തിരിച്ചടികളുണ്ട്, എന്നിട്ടും 61 മെഡലുകള്‍; ഇന്ത്യയുടെ പ്രകടനം തൃപ്തികരമോ?


അനുരഞ്ജ് മനോഹര്‍22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമുള്‍പ്പടെ 61 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

Photo: AFP

നി ബര്‍മിങ്ങാം നഗരത്തിന് ഒന്ന് വിശ്രമിക്കാം...കഴിഞ്ഞ പതിനൊന്ന് ദിവസങ്ങളായി ഈ ഇംഗ്ലീഷ് നഗരം ഉറങ്ങിയിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 22-ാം പതിപ്പിന് ആതിഥ്യമരുളുകയായിരുന്നു ബര്‍മിങ്ങാം. 280 സ്വര്‍ണ മെഡലുകള്‍ക്കായി 72 രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കായികതാരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് പറന്നിറങ്ങി. ട്രാക്കിലും ഫീല്‍ഡിലും സ്‌റ്റേഡിയത്തിലുമെല്ലാമായി അവര്‍ റെക്കോഡുകളും നേട്ടങ്ങളും വാരിക്കൂട്ടാനായി മത്സരിച്ചു. കഴിഞ്ഞ പതിനൊന്ന് ദിവസങ്ങളായി നടന്ന കായികമാമാങ്കത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്. കായികപ്രേമികള്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒട്ടേറെ ഓര്‍മകള്‍ സമ്മാനിച്ചുകൊണ്ട് 2022 കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് പര്യവസാനം.

പതിവുപോലെ ഓസ്‌ട്രേലിയ ഇത്തവണും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ജേതാക്കളായി. 67 സ്വര്‍ണവും 57 വെള്ളിയും 54 വെങ്കലവുമുള്‍പ്പെടെ 178 മെഡലുകള്‍ വാരിക്കൂട്ടി ഓസ്‌ട്രേലിയ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒന്നാമതെത്തി. ആതിഥേയരായ ഇംഗ്ലണ്ട് 57 സ്വര്‍ണവും 66 വെള്ളിയും 53 വെങ്കലവുമടക്കം 176 മെഡലുകള്‍ സ്വന്തമാക്കി രണ്ടാമതെത്തി. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിപ്പോയ കാനഡ ഇത്തവണ വമ്പന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്. 26 സ്വര്‍ണവും 32 വെള്ളിയും 34 വെങ്കലവുമടക്കം കാനഡ 92 മെഡലുകള്‍ നേടി മൂന്നാമതെത്തി.

