മുലയൂട്ടുമ്പോൾ അസഹനീയ വേദന; അമ്മമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ


ഡോ. മുഹമ്മദ് റിഷാദ്

6 min read
Read later
Print
Share

ഗര്‍ഭകാലത്ത് ഉണ്ടായിരുന്ന മാനസിക പ്രശ്‌നങ്ങളില്‍ നിന്ന് മുലയൂട്ടുന്നത്ത് വഴി അമ്മക്ക് മുക്തി ലഭിക്കുന്നു

Representative Image | Photo: AFP

രു കുഞ്ഞ് ഭൂമിയില്‍ പിറക്കുന്നതുമുതൽ അതിന്റെ വളര്‍ച്ചക്ക് സഹായിക്കുന്ന വസ്തുവാണ് മുലപ്പാല്‍. ഒരു കുട്ടിയുടെ തുടക്കം മുതലുള്ള വളര്‍ച്ചയില്‍ മുലപ്പാലിനോളം ശ്രേഷ്ഠതയുള്ള വേറൊന്നുമില്ല. എന്നാല്‍ ലോകത്താകമാനം ഏകദേശം 8 ലക്ഷം കുട്ടികള്‍ അമ്മയുടെ മുലപ്പാല്‍ കിട്ടാത്ത കാരണത്താല്‍ മരണപ്പെടുന്നുണ്ട്. വലിയൊരു ശതമാനം കുട്ടികള്‍ വേണ്ടത്ര മുലപ്പാല്‍ ലഭിക്കാത്തതിനാല്‍ അസുഖ ബാധിതരാവുന്നു.
ഇതെല്ലാം കണക്കിലെടുത്ത് WHO 1991 മുതല്‍ മുലപ്പാലിന്റെ ഗുണങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുവാനും ഈ വിഷയത്തെ കുറിച്ച് ബോധവാന്മാര്‍ ആക്കുവാനും വേണ്ടി എല്ലാവര്‍ഷവും ഓഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടൽവാരമായി ആചരിക്കാറുണ്ട്. ഈ വര്‍ഷത്തെ ബ്രെസ്റ്റ് ഫീഡിങ് വീക്കിന്റെ തീം 'Breast Feeding- step up for brestfeeding - educate and support' എന്നാണ് . ഇത്രയും നിസ്സാരമായ ഒരു പ്രക്രിയയ്ക്ക് ഇത്രയേറെ പ്രാധാന്യം നല്‍കേണ്ടതുണ്ടോ എന്ന് സ്വാഭാവികമായും തോന്നിയേക്കാം.

ഒരു മാതാവിന് താന്‍ പ്രസവ സമയത്ത് അനുഭവിച്ച എല്ലാ വേദനകളും ഒരൊറ്റ നിമിഷം കൊണ്ട് തന്റെ പിഞ്ചു കുഞ്ഞിനെ കാണുന്ന വേളയില്‍ മറക്കുന്നു. ഒപ്പം തന്നെ മുലപ്പാല്‍ ഉത്പാദനവും ആരംഭിക്കുന്നു. പ്രധാനമായും രണ്ടു ഗ്രന്ധികളാണ് പാല്‍ ഉത്പാദനത്തെ നിയന്ത്രിക്കുന്നത്. 1. പ്രൊലാക്ടിന്‍ (prolactin). മുലപ്പാലിന്റെ ഉത്പാദനം ആരംഭിക്കുവാന്‍ സഹായിക്കുന്നത് ഈ ഹോര്‍മോണ് ആണ്. 2. ഓക്‌സിടോസിന്‍ (oxytocin) ഉത്പാദനം ആരംഭിച്ച പാല്‍ കുഞ്ഞിന്റെ വായില്‍ എത്തുവാന്‍ സഹായിക്കുന്നത് ഓക്‌സിടോസിന്‍ ആണ്. വേദന, ടെന്‍ഷന്‍, സ്‌ട്രെസ്, സംശയം മുതലായവ ഈ രണ്ടു ഹോര്‍മോണുകളുടെയും ഉല്പാദനം കുറയ്ക്കുന്നു. മറിച്ച് സന്തോഷത്തോടെയുള്ള ചിന്തകളും എന്തിന് ഒരു കുഞ്ഞിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ പോലും ഈ ഹോര്‍മോണുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു!ഈ ഹോര്‍മോണുകള്‍ രാത്രിയിലാണ് കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത് എന്നതിനാല്‍ രാത്രി സമയങ്ങളില്‍ പാല്‍ കൂടുതലായി ഉണ്ടാകും.

