.
ക്രൈസ്തവരുടെ ഒരു തിരുനാൾ ആഘോഷത്തിനപ്പുറം, ലോകമെമ്പാടുമുള്ള ജനങ്ങൾ കൊണ്ടാടുന്ന ഒരു ആഘോഷമായി ക്രിസ്മസ് ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. കരോളും ആശംസ കാർഡുകളും ക്രിബുമൊക്കെ ഇക്കാലയളവിൽ ജനകീയമായതു ഇക്കാരണം കൊണ്ടു തന്നെയാണ്. മഞ്ഞുള്ള ഡിസംബറിൽ, ലാളിത്യത്തിന്റെ പരമോന്നത ആഖ്യാനമായി കാലഘട്ടത്തെ തന്നെ തന്റെ പിറവി കൊണ്ടു വേർതിരിച്ച ഉണ്ണിയേശു വിരാജിച്ചു തുടങ്ങിയിട്ട് രണ്ടു സഹസ്രാബ്ദങ്ങളായി(2022). ഉണ്ണിയേശുവിന്റെ ചരിത്ര പ്രാമുഖ്യത്തോടൊപ്പം പുൽക്കൂടും സാന്താക്ലോസ്സും ക്രിസ്തുമസ് ആശംസാ കാർഡുകളും ലോകമനസ്സുകളെ ക്രിസ്മസ് കാലയളവിൽ കുളിരു കോരിയ്ക്കുന്ന ഒരു സാമൂഹ്യാനുഭൂതി കൂടിയായി മാറിക്കഴിഞ്ഞു. അവയുടെ ചരിത്രപരതയുടെ സൂചകങ്ങളിലേയ്ക്ക് ഒന്നു എത്തിനോക്കാം.
പുൽക്കൂട്
ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ ലഘൂകരിച്ച ചിത്രീകരണം ഒരു ചെറു വിസ്തൃതിയ്ക്കുള്ളിൽ നാം ആവിഷ്ക്കരിക്കുന്നതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും നാല്ക്കവലകളിലും വ്യത്യസ്തങ്ങളായ വസ്തുക്കള്‍ ഉപയോഗിച്ച് മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കുന്നതിൽ അസാമാന്യ ഭാവനയും അനതിസാധാരണമായ ക്രിയാത്മകതയും നമുക്ക് അനുഭവവേദ്യവുമാണ്. ക്രിസ്മസ്സിനോടനുബന്ധിച്ച് നിർമ്മിയ്ക്കുന്ന അലങ്കാര പുൽക്കൂടിന് ലോകമൊട്ടാകെ പ്രാമുഖ്യം ലഭിച്ചതിനു പുറകിൽ ഇന്നും അതിശയോക്തിയുള്ള ചരിത്രമുണ്ട്.
സംശയം വേണ്ട; പുല്‍ക്കൂടിന് ആധാരമായ സംഭവങ്ങൾ അടിസ്ഥാനപരമായി നാം കാണുന്നത് ബൈബിളിലെ പുതിയ നിയമ ഭാഗങ്ങളിലെ സുവിശേഷങ്ങളിൽ തന്നെയാണ്. ഈശോയുടെ ജനനത്തിന്‍റെ വിവരണം ഏറ്റവും പച്ചയായി തന്നെ ലൂക്കാ സുവിശേഷകൻ അവതരിപ്പിക്കുന്നുമുണ്ട്: “മറിയം തന്‍റെ കടിഞ്ഞൂല്‍പ്പുത്രനെ പ്രസവിച്ചു. പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് അവനെ പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല” (ലൂക്ക 2:7)
