Photo: PTI
ബർമിങ്ങാം: പശ്ചിമ ബംഗാളിലെ ഹൗറയിലുള്ള ദേയുൽപുർ ഗ്രാമവാസികൾ ഇന്നലെ ഉറങ്ങിയിരുന്നില്ല. ഏവരും ടി.വിയുടെ മുന്നിലിരുന്ന് കോമൺവെൽത്ത് ഗെയിംസ് കാണുകയായിരുന്നു. കോമൺവെൽത്ത് ഗെയിംസിലെ പുരുഷന്മാരുടെ 73 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഒരു ഇന്ത്യൻ താരം മത്സരിക്കുന്നത് കാണാനായി അവർ അക്ഷമരായി കാത്തിരുന്നു. ആ താരത്തിന്റെ പേര് അചിന്ത ഷൂലി. ഗ്രാമവാസികളുടെ സ്വന്തം അചിന്ത. ഇന്ത്യയുടെ സുവർണപ്രതീക്ഷയായിരുന്ന അചിന്ത അത് തെറ്റിച്ചില്ല. എതിരാളികളെ ബഹുദൂര പിന്നിലാക്കി അചിന്ത സ്വർണമെഡൽ കഴുത്തിലണിഞ്ഞു.
അചിന്ത രാജ്യത്തിന്റെ അഭിമാനമാകുമ്പോൾ ദേയുൽപുർ ഗ്രാമത്തിലെ ഏറെ അഭിമാനിക്കുന്നത് സന്തോഷിക്കുന്നത് മറ്റാരുമല്ല. അചിന്തയുടെ സഹോദരൻ അലോക് ഷൂലിയായിരുന്നു അത്. അനിയൻ ലോകം കീഴടക്കിയപ്പോൾ ജയിച്ചത് ശരിക്കും അലോകാണ്. അലോകിന്റെ വിയർപ്പിന്റെ വിലയാണ് അചിന്തയുടെ സ്വർണ മെഡൽ. അചിന്തയുടെ അച്ഛനും ജ്യേഷ്ഠനുമെല്ലാം അലോകാണ്.
അചിന്തയും അലോകും ചെറുപ്പം തൊട്ട് ഭാരോദ്വഹനരംഗത്ത് കഴിവ് തെളിയിച്ചിരുന്നു. അചിന്തയ്ക്ക് മുൻപ് ഈ രംഗത്ത് കാലുകുത്തിയതും നേട്ടങ്ങൾ കൊയ്തതും അലോകാണ്. എന്നാൽ 2014-ലുണ്ടായ വലിയൊരു ദുരന്തം അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന അലോകിന്റെയും അചിന്തയുടെയും അച്ഛൻ 2014-ൽ അന്തരിച്ചു. വാൻ ഡ്രൈവറായിരുന്ന അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത്. ഇതോടെ കുടുംബം പട്ടിണിയിലായി. ഭാരോദ്വഹന പരിശീലനത്തിന് പോകാൻ പോലും കഴിയാതെ വന്നു.
അച്ഛൻ പോയതോടെ ശിഥിലമായ കുടുംബത്തെ അലോക് ഒറ്റയ്ക്ക് തോളിലേറ്റി. പഠിപ്പും ഇഷ്ട കായിക ഇനമായ ഭാരോദ്വഹനവും ഉപേക്ഷിച്ച് അവൻ കുടുംബത്തിനുവേണ്ടി ജോലി ചെയ്തു. അനിയനെ കായികതാരമാക്കാൻ അലോക് രാവും പകലും കഷ്ടപ്പെട്ടു. അനിയന്റെ നേട്ടങ്ങളിലൂടെ അവൻ സന്തോഷിച്ചു. അചിന്തയുടെ പരിശീലനത്തിൽ മുടക്കുവരുത്താതെ അലോക് അവന്റെ ആഗ്രഹങ്ങൾക്കൊപ്പംനിന്നു. ഒടുവിൽ അചിന്ത കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിക്കൊണ്ട് ചേട്ടന്റെ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ചു. കോമൺവെൽത്ത് ഗെയിംസ് സ്വർണം കഴുത്തിലണിഞ്ഞ് ദേശീയ ഗാനത്തോടൊപ്പം അനിയൻ പോഡിയത്തിൽ നിൽക്കുമ്പോൾ ചേട്ടൻ അലോകിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
'എന്റെ അനിയന്റെ നേട്ടത്തിൽ ഒരുപാട് സന്തോഷിക്കുന്നു. ഞങ്ങൾ ഒരുമിച്ചാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. അസ്താന ദാസ് എന്ന പരിശീലകന് കീഴിലാണ് ഞങ്ങൾ അഭ്യസിച്ചത്. എനിക്ക് വലിയ ഭാരോദ്വഹകനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കുടുംബത്തിന്റെ ഭാരം തോളിലായതോടെ എനിക്ക് അതിന് സാധിച്ചില്ല. എന്നാൽ അനിയനിലൂടെ ഞാനത് നേടി. അവന്റെ നേട്ടത്തിൽ അഭിമാനം തോന്നുന്നു. അവന്റെ വിജയം എന്റെ വിജയമാണ്' അലോക് പറഞ്ഞു.
അചിന്തയിലൂടെ ഇന്ത്യ 2022 കോമൺ വെൽത്ത് ഗെയിംസിലെ മൂന്നാം സ്വർണമാണ് നേടിയെടുത്തത്. മൂന്ന് സ്വർണവും ഭാരോദ്വഹനത്തിലൂടെയാണ് പിറന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..