മുലയൂട്ടുന്നത് വഴി അമ്മയ്ക്കും കുഞ്ഞിനും ഒരു പാട് ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്

അമ്മയ്ക്കുള്ള ഗുണങ്ങള്‍

 • മാനസിക പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി: ഗര്‍ഭകാലത്ത് ഉണ്ടായിരുന്ന മാനസിക പ്രശ്‌നങ്ങളില്‍ നിന്ന് മുലയൂട്ടുന്നത്ത് വഴി അമ്മക്ക് മുക്തി ലഭിക്കുന്നു . ഗര്‍ഭകാലത്തും പ്രസവസമയത്തും അനുഭവിച്ച വേദനകളെ അമ്മ മറക്കുന്നത് മുലയൂട്ടലിലൂടെയാണ്
 • ഗര്‍ഭപാത്രം: ഗര്‍ഭ പാത്രം ചുരുങ്ങുന്നതിന് പ്രസവാനന്തരം മുലയൂട്ടല്‍ സഹായിക്കും
 • രക്തസ്രാവ നിയന്ത്രണം: പ്രസവശേഷം ഉണ്ടാകാറുള്ള ഏറെ ബുദ്ധിമുട്ടുണ്ടായ്ക്കുന്ന രക്തസ്രാവത്തിനുള്ള സാധ്യത മുലയൂട്ടല്‍ കുറയ്ക്കുന്നു.
 • അണ്ഡോല്പാദനം: പ്രസവശേഷമുള്ള അണ്ഡോല്പാദനം വേഗത്തിലാക്കാന്‍ മുലയൂട്ടല്‍ സഹായിക്കും. സാധാരണയായി പ്രസവശേഷം ആര്‍ത്തവം നടക്കുന്നതിന് കാലതാമസം നേരിടാറുണ്ട്. മുലയൂട്ടല്‍ ഈ കാലദൈര്‍ഘ്യം കുറയ്ക്കുന്നു .
 • സാമ്പത്തിക ലാഭം: കുഞ്ഞിന് മുലപ്പാല്‍ മാത്രം കൊടുക്കുന്നതു വഴി വളരെയധികം ചിലവുകള്‍ കുറയ്ക്കുവാന്‍ സാധിക്കുന്നു . പാത്രങ്ങള്‍ കഴുകേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല പാല്‍ സംഭരിച്ചു വെക്കുന്നതിനു സമയമോ സ്ഥലമോ മുടക്കേണ്ടതില്ല . എപ്പോള്‍ വേണമെങ്കിലും അമ്മയ്ക്ക് കുഞ്ഞിന് പാല്‍ ആവശ്യമുള്ളപ്പോള്‍ കൊടുക്കാവുന്നതാണ്. വന്‍ വിലയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള ആഹാര സാധനങ്ങള്‍ ഒഴിവാക്കുവാന്‍ ഇതുവഴി സാധിക്കും. അല്ലാത്തപക്ഷം ഒരു കുടുംബത്തിന്റെ മൂന്നിലൊന്ന് വരുമാനം കുട്ടിയുടെ ചിലവിനു വേണ്ടി വരുമെന്നാണ് കണക്ക്.
 • അര്‍ബുദം: മുലയൂട്ടുന്നതു വഴി സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനാവും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്
കുട്ടികള്‍ക്ക് മുലപ്പാല്‍ ലഭിക്കുന്നത് വഴി എന്തെല്ലാം ഗുണങ്ങള്‍ ആണ് കിട്ടുന്നത് എന്ന് നോക്കാം

