പ്രകാശ് കാരാട്ട് | ഫോട്ടോ: അഖിൽ ഇ.എസ്.
കൊച്ചി: 1987-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സി.പി.എം. കെ.ആര്‍. ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചുവെന്ന പ്രചരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറൊ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് പറഞ്ഞു. 'അന്ന് പാര്‍ട്ടിയുടെ പരിഗണനയില്‍ കെ.ആര്‍. ഗൗരിയമ്മ ഉണ്ടായിരുന്നില്ല. എനിക്കത് കൃത്യമായി അറിയാം. കാരണം അന്ന് ഞാന്‍ അവിടെയുണ്ടായിരുന്നു. അന്നെന്താണ് നടന്നതെന്ന് എനിക്കറിയാം' വ്യാഴാഴ്ച സി.പി.എം. സംസ്ഥാന സമ്മേളന വേദിയില്‍ മാതൃഭൂമിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രകാശ് കാരാട്ട് ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:
? ഗൗരിയമ്മയോട് സി.പി.എം. 1987-ല്‍ അനീതി കാട്ടിയെന്നും ഒരു വനിതയെ മുഖ്യമന്ത്രിയാക്കാനുള്ള ചരിത്ര സന്ദര്‍ഭമാണ് പാര്‍ട്ടി പാഴാക്കിയതെന്നും വിമര്‍ശമുണ്ട്. താങ്കള്‍ക്കെന്താണ് പറയാനുള്ളത്.
ഗൗരിയമ്മയെ പാര്‍ട്ടി ഒരിക്കലും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. പാര്‍ട്ടിക്ക് പുറത്ത് ചിലപ്പോള്‍ അങ്ങിനെയുള്ള പ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. പക്ഷേ, പാര്‍ട്ടിക്കുള്ളില്‍ അങ്ങിനെയൊരു ചിന്തയുണ്ടായിരുന്നില്ല.
? പക്ഷേ, 87-ല്‍ സി.പി.എം. തിരഞ്ഞെടുപ്പിനെ നേരിട്ടത് ഗൗരയമ്മ മുഖ്യമന്ത്രിയാവും എന്ന മുദ്രാവാക്യമുയര്‍ത്തിയല്ലേ?
അല്ല. 1985-ല്‍ എം.വി. രാഘവന്‍ ബദല്‍രേഖ അവതരിപ്പിക്കുകയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്തതിന് ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു അത്. അന്ന് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചത് സഖാവ് ഇ.എം.എസ്സായിരുന്നു. വര്‍ഗ്ഗീയതയുമായി ഒരു വിട്ടുവീഴ്ചയുമില്ല എന്ന നിലപാടിന്റെ പുറത്താണ് അന്ന് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. തൊണ്ണൂറോളം പൊതുയോഗങ്ങളില്‍ ഇ.എം.എസ്. നേരിട്ട് പങ്കെടുത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗുമായി എന്തുകൊണ്ടാണ് പാര്‍ട്ടിക്ക് സഖ്യമുണ്ടാക്കാനാവാത്തതെന്ന് വിശദീകരിച്ചു. ആ തിരഞ്ഞെടുപ്പ് ഇ.എം.എസ്സിന്റെ വ്യക്തിഗത വിജയം കൂടിയാണെന്ന് ഞാന്‍ പറയും. ഗൗരിയമ്മ വലിയൊരു വനിത നേതാവായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ വലിയ പങ്കും അവര്‍ വഹിച്ചിട്ടുണ്ട്. പക്ഷേ, എല്ലാവര്‍ക്കും മുഖ്യമന്ത്രിയാവാനാവില്ലല്ലോ!