ഇനി ഇന്ത്യയുടെ കാര്യമെടുക്കാം. ഇത്തവണ മെഡല്‍ നേട്ടം നൂറാക്കുമെന്ന് പ്രഖ്യാപിച്ച് മത്സരിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണ് നേടാനായത്. 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമുള്‍പ്പടെ 61 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. കഴിഞ്ഞ തവണ ഇത് 66 മെഡലുകളായിരുന്നു. 26 സ്വര്‍ണവും അന്ന് ഇന്ത്യ നേടിയിരുന്നു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനം നേടിയ ഇന്ത്യ ഇത്തവണ നാലാം സ്ഥാനത്തേക്ക് വീണു. പക്ഷേ എടുത്തുപറയേണ്ട മറ്റൊരു കാര്യമുണ്ട്. കഴിഞ്ഞ തവണഷൂട്ടിങ് ഗെയിംസിന്റെ ഭാഗമായിരുന്നു. അതിന് മുന്‍പുള്ള കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആര്‍ച്ചറിയും ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ ഇത്തവണ ഈ രണ്ട് കായിക ഇനങ്ങളും കോമണ്‍വെല്‍ത്ത് ഗെയിംസിലില്ല. അതുകൊണ്ടുതന്നെ ശക്തികേന്ദ്രങ്ങളായ രണ്ട് കായിക ഇനങ്ങള്‍ ഇല്ലാതിരുന്നിട്ടും 61 മെഡലുകള്‍ നേടിയ ഇന്ത്യയുടെ നേട്ടത്തെ ഒരിക്കലും കുറച്ചുകാണരുത്. പ്രതീക്ഷ പകരുന്ന നിരവധി ഇന്ത്യന്‍ താരങ്ങളുടെ ഉദയത്തിന് ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് സാക്ഷിയായി. ടേബിള്‍ ടെന്നീസിലും ബാഡ്മിന്റണിലും ഭാരോദ്വഹനത്തിലും ഗുസ്തിയിലുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ പതിവുപോലെ ആധിപത്യം പുലര്‍ത്തി. നിനച്ചിരിക്കാതെ സ്റ്റീപ്പില്‍ ചേസില്‍ വെള്ളി നേടിയ അവിനാശ് സാബ്ലെയെപ്പോലെയുള്ള താരങ്ങളുടെ വരവും ഇന്ത്യയ്ക്ക് ഗുണമായി. 12 വ്യത്യസ്ത ഇനങ്ങളില്‍ മെഡല്‍ നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നായ ഗുസ്തിയില്‍ നിന്നാണ് ഇത്തവണയും ഏറ്റവുമധികം മെഡലുകള്‍ പിറന്നത്. ഭാരോദ്വഹനം, ടേബിള്‍ ടെന്നീസ്, ബോക്‌സിങ് തുടങ്ങിയവയിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തത്.

മലര്‍ത്തിയടിച്ച് ഗുസ്തി

ഗുസ്തിയില്‍ ഇന്ത്യയുടെ ആധിപത്യത്തെ വെല്ലാന്‍ പോന്ന മറ്റൊരു രാജ്യം കോമണ്‍വെല്‍ത്ത് ഗെയിംസിലില്ല. ഇന്ത്യയ്ക്ക് ഏറ്റവുമധികം മെഡലുകള്‍ സമ്മാനിക്കാറുള്ള ഗുസ്തി ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. 12 മെഡലുകളാണ് ഇന്ത്യയ്ക്ക് ഗുസ്തിയില്‍ നിന്ന് മാത്രം ലഭിച്ചത്. അതില്‍ ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമുള്‍പ്പെടും.

ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വേണ്ടി പുരുഷ വിഭാഗത്തില്‍ ബജ്‌റംഗ് പൂനിയ (65 കിലോ), രവി കുമാര്‍ ദഹിയ (57 കിലോ), നവീന്‍ (74 കിലോ) എന്നിവര്‍ സ്വര്‍ണവും മോഹിത് ഗ്രേവാള്‍ (125 കിലോ), ദീപക് നെഹ്‌റ (97 കിലോ) എന്നിവര്‍ വെങ്കലവും നേടി. ഗുസ്തിയില്‍ വനിതകളുടെ ആധിപത്യമാണുണ്ടായത്. വനിതാവിഭാഗത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സാക്ഷി മാലിക് (62 കിലോ), വിനേഷ് ഫോഗട്ട് (53 കിലോ) എന്നിവര്‍ സ്വര്‍ണവും അന്‍ഷു മാലിക് (57 കിലോ) വെള്ളിയും ദിവ്യ കക്രാന്‍ (68 കിലോ), പൂജ ഗെഹ്‌ലോട്ട് (50 കിലോ), പൂജ സിഹാഗ് (76 കിലോ) എന്നിവര്‍ വെങ്കലവും നേടി.

