പ്രതീകാത്മക ചിത്രം
നാടും നഗരവുമെല്ലാം ക്രിസ്മസിന്റെ കുളിര്‍മയിലാണ്. പാട്ടും കളിയുമായി കരോളിനൊപ്പം ചുവടുവെച്ച് ഈ ക്രിസ്മസിനെ ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ളവര്‍. ഏതൊരാഘോഷങ്ങളിലും വൈവിധ്യങ്ങള്‍ നമുക്ക് കാണാനാകും. ക്രിസ്മസിന് സമ്മാനപ്പൊതികളില്‍ സ്നേഹം നിറച്ചുകൊണ്ട് വരുന്ന സാന്റാ ക്ലോസിലുമുണ്ട് അത്തരമൊരു കൗതുകകരമായ കാര്യം.
ക്രിസ്മസ് വന്നെത്തിയാല്‍ സാന്റാക്ലോസ് മസ്റ്റാണല്ലോ. വെള്ളയും ചുവപ്പും നിറത്തിലുള്ള വേഷവും തൊപ്പിയും ധരിച്ചെത്തുന്ന ക്രിസ്മസ് പാപ്പയെയാണ് എങ്ങും കാണാനാവുക. സന്തോഷത്തോടെ ചുവടുവെച്ച് വന്ന് കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ സന്തോഷിപ്പിക്കുന്ന പാപ്പ ചിലര്‍ക്ക് ബബുഷ്‌കയാണ്. നമ്മുടെ കേരളത്തിലും സാന്റയ്ക്കുപകരം ബബുഷ്‌കയായി വേഷംകെട്ടി ക്രിസ്മസ് ആഘോഷിച്ച വാര്‍ത്തകള്‍ വന്നിരുന്നു. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുണ്ടല്ലേ? ആരാണീ ബബുഷ്‌ക, എങ്ങനെയാണ് സാന്റാ ക്ലോസ് ബബുഷ്‌കയാകുന്നത്? എന്തിനാണ് അങ്ങനെ ക്രിസ്മസ് ആഘോഷിക്കുന്നത്? ഈ സംശയങ്ങളെല്ലാം മനസ്സിലേക്ക് വരുന്നില്ലേ?
സാന്റയും ബബുഷ്‌കയും
ക്രിസ്മസ് രാവുകളില്‍ സമ്മാനപ്പൊതികളുമായിവരുന്നയാളാണ് നമുക്ക് സാന്റാ ക്ലോസ്. മൂന്നാം നൂറ്റാണ്ടില്‍ ജനിച്ച ഒരാളായ നിക്കോളാസ് ആണ് സാന്താക്ലോസ് ആയതെന്നാണ് ഐതിഹ്യം. ഇതേ ഐതിഹ്യംതന്നെയാണ് ബബുഷ്‌കയിലുമുള്ളത്. സെയ്ന്റ് നിക്കോളാസ് എന്ന ബിഷപ്പിന്റെ കഥതന്നെയാണ് ബബുഷ്‌ക സങ്കല്പത്തിന് അടിസ്ഥാനം. മെത്രാന്‍ നിക്കോളാസില്‍ നിന്ന് വിശുദ്ധനിലേയ്ക്കും പിന്നീട് സാന്താക്ലോസ്സിലേയ്ക്കും അദ്ദേഹം മാറുകയായിരുന്നു.
