ലവ്ലി ചൗബെ, പിങ്കി സിങ്, നയൻമോനി സൈക്കിയ, രൂപ റാണി ടിർകി എന്നിവർ | Photo: twitter.com
ഇന്ത്യക്കാരില്‍ കായിക രംഗത്തോട് അല്പമെങ്കിലും താത്പര്യമുള്ളവരെല്ലാം ഇപ്പോള്‍ 'ലോണ്‍ ബോള്‍സ്' എന്ന കായികയിനം എന്താണ്, എങ്ങിനെയാണ് എന്നുള്ള തിരച്ചിലിലാണ്. അതിന് കാരണമായതോ ലവ്ലി ചൗബെ, നയന്‍മോനി സൈക്കിയ, രൂപ റാണി ടിര്‍കി, പിങ്കി സിങ് എന്നീ നാല് പെണ്‍പുലികളും. ചൊവ്വാഴ്ച കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ ലോണ്‍ ബോള്‍ സ്വര്‍ണമാണ് ഈ സംഘം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അതിഥി അശോക് ഗോള്‍ഫില്‍ മികച്ച മുന്നേറ്റം നടത്തി മെഡല്‍ നേട്ടത്തിനടുത്തെത്തിയപ്പോള് കായിക പ്രേമികള്‍ മുഴുവന്‍ ഗോള്‍ഫിന്റെ നിയമങ്ങളും മറ്റും തപ്പിനടന്നതു പോലത്തെ സാഹചര്യം തന്നെയാണ് ഇപ്പോള്‍ ലോണ്‍ ബോളിന്റെ കാര്യത്തിലുമുള്ളത്.
കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ അളന്നുമുറിച്ചുള്ള ത്രോകളിലൂടെ 17-10 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സംഘം സ്വര്‍ണ മെഡലില്‍ മുത്തമിട്ടത്. സെമിയില്‍ പവര്‍ഹൗസുകളായ ന്യൂസീലന്‍ഡിനെതിരേ 1-6 എന്ന തരത്തില്‍ പിന്നിലായ ശേഷം അവിശ്വസനീയമായി തിരിച്ചടിച്ച ഇന്ത്യന്‍ സംഘത്തിന് പക്ഷേ കലാശപ്പോരില്‍ ദക്ഷിണാഫ്രിക്ക കാര്യമായ വെല്ലുവിളിയായില്ല.
ബര്‍മിങ്ങാമില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ലോണ്‍ ബോള്‍ ലേഡീസ് ഈ മത്സരം കൊണ്ട് മാത്രം ജീവിക്കുന്നവരല്ല. പോലീസ് കോണ്‍സ്റ്റബിളും പി.ടി അധ്യാപികയും ഫോസ്റ്റ് ഓഫീസറും സ്പോര്‍ട്സ് ഓഫീസറുമെല്ലാം ഇവരുടെ കൂട്ടത്തിലുണ്ട്. ഇവരില്‍ രണ്ടുപേര്‍ എം.എസ് ധോനിയുടെ നാടായ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നുള്ളവരാണ്. ലവ്ലി ചൗബെ ജാര്‍ഖണ്ഡ് പോലീസില്‍ കോണ്‍സ്റ്റബിളാണ്. റാഞ്ചിയില്‍ നിന്നുതന്നെയുള്ള രൂപ റാണി ടിര്‍കി ജില്ലാ സ്പോര്‍ട് ഓഫീറാണ്. പിങ്കി സിങ് ന്യൂഡല്‍ഹിയിലെ ആര്‍കെ പുരം ഡല്‍ഹി പബ്ലിക് സ്കൂളിലെ കായികാധ്യാപികയാണ്. അസമില്‍ നിന്നുള്ള നയന്‍മോനി സൈക്കിയ സംസ്ഥാന വനംവകുപ്പിലെ ഫോറസ്റ്റ് ഓഫീസറും. ലോണ്‍ ബോള്സിലെ ഇന്ത്യയുടെ ഈ അഭിമാന താരങ്ങളെ പരിചയപ്പെടാം.
.jpg?$p=0de4e45&w=610&q=0.8)
ലവ്ലി ചൗബെ
ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഒരു ഇടത്തരം കുടുംബത്തിലാണ് ലവ്ലിയുടെ ജനനം. കോള്‍ ഇന്ത്യ ജീവനക്കാരനായിരുന്നു താരത്തിന്റെ പിതാവ്. ജാര്‍ഖണ്ഡ് ബോര്‍ഡ് ഓഫ് എജ്യുക്കേഷനിലായിരുന്നു ലവ്ലിയുടെ ഹൈസ്കൂള്‍ വിദ്യാഭ്യാസമെല്ലാം. 42-കാരിയായ താരം ഇപ്പോള്‍ ജാര്‍ഖണ്ഡ് പോലീസില്‍ കോണ്‍സ്റ്റബിളാണ്. 2008-ല്‍ തന്റെ ആദ്യ ലോണ്‍ ബോള്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ തന്നെ സ്വര്‍ണം സ്വന്തമാക്കി വരവറിയിച്ചയാളാണ് ലവ്ലി.

