ലിംഗസമത്വം,തൊഴിൽ, റോബോട്ട്‌ ടീച്ചർ..;കുട്ടികള്‍ പറയുന്നു കാല്‍നൂറ്റാണ്ടിനപ്പുറത്തെ ലോകമിതാണ്‌


. 25 വർഷത്തിനുശേഷമുള്ള ലോകം എങ്ങനെയായിരിക്കണമെന്ന് ചിന്തിക്കുകയാണ് കൊച്ചുകൂട്ടുകാർ

ശിശുദിനത്തോടനുബന്ധിച്ച് മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജ് തയ്യാറാക്കിയ പി.എൻ. അലഷ്‌ക, എ. ശ്രീനന്ദന,എസ്. സാൻലിയ, വി.ആർ. അരുന്ധതി കൃഷ്ണ, ഹിമാ സന്തോഷ്, കിരൺ പ്രദീപ്, ലഹൻ നജീബ് എന്നിവർ

ഇന്ന് ശിശുദിനം. നേരുകാണുന്ന കുഞ്ഞുകണ്ണുകൾക്ക് കാഴ്ചപ്പാടുകൾ വിട്ടുകൊടുക്കുകയാണ് മാതൃഭൂമി. 25 വർഷത്തിനുശേഷമുള്ള ലോകം എങ്ങനെയായിരിക്കണമെന്ന് മുൻവിധികളുടെ ഭാരമില്ലാതെ ചിന്തിക്കുകയാണ് കൊച്ചുകൂട്ടുകാർ. അയച്ചു കിട്ടിയ രചനകളിൽ മികച്ചവ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ലേഖകരുടെയും എഡിറ്ററുടെയും കുപ്പായമണിഞ്ഞ് കുട്ടികൾ തയ്യാറാക്കിയ രചനകള്‍ നിങ്ങൾക്കുമുന്നിൽ...

ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയും ദാരിദ്ര്യനിർമാർജനവും- എല്ലാവർക്കും ഭക്ഷണം, തൊഴിൽ
ഭാവിയിൽ പത്തുശതമാനം സാമ്പത്തികവളർച്ചയാണ് നാം പ്രതീക്ഷിക്കുന്നത്. നല്ലൊരു ആഭ്യന്തരനയം അതിനുവേണ്ടി തയ്യാറാക്കണം കാർഷികമേഖലയെ മെച്ചപ്പെടുത്തുന്നതിലൂടെ തൊഴിലില്ലായ്മ കുറയ്ക്കാനും അതുവഴി ദാരിദ്ര്യം ഇല്ലാതാക്കാനും കഴിയും.

ഇറക്കുമതി കുറയ്ക്കുകയും കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും വേണം. നമ്മൾ ഉത്പാദിപ്പിക്കുന്ന സാധനങ്ങൾ വിറ്റഴിക്കുന്നതിലൂടെ സാമ്പത്തികമായി ഉയരാനും പണപ്പെരുപ്പം നിയന്ത്രിക്കാനും വരുമാനം കൂട്ടാനും അതനുസരിച്ച് കടബാധ്യത കുറയ്ക്കാനുമാകും. തൊഴിലില്ലായ്മ സാമ്പത്തികവളർച്ചയെ മുരടിപ്പിക്കും. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യത്തിലേക്ക് നാം എത്തുന്നതോടുകൂടി ദാരിദ്ര്യ നിർമാർജനം എന്ന ലക്ഷ്യത്തിലേക്കും നാമെത്തും.

കുട്ടികളുടെ കൂടുതല്‍ രചനകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക - ശിശുദിന സ്‌പെഷ്യല്‍

എല്ലാവർക്കും ഭക്ഷണമെത്തിക്കാൻ കഴിയുന്ന ഒരു ഇന്ത്യയിലേക്ക് നാം എത്തണം. ഡിജിറ്റൽ പേമെന്റ് മേഖലയിൽ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മുന്നിലാണ്. ഇങ്ങനെ എല്ലാ മേഖലയിലും സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതോടുകൂടി ലോകത്തിലെത്തന്നെ വൻ സാമ്പത്തികശക്തിയായി ഇന്ത്യ മാറും. - ലഹൻ നജീബ്, 7-ാം ക്ലാസ്‌, വിദ്യാനികേതൻപബ്ലിക്‌ സ്കൂൾഅയനിക്കാട്‌