കാലിതൊഴുത്തെന്ന പ്രതീകം ബൈബിളിൽ നിന്നുൽഭവിച്ചതെങ്കിലും ഇന്ന് നാം കാണുന്ന ആലങ്കാരികഭാവത്തോടെയുള്ള പുൽകൂടുകളുടെ ഉത്ഭവം ഫ്രാൻസീസ് അസീസിയുടെ ഇറ്റലിയിലെ ഗ്രേചോ പട്ടണത്തിലെ ഗുഹയിലെ പ്രാർത്ഥനയോടും അദ്ദേഹത്തിന്റെ വേറിട്ട ചിന്തയോടും ചേർന്നാണ്. 1223 ൽ നവംബര്‍ 29-നാണ് വി. ഫ്രാൻസിസ് അസിസിയുടെ സന്ന്യാസസഭയ്ക്ക് ബോണിഫെസ് മൂന്നാമന്‍ പാപ്പായില്‍നിന്നും അംഗീകാരം കിട്ടിയത്. ഇതു തീർത്ത ആത്മനിർവൃതിയോടെ ഇറ്റലിയിലെ ഗ്രേചോ എന്ന ചെറുപട്ടണത്തിലെ ഒരു ഗുഹയില്‍, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് പതിവുപോലെ പ്രാര്‍ത്ഥിക്കുകയായിരുന്നു. ഗുഹാന്തരീക്ഷത്തിലെ പ്രാർത്ഥനയ്ക്കിടയിൽ മുന്‍പ് താൻ സന്ദര്‍ശിച്ചിട്ടുള്ള യേശുക്രിസ്തുവിന്റെ ജൻമസ്ഥലമായ വിശുദ്ധനഗരം അദ്ദേഹത്തിന്റെ മനസ്സിൽ വരികയും ബെതലഹേമിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തുകയുമുണ്ടായി. മാത്രമല്ല, അദ്ദേഹത്തിന്റെ റോമാ നഗര സന്ദര്‍ശനത്തിനിടെ മേരി മേജര്‍ ബസിലിക്കയിലെ (Mary Major Basilica) തിരുപ്പിറവിയുടെ ‘മൊസൈക്ക്’ ചിത്രീകരണങ്ങളും (Nativity scenes), ബെത്ലഹെമിലെ പുല്‍ത്തൊട്ടിയില്‍നിന്നു കൊണ്ടുവന്നിട്ടുള്ള മരപ്പലകകള്‍ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നു എന്ന വാര്‍ത്തയും ഫ്രാന്‍സിസിന്‍റെ മനസ്സില്‍ ബെതലഹേത്തെക്കുറിച്ചുള്ള ആത്മീയാവേശം നിറച്ചിരുന്നുവെന്നു പറയുന്നതാവും കൂടുതൽ ശരി.
ഫ്രാന്‍സിസ്ക്കന്‍ ചരിത്രപാരമ്പര്യം അനുസരിച്ച്, ആ വര്‍ഷത്തെ (1223) ക്രിസ്മസിന് 15 ദിവസം മുന്‍പ് അവിടെ പട്ടണത്തില്‍ ഫ്രാൻസീസിന് അടുത്തു പരിചയമുള്ള ജോണിനോട് ഗുഹക്കുള്ളിൽ ഒരു ദൃശ്യാവിഷ്ക്കാരം നടത്താനാവശ്യപ്പെട്ടത്രേ. ഈശോ പിറന്ന ബെത്‌ലെഹം കുന്നില്‍ എത്രത്തോളം സൗകര്യക്കുറവുകള്‍ സഹിച്ചാണ് പിറന്നതെന്ന് നഗ്നനേത്രങ്ങള്‍ക്ക് ഗ്രാഹ്യമാകുന്ന വിധത്തില്‍ ജീവനുള്ള കാളയും കഴുതയുമുള്ള ഒരു കാലിത്തൊഴുത്ത് ജീവസ്സുറ്റ രീതിയിൽ ഒരുക്കാനാണ് ഫ്രാൻസീസ് അടുപ്പക്കാരനോട് ആവശ്യപ്പെട്ടത്. യേശുവിന്റെ അമ്മയായ മേരിയും അപ്പനായ ഔസേഫും ഉണ്ണിയും ഒപ്പം ഇടയന്മാരുടേയും, മാലാഖമാരുടേയും സാന്നിധ്യമുള്ള ഒരു ഒരു പുല്‍ക്കൂട് ഗ്രേചോ ഗുഹയില്‍ പുനരാവഷ്ക്കരിക്കണമെന്നും ഉണ്ണിയേശുവിനെ പിള്ളക്കച്ചയുടെ പ്രതീകമായി വൈക്കോലില്‍ കിടത്തണമെന്നുമാണ് ഫ്രാൻസിസ് തന്റെ സ്നേഹിതനായ ജോണിനോട് നിർദ്ദേശം നൽകിയിരുന്നത്.(ചെലാനോ, 84).