? കഴിഞ്ഞ വര്‍ഷം രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ കെ.കെ. ശൈലജയെ മാറ്റി നിര്‍ത്തിയതും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ഗൗരിയമ്മയോട് കാട്ടിയ അനീതി ആവര്‍ത്തിക്കപ്പെടുകയാണെന്ന ആരേപാണമാണുയര്‍ന്നത്
എല്ലാ മന്ത്രിമാരെയും മാറ്റാനാണ് പാര്‍ട്ടി തീരുമാനിച്ചത്. അതെല്ലാവര്‍ക്കും ബാധകമാണ്. മുഖ്യമന്ത്രിക്ക് മാത്രമാണ് ഇളവ് നല്‍കിയത്. കാരണം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
? കഴിഞ്ഞ ദിവസം മാതൃഭൂമി റിപ്പോര്‍ട്ടറുമായി നടത്തിയ സംഭാഷണത്തില്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ മുന്നോട്ടുവെച്ച ഒരു നിര്‍ദ്ദേശം കെ. കെ. ശൈലജയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കണമെന്നാണ്. അങ്ങിനെയൊരു നീക്കമുണ്ടോ
കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തായിട്ട് കുറച്ച് വര്‍ഷങ്ങളായി. അദ്ദേഹം എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നത് എന്നെനിക്കറിയില്ല.
? കുഞ്ഞനന്തന്‍ നായരെ നമുക്ക് വിടാം. എന്നാലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ഒരു വനിതയെ അടുത്ത കാലത്തെങ്ങാനും കാണാന്‍ കഴിയുമോ
ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല. ഇത്തവണ കേരളത്തില്‍ 14 ജില്ലകളിലും സെക്രട്ടറിയേറ്റില്‍ വനിത പ്രാതിനിധ്യമുണ്ട്. പടിപടിയായി , ആസൂത്രിതമായി വനിതകളെ പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിന്റെ ഫലം നിങ്ങള്‍ക്ക് ഉടനെ കാണാന്‍ കഴിയും.
? ദളിത് പ്രാതിനിധ്യത്തിലും പാര്‍ട്ടി പരാജയപ്പെട്ടു എന്ന് വിമര്‍ശമുണ്ട്. സി.പി.എം. നിലവില്‍ വന്നിട്ട് 58 വര്‍ഷമായി. അഞ്ചരപ്പതിറ്റാണ്ടിന് ശേഷവും പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറൊയില്‍ ദളിത് സമുദായത്തില്‍നിന്ന് ഒരാളില്ല
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇക്കാര്യത്തില്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ കൃത്യമായ നടപടി എടുക്കുന്നുണ്ട്. പാര്‍ട്ടിയില്‍ ദളിതരുടെ അംഗബലം രാജ്യത്തെ ജനസംഖ്യയില്‍ അവര്‍ക്കുള്ള പങ്കിനേക്കാള്‍ ( 20 ശതമാനം ) കൂടുതലാണ്. പാര്‍ട്ടി കമ്മിറ്റികളില്‍ ദളിതരുടെ പ്രാതിനിധ്യം കൂട്ടാനുള്ള ശ്രമവും ആസൂത്രിതമായി നടക്കുന്നുണ്ട്. പക്ഷേ, താങ്കള്‍ പറഞ്ഞതതുപോലെ അത് കേന്ദ്ര കമ്മിറ്റി വരെയേ എത്തിയിട്ടുള്ളു. കേന്ദ്ര കമ്മിറ്റിയില്‍മൊത്തം അംഗങ്ങളുടെ പത്ത് പതിനൊന്ന് ശതമാനം ഇപ്പോള്‍ ദളിതരാണ്. താങ്കള്‍ കാത്തിരിക്കൂ, ഓരോ പാര്‍ട്ടി കോണ്‍ഗ്രസിലും മാറ്റമുണ്ടാവുന്നുണ്ട്.
? പാര്‍ട്ടിയുടെ നേതൃനിരയില്‍ പുതുമുഖങ്ങളെ കൊണ്ടുവരാന്‍ കാര്യമായ ശ്രമം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
പോളിറ്റ് ബ്യൂറൊ ഉള്‍പ്പെടെയുള്ള സുപ്രധാന ഇടങ്ങളില്‍ പുതുമുഖങ്ങളെ കൊണ്ടുവരാനുള്ള ആലോചനയയുണ്ട്. ഇത്തവണ തീര്‍ച്ചയായും ഇതിന്റെ പ്രതിഫലനമുണ്ടാവും. 75 വയസ്സെന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കും. അതോടൊപ്പം മറ്റാരെയൊക്കെയാണ് ഒഴിവാക്കേണ്ടതന്നെും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. അതാണ് ഞാന്‍ പറഞ്ഞത് കൂടുതല്‍ പുതുമുഖങ്ങളെ ഇത്തവണ കാണാന്‍ കഴിയുമെന്ന്.
