Photo: ANI
കായികരംഗത്തെ സ്വപ്നനേട്ടത്തിനായി എത്രത്തോളം ക്ഷമവേണം എന്നതിന് ഇന്ത്യയില്‍നിന്ന് ചൂണ്ടിക്കാട്ടാവുന്ന ഉത്തരമാണിപ്പോള്‍ എം. ശ്രീശങ്കര്‍. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ശ്രീശങ്കര്‍ സ്വന്തമായി ഒരു മെയില്‍ ഐ.ഡി. ഉണ്ടാക്കി, 'ഒളിമ്പ്യന്‍ ശങ്കര്‍@ജിമെയില്‍' എന്ന പേരില്‍. അതുകണ്ട് കൂട്ടുകാര്‍ കളിയാക്കി. പക്ഷേ, 'ശങ്കു'വിന് അത് കളിയായിരുന്നില്ല. ദേശീയ അത്ലറ്റുകളായ അച്ഛന് എസ്. മുരളിയുടെയും അമ്മ കെ.എസ്. ബിജിമോളുടെയും കണ്മുന്നില്നിന്ന് ചാടിത്തുടങ്ങിയ ശ്രീശങ്കര്‍ ദേശീയ ജൂനിയര്‍, സീനിയര്‍ മീറ്റുകള്‍ കടന്ന് ഏഷ്യന്‍ ഗെയിംസിലും ലോക അത്ലറ്റിക് മീറ്റിലും ഒളിമ്പിക്സിലും ചാടി. വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിനും കാത്തിരിപ്പിനുമൊടുവില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡലുമായി 'ഒളിമ്പ്യന്‍ ശങ്കര്‍' തിരിച്ചുവരുന്നു.
ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വ്യാഴാഴ്ച രാത്രി 8.08 മീറ്റര്‍ ചാടിക്കടന്ന് ശ്രീശങ്കര്‍ നേടിയ വെള്ളിക്ക് സ്വര്‍ണത്തോളം തിളക്കമുണ്ട്. സ്വര്‍ണം നേടിയ ബഹാമസ് താരം ലാക്വാന്‍ നയിനും ചാടിയത് 8.08 മീറ്റര്‍ തന്നെ. തുല്യനിലയിലായതോടെ മികച്ച രണ്ടാമത്തെ ദൂരം (7.94) ലാക്വാനെ ജേതാവാക്കി. സീനിയര്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രീശങ്കറിന്റെ ആദ്യ മെഡലാണിത്.
ഇതിനിടെ, പ്രതിസന്ധികള്‍ പലതുണ്ടായി. പക്ഷേ, ലോങ്ജമ്പിലെ അന്താരാഷ്ട്ര താരമാവുക എന്നതില്‍നിന്ന് ഒരിക്കലും പിന്മാറിയില്ല. അവിടേക്കെത്താന്‍ ഏറെ കഷ്ടപ്പെട്ടു. മെഡിക്കല്‍ സയന്‍സ് പഠിക്കാനവസരം കിട്ടിയെങ്കിലും പഠനവും പരിശീലനവും ഒന്നിച്ചുപോകില്ല എന്നതുകൊണ്ട് വേണ്ടെന്നുവെച്ചു. പിന്നെ, എന്‍ജിനീയറിങ്ങിന് ചേര്‍ന്നു. അപ്പോഴും പരിശീലനത്തിന് വേണ്ടത്ര സമയം കിട്ടാത്തത്തിനാല്‍ അത് നിര്‍ത്തി വിക്ടോറിയ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു.
നാലുവര്‍ഷംമുമ്പ് 19-ാം വയസ്സില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയെങ്കിലും അവിടേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ അപ്പന്റിസൈറ്റിസ് വന്ന് ആശുപത്രിയിലായി. അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. ശരീരഭാരവും ഫിറ്റ്നസും നഷ്ടമായി. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന് നാലുമാസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. സുഖംപ്രാപിച്ച ഉടന്‍ പരിശീലനരംഗത്തേക്ക് ഇറങ്ങിയ ശങ്കു, രണ്ടുമാസത്തിനുശേഷം ജപ്പാനില്‍ നടന്ന ലോക ജൂനിയര്‍ (അണ്ടര്‍ 20) ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി (7.47 മീറ്റര്‍). അത് ഏഷ്യന്‍ ഗെയിംസിനുള്ള പ്രചോദനമായി. പക്ഷേ, മെഡല്‍ നേടാനായില്ല.
തുടര്‍ന്ന് ദോഹ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും ടോക്യോ ഒളിമ്പിക്സിലും ഇക്കുറി യൂജിന്‍ ലോക ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ പ്രതീക്ഷയുണര്‍ത്തിയെങ്കിലും നിരാശേെപ്പടണ്ടിവന്നു. നിര്‍ണായക ഘട്ടത്തില്‍ പതറിപ്പോകുന്നതിനെപ്പറ്റി പരാതിയുണ്ടായി. ആ ഫിനിഷിങ് ട്രബിളാണ് വ്യാഴാഴ്ച രാത്രി ബര്‍മിങ്ങാമില്‍ തിരുത്തിയത്. അപ്പോഴും ആഭ്യന്തര മത്സരങ്ങളില്‍ പുതിയ ദൂരങ്ങള്‍ കുറിച്ചുകൊണ്ടിരുന്നു. 2018-ല്‍, 8.20 മീറ്റര്‍ ചാടി ഈയിനത്തില്‍ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ദൂരം കുറിച്ച ശ്രീശങ്കര്‍ തുടര്‍ന്ന് രണ്ടുവട്ടം സ്വന്തം റെക്കോഡ് പുതുക്കി. കഴിഞ്ഞ ഏപ്രിലില്‍ തേഞ്ഞിപ്പലത്ത് നടന്ന ഫെഡറേഷന് കപ്പില്‍ 8.36 മീറ്റര്‍ ചാടി ലോക നിലവാരത്തിലെത്തി.
1978-ല്‍ കാനഡയിലെ എഡ്മണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍, മലയാളിയായ സുരേഷ് ബാബു (7.94 മീറ്റര്‍) വെങ്കലം നേടിയശേഷം പുരുഷവിഭാഗത്തില്‍ ആദ്യ ഇന്ത്യന്‍ മെഡലാണ് ശ്രീശങ്കര്‍ നേടിയത്. വനിതാ വിഭാഗത്തില്‍ അഞ്ജു ബോബി ജോര്‍ജ് (2002) വെങ്കലവും എം.എ. പ്രജുഷ (2010) വെള്ളിയും നേടിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..