ഫ്രാൻസീസ് ആവശ്യപ്പെട്ടതു പ്രകാരമുള്ള എല്ലാ സംവിധാനങ്ങളും വിശ്വസ്തനായ ആ സ്നേഹിതന്‍ ഗുഹയില്‍ ഒരുക്കി. ക്രിസ്മസ് രാത്രിയില്‍ ജോണിന്റെ സഹോദരങ്ങളും ഗ്രേചോയുടെ വിവിധ ഭാഗങ്ങളിലെ കാർഷികവൃത്തികളിലേർപ്പെട്ടിരുന്നവരും സകുടുംബം ഗ്രേചോ ഗുഹയിലെത്തി. അവര്‍ പൂക്കളും വിളക്കുകളുമായി ആ ക്രിസ്തുമസ് രാവിനെ കൂടുതല്‍ ഭംഗിയുള്ളതാക്കി. ഫ്രാന്‍സിസ് സ്ഥലത്തെത്തിയപ്പോള്‍ ഗുഹയില്‍ വൈക്കോലും, കാളയെയും കഴുതയെയും കണ്ടു. പിന്നെ അവിടെയുള്ളവരില്‍നിന്നു തന്നെ പുല്‍ക്കൂട്ടിലെ ഉണ്ണിയും അമ്മയും യൗസേപ്പും ഇടയന്മാരും മാലാഖമാരുമെല്ലാം തയ്യാറായി നിന്നിരുന്നു. ഉണ്ണിയെ കിടത്തിയ പുല്‍ത്തൊട്ടിക്കു സമീപം വൈദികൻ കൂടിയായ ഫ്രാൻസീസ് അസീസി ദിവ്യബലിയര്‍പ്പിച്ചു. യേശുക്രിസ്തുവിന്റെ മനുഷ്യാവതാരവും കുർബാനയിലെ ക്രിസ്തു സാന്നിധ്യമായിരുന്ന ദിവ്യകാരുണ്യവും തമ്മില്‍ ബന്ധിപ്പിക്കുന്ന ചരിത്രസംഭവം കൂടിയായിരുന്നു അത്. ഇന്ന് പുൽക്കൂടിൽ നാം കാണുന്ന പ്രതിമകൾക്കു പകരം അവിടെ ഉണ്ടായിരുന്നവര്‍ തന്നെയാണ് തിരുപ്പിറവിയുടെ രംഗം പൂര്‍ണ്ണമായും ഗ്രേചോ ഗുഹയിൽ പുനരാവിഷ്ക്കരിച്ചത് (ചെലാനോ, 85).
ഇവിടെ നിന്നാണ് പുല്‍ക്കൂടിന്റെ ദൃശ്യാവിഷ്കാരത്തിന്റെ യഥാർത്ഥ ആരംഭം. ജോണിന്റെ നിർദ്ദേശപ്രകാരം അവിടെ ഗ്രേചോ ഗുഹയില്‍ കൂടിയവര്‍ എല്ലാവരും തിരുപ്പിറവിയുടെ യഥാർത്ഥ ആഖ്യാനത്തിൽനിന്നു വലിയ വ്യത്യാസമില്ലാതെ പിന്നീട് ലോകമെങ്ങും മുഖ്യപ്രാമുഖ്യം ലഭിച്ച പുൽക്കൂടിനോട് ചേർന്ന്, ക്രിസ്മസ് രാത്രിയുടെ യഥാർത്ഥ ആഘോഷത്തിൽ പങ്കു ചേർന്നു.
വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവചരിത്രം ആദ്യമായി രേഖപ്പെടുത്തിയ തോമസ് ചെലാനോ ആഖ്യാനം ചെയ്തിരിയ്ക്കുന്നത്, ഗ്രേചോ ഗുഹയില്‍ ആ രാവില്‍ ആവിഷ്ക്കരിക്കപ്പെട്ട ലളിതവും ഹൃദയസ്പര്‍ശിയുമായ പുല്‍ക്കൂട്ടിലെ ദിവ്യബലിയെ തുടര്‍ന്ന് അവിടെ സന്നിഹിതരായിരുന്ന എല്ലാവര്‍ക്കും യഥാർത്ഥത്തിൽ ലഭിച്ചത്, ഒരു നിശ്ചലദൃശ്യാവിഷ്കാരത്തേക്കാളുപരി, അത്യപൂര്‍വ്വമായ ദൈവദര്‍ശനം തന്നെയായിരുന്നുവെന്നാണ്. ബെത്ലഹേമിലെ ദിവ്യശിശുവിനെ അവര്‍ യഥാർത്ഥത്തിൽ തന്നെ കണ്ടിരുന്നുവത്രേ. ആ ക്രിസ്തുമസ് രാത്രിയിലെ ആഘോഷങ്ങള്‍ക്കുശേഷം ഗ്രേചോയില്‍ സമ്മേളിച്ച “എല്ലാവരും ആനന്ദപരവശരായി തങ്ങളുടെ ഭവനങ്ങളിലേയ്ക്കു മടങ്ങി”യെന്നു കൂടി ചെലാനോയുടെ ചരിത്രരേഖകളിൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു.(ചെലാനോ, 86).