ഭാരോദ്വഹനം ഒരു ഭാരമേയല്ല

ഗുസ്തിയെപ്പോലെ ഭാരോദ്വഹനവും ഇന്ത്യയുടെ ശക്തികേന്ദ്രമാണ്. ഇത്തവണ ഭാരോദ്വഹനത്തില്‍ നിന്ന് 10 മെഡലുകളാണ് ഇന്ത്യയിലേക്ക് കപ്പല്‍ കയറിയത്. മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവും. ടോക്യോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേത്രിയായ മീരാബായ് ചാനു സൈകോം വനിതകളുടെ 49 കിലോ വിഭാഗത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി സ്വര്‍ണം നേടി. വനിതാവിഭാഗത്തിലെ ഇന്ത്യയുടെ ഏക സ്വര്‍ണവും ഇതാണ്. ബിന്ദ്യാറാണി ദേവി വെള്ളിയും ഹര്‍ജിന്ദര്‍ കൗര്‍ വെങ്കലവും നേടി. പുരുഷവിഭാഗത്തില്‍ പുത്തന്‍ താരോദയവും ജൂനിയര്‍ ചാമ്പ്യനുമായ ജെറെമി ലാല്‍റിന്‍നുംഗയും അചിന്ത ഷിയൂലിയും സ്വര്‍ണം നേടി. സ്വര്‍ണ മെഡലിനടുത്തെത്തി പരാജയപ്പെട്ട സങ്കേത് സര്‍ഗറും വികാസ് ഠാക്കൂറും വെള്ളി മെഡല്‍ സ്വന്തമാക്കി. ഗുരുരാജ പൂജാരി, ലവ്പ്രീത് സിങ്, ഗുര്‍ദാപ് സിങ് എന്നിവര്‍ വെങ്കലവും നേടി.

ബാഡാകാതെ ബാഡ്മിന്റണ്‍

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം സമ്മാനിച്ച ബാഡ്മിന്റണ്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ ആറ് മെഡലുകളാണ് നേടിയത്. സിംഗിള്‍സില്‍ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം നേടിയത് ഇരട്ടി മധുരമായി. രണ്ട് തവണ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക് മെഡല്‍ നേടിയ പി.വി.സിന്ധു വനിതാ വിഭാഗത്തില്‍ സ്വര്‍ണം നേടി. ഈ വിജയം ഇന്ത്യ ഉറപ്പിച്ചതാണ്. സിന്ധുവിന് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ഒരു വനിതാ താരവും ടൂര്‍ണമെന്റിലുണ്ടായിരുന്നില്ല. കഴിഞ്ഞ തവണത്തെ വെള്ളി മെഡല്‍ ഇത്തവണ സ്വര്‍ണമാക്കി മാറ്റാന്‍ സിന്ധുവിന് സാധിച്ചു. മിക്‌സഡ് ടീം ഇനത്തിലും സിന്ധു മെഡല്‍ നേടി. ഈ ഇനത്തില്‍ വെള്ളിയാണ് ലഭിച്ചത്.

പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണ പ്രതീക്ഷയാണുണ്ടായിരുന്നത്. കിഡംബി ശ്രീകാന്തും ലക്ഷ്യസെന്നും. എന്നാല്‍ ശ്രീകാന്തിന് സെമിയില്‍ അടിപതറി. പക്ഷേ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ വിജയിച്ച് താരം വെങ്കലം കഴുത്തിലണിഞ്ഞു. ശ്രീകാന്ത് പടിക്കല്‍ വീണതോടെ ഏവരുടെയും ശ്രദ്ധ ലക്ഷ്യ സെന്നിലേക്ക് പതിഞ്ഞു. ഇന്ത്യന്‍ യുവതാരം പ്രതീക്ഷ തെറ്റിച്ചില്ല. ലക്ഷ്യത്തിലുറച്ച് പോരാടിയ സെന്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ സ്വര്‍ണം കഴുത്തിലണിഞ്ഞു. താരത്തിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്.

പുരുഷന്മാരുടെ ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷയായ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യവും നിരാശപ്പെടുത്തിയില്ല. താരതമ്യേന ദുര്‍ബലരായ എതിരാളികളെയെല്ലാം നിലംപരിശാക്കി ഇരുവരും സ്വര്‍ണം നേടി. ഈ നേട്ടങ്ങള്‍ക്കൊപ്പം വനിതാ ഡബിള്‍സില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം വെങ്കലവും നേടി.