രൂപ റാണി ടിര്‍കി
ജനനം ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍. സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ഗോസ്സ്നര്‍ കോളേജില്‍ നിന്ന് ബിരുദമെടുത്ത രൂപ, 2020 മുതല്‍ ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാരിന്റെ കായിക വകുപ്പില്‍ ജില്ലാ സ്പോര്‍ട് ഓഫീസറായി ജോലി നോക്കുകയാണ്. 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോണ്‍ ബോള്‍സ് ട്രിപ്പിള്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചായിരുന്നു തുടക്കം. 2014-ല്‍ ട്രിപ്പിള്‍സ്, ഫോര്‍സ് ഇനത്തിലും മത്സരിച്ചു. 2018-ലും ഫോര്‍സ് ഇനത്തിലാണ് മത്സരിച്ചത്. 2020-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോക ഔട്ട്ഡോര്‍ ബോള്‍സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയ്ക്കായി മത്സരിച്ചു.

പിങ്കി സിങ്
ഡല്‍ഹിയില്‍ ഒരു ഇടത്തരം കുടുംബത്തിലാണ് പിങ്കി സിങ്ങിന്റെയും ജനനം. ന്യൂഡല്‍ഹിയിലെ സാല്‍വാന്‍ ഗേള്‍സ് പബ്ലിക് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം മുഴുവന്‍. പിന്നാലെ കമല നെഹ്റു കോളേജില്‍ നിന്ന് ബിരുദം നേടി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സ്പോര്‍ട്സ് ബിരുദവും പട്യാലയിലെ സായിയില്‍ നിന്ന് സ്പോര്‍ട്സ് ഡിപ്ലോമയും നേടി. നിലവില്‍ ആര്‍കെ പുരം ഡല്‍ഹി പബ്ലിക് സ്കൂളിലെ കായികാധ്യാപികയാണ്. ഇവിടെ വെച്ചാണ് ലോണ്‍ ബോള്സിലേക്ക് പിങ്കിയുടെ ശ്രദ്ധ തിരിയുന്നതും. 2010 കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായുള്ള പരിശീലനത്തിനും മറ്റുമായി ഡല്‍ഹി പബ്ലിക് സ്കൂള്‍ ഒരു ലോണ്‍ ബോള്‍ ഗ്രീന്‍ (ലോണ്‍ ബോള്‍ കളിക്കുന്ന മൈതാനത്തിന് പറയുന്ന പേര്) ഉണ്ടാക്കി. അതിനു ശേഷം ഈ മത്സരയിനം പിങ്കിയുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറുകയായിരുന്നു.

നയന്‍മോനി സൈക്കിയ
അസമിലെ ഗോലാഘട്ട് ജില്ലയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് നയന്‍മോനി സൈക്കിയയുടെ ജനനം. അച്ഛന് അറിയപ്പെടുന്ന കൃഷിക്കാരനും. ഒരു പ്രാദേശിക വ്യവസായിയെ വിവാഹം ചെയ്ത നയന്‍മോനിക്ക് ഒരു മകളുമുണ്ട്. 2008-ലാണ് ലോണ്‍ ബോളില്‍ താരം കരിയറാരംഭിക്കുന്നത്. 2011 മുതല്‍ അസം വനംവകുപ്പിലെ ജീവനക്കാരി കൂടിയാണ് നയന്‍മോനി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..