അസ്സീസിയിലെ വി.ഫ്രാൻസിസ് 1223-ൽ തുടക്കമിട്ട ഈ പുൽകൂട് പാരമ്പര്യം നൂറ്റാണ്ടുകൾ പിന്നിട്ട് കാലിത്തൊഴുത്തെന്ന പ്രാഥമിക സാംഗത്യം കൈവിടാതെ തന്നെ ലോകമെമ്പാടും വേറിട്ട സാധ്യതകളിലൂടെ പിന്തുടരുന്നു. ലാളിത്യമാര്‍ന്ന ക്രിസ്തുവിന്‍റെ ജനനം വിശുദ്ധ ഫ്രാന്‍സിസ് പുല്‍ക്കൂട്ടിലെ അടയാളങ്ങളിലൂടെ ആവിഷ്ക്കരിച്ചതു വഴി ഒരു പുൽക്കൂടെന്ന ഒരു പുതിയ തുടക്കമാണ് അദ്ദേഹം ലോകത്തിനു നല്കിയത്.മദ്ധ്യ ഇറ്റലിയുടെ ആല്‍പ്പൈന്‍ കുന്നിന്‍ ചെരുവില്‍ മഞ്ഞു പുതച്ചു കിടക്കുന്ന ഗ്രേചോ പട്ടണം, ക്രിസ്മസ് രാവുകളിൽ പുൽക്കൂടിന്റെ ആദ്യയോർമ്മകളുമായി അതേപടി നിലകൊള്ളുന്നു.
ക്രിസ്മസിനോടനുബന്ധിച്ച് നമ്മുടെ വീടുകളിൽ പുല്‍ക്കൂടുകൾ പുനരാവിഷ്ക്കരിക്കപ്പെടുമ്പോള്‍ ബെതലഹേമിലെ തിരുപ്പിറവിയുടെ രംഗം പുനരുജ്ജീവിപ്പിക്കുവാനാണ് യഥാർത്ഥത്തിൽ നാം ശ്രമിക്കേണ്ടത്. ദൈവപുത്രനായ ക്രിസ്തുവിന്റെ മനുഷ്യാവതാരത്തില്‍ അദ്ദേഹം സ്വയം ഏറ്റെടുത്ത ദാരിദ്ര്യവും ലാളിത്യവും അനുഭവിക്കുവാനും തൊട്ടറിയുവാനും ഈ പുൽക്കൂടുകൾ നമ്മെ ഓർമ്മപ്പെടുത്തുകയാണ്.
സാന്താക്ലോസ്
ക്രിസ്മസ് രാവുകളിൽ സമ്മാനപ്പൊതികളുമായി ഗൃഹസന്ദർശനം നടത്തുന്ന സാന്താക്ലോസ്സ് അപ്പൂപ്പനും ചരിത്രവിശേഷങ്ങളുണ്ട്. യഥാർത്ഥത്തിൽ ജീവിച്ചിരുന്ന നിക്കോളാസിന്റെ ചരിത്രം പിന്നീട് സാന്താക്ലോസിന്റേതാവുകയായിരുന്നു. മൂന്നാം നൂറ്റാണ്ടില്‍ ഒരു സമ്പന്ന ക്രൈസ്തവ കുടുംബത്തിന്റെ പ്രതിനിധിയായാണ്, സാന്താക്ലോസ്സെന്ന് പിന്നിട് ലോകമെമ്പാടും അറിയപ്പെട്ട വി.നിക്കോളാസ് ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ, മാരക രോഗമായ പ്ലേഗ് ബാധയെ തുടർന്ന് നിക്കോളാസിന് തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. വലിയ കുടുംബസ്വത്തുണ്ടായിരുന്ന നിക്കോളാസ് പക്ഷേ, ക്രിസ്തുവിനോടും പാവപ്പെട്ടവരോടുമുള്ള സ്നേഹവും സഹാനുഭൂതിയും മൂലം തന്‍റെ സമ്പത്ത് സാധുക്കള്‍ക്ക് ദാനം ചെയ്യാന്‍ ആഗ്രഹിച്ചു.