കലയുംസംസ്‌കാരവും- നഷ്ടപ്പെടരുത് കലയുടെ കൂട്ടായ്മ
കലയും സംസ്കാരവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന കാര്യങ്ങളാണ്. ഒരു സമൂഹത്തിന്റെ സംസ്കാരം രൂപപ്പെടുന്നതിൽ പ്രധാന പങ്ക് അവരുടെ ഇടയിലുള്ള കലകൾക്കുണ്ട്. ഒരു കല അഭ്യസിക്കാനും അവതരിപ്പിക്കാനും ആസ്വദിക്കാനും ഒട്ടേറെപ്പേരുടെ ഒത്തുചേരലുകൾ ആവശ്യമാണ്. ഈയൊരു സഹവർത്തിത്വവും സഹകരണവും ആ സമൂഹത്തിന്റെ സംസ്കാരത്തെയും അനുകൂലമായ രീതിയിൽ വളർത്തിക്കൊണ്ടുവരും.

എന്നാൽ, സാങ്കേതികവിദ്യ വളർന്നതോടെ ഇത്തരത്തിലുള്ള കൂട്ടായ്മകൾ ഇല്ലാതെതന്നെ കലകളുടെ അവതരണം സാധ്യമാകുന്നു. ഒരു ഗാനമേളയ്ക്ക് പല ഉപകരണങ്ങളുമായി ഒട്ടേറെ കലാകാരന്മാർ ഒത്തുചേരേണ്ടിടത്ത് കരോക്കെ എന്ന ഒറ്റ പശ്ചാത്തലത്തിലൂടെ ഗാനമേള അവതരിപ്പിക്കാൻ സാധിക്കുന്നു എന്നുള്ളത് ഈ കൂട്ടായ്മയുടെ നഷ്ടമാണ്.

ഒരു നാടകം അവതരിപ്പിക്കുമ്പോൾ കലാകാരന്മാർക്കും പ്രേക്ഷകർക്കും മുഖത്തോടുമുഖം കാണാനും സഹകരിക്കാനുമുള്ള അവസരമുണ്ടായിരുന്നു. സിനിമ വന്നതോടുകൂടി ഈ കൂട്ടായ്മ പ്രേക്ഷകരുടേതുമാത്രമായി. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ തിയേറ്ററിൽ ആളുകൾ ഒത്തുകൂടുന്നതുപോലും കുറച്ചേക്കും.

സമൂഹത്തെ ഒന്നിപ്പിക്കുകയും, പരസ്പരം സഹകരിക്കാനും പങ്കുവെക്കാനുമുള്ള അവസരം ഒരുക്കുകയുംചെയ്തിരുന്ന കലകൾ ഈ അവസരങ്ങളില്ലാത്ത അവസ്ഥയിലേക്ക് മാറുന്നു. നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കൂട്ടായ്മ തിരിച്ചുപിടിക്കുന്നതിനും നമ്മുടെ കലാസ്വാദനക്ഷമത വർധിപ്പിക്കുന്നതിനും നമ്മൾ ശ്രമിക്കണം. - ഹിമാ സന്തോഷ്, ഒമ്പതാം ക്ലാസ് പള്ളോട്ടി ഹിൽ പബ്ലിക് സ്‌കൂൾ അഗസ്ത്യൻമുഴി, മുക്കം

കാലാവസ്ഥാവ്യതിയാനവും ഭൂമിയുടെ ഭാവിയും- നമ്മളാണ് കാരണം
ഇന്ന് ലോകത്താകമാനം ചർച്ച ചെയ്യുന്ന വിഷയമാണ് കാലാവസ്ഥാവ്യതിയാനം. മിന്നൽ പ്രളയവും ഉഷ്ണക്കാറ്റും കാട്ടുതീയും വ്യാപകമാകുന്നു. ആഗോളതാപനം വർധിക്കുന്നതിലൂടെ ഉത്തരധ്രുവത്തിലെയും മറ്റുപ്രദേശങ്ങളിലെയും മഞ്ഞുരുകി കടൽനിരപ്പ് ഉയരുന്നു. കടലിലെ താപനില വർധിക്കുന്നതും കാലാവസ്ഥാമാറ്റത്തിലൂടെ കടൽ കരയിലേക്ക് കയറാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇന്ത്യയിൽ ഓരോവർഷം കൂടുമ്പോഴും കടൽ കരയിലേക്ക് കയറുന്നത് കൂടിക്കൊണ്ടിരിക്കയാണ്.

