Photo: PTI
ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ടേബിള്‍ ടെന്നീസ് ടീം സെമി ഫൈനലില്‍. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെ അനായാസം മറികടന്നാണ് സെമിയിലെത്തിയത്. ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ഇന്ത്യയുടെ വിജയം.
3-0 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്ക് വേണ്ടി സിംഗിള്‍സില്‍ ശരത് കമല്‍ അജന്ത, സത്തിയന്‍ ജ്ഞാനശേഖരന് എന്നിവരും ഡബിള്‍സില്‍ സത്തിയന്‍-ഹര്മന് ദേശായ് സഖ്യവും വിജയം നേടി. സെമിയില്‍ നൈജീരിയയാണ് ഇന്ത്യയുടെ എതിരാളി.
ഡബിള്‍സ് മത്സരമാണ് ആദ്യം നടന്നത്. ഡബിള്‍സില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയ സത്തിയന്‍-ഹര്മന് സഖ്യം ബംഗ്ലാദേശിന്റെ ബാവം-റിഡോയ് സഖ്യത്തെ അനായാസം കീഴടക്കി. സ്കോര്‍: 11-8, 11-6, 11-2.
രണ്ടാം മത്സരത്തില്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ശരത് കമലാണ് മത്സരിക്കാനിറങ്ങിയത്. ബംഗ്ലാദേശിന്റെ റിഫാത്ത് സാബിറിനെ നിലംതൊടാനനുവദിക്കാതെ കമല്‍ അനായാസ വിജയം കുറിച്ചു. സ്കോര്‍: 11-4, 11-7, 11-2. ഇതോടെ ഇന്ത്യ 2-0 ന് മുന്നിലെത്തി.
മൂന്നാം മത്സരത്തില്‍ ഡബിള്‍സിന് പിന്നാലെ സിംഗിള്‍സ് മത്സരത്തിനെത്തിയ സത്തിയനും അനായാസ വിജയം നേടി. അഹമ്മദ് റിഡ്ഡിയ്ക്കെതിരേ ആദ്യ മൂന്ന് സെറ്റ് നേടിക്കൊണ്ട് താരം ഇന്ത്യയ്ക്ക് സെമി ഫൈനല്‍ പ്രവേശനം സാധ്യമാക്കി. സ്കോര്‍: 11-2, 11-3, 11-5.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..