അഗതികളോടും ആരാരുമില്ലാത്തവരോടുമുള്ള കരുണയിലും കുട്ടികളോടുള്ള വാത്സല്യത്തിലും വിവിധ മേഖലകളിലെ തൊഴിലാളികളോടുള്ള സഹാനുഭൂതിയിലും സ്വാഭാവികമായും സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകളുടെ കണ്ണിലുണ്ണിയായി നിക്കോളാസ് താമസിയാതെ മാറി. അടിമവ്യാപാരത്തിന്റെ ആ ഇരുണ്ട കാലഘട്ടത്തിൽ അടിമകളായി വില്‍ക്കപ്പെടാന്‍ പോകുന്ന കുട്ടികളെ വീണ്ടെെടുത്ത് പുനരധിവാസമെന്ന സങ്കൽപ്പത്തെ മൂന്നാം നൂറ്റാണ്ടിൽ തന്നെ ലോകത്തിനു പരിചയപ്പെടുത്തി. പാവങ്ങളോടും അശരണരോടും ഉള്ള കരുണയേയും സഹാനുഭൂതിയേയും പ്രതി സര്‍വ്വസമ്പത്തും ഉപേക്ഷിച്ച നിക്കോളാസ്, പിന്നിട് ദൈവവിളി സ്വീകരിച്ചു വൈദികനും കാലാന്തരണത്തിൽ മെത്രാനുമായി. തന്‍റെ ആത്മീയ ശുശ്രൂഷ മേഖലയില്‍ കഠിനാധ്വാനം ചെയ്ത അദ്ദേഹം ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ പീഡനകാലത്ത്, നാടു കടത്തപ്പെടുകയും ദീർഘകാലം ജയിലിലടക്കപ്പെടുകയും ചെയ്തു.
പിന്നീട് ജയില്‍മോചിതനായ നിക്കോളാസ്, എ.ഡി. 343 ഡിസംബര്‍ 6-ന് മീറായില്‍വച്ച് മരിച്ചു.
മെത്രാൻ നിക്കോളാസിൽ നിന്ന് വിശുദ്ധനിലേയ്ക്കും പിന്നീട് സാന്താക്ലോസ്സിലേയ്ക്കുമുള്ള മാറ്റം പിന്നീടായിരുന്നു. നല്ല കാലത്തിലെ അദ്ദേഹത്തിന്‍റെ ദാനശീലത്തെപ്പറ്റി ധാരാളം കഥകള്‍ പരക്കുകയും യൂറോപ്പിലാകമാനമുള്ള അത്ഭുതപ്രവര്‍ത്തകരായ വിശുദ്ധന്മാരില്‍ ഒരാളുടെ ഗണത്തിലേയ്ക്ക് ആളുകൾ നിക്കോളാസിനെ സ്വാഭാവികമായും പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ജീവിതകാലത്ത് ധാരാളം യാത്ര ചെയ്ത ഒരാളായിരുന്നത്രേ വിശുദ്ധ നിക്കോളാസ്. കടല്‍യാത്രക്കാരുടെ സംരക്ഷകന്‍ എന്ന വിശേഷണം ജീവിതകാലയളവിൽ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. വിശുദ്ധപദവിയ്ക്കു ശേഷം അദ്ദേത്തിന്റെ ഖ്യാതി യൂറോപ്പിനപ്പുറത്തേയ്ക്ക് വളരുകയും ചെയ്തു. അക്കാലത്ത് പുതുതായി കണ്ടുപിടിക്കപ്പെടുന്ന രാജ്യത്തെത്തിച്ചേരുമ്പോൾ ആദിമ യൂറോപ്പുകാര്‍ തങ്ങളുടെ യാത്രാമധ്യസ്ഥനായി നിക്കോളാസിന്റെ രൂപവും കൂടെ കൂട്ടിയിരുുന്നു.