ഉയർന്ന അളവിലെ നഗരവത്‌കരണം ഇന്ത്യയെ വിപരീതമായി ബാധിച്ചിട്ടുണ്ട്. നഗരവത്‌കരണത്തിലൂടെ മാലിന്യത്തിന്റെ അളവ് കൂടിവരുന്നു. വീടുകളിൽനിന്നും ഫാക്ടറികളിൽനിന്നും പുറത്തുവിടുന്ന പലതരത്തിലുള്ള മാലിന്യം പലപ്പോഴും സംസ്കരിക്കാറില്ല. ഇതെല്ലാം നമ്മുടെ അന്തരീക്ഷത്തെ വീണ്ടും വീണ്ടും ദുഷിപ്പിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തും ഇന്ന് കാലാവസ്ഥാ വ്യതിയാനം പല ദുരിതങ്ങളും സൃഷ്ടിക്കുന്നു. ചൂടുകാലങ്ങളിൽ 50 ഡിഗ്രി സെൽഷ്യസുവരെ താപനില ഉയരുമ്പോൾ മഴക്കാലത്ത് അതിതീവ്ര മഴകാരണം പലഭാഗവും കടലിനടിയിലാകുന്നു.

ഇങ്ങനെയുള്ള പല വ്യതിയാനങ്ങൾക്കും മനുഷ്യർതന്നെയാണ് കാരണം. നമ്മുടെ പരിധിയില്ലാത്ത ആവശ്യങ്ങൾ ഇങ്ങനെയുള്ള പല മാറ്റങ്ങൾക്കും കാരണമാകുന്നു എന്ന സത്യം ഉൾക്കൊണ്ടുവേണം നാം മുന്നോട്ടുപോകാൻ. - അരുന്ധതി കൃഷ്ണ വി.ആർ. ഒന്പതാം ക്ളാസ്, അമൃത വിദ്യാലയം, കൊയിലാണ്ടി

രാഷ്ട്രീയവും ഇന്ത്യയുടെ ഭാവിയും-ഇന്ത്യ ലോകത്തിന്റെ നെറുകയിൽ
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികാേഘാഷച്ചടങ്ങിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്തു. നൂറുവർഷംമുമ്പ് ബ്രിട്ടീഷുകാർ ഇന്ത്യവിടുമ്പോൾ കേവലം ദരിദ്രരാഷ്ട്രമായിരുന്ന ഭാരതം, ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായിത്തീർന്നതിൽ അതതുകാലത്തെ ഭരണാധിപരെയും ഇന്ത്യൻ ജനതയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒരു കാലത്ത് ലോകത്തെ നിയന്ത്രിച്ചിരുന്ന പല പാശ്ചാത്യരാജ്യങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ഇന്ത്യക്ക്‌ മുമ്പുണ്ടായിരുന്ന പ്രൗഢി തിരിച്ചുപിടിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി ഓർമിപ്പിച്ചു. രാജ്യതലസ്ഥാനത്തുനടന്ന ആഘോഷങ്ങൾക്കൊപ്പം മറ്റു പ്രധാനകേന്ദ്രങ്ങളിലും നൂറാം വാർഷികം സമുചിതമായി ആഘോഷിക്കുകയുണ്ടായി.

പ്രതിപക്ഷപാർട്ടികൾ, രാജ്യത്ത് വിവിധ മേഖലകളിൽ ഇന്നും നിലനിൽക്കുന്ന അസമത്വങ്ങളെക്കുറിച്ചും ജനാധിപത്യം അതിന്റെ പൂർണതയിൽ എത്തേണ്ടതിനെക്കുറിച്ചും എടു ത്തുപറഞ്ഞു. രാഷ്ട്രപതി, ഗവർണർ തുടങ്ങിയ ആലങ്കാരികപദവികൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത അടുത്തകാലത്ത് പല കോണുകളിൽനിന്നും ഉയരുകയുണ്ടായി.