1985-ലാണ് ഇതിന് മുമ്പ് കൊച്ചിയില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം നടന്നത്. അന്ന് ന്യൂനപക്ഷ പാര്‍ട്ടികളെ ഇടത് മുന്നണിയിലേക്ക് കൊണ്ടുവരണമെന്ന ബദല്‍രേഖ മുന്നോട്ടു വെച്ചതിനാണ് എം.വി. രാഘവനെ പുറത്താക്കിയത്. ഇന്നിപ്പോള്‍ ഐ.എന്‍.എല്ലും കേരള കോണ്‍ഗ്രസും പാര്‍ട്ടിയിലുണ്ട്. വര്‍ഗ്ഗീയ പാര്‍ട്ടികളുമായി സമ്പര്‍ക്കം വേണ്ടെന്ന നിലപാട് മാറിയോ?
രാഘവനെ പുറത്താക്കിയത് ബദല്‍രേഖയുടെ പേരിലല്ല. സംസ്ഥാന കമ്മിറ്റിയെ മറികടന്ന് സംസ്ഥാന സമ്മേളനത്തില്‍ ബദല്‍രേഖ പ്രചരിപ്പിച്ചതിനാണ് നടപടിയുണ്ടായത്. ഐ.എന്‍.എല്ലിനെ 25 കൊല്ലത്തോളം നിരീക്ഷിച്ചിട്ടാണ് ഇടത് മുന്നണിയിലെടുത്തത്. അവര്‍ ഒരു സമുദായ സംഘടനയിയല്ല പ്രവര്‍ത്തിക്കുന്നത്.
? മുസ്ലിം ലീഗിനെ ഇടത് മുന്നണിയിലെടുക്കാന്‍ നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ വാസ്തവമുണ്ടോ
എന്റെ അറിവില്‍ ഇല്ല. മുസ്ലിം ലീഗ് ഒരു സമുദായത്തിന്റെ ചട്ടക്കൂടില്‍നിന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് . അവരെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള ചര്‍ച്ചകളും ഇപ്പോള്‍ പാര്‍ട്ടിയിലോ മുന്നണിയിലോ ഇല്ല.
? നിര്‍ണ്ണായകമായൊരു തിരഞ്ഞെടുപ്പാണ് യു.പിയില്‍ നടക്കുന്നത്. താങ്കള്‍ക്ക് കിട്ടുന്ന സൂചനകള്‍ എന്താണ്?
യു.പിയില്‍ അഖിലേഷിന്റെ നേതൃത്വത്തിലുള്ള എസ്.പി.- ആര്‍.എല്‍.ഡി. സഖ്യം നല്ല പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. ആദ്യ നാല് ഘട്ടങ്ങളിലും ഈ മുന്നണി മുന്നിലാണെന്നാണ് മനസ്സിലാക്കാനാവുന്നത്. അവസാന മൂന്ന് ഘട്ടങ്ങള്‍ നിര്‍ണായകമാണ്. പ്രത്യേകിച്ച് യോഗിയുടെ സ്വന്തം തട്ടകമായ ഗൊരഖ്പുര്‍ ഉള്‍പ്പെടുന്ന മേഖലയും കിഴക്കന്‍ ഉത്തര്‍പ്രദേശും. ഇവിടെയും എസ്.പി. സഖ്യത്തിന് മികച്ച പ്രകടനം നടത്താനായാല്‍ യു.പിയില്‍ ബി.ജെ.പി. സര്‍ക്കാര്‍ വീഴും. പക്ഷേ, അതിപ്പോള്‍ സുനിശ്ചിതമായി പറയാനാവില്ല. അതിന് മാര്‍ച്ച് പത്ത് വരെ കാത്തിരിക്കണം.
Content Highlights: CPM had no plans to make kr gouri amma Chief Minister-Prakash karat interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..