1492 ഡിസംബര്‍ 6-ന് വിശുദ്ധന്‍റെ തിരുനാള്‍ ദിനത്തില്‍ ആദ്യമായി ഹെയ്ത്തി തുറമുഖത്തെത്തിയ കൊളംബസ്, തുറമുഖത്തിന് "വിശുദ്ധ നിക്കോളാസിന്‍റെ തുറമുഖം" എന്നു പേരിട്ടതോടുകൂടി യാത്രികരുടെ മധ്യസ്ഥനെന്ന പേര് നിക്കോളാാസിന് ചരിത്രപരമായി ചാർത്തപ്പെട്ടു. ഇതിന്റെ ചുവടുപിടിച്ച് പിന്നീട് നീണ്ട വെള്ളത്താടിയുള്ള ഒരാളെ ചുവന്ന വസ്ത്രമണിയിച്ചു മെത്രാനായി വേഷം കെട്ടിച്ച്, കുതിരപ്പുറത്തു കയറ്റി തെരുവീഥികളിലൂടെ ഘോഷയാത്ര നടത്തുന്ന ആഘോഷം വടക്കന്‍ യൂറോപ്പുകാര്‍, പ്രത്യേകിച്ച് ഡച്ചുകാര്‍ തുടര്‍ന്നു പോന്നു. അടിമകളായി വില്‍ക്കപ്പെടാന്‍ പോകുന്ന കുട്ടികളെ സ്വര്‍ണ്ണസമ്മാനങ്ങള്‍ നല്‍കി വീണ്ടെടുത്ത നിക്കോളാസിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മയ്ക്കായി, കുട്ടികളുടെ സല്‍ക്കാരങ്ങളും, തങ്ങളുടെ വസ്ത്രത്തില്‍ അണ്ടിപ്പരിപ്പും ആപ്പിളും ചോക്ലേറ്റുകളും നിറച്ചു വയ്ക്കുന്ന ആഘോഷങ്ങളും അക്കാലത്ത് പതിവായിരുന്നു.
The St. Nicholas Centres Website പറയുന്ന രേഖകൾ പ്രകാരം ദേശസ്നേഹിയും പുരാവസ്തു ഗവേഷകനുമായിരുന്ന ജോണ്‍ പിന്‍റാര്‍ഡ് ആണ് വിശുദ്ധ നിക്കോളാസിനെ ലോകമെങ്ങും പ്രചരിപ്പിച്ചത്. . 1804-ല്‍ "ദ ന്യൂയോര്‍ക്ക് ഹിസ്റ്റോറിക്കൽ സോസൈറ്റി " സ്ഥാപിച്ചത് ജോണ്‍ പിന്‍റാര്‍ഡ് ആയിരുന്നു. 1809 ജനുവരിയില്‍, 'വാഷിംഗ്‌ടണ്‍ ഐര്‍വിംഗ്' എന്ന ചരിത്രസംഘടനയില്‍ അംഗത്വം നേടിയ അദ്ദേഹം, അതേവര്‍ഷം നിക്കോളാസ് ദിനത്തില്‍ 'Knickerbocker's History of New York' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. രസികനായ വിശുദ്ധ നിക്കോളാസിനെപ്പറ്റിയുള്ള ഫലിതകഥകള്‍ അടങ്ങിയ പുസ്തകമാണിത്. ഈ ചരിത്ര സംഘടനയുടെ അഭിപ്രായ പ്രകാരം, വി. നിക്കോളാസ് കിഴക്ക് നിന്നുള്ള ഒരു യാഥാസ്ഥിതിക മെത്രാനായിട്ടല്ല;മറിച്ച് ഒരു മണ്‍പൈപ്പുമായി നില്‍ക്കുന്ന കുസൃതിക്കാരനായ ഡച്ചുകാരനായിട്ടാണ് നോക്കിക്കണ്ടത്.
കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാനായി പുകക്കുഴലിലൂടെ ഊര്‍ന്നിറങ്ങി വരുന്നവനായി നിക്കോളാസിനെ ആദ്യമായി ചിത്രീകരിക്കുന്നത് 'St Nick in Dutch New Amsterdam' എന്ന പുസ്തകത്തിലാണ്. 1810 ഡിസംബര്‍ 6-ലെ നിക്കോളാസ് തിരുന്നാള്‍ 'ന്യൂയോര്‍ക്ക് ചരിത്രസംഘം' ആദ്യമായി ആഘോഷിച്ചപ്പോള്‍ നിക്കോളാസിന്‍റെ ഒരു ചിത്രം വരയ്ക്കുവാന്‍ പിന്‍റാര്‍ഡ്, അലക്സാണ്ടര്‍ ആന്‍ഡേഴ്സണ്‍ എന്ന ചിത്രകാരനോട് ആവശ്യപ്പെടുകയും ഇന്ന് നാം കാണുന്ന സാന്റക്ലോസിനോട് സമാനമായി വെളുത്ത താടിയും ചുവന്ന തൊപ്പിയുമുള്ള വസ്ത്രധാരണ രീതി സ്വീകാര്യതയുള്ളതാകുകയും ചെയ്തു.പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം വില്യം ബി. ഗില്ലി 'Sante Claus the children friend' എന്ന പേരില്‍ മറ്റൊരു പുസ്തകം പുറത്തിറക്കി.