കാലാനുസൃതമായ മാറ്റങ്ങൾ രാഷ്ട്രീയത്തിലും വന്നുചേരുന്നത് രാഷ്ട്രപുരോഗതിയെ ത്വരിതപ്പെടുത്താൻ സഹായിക്കുമെന്ന് ഭര ണഘടനാവിദഗ്ധരും അഭി പ്രായപ്പെട്ടു . - കിരൺ പ്രദീപ, പത്താം ക്ലാസ്‌അമൃത വിദ്യാലയംകൊയിലാണ്ടി

ശാസ്ത്രവും സാങ്കേതികവിദ്യയും- തിരിച്ചെത്തുമോ ‘അനന്ത’
2045-ൽനിന്ന്‌ 2020-ലേക്ക് പുറപ്പെട്ട ഇന്ത്യൻ-അമേരിക്കൻ സംയുക്ത പദ്ധതിയായ ടൈം ട്രാവലർ അനന്തയുമായുള്ള ബന്ധം താത്കാലികമായി വിച്ഛേദിക്കപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2020 കാലഘട്ടത്തിൽ ലോകത്തിന്‌ നാശംവിതച്ച കൊറോണ എന്ന മഹാവ്യാധിയെക്കുറിച്ച് പഠിക്കാനാണ് മൂന്നുപേരടങ്ങുന്ന ശാസ്ത്രസംഘം അനന്തയിൽ പുറപ്പെട്ടത്. വാർത്തമാനത്തിൽനിന്ന്‌ ഭൂതത്തിലേക്കും ഭാവിയിലേക്കും സഞ്ചരിക്കുക എന്ന മനുഷ്യന്റെ ആഗ്രഹം 2040-ൽ വിജയംകണ്ടെങ്കിലും ആദ്യമായി മനുഷ്യനെ അയക്കുക എന്നത് ദുഷ്കരമായിരുന്നു. 2045-ൽ പദ്ധതി സാധ്യമായി.

ഇന്ന് പുലർച്ചെ ഒരുമണിക്കാണ് ഭൂതകാലത്തിൽനിന്നുള്ള സന്ദേശങ്ങൾ നിലച്ചത്. ഇത് താത്കാലികമാണെന്നും ഉടൻതന്നെ ബന്ധം പുനഃസ്ഥാപിക്കുമെന്നും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. - ശ്രീനന്ദന എ., ആറാം ക്ലാസ്‌ബി.ഇ.എം. ജി.എച്ച്‌.എസ്‌.എസ്‌.മാനാഞ്ചിറ

ലിംഗസമത്വം-തുടങ്ങണം വീടുകളിൽനിന്ന്
ലിംഗസമത്വം നാം ഏറെ കേൾക്കുന്ന വാക്കാണ്. ഇന്ന്‌ ലോകം ഏറെ ചർച്ചചെയ്യുന്ന വിഷയങ്ങളിലൊന്ന്. ജനിച്ച് ജീവിച്ച് മരിക്കുന്ന ഈ മണ്ണിൽ ഏവർക്കും തുല്യതവേണം. അവിടെ സ്ത്രീയെന്നോ പുരുഷനെന്നോ ലൈംഗികന്യൂനപക്ഷങ്ങളെന്നോ ഉള്ള വേർതിരിവ് പാടില്ല. അങ്ങനെയുള്ള ഒരു സമൂഹത്തിൽ ഏവർക്കും ജീവിക്കാൻ കഴിയുമ്പോഴാണ് ‘ലിംഗസമത്വം’ എന്ന വാക്ക് അർഥപൂർണമാവുന്നത്.

ഇന്നത്തെ സമൂഹത്തിൽ ഈ വാക്കിന് പലരും വലിയ പ്രാധാന്യം നൽകുന്നില്ല. ചാനൽച്ചർച്ചകളിൽ, പത്രങ്ങളിൽ, പ്രസംഗത്തിൽ, സോഷ്യൽ മീഡിയകളിൽമാത്രം ഒതുങ്ങുന്ന ഒരു വിഷയമാണിത്. അതിനപ്പുറം ഒന്നുമില്ല.

