Photo: PTI
ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ. ആവേശകരമായ ഒന്നാം സെമി ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ നാല് റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ അഞ്ചിന് 164, ഇംഗ്ലണ്ട് 20 ഓവറില്‍ ആറിന് 160.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷഫാലി വര്‍മയും നല്‍കിയത്. ആദ്യ വിക്കറ്റില്‍ 76 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിക്കുന്ന സ്മൃതി ഈ മത്സരത്തിലും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. 32 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 61 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
31 പന്തുകളില്‍ നിന്ന് പുറത്താവാതെ 44 റണ്‍സെടുത്ത ജെമീമ റോഡ്രിഗസും 22 റണ്‍സ് നേടിയ ദീപ്തി ശര്‍മയും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ ഇരുവരും നടത്തിയ ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ സ്കോര്‍ 164-ല്‍ എത്തിച്ചത്. ഇംഗ്ലണ്ടിനുവേണ്ടി ഫ്രേയ കെംപ് രണ്ട് വിക്കറ്റെടുത്തു.
165 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. എന്നാല്‍ 41 റണ്‍സെടുത്ത നായിക നാറ്റ് സൈവറിന്റെ പ്രകടനം ടീമിന് വിജയപ്രതീക്ഷ സമ്മാനിച്ചു. 35 റണ്‍സെടുത്ത ഡാനി വ്യാട്ടും 31 റണ്‍സ് നേടിയ എമി ജോണ്‍സും പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ വിജയം തടയാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി സ്നേഹ് റാണ രണ്ടുവിക്കറ്റെടുത്തു.
ഫൈനലില്‍ ഓസ്ട്രേലിയയോ ന്യൂസീലന്‍ഡോ ആയിരിക്കും ഇന്ത്യയുടെ എതിരാളി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..