ടേബിള്‍ ടോപ്പറായി ടേബിള്‍ ടെന്നീസ്

ടേബിള്‍ ടെന്നീസില്‍ ഇത്തവണ മിന്നുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. വനിതാ വിഭാഗം പരാജയപ്പെട്ടെങ്കിലും പുരുഷന്മാര്‍ കത്തിക്കയറി. നിലവിലെ ചാമ്പ്യനായ മണിക ബത്ര മെഡല്‍ നിലനിര്‍ത്താനാവാതെ പതറിയപ്പോള്‍ ഇന്ത്യ അപകടം മണത്തതാണ്. എന്നാല്‍ ശരത് കമല്‍ അജന്ത എന്ന പരിചയസമ്പന്നനായ നായകന് കീഴില്‍ അണിനിരന്ന താരങ്ങള്‍ വിജയം പിടിച്ചെടുത്തു. ഇത്തവണ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം മെഡലുകള്‍ നേടിയ അജന്ത കമല്‍ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ വെന്നിക്കൊടി പാറിച്ചു. പുരുഷ സിംഗിള്‍സിലും മിക്‌സഡ് ഡബിള്‍സിലും പുരുഷ ടീം ഇനത്തിലും സ്വര്‍ണം നേടിയ അജന്ത പുരുഷ ഡബിള്‍സില്‍ വെള്ളിയും നേടി. ആകെ അഞ്ച് മെഡലുകളാണ് ഇന്ത്യയ്ക്ക് ടേബിള്‍ ടെന്നീസില്‍ നിന്ന് ലഭിച്ചത്. അജന്തയുടെ നേട്ടങ്ങള്‍ കൂടാതെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സത്തിയന്‍ ജ്ഞാനശേഖരന്‍ വെങ്കലവും നേടി. വനിതാ വിഭാഗവും മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കില്‍ ഇന്ത്യയുടെ പ്രകടനം ഇതിലും മികച്ചതായേനേ.

ഇടിച്ചിട്ട് നേടിയ ഏഴ് മെഡലുകള്‍

ബോക്‌സിങ് റിങ് ഒരിക്കലും ഇന്ത്യയെ കൈവിടാറില്ല. ഒളിമ്പിക്‌സില്‍ വരെ ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ച ഇനമായ ബോക്‌സിങ്ങിലൂടെ ഇത്തവണയും കോമണ്‍വെല്‍ത്തില്‍ താരങ്ങള്‍ മെഡലുകള്‍ വാരിക്കൂട്ടി. പക്ഷേ കഴിഞ്ഞ തവണത്തെ പ്രകടനം വെച്ചുനോക്കുമ്പോള്‍ ഇത്തവണ നിലവാരം അല്‍പ്പം താഴ്ന്നിട്ടുണ്ട്. ബോക്‌സിങ്ങില്‍ നിന്ന് ആകെ ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. മൂന്ന് വീതം സ്വര്‍ണവും വെങ്കലും ഒരു വെള്ളിയുമാണ് ഇന്ത്യയുടെ സമ്പാദ്യം. നിഖാത് സരിന്‍, നീതു ഘന്‍ഘാസ്, അമിത് പംഗല്‍ എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടി. സാഗര്‍ അഹ്ലാവാദ് വെള്ളിയും രോഹിത് ടോകാസ്, ജാസ്മിന്‍, മുഹമ്മദ് ഹുസ്സാമുദ്ദീന്‍ എന്നിവര്‍ വെങ്കലവും നേടി.

ജയന്റ് കില്ലറായ ലോണ്‍ ബോള്‍

ലോണ്‍ ബോള്‍ എന്നത് ഒരു സാധാരണ കായികപ്രേമിയ്ക്ക് കേട്ടുകേള്‍വി പോലുമില്ലാത്തൊരു കായിക ഇനമാണ്. യൂറോപ്യന്‍ രാജ്യങ്ങളുടെ കുത്തകയാണ് ലോണ്‍ ബോള്‍. ഈ ഇനത്തില്‍ മത്സരിക്കാന്‍ ഇന്ത്യയുമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ആരും തന്നെ മെഡലൊന്നും പ്രതീക്ഷിച്ചില്ല. മൂന്നാം സ്ഥാനം ലഭിച്ചാല്‍ ഭാഗ്യം എന്ന് കരുതിയവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ പ്രവചനങ്ങളെ അപ്രസക്തമാക്കി ലോണ്‍ബോളില്‍ വീരേതിഹാസം രചിക്കുകയാണ് ഇന്ത്യ. വനിതാ വിഭാഗം ഫോര്‍സ് മത്സരത്തില്‍ സ്വര്‍ണം നേടിക്കൊണ്ട് ഇന്ത്യ ചരിത്രം കുറിച്ചു. ലോണ്‍ ബോളില്‍ ആദ്യമായി ഇന്ത്യയ്ക്ക് മെഡല്‍. ലവ്‌ലി ചൗബേ, രൂപ റാണി ടിര്‍ക്കി, നയന്‍മോണി സൈകിയ, പിങ്കി എന്നിവരടങ്ങുന്ന സഖ്യമാണ് ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. കരുത്തരായ ന്യൂസീലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ സ്വര്‍ണത്തില്‍ മുത്തമിട്ടത്.

പിന്നാലെ ഇതേ ഇനത്തില്‍ പുരുഷ ടീമും വിജയം കൊയ്തു. വെള്ളി മെഡലാണ് പുരുഷന്മാര്‍ കഴുത്തിലണിഞ്ഞത്.പുരുഷന്മാരുടെ ഫോര്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ ചന്ദന്‍കുമാര്‍ സിങ്, ദിനേശ് കുമാര്‍, നവ്‌നീത് സിങ്, സുനില്‍ ബഹാദുര്‍ സഖ്യം വെള്ളി മെഡല്‍ നേടി. ഫൈനലില്‍ ഇന്ത്യ പൊരുതിത്തോല്‍ക്കുകയായിരുന്നു.

മലയാളികളുടെ സ്വന്തം അത്‌ലറ്റിക്‌സ്

അത്‌ലറ്റിക്‌സ് എപ്പോഴും ഇന്ത്യയ്ക്ക് തലവേദന സമ്മാനിക്കാറുണ്ട്. ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം സ്ഥാനക്കാരനുമായ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ നിന്ന് പരിക്കുമൂലം പിന്മാറിയതോടെ ഇന്ത്യയ്ക്ക് അതലറ്റിക്‌സില്‍ കനത്ത തിരിച്ചടി നേരിട്ടു. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഉറപ്പായ സ്വര്‍ണമായിരുന്നു നീരജിന്റെത്. ഇതോടെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായി മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കര്‍ ഉയര്‍ന്നുവന്നു. പക്ഷേ ഞെട്ടിച്ചത് മറ്റൊരാളാണ്. എറണാകുളം പാലയ്ക്കാമറ്റം സ്വദേശി എല്‍ദോസ് പോള്‍. ട്രിപ്പിള്‍ ജംപില്‍ 17.03 മീറ്റര്‍ ചാടിക്കൊണ്ട് എല്‍ദോസ് ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സിലെ ഏക സ്വര്‍ണം സമ്മാനിച്ചു. അത്ഭുതകരമായ നേട്ടം എന്നാണ് കായിക ലോകം ഈ യുവതാരത്തിന്റെ പ്രകടനത്തെ വിലയിരുത്തുന്നത്. ഈ ഇനത്തില്‍ മറ്റൊരു മലയാളിയായ അബ്ദുള്ള അബൂബക്കറിനാണ് വെള്ളി. 17.02 മീറ്റര്‍ ദൂരം താണ്ടിയാണ് അബ്ദുള്ള വെള്ളി നേടിയത്. ഈ ഇനത്തിലെ മെഡല്‍ദാന ചടങ്ങില്‍ പോഡിയത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നിന്നപ്പോള്‍ മലയാളികള്‍ ഒന്നടങ്കം അഭിമാനിച്ചു. അപ്രതീക്ഷിതമായ നേട്ടത്തോടെ അത്‌ലറ്റിക്‌സില്‍ തരംഗം സൃഷ്ടിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡും സ്വന്തമാക്കിയാണ് എല്‍ദോസ് സ്‌റ്റേഡിയം വിട്ടത്. ആദ്യമായി 17 മീറ്റര്‍ കണ്ടെത്തിയതിന്റെ ആഹ്ളാദത്തില്‍ അബ്ദുള്ളയും.

