക്കെ മുമ്പ് എതിര്‍ത്തിരുന്നെങ്കിലും ഇപ്പോള്‍ ആ കാഴ്ചപ്പാട് പാര്‍ട്ടിക്കില്ല. ദേശീയപാതാ വികസനവും ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയും പൂര്‍ത്തീകരണ ഘട്ടത്തിലേക്ക് എത്തിച്ചത് പിണറായി സര്‍ക്കാരാണ്. സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതി അവതരിപ്പിച്ച് നാളേക്കുവേണ്ടിയുള്ള വികസനമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നതെന്ന് പ്രഖ്യാപിക്കുകയുംചെയ്തു. എല്ലാ ജില്ലാസമ്മേളനങ്ങളിലും ഒരേപോലെ അവതരിപ്പിച്ച് പാസാക്കിയ ഏക പ്രമേയം കെ-റെയിലിനെ പിന്തുണയ്ക്കുന്നതാണെന്ന പ്രത്യേകതയുമുണ്ടായി.
ഇടപെടല്‍ മാറണം
കേരളം മാറിയതനനുസരിച്ച് പാര്‍ട്ടിയും മാറണമെന്നാണ് ഇപ്പോള്‍ സി.പി.എം. ആഗ്രഹിക്കുന്നത്. അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്. എതിര്‍ശബ്ദങ്ങളെ ക്ഷമയോടെ കേള്‍ക്കണം. വിനയത്തോടെ മറുപടിപറയണം. ഇതൊക്കെയാണ് പാര്‍ട്ടി കേഡര്‍മാരുടെ ഇടപെടല്‍ രീതിയില്‍ നിര്‍ദേശിക്കുന്ന പരിഷ്‌കാരം.
സംസ്ഥാന കമ്മിറ്റി വിലയിരുത്തല്‍ ഇങ്ങനെയാണ്- 'ജനാധിപത്യ ബോധത്തിന്റെ വളര്‍ച്ച നമ്മുടെ സമൂഹത്തില്‍ ശക്തിപ്പെട്ടുവന്നിട്ടുണ്ട്. ജനങ്ങളോട് ജനാധിപത്യ രീതിയില്‍ സംവദിക്കുന്ന പ്രവര്‍ത്തനരീതി നാം വളര്‍ത്തിയെടുക്കണം.
പ്രവര്‍ത്തനവും മാറണം
സമൂഹത്തെ ശരിയായി വിലയിരുത്തിമാത്രമേ അതിനെ നയിക്കാനാകൂ. അല്ലെങ്കില്‍ നമ്മുടെ തീരുമാനം യാഥാര്‍ഥ്യത്തിനു നിരക്കാത്തതും സ്ഥിതിഗതികളെ നേരിടാന്‍ അപര്യാപ്തവുമാവും. ജനങ്ങള്‍ അവരുടെ എല്ലാ പ്രശ്‌നങ്ങളും വിമര്‍ശനങ്ങളും നമുക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ പറ്റുന്നവിധമുള്ള ജനാധിപത്യ ശൈലി വികസിപ്പിച്ച് മുന്നോട്ടുപോകാന്‍ കഴിയണം.
'കേരളത്തിലെ വര്‍ഗങ്ങളിലും വര്‍ഗബന്ധങ്ങളിലും ജനങ്ങളുടെ ജീവിതത്തിലും കാഴ്ചപ്പാടിലും ഒട്ടേറെ മാറ്റങ്ങള്‍ വന്നു. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലമല്ല ഇത്. അന്നത്തെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളില്‍നിന്ന് കേരളം മാറി. അത്തരമൊരു സമൂഹത്തെ എങ്ങനെ നയിക്കണമെന്നതാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും മുമ്പില്‍ ഉയര്‍ന്നുവരുന്ന സുപ്രധാന പ്രശ്നം'- പാര്‍ട്ടി സമ്മേളനം പരിശോധിക്കുന്ന പ്രധാന വിഷയമായിത്തന്നെയാണ് സംസ്ഥാന കമ്മിറ്റി ഈ വിഷയത്തെ കണക്കാക്കിയിട്ടുള്ളത്.തുടര്‍ഭരണം കിട്ടിയ സര്‍ക്കാരിനു കീഴില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം എങ്ങനെ ക്രമീകരിക്കണമെന്നതിന്റെ ഉത്തരവും ഈ സമ്മേളനം നല്‍കും.
Content Highlights: cpm state conference 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..