എന്നാൽ, വെറുമൊരു സാധാരണകാര്യം എന്നുകരുതി തള്ളിക്കളയേണ്ട ഒന്നാണോ ഇത്‌? തീർച്ചയായും അല്ല. ലിംഗസമത്വം തുടങ്ങേണ്ടത് വീടുകളിൽനിന്നാണ്. സൂര്യൻ ഉണരുംമുമ്പേ പെൺകുട്ടികൾ അടുക്കളയിൽ കയറണമെന്ന് നിർബന്ധം പിടിക്കുന്നവർ അറിയണം, ആണ് അടുക്കളയിൽ കയറി എന്നുകരുതി അടുപ്പിൽ തീ കത്താതിരിക്കില്ല. പെൺകുട്ടി കൂടുതൽ പഠിച്ചു എന്നുകരുതി കുടുംബം പട്ടിണിയാവാനും പോകുന്നില്ല. ഒരു പെൺകുട്ടി രാത്രി ഒറ്റയ്ക്കുനടന്നു എന്നുകരുതി നേരം പുലരാതിരിക്കില്ല. ഇങ്ങനെ ഓരോരുത്തരും അവരവരുടെ ചിന്താഗതി മാറ്റിയാൽ സമത്വം താനേ വരും. പക്ഷേ, അതിന്‌ നാം ചിന്തിക്കണം.

ഇനി പെട്ടെന്നൊരു ദിവസം അടുക്കളയിൽ കയറിയാലോ വസ്ത്രം കഴുകിയാലോ ഉണ്ടാകുന്ന ഒന്നല്ല ഈ ലിംഗസമത്വം. മാറി ചിന്തിക്കുക. അതാണാവശ്യം. - സാൻലിയ എസ്‌., ഒമ്പതാം ക്ലാസ്‌വട്ടോളി സംസ്കൃത സ്കൂൾ

വിദ്യാഭ്യാസവും സമൂഹപുരോഗതിയും- ‘റോബോട്ട്‌ ടീച്ചർ’
നമുക്കുമുമ്പുള്ള തലമുറകളൊക്കെ പ്രകൃതിയെ നിരീക്ഷിച്ചുകൊണ്ട് പഠിച്ചിരുന്നു. കാടും മലയും പുഴയും മഴയും തൊട്ടറിഞ്ഞും നിരീക്ഷിച്ചും നോക്കിയാണ് അവർ പല കഴിവുകളും പരിപോഷിപ്പിച്ചത്. എന്നാൽ, ഇന്ന് ബ്ലാക്ക് ബോർഡിന്റെ സ്ഥാനത്ത് ഇലക്‌ട്രോണിക്‌ ബോർഡുകൾ, ക്ലാസ് മുറികൾക്കുപകരം ഓൺലൈൻ ക്ളാസ് മുറികൾ, ലാപ്ടോപ്, കംപ്യൂട്ടർ തുടങ്ങിയവയാണ് വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുന്നത്. 25 വർഷത്തിനുശേഷം ഇതുപോലുള്ള യന്ത്രങ്ങളും ഉപകരണങ്ങളും കൂടുതലായി പഠനത്തിനുപയോഗിക്കുന്ന അവസ്ഥയിലേക്കാണ് വന്നുചേരുക. ശാസ്ത്രരംഗത്തെ പുരോഗതി വിദ്യാഭ്യാസത്തെ മാറ്റിമറിക്കും. നമ്മൾ പോലും പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കും പല മാറ്റങ്ങളും. 25 വർഷത്തിനുശേഷം 90 ശതമാനം വിദ്യാർഥികളും ഓൺലൈൻ വിദ്യാഭ്യാസം പിന്തുടരും. കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രങ്ങളുടെ ഉപയോഗം വ്യാപകമാകും. റോബോട്ട്‌ അധ്യാപകർ ക്ലാസെടുക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും അസൈൻമെന്റുകൾ തരുകയും ചെയ്യും. അവർ വിദ്യാർഥികളുടെ കോപ്പിയടി കണ്ടെത്തും. - അലഷ്​ക പി.എൻ., ആറാം ക്ലാസ്‌ജി.എച്ച്‌.എസ്‌.എസ്‌. അഴിയൂർ

Content Highlights: children's day 2022 special mathrubhumi, India after 25 years, wonder kids


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented