Photo: PTI
നാലു വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസ് മലയാളി ലോങ് ജംപ് താരം മുരളി ശ്രീശങ്കര്‍ മറക്കാനാഗ്രഹിക്കുന്ന ഒന്നാണ്. ഗോള്‍ഡ് കോസ്റ്റിലെ മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗെയിംസ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ശ്രീശങ്കറിന് നിര്‍ഭാഗ്യത്തിന്റെ രൂപത്തില്‍ അപ്പെന്‍ഡിക്‌സ് പൊട്ടി അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവരുന്നത്. ഇതോടെ ലോക വേദിയില്‍ മത്സരിക്കാമെന്ന പ്രതീക്ഷ അവസാനിച്ചു. കടുത്ത നിരാശയിലേക്ക് വീണെങ്കിലും ആ തിരിച്ചടികളിലൊന്നും വീഴാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു. അതിന് ശേഷം വര്‍ധിതവീര്യത്തോടെ ചിട്ടയായി നടത്തിയ പരിശീലനമാണ് ശ്രീശങ്കറിനെ വ്യാഴാഴ്ച ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലിലേക്ക് നയിച്ചത്.
ഫൈനലില്‍ 8.08 മീറ്റര്‍ ചാടിയാണ് ശ്രീ, ബര്‍മിങ്ങാമില്‍ രാജ്യത്തിന്റെ അഭിമാനമായത്. സ്വര്‍ണമെഡല്‍ നേടിയ ബഹമാസ് താരം ലഖ്വന്‍ നയ്രന്‍ ഇതേ ദൂരം തന്നെയാണ് ചാടിയതെങ്കിലും, ചാടുന്ന സമയത്ത് കാറ്റിന്റെ ശക്തി കുറവായിരുന്നതാണ് നയ്‌രനെ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കാന്‍ സഹായിച്ചത്. 1978-ലെ കാനഡ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയ സുരേഷ് ബാബുവിന് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജംപില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കൂടിയാണ് ശ്രീ സ്വന്തമാക്കിയിരിക്കുന്നത്.
2018-ലെ ആ തിരിച്ചടിക്ക് ശേഷം ബര്‍മിങ്ങാമിലേക്കെത്തുമ്പോള്‍ ശ്രീശങ്കര്‍ കൂടുതല്‍ പരിചയസമ്പന്നനും അന്താരാഷ്ട്ര വേദികളിലെ പരിചിത മുഖങ്ങളിലൊന്നായി മാറുകയും ചെയ്തിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച കായികതാരങ്ങളുമായി വിവിധ വേദികളില്‍ മാറ്റുരയ്ക്കുകയും വലിയ കായിക മേളകളില്‍ മത്സരിക്കുകയും ചെയ്തുകഴിഞ്ഞു. അത്ലറ്റിക്സ് വേള്‍ഡ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ശ്രീശങ്കര്‍ ഗ്രീസിലെ രണ്ട് പ്രധാന മേളകളിലും മത്സരിച്ചു. യു.എസില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം.
ബര്‍മിങ്ങാമിലേക്കെത്തിയപ്പോള്‍ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 8.05 മീറ്റര്‍ ചാടി ശ്രീ ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കി. യോഗ്യതാ റൗണ്ടില്‍ എട്ട് മീറ്ററെന്ന യോഗ്യതാ മാര്‍ക്ക് മറികടന്ന ഏക താരവും ശ്രീശങ്കറായിരുന്നു. ഇതോടെ അത്‌ലറ്റിക്‌സില്‍ ഒരു മെഡലെന്ന ഇന്ത്യയുടെ പ്രതീക്ഷ വര്‍ധിച്ചു.
ഫൈനലില്‍ ആദ്യ ശ്രമത്തില്‍ മികച്ച തുടക്കം ലഭിക്കാതിരുന്ന ശ്രീശങ്കറിന് 7.60 മീറ്റര്‍ മാത്രമാണ് ചാടാനായത്. തുടര്‍ന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ശ്രമത്തില്‍ 7.84 മീറ്റര്‍ ചാടി. നാലാം ശ്രമം ഫൗളായതോടെ പ്രതീക്ഷിച്ച മെഡല്‍ നഷ്ടമാകുമോ എന്ന ആശങ്കയുയര്‍ന്നു. എന്നാല്‍ അഞ്ചാം ശ്രമത്തില്‍ 8.08 മീറ്റര്‍ പിന്നിട്ടതോടെ ശ്രീ മെഡല്‍ പൊസിഷനിലേക്കെത്തി.
കഴിഞ്ഞ വര്‍ഷം ടോക്യോയിലെ നാഷണല്‍ സ്റ്റേഡിയത്തിലെ ജംപിങ് പിറ്റില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയും പേറി ഒടുവില്‍ നിരാശനായി മടങ്ങേണ്ടിവന്നതിന്റെ വേദനയും മറന്ന് ഇങ്ങ് ബര്‍മിങ്ങാമില്‍ ശ്രീ വെള്ളിത്തിളക്കം മാറിലേറ്റി മടങ്ങുമ്പോള്‍ അത് രാജ്യത്തിന് അവനില്‍നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാമെന്നതിന് അടിവരയിടുക കൂടി ചെയ്യുന്നു.
ടോക്യോ ഒളിമ്പിക്‌സില്‍ നിറംമങ്ങിപ്പോയ ശ്രീശങ്കര്‍ ഇക്കഴിഞ്ഞ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിക്കൊണ്ടാണ് ഫോമിലേയ്ക്ക് മടങ്ങിയെത്തിയത്. 8.36 മീറ്ററായിരുന്നു ശ്രീശങ്കര്‍ ചാടിയ റെക്കോഡ് ദൂരം. അതിനു മുമ്പ് പട്യാല ഫെഡറേഷന്‍ കപ്പില്‍ കുറിച്ച 8.26 മീറ്ററായിരുന്നു പഴയ റെക്കോഡ് ദൂരം.
Content Highlights: commonwealth games 2022 Murali Sreeshankar From Gold Coast heartbreak to Birmingham Silver


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..