വേഗതയുള്ള കലമാന്‍ വലിക്കുന്ന ഹിമവണ്ടിയില്‍ സമ്മാനങ്ങളുമായി വിശുദ്ധന്‍ വടക്കുഭാഗത്തു നിന്നും വരുന്നതായിട്ടാണ് ഈ പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പിന്നിട് രണ്ടു വര്‍ഷങ്ങൾക്കു ശേഷം, നിക്കോളാസിനെപ്പറ്റിയുള്ള കഥകളെല്ലാം കോര്‍ത്തിണക്കിക്കൊണ്ട്, ഏറ്റവും പ്രസിദ്ധമായ 'A visit from St. Nicholas' എന്ന ഒരൊറ്ററ ഗാനം പുറത്തിറങ്ങുകയുണ്ടായി. ഇന്ന് "The night Belone " എന്ന പേരില്‍ അറിയപ്പെടുന്ന പ്രസിദ്ധ ഗാനം അങ്ങിനെയുണ്ടായതാണ്.
1920 ആയപ്പോഴേക്കും, പേരുകേട്ട ചിത്രകാരന്മാരായ എന്‍.സി. വയത്തും ജെ.സി.ലിയന്‍ഡെക്കറും ചുവപ്പുവേഷധാരിയായ, വെളുത്ത താടിക്കാരനായ മനുഷ്യന്‍റെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ഉണ്ടാക്കി. ഈ പാരമ്പര്യം പിന്‍തുടർന്ന് 1930-കളില്‍ നോര്‍മന്‍ റോക്ക്വോല്‍, The Saturday Evening Post എന്ന പ്രസിദ്ധീകരണത്തിന് വേണ്ടി, മുഖചിത്രങ്ങള്‍ വരച്ചു. അങ്ങിനെ പതിറ്റാണ്ടുകളുടെ കാലാന്തരണത്തിൽ ഇന്നു നാം കാണുന്ന സാന്താക്ലോസ്സ് അപ്പൂപ്പനിലെത്തി.
കുട്ടികളോടുള്ള സ്നേഹത്തിലും അഗതികളോടും അനാഥരോടുമുള്ള സഹാനുഭൂതിയിലും സമ്മാനപ്പൊതികൾ കൊണ്ട് വേറിട്ട ചരിത്രം സൃഷ്ടിച്ച നിക്കോളാസ് വെറും സാന്താക്ലോസ്സെന്ന ക്രിസ്തുമസ് ബിംബമായല്ല മറിച്ച്; ആ സഹാനുഭൂതിയുടെ പ്രായോഗികത തന്നെയായിട്ടാണ് പൊതുസമൂഹത്തിൽ അറിയപ്പെടേണ്ടതെന്നു ചുരുക്കം. ആ ചൈതന്യത്തിന്റെ വാഹകരാകാനുള്ള സാധ്യത കൂടിയാണ് ഓരോ ക്രിസ്മസ് ആഘോഷങ്ങളും. ഈ ക്രിസ്മസ് സീസൺ അത്തരമൊരവസരം നമുക്ക് നൽകട്ടെ.
ക്രിസ്മസ് കാർഡിന്റെ ഉൽപ്പത്തി:
ഇന്നു നാം കാണുന്ന ക്രിസ്മസ് കാർഡുകളുടെ ആദ്യ പതിപ്പെന്ന് അവകാശപ്പെടാവുന്നത്,1450-ലേതെന്നു കരുതപ്പെടുന്ന ഒരു ദാരുശില്പത്തിലാണുള്ളതാണ്. കുരിശിന്റെ മുൻപിൽ ഒരു ചെറിയ ചുരുളും പിടിച്ചു നിൽക്കുന്ന യേശുക്രിസ്തുവിന്റെ ഒരു പ്രതിമയാണത്. ചുരുളിൽ സംതൃപ്തവും സന്തുഷ്ടവുമായ സംവത്സരം (പുതുവർഷാശംസകൾ) എന്നു കൊത്തിവെച്ചിട്ടുമുണ്ട്. ജർമൻകാരനായ ഇ.എസ്. മാസ്റ്ററായിരുന്നു അതിന്റെ ശില്പി. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലാരംഭിച്ച, ക്രിസ്മസ്- നവവൽസരാശംസ കാർഡുകളുടെ ഈ തരംഗം അച്ചടിയിൽനിന്നു ഡിജിറ്റൽ മാതൃകയിലേയ്ക്കും ഇപ്പോൾ ഗ്രാഫിക്സിലേയ്ക്കു വരെ മാറിക്കഴിഞ്ഞു.
ക്രിസ്മസ് ആശംസാ കാർഡുകൾക്ക് അഞ്ചര നൂറ്റാണ്ടിന്റെ ചരിത്രമേയുള്ളൂവെങ്കിലും, ആശംസാസന്ദേശങ്ങൾ അയയ്ക്കുന്ന പതിവിന് 2500 വർഷമെങ്കിലും പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ബി.സി. ആറാം നൂറ്റാണ്ടുവരെ പഴക്കമുള്ള ഈജിപ്ഷ്യൻ ശവകുടീരങ്ങളിൽനിന്ന് അത്തരം ആശംസാകുറിപ്പുകൾ കണ്ടെത്തിയിട്ടുമുണ്ട്. 15-ാം നൂറ്റാണ്ടിൽ ഈ പ്രാരംഭത്തിന് അനതിസാധാരണമായ വേഗം പിന്നീട് കൈവന്നു. 17-ാം നൂറ്റാണ്ട് ആയപ്പോഴേക്കും വർത്തമാന പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും വരിക്കാർക്ക് പുതുവർഷം നേർന്നുകൊണ്ട് സന്ദേശങ്ങൾ അച്ചടിച്ചു തുടങ്ങി. 19-ാം നൂറ്റാണ്ടിൽ അതു സാർവത്രികവുമായി. ഇന്നിപ്പോൾ വിപണികളിലും സാമൂഹ്യ മാധ്യമങ്ങളിലും ജൻമദിനം, ക്രിസ്മസ്, നവവർഷം, ഓണം, വിഷു, റംസാൻ, സുഹൃത് ദിനം, കല്യാണ ദിനം തുടങ്ങി അനവധി ആശംസാ കാർഡുകളുടെ പ്രവാഹമാണ്.
ക്രിസ്മസ്സിന്റെ നൻമ
പുൽക്കൂട്ടിലെ ഉണ്ണിയുടെ മുഖം ജീവസ്സുറ്റതാകുമ്പോഴാണ് നമ്മുടെ വീടുകളിൽ ഉണ്ണി പിറന്ന അനുഭൂതിയുണ്ടാകുക. തൂക്കിയിട്ട വർണ്ണനക്ഷത്രങ്ങളും അലങ്കാര വിളക്കുകൾക്കുമപ്പുറത്ത് കാലിതൊഴുത്തിന്റെ ലാളിത്യമനുഭവിയ്ക്കാനും അതു പിന്തുടരാനും നമുക്കായില്ലെങ്കിൽ, നമ്മുടെ പുൽക്കൂട്ടിൽ പിറക്കുന്ന ഉണ്ണിയേശു ജീവസ്സുറ്റതാകില്ല. ബെതലഹേമിലെ ജനനം മുതല്‍ കാല്‍വരിയിലെ കുരിശുമരണം വരെ അവൻ നടന്നു നീങ്ങിയ എളിമയുടെയും, ദാരിദ്ര്യത്തിന്‍റെയും, സ്വയാര്‍പ്പണത്തിന്‍റെയും പാത പിഞ്ചെല്ലാൻ കൂടിയാണ് പുല്‍ക്കൂടുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.
സഹായം അഭ്യർത്ഥിയ്ക്കുന്നവരോട് കാരുണ്യം കാണിയ്ക്കാനും ശബ്ദമില്ലാത്തവനു ശബ്ദമായും കാഴ്ചയില്ലാത്തവനു കാഴ്ചയായും നമുക്ക് അവശ്യം വേണ്ട സഹായം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നമ്മുടെ പുൽക്കൂടിലും ഹൃദയത്തിലും ഉണ്ണി പിറക്കില്ല. ഉണ്ണി പിറക്കാതെയുള്ള പുൽക്കൂടിനും ക്രിസ്മസ്സിനും പ്രസക്തിയില്ലെന്ന് എടുത്തു പറയേണ്ടതില്ലല്ലോ ..!
Content Highlights: Christmas history


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..