ലോങ്ജമ്പില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് എം.ശ്രീശങ്കറും മലയാളികള്‍ക്ക് അഭിമാനമായി. ശക്തമായ പോരാട്ടത്തില്‍ 8.08 മീറ്റര്‍ ചാടിയാണ് താരം വെളളി നേടിയത്. സ്വര്‍ണം നേടിയ ബഹാമാസിന്റെ ലഖ്വന്‍ നയ്‌രനും ഇതേ ദൂരമാണ് താണ്ടിയത്. എന്നാല്‍ കാറ്റിന്റെ ശക്തിക്കുറവിന്റെ കാരണം നിരത്തി ബഹാമാസ് താരത്തിന് സ്വര്‍ണം സമ്മാനിച്ചു. എന്നാലും തലയുയര്‍ത്തിയാണ് ശ്രീശങ്കര്‍ നാട്ടിലേക്ക് മടങ്ങുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ്ജമ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് തന്റെ പേരില്‍ കുറിച്ചാണ് ദേശീയ റെക്കോഡ് ജേതാവ് കൂടിയായ ശ്രീശങ്കര്‍ ബര്‍മിങ്ങാമില്‍ നിന്ന് മടങ്ങുന്നത്.

അത്‌ലറ്റിക്‌സില്‍ ചരിത്രം കുറിച്ച മറ്റൊരു നേട്ടവും ഇന്ത്യയ്ക്കുണ്ട്. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ വെള്ളി നേടിക്കൊണ്ട് അവിനാശ് മുകുന്ദ് സാബ്ലെ താരമായി മാറി. ദേശീയ റെക്കോഡ് നേട്ടത്തോടെ 8:11.20 മിനിറ്റിലാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. കെനിയയുടെ കുത്തകയായ ഈ ഇനത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം മെഡല്‍ നേടുന്നത്. കെനിയയുടെ ആധിപത്യത്തിന് ഇന്ത്യ അവിനാശിലൂടെ വലിയൊരു തിരിച്ചടി തന്നെയാണ് നല്‍കിയത്. അവിനാശിന് നേരിയ വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്. എന്നാലും നിരാശപ്പെടാതെ തന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ കഴുത്തിലണിഞ്ഞ് സാബ്ലെ നാട്ടിലേക്ക് മടങ്ങുന്നു.

അത്‌ലറ്റിക്‌സില്‍ ആകെ എട്ട് മെഡലുകളാണ് ഇന്ത്യ നേടിയത്. അതില്‍ ഒരു സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടും. വനിതകളുടെ 10 കിലോമീറ്റര്‍ നടത്തത്തില്‍ പ്രിയങ്ക ഗോസ്വാമിയും വെള്ളി നേടിയിട്ടുണ്ട്. പുരുഷന്മാരുടെ ഹൈജമ്പില്‍ തേജസ്വിനി ശങ്കര്‍, വനിതാ ജാവലിന്‍ ത്രോയില്‍ അന്നു റാണി, പുരുഷന്മാരുടെ 10 കിലോമീറ്റര്‍ നടത്തത്തില്‍ സന്ദീപ് കുമാര്‍ എന്നിവര്‍ വെങ്കലം നേടി.

ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ മുട്ടിടിയ്ക്കുന്ന ഇന്ത്യ

ചരിത്രത്തിലാദ്യമായി ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമായ വര്‍ഷമാണിത്. വനിതാ ക്രിക്കറ്റാണ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ട്വന്റി 20 ഫോര്‍മാറ്റില്‍ രണ്ട് പൂളുകളിലായി എട്ടുടീമുകളാണ് മത്സരിച്ചത്. അതില്‍ മികച്ച പ്രകടനം നടത്തിയ നാല് ടീമുകള്‍ സെമിയിലെത്തി. തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യ സെമിയിലെത്തി. സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫൈനലിലിടം നേടുകയും ചെയ്തു. എന്നാല്‍ ഫൈനലില്‍ പതിവുപോലെ വനിതാ ടീം പരാജയപ്പെട്ടു. ഫൈനലില്‍ തോല്‍ക്കുകയെന്ന ശീലം ഇവിടെയും ഇന്ത്യ കാണിച്ചു. കലാശപ്പോരില്‍ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യ വെള്ളി മെഡല്‍ കഴുത്തിലണിഞ്ഞു. പക്ഷേ കോമണ്‍വെല്‍ത്തിലെ ആദ്യ ക്രിക്കറ്റ് മെഡല്‍ എന്ന നേട്ടം സ്വന്തമാക്കിയാണ് ഇന്ത്യന്‍ വനിതകള്‍ കളം വിട്ടത്.

സമാന സാഹചര്യമാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനുമുണ്ടായത്. തകര്‍പ്പന്‍ കളി പുറത്തെടുത്ത് ഫൈനലിലെത്തിയെങ്കിലും ഓസ്‌ട്രേലിയയോട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. ഫൈനലില്‍ എതിരില്ലാത്ത ഏഴുഗോളുകള്‍ക്കാണ് ഓസീസ് ഇന്ത്യയെ തകര്‍ത്തത്. ഇതോടെ വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. മൂന്നാം തവണയാണ് ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം വെള്ളി മെഡല്‍ നേടുന്നത്.

ഈ മത്സരങ്ങള്‍ കൂടാതെ സ്‌ക്വാഷില്‍ സൗരവ് ഘോഷാല്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി. പുരുഷ സിംഗിള്‍സിലും ദീപിക പള്ളിക്കലിനൊപ്പം മിക്‌സഡ് ഡബിള്‍സിലുമാണ് താരം മെഡല്‍ നേടിയത്. പവര്‍ലിഫ്റ്റിങ്ങില്‍ ഇന്ത്യയുടെ സൂധീര്‍ സ്വര്‍ണം നേടിയതും എടുത്തുപറയേണ്ട കാര്യമാണ്. ജൂഡോയില്‍ നിന്ന് രണ്ട് വെള്ളിയും ഒരു വെങ്കലവും ഇന്ത്യ നേടി. വനിതാ വിഭാഗത്തില്‍ സുശീല ദേവിയും തൂലിക മാനും വെള്ളി നേടിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ വിജയ് കുമാര്‍ യാദവ് വെങ്കലം നേടി.

മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യയുടെ കായികതാരങ്ങള്‍ ഇംഗ്ലണ്ടിന്റെ മണ്ണിനോട് വിടപറയുന്നത്. ഇനി 2026-ലാണ് അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ്. ഇത്തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് അടുത്ത ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. തിരിച്ചടികള്‍ നല്‍കിയ പാഠമുള്‍ക്കൊണ്ട് ഇന്ത്യയുടെ കായികപ്രതിഭകള്‍ ഓസ്‌ട്രേലിയയില്‍ എല്ലാ കൊടികള്‍ക്കും മുകളില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക പാറിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം...

Content Highlights: cwg 2022, india in cwg 2022, list of indian medal winners in cwg 2022, commonwealth games, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented