സംസ്ഥാന സമ്മേളനം: സര്‍ക്കാരിനു വഴികാട്ടിയാവാന്‍ സി.പി.എം. 


ജേക്കബ് ജോര്‍ജ്ജ്

പിണറായി വിജയൻ | ഫോട്ടോ: റിദിൻ ദാമു

സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴി കാട്ടിയാവാന്‍ സി.പി.എം. ഒരുങ്ങുന്നു. പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് പുതിയ വികസന വഴികള്‍ തേടുക എന്നതാവും കൊച്ചിയില്‍ ചൊവ്വാഴ്ച തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം.

കേരളത്തിന്റെ വികസനത്തിനുള്ള ഒരു പ്രത്യേക പഠനറിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടിനൊപ്പം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കും. ഇതിന്മേല്‍ പ്രതിനിധികളുടെ സജീവചര്‍ച്ച നടക്കുകയും ചെയ്യും. സാധാരണ കടുത്ത സംഘടനാ പ്രശ്നങ്ങളും സംസ്ഥാന-ദേശീയ- അന്തര്‍ദേശീയ വിഷയങ്ങളുമാണ് സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യുന്നതെങ്കില്‍ ഇത്തവണ സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനാവും സമ്മേളനം ഈന്നല്‍ നല്‍കുക.

ഐക്യകേരളത്തിനു വേണ്ടി ഒരു വികസന അജണ്ട തയ്യാറാക്കുന്നതിനായി 1956-ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ പ്രത്യേക സമ്മേളനത്തിനു ശേഷം നാടിന്റെ വികസനം മാത്രം വിഷയമാക്കി ഒരു സമ്മേളനം ഇതുവരെ സി.പി.എമ്മിലോ സി.പി.ഐ.യിലോ നടന്നിട്ടില്ല. മൂന്നായി കിടന്നിരുന്ന കേരളത്തെ ഐക്യ കേരളമായി രൂപീകരിക്കുമ്പോള്‍ പുതിയ സംസ്ഥാനത്തിന്റെ സമ്രഗമായ വികസനത്തിനു വേണ്ടിയുള്ള രേഖയാണ് തൃശൂരിലെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ചത്. അന്ന് പാര്‍ട്ടി നേതൃത്വം അവതരിപ്പിച്ച വികസനരേഖ പത്തു വര്‍ഷത്തോളം നീണ്ടുനിന്ന പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും ഫലമായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുക, ഭൂപരിഷ്‌കരണം നടപ്പിലാക്കുക, വിദ്യാഭ്യാസരംഗം പരിഷ്‌കരിക്കുക എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളാണ് അന്ന് പാര്‍ട്ടി മുന്നോട്ടു വച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഐശ്വര്യപൂര്‍ണ്ണമായൊരു ഐക്യകേരളത്തിനു വേണ്ടി പ്രായോഗിക നിര്‍ദ്ദേശങ്ങളുള്‍ക്കൊള്ളിച്ചുള്ള സമഗ്രമായൊരു പ്രകട പ്രതികയും 1957-ലെ തെരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാക്കി. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും സി.പി.എമ്മിന്റെ ഈ ലക്ഷ്യബോധം പ്രകടമാവുന്നുണ്ട്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി കാര്യങ്ങളിലും ഏറെ ശ്രദ്ധിച്ചിരുന്നു. 1998-ല്‍ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ 2016-ല്‍ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്തു തുടര്‍ന്നു. ഗവണ്‍മെന്റ് ചുമതലയോടൊപ്പം പാര്‍ട്ടി കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക പിണറായിയുടെ സ്വാഭാവിക ചുമതലയായി മാറുകയായിരുന്നു. വിഭാഗീയതയുടെ പിടിയിലായിരുന്ന പാര്‍ട്ടിയെ കൃത്യമായി നയിക്കാന്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ ആവശ്യമായിരുന്നു താനും.

ഇന്നിപ്പോള്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം കൊച്ചിയില്‍ നടക്കുന്നത് തികച്ചും സ്വസ്ഥമായ അന്തരീക്ഷത്തിലാണ്. പാര്‍ട്ടിയില്‍ വിഭാഗീയതയുടെ ലാഞ്ചന പോലുമില്ല. എതിര്‍ ശബ്ദമോ അപശബ്ദമോ എങ്ങും കേള്‍ക്കാനില്ല. സംസ്ഥാന സമ്മേളനത്തില്‍ കെ.എന്‍. രവീന്ദ്രനാഥ്, എം.എം. ലോറന്‍സ് എന്നീ മുതിര്‍ന്ന നേതാക്കളെ പ്രത്യേകം ക്ഷണിച്ചുകൊണ്ടുവരുന്നു. പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന ചിന്ത സംഘടനയ്ക്കുള്ളില്‍ മാത്രമല്ല പുറത്തും സംസാര വിഷയമാവുന്നു.

ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സ്രെകട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള അടുത്ത ബന്ധത്തെയും നോക്കി കാണണം. അനാരോഗ്യത്തെ തുടര്‍ന്ന് കുറച്ചുകാലം പാര്‍ട്ടി സ്രെകട്ടറി സ്ഥാനത്തു നിന്നു മാറിനിന്ന കോടിയേരി മാസങ്ങള്‍ക്കുശേഷം ജില്ലാ സമ്മേളനങ്ങള്‍ക്കു നേതൃത്വം നല്‍കിയും സംസ്ഥാന സമ്മേളന നടത്തിപ്പിനു ചുക്കാന്‍ പിടിച്ചും പഴയ സ്ഥാനത്ത് ഉറച്ചുതന്നെ ഇരിക്കുന്നു. മുന്നണി നേടിയ ഭരണത്തുടര്‍ച്ചയിലും കോടിയേരിക്കു വലിയൊരു പങ്ക് അവകാശപ്പെട്ടതാണ്. സംഘടനയില്‍ ഐക്യം ഊട്ടി ഉറപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചില്ലറയല്ല.

രണ്ടാം പിണറായി സര്‍ക്കാരില്‍ കുറെ മാറ്റങ്ങള്‍ കാണാനാവുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ക്രേന്ദ്രീകരിക്കാന്‍ തുടങ്ങിയിരിക്കുവെന്നാണ്. പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍. പുതിയ വികസന പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുക, നടന്നു കൊണ്ടിരിക്കുന്ന വികസന പദ്ധതികള്‍ക്ക് വേഗത കൂട്ടുക, റോഡുകളുടെ വികസനം ത്വരിത ഗതിയിലാക്കുക എന്നിങ്ങനെ വിവിധ മേഖലകളില്‍ മുഖ്യമന്ത്രി കൂടുതല്‍ ശ്രദ്ധ വെയ്ക്കുകയാണിപ്പോള്‍. പാര്‍ട്ടി കാര്യങ്ങളില്‍ പിണറായിയുടെ ഇടപെടല്‍ ഇനി വളരെ കുറവായിരിക്കുമെന്നര്‍ത്ഥം.

സംഘടനാ കാര്യങ്ങളുടെ പൂര്‍ണ്ണമായ ചുമതല ഇനി കോടിയേരിക്കായിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്കുള്ള നോമിനേഷനുകളും നിയമനങ്ങളുമൊക്കെ കോടിയേരിയുടെ നിയന്ത്രണത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സ്രെകട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള അടുത്ത ബന്ധവും പരസ്പര വിശ്വാസവുമാണ് പുതിയ സംവിധാനത്തിന്റെ അടിസ്ഥാനമെന്നും കാണണം.

മുഖ്യമന്ത്രിയുടെ ശ്രദ്ധ സംസ്ഥാനത്തിന്റെ വികസന പരിപാടികളിലേക്ക് കൂടുതല്‍ ക്രേന്ദീകരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വേണം സംസ്ഥാന സമ്മേളനത്തില്‍ കൊണ്ടുവരുന്ന പുതിയ വികസനരേഖയെ കാണാനും വിലയിരുത്താനും. സംസ്ഥാനത്തിന് സമ്രഗമായൊരു വികസന പരിപാടി ആവിഷ്‌കരിക്കുക എന്നതു തന്നെയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതു നടപ്പിലാക്കാനുള്ള ചുമതല പിണറായി മുഖ്യമന്ത്രിയായുള്ള ഇടതു സര്‍ക്കാരിനും.

1956-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രത്യേക സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിച്ച വികസനരേഖ 1957-ലെ ഇ.എം.എസ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് അടിസ്ഥാനമായി മാറുകയായിരുന്നുവെന്ന് സി.പി.എം. നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ ഡോ. തോമസ് ഐസക് 'വിമോചന സമരത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഐസക്കിന്റെ വാക്കുകള്‍: ''കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രഥമ സര്‍ക്കാരാണ് ദേശീയ സ്വാതന്ത്ര്യ സമരത്തിലൂടെ രൂപംകൊണ്ട ഐക്യകേരള പ്രസ്ഥാനത്തിന്റെ പുതിയ പ്രതീക്ഷകളെ സമൂര്‍ത്തമായ ഒരു അജണ്ടയായി രൂപപ്പെടുത്തിയത്. തുടര്‍ന്നുള്ള പതിറ്റാണ്ടുകള്‍ ഈ അജണ്ടയോട് ഇണങ്ങിയും പിണങ്ങിയുമാണ് മുന്നോട്ടു പോയത്. 'അന്ന് ഭൂപരിഷ്‌കരണം, അതിലൂന്നിയുള്ള കാര്‍ഷിക പുനരുദ്ധാരണം, സഹകരണാടിസ്ഥാനത്തിലുള്ള പരമ്പരാഗത വ്യവസായ പുന:സംഘടന, സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് ഈന്നല്‍ നല്‍കുന്ന ആധുനിക വ്യവസായ വികസനം എന്നിവയായിരുന്നു പ്രധാന അജണ്ട. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കരണവും കേരളത്തിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായൊരു അഴിച്ചുപണിയാണ് കൊച്ചി സംസ്ഥാന സമ്മേളനത്തില്‍ കൊണ്ടുവരുന്ന പുതിയ വികസന രേഖയിലെ പ്രധാന ഇനങ്ങളിലൊന്ന്. വിദേശ നിക്ഷേപം ആകര്‍ഷിക്കുക, പുതിയ വ്യവസായങ്ങള്‍ കൊണ്ടുവരിക, അതുവഴി തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, എന്നിങ്ങനെ വിവിധ മേഖലകളില്‍ വളര്‍ച്ച ഉറപ്പാക്കുകയാണ് അത്യാവശ്യമെന്ന് രേഖ ഈന്നിപ്പറയുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി എങ്ങനെയും നടപ്പാക്കുമെന്നും രേഖയില്‍ ഉറപ്പു നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനു പുതിയൊരു വികസന വഴി വെട്ടിത്തെളിക്കാനും അതില്‍ വഴികാട്ടിയായി നില്‍ക്കാനുമുള്ള ഒരുക്കം തന്നെയാണ് പുതിയ വികസന രേഖയില്‍ ഉടനീളം കാണാനാവുക.

1985 നവംബര്‍ 20 മുതല്‍ 24 വരെ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനം എം.വി. രാഘവനും കൂട്ടരും അവതരിപ്പിച്ച ബദല്‍ രേഖയുടെ പേരില്‍ വിവാദമായി. വി.എസ്. അച്യുതാനന്ദനായിരുന്നു പാര്‍ട്ടി സെക്രട്ടറി. തുടര്‍ന്നു നടന്ന കല്‍ക്കത്താ പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി ഇ.എം.എസ്. നമ്പൂതിരിപ്പാട് ഇങ്ങനെ പറഞ്ഞു: ''ഐ വാണ്ട് ടു ടെയ്ക്ക് ദിസ് കോണ്‍ഫ്രന്‍സ് ഇന്‍ ടു കോണ്‍ഫിഡെന്‍സ് ടു ക്രഷ് ആന്റി പാര്‍ട്ടി ആക്ടിവിറ്റീസ് ഇന്‍ ദ കേരളാ പാര്‍ട്ടി''. പിന്നെ തിരുവനന്തപുരത്തു ചേരുന്ന പാര്‍ട്ടി നേതൃയോഗം എം.വി. രാഘവനും കൂട്ടര്‍ക്കുമെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണ് കേരളം കണ്ടത്.

1991-ലെ കോഴിക്കോട് സമ്മേളനത്തില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് വിദഗ്ദ്ധമായൊരു നീക്കത്തിലൂടെ വി.എസ്. അച്യുതാനന്ദനെ സെക്രട്ടറി സ്ഥാനത്തുനിന്നൊഴിവാക്കുന്നതും പകരം ഇ.കെ. നായനാരെ സെക്രട്ടറിയാക്കുന്നതും കണ്ടു. വിഭാഗീയത കൊടികുത്തി വാഴുന്ന കാലത്തു തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ പിണറായി സ്വന്തം സ്ഥാനം ഉറപ്പിക്കുന്നതും കേരളം കണ്ടു.

ഇന്നിപ്പോള്‍ സി.പി.എം. കൊച്ചി സമ്മേളനത്തിലൂടെ പുതിയൊരു വികസന പര്‍വത്തിലേക്ക് കടക്കുന്നു. പിണറായി തന്നെ നായകന്‍. അത്യന്തിക ലക്ഷ്യം ഇനിയൊരു തുടര്‍ഭരണം തന്നെ.

Content Highlights: CPIM State conference Pinarayi Vijayan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023

Most Commented