യാത്രികരുടെ മധ്യസ്ഥനായി നിക്കോളാസ് അറിയപ്പെട്ടതിനുശേഷം ഡച്ചുകാരും മറ്റും നീണ്ട വെള്ളത്താടിയുള്ള ഒരാളെ ചുവന്ന വസ്ത്രമണിയിച്ചു മെത്രാനായി വേഷം കെട്ടിച്ച്, കുതിരപ്പുറത്തു കയറ്റി തെരുവീഥികളിലൂടെ ഘോഷയാത്ര നടത്തി ആഘോഷിക്കല്‍ തുടര്‍ന്നുപോന്നു. അടിമകളായി വില്‍ക്കപ്പെടാന്‍ പോകുന്ന കുട്ടികളെ സ്വര്‍ണ്ണസമ്മാനങ്ങള്‍ നല്‍കി വീണ്ടെടുത്ത നിക്കോളാസിന്റെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മയ്ക്കായി, കുട്ടികളുടെ സല്‍ക്കാരങ്ങളും, തങ്ങളുടെ വസ്ത്രത്തില്‍ അണ്ടിപ്പരിപ്പും ആപ്പിളും ചോക്ലേറ്റുകളും നിറച്ചു വയ്ക്കുന്ന ആഘോഷങ്ങളും അക്കാലത്ത് ചെയ്തുപോന്നിരുന്നു.
ക്രിസ്മസ് പാപ്പയെപ്പോലെ ബബുഷ്‌ക സമ്മാനവുമായാണ് ആളുകളെ കാണാനെത്തുന്നത്. റഷ്യന്‍ കഥകളിലാണ് സാന്റായ്ക്കുപകരം ബബുഷ്‌കയുള്ളത്. 'മുത്തശ്ശി' എന്നാണ് ബബുഷ്‌കയെന്ന റഷ്യന്‍ വാക്കിന്റെയര്‍ത്ഥം. വിജ്ഞാനികള്‍ക്കു പിറകെ ഉണ്ണിയേശുവിനെ കാണാന്‍പോയ ഒരു ബബുഷ്‌കയുടെ കഥയാണിത്. ഹെരോദാവിനെ ഭയന്ന് ജോസഫും മറിയയും ഉണ്ണിയേശുവുമായി ഈജിപ്തിലേക്ക് പലായനം ചെയ്തതിനാല്‍ ബത്ലഹേമില്‍ എത്തിയ അമ്മൂമ്മയ്ക്ക് കുട്ടിയെ കാണാന്‍ കഴിഞ്ഞില്ലെന്നും ഇന്നും ആ അന്വേഷണം തുടരുന്നെന്നുമാണ് ഐതിഹ്യം. ഇതിനെത്തുടര്‍ന്ന് എല്ലാവര്‍ഷവും ക്രിസ്മസിന് അമ്മൂമ്മ സമ്മാനങ്ങളുമായി കുട്ടികള്‍ക്ക് അരികിലെത്തുമെന്നും റഷ്യന്‍ കഥകളില്‍ പറയുന്നു.
സ്നേഹത്തിന്റെ രണ്ട് പ്രതീകങ്ങള്‍
സഹാനുഭൂതി പകരുകയും സന്തോഷം നിറയ്ക്കുകയും ചെയ്യുന്ന ഒന്നാണ് ക്രിസമസ് പാപ്പയെന്ന പ്രതീകം. വലിപ്പചെറുപ്പമില്ലാതെ എല്ലാ മനുഷ്യരേയും ആലിംഗനം ചെയ്യുന്ന സ്നേഹമായാണ് ക്രിസമസ് പാപ്പയും ബബുഷ്‌കയുമെല്ലാം നമുക്ക് മുന്നിലേക്കെത്തുന്നത്. ഒരേ ആഘോഷങ്ങളില്‍തന്നെ വൈവിധ്യങ്ങളുണ്ടെങ്കിലും അവയെല്ലാം പറഞ്ഞുതരുന്നത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കരുതലിന്റെയും കാര്യമുള്ള കഥകളാണ്. പലഹാരങ്ങള്‍ പോലെ ജീവിതവും മധുരമുള്ളതാക്കാന്‍ അവ ലോകത്തോട് പറയുന്നു. അനാഥരേയും കുട്ടികളേയും വേദനിക്കുന്നവരേയും ചേര്‍ത്തുപിടിച്ച് ക്രിസ്മസ് പാപ്പയും സാന്റയും സ്നേഹസമ്മാനങ്ങള്‍ തന്നുകൊണ്ടേയിരിക്കുന്നു.
Content Highlights: babushka christmas the story of babushka babushka as santa russia christmas celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..