 • ആരോഗ്യമുള്ള കുഞ്ഞ് : മുലപ്പാല്‍ ആദ്യത്തെ ആറുമാസം പൂര്‍ണ്ണമായും മുലപ്പാല്‍ മാത്രം കുടിച്ച കുഞ്ഞുങ്ങള്‍ക്ക് മറ്റു ഭക്ഷണപദാര്‍ത്ഥങ്ങള്‍ , കുപ്പി പാല് എന്നിവ കുടിച്ച കുഞ്ഞുങ്ങളെ അപേക്ഷിച്ച് ജലദോഷം, കഫക്കെട്ട് എന്നീ അസുഖങ്ങള്‍ കുറവായിരിക്കും ഇതുമാത്രമല്ല വളര്‍ന്നുവരുമ്പോള്‍ ഡയബറ്റിസ് വയറു സംബന്ധമായ അസുഖങ്ങള്‍ എന്നിവയില്‍നിന്നും കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നു
 • പാശ്ചാത്യരാജ്യങ്ങളില്‍ കണ്ടുവരുന്ന sudden infant death syndrome അതായത് ആറുമാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ പെട്ടെന്നുള്ള മരണം എന്നത് മുലപ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ കുറവാണ് എന്നു പഠനങ്ങള്‍ തെളിയിക്കുന്നു.
 • ആത്മ ബന്ധം: അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികവും ശാരീരികവുമായ ബന്ധത്തിന് മുലപ്പാല്‍ ഏറെ പ്രധാനപ്പെട്ടതാണ്.
 • ആവശ്യത്തിനു അനുസൃതമായ പോഷകം: ഓരോ കുഞ്ഞിനും ആവശ്യമായ പോഷകങ്ങളും മറ്റും അടങ്ങിയ പാല്‍ ആണ് ഓരോ അമ്മയും ഉത്പാദിപ്പിക്കുന്നത്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്കും(preterm babies) തികഞ്ഞു പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്കും (term babies) വെവ്വേറെ രീതിയിലുള്ള പാല്‍ ആയിരിക്കും അമ്മയുടെ പക്കല്‍ നിന്നും ലഭിക്കുക. ഇതു ദൈവത്തിന്റെ ഒരു മഹത്തായ വരദാനമാണ്.
മുലപ്പാല്‍ കൊടുക്കുന്ന അമ്മമാര്‍ക്ക് പൊതുവില്‍ കുറെ സംശയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് ആദ്യമായി മുലയൂട്ടുന്ന ഒരമ്മയ്ക്ക്. ഇതില്‍ കൂടുതലായി കേട്ടുവരുന്ന ചില ചോദ്യങ്ങള്‍ക്കുള്ള പരിഹാരം നമുക്ക് നോക്കാം

 1. എനിക്ക് പാല്‍ കുറവാണ്: ഒരമ്മയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കേട്ടുവരുന്ന ഒരു വേവലാതിയാണ് ഇത്. പ്രസവത്തിന്റെ ആദ്യദിനങ്ങളില്‍ പ്രത്യേകിച്ചു ആദ്യ രണ്ടു മൂന്ന് ദിനങ്ങളില്‍ എല്ലാ അമ്മമാര്‍ക്കും പാല്‍ പൊതുവേ കുറവായിരിക്കും സിസേറിയന്‍ കഴിഞ്ഞ അമ്മമാരില്‍ ഇത് കൂടുതല്‍ പ്രകടമായിരിക്കും. ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ടത് പ്രസവം കഴിഞ്ഞ ഉടനെ ഉണ്ടാകുന്ന പാലിന് colostrum എന്നാണ് പേര്. ഇതില്‍ protein, രോഗാണു പ്രതിരോധത്തിന് ആവശ്യമായ ഇമ്മ്യൂണോഗ്ലോബലിന്‍സ്(immunoglobulins) എന്നിവയുടെ അളവ് ധാരാളമായുണ്ട്. ഈ പാല്‍ ആദ്യത്തെ 2 മുതല്‍ 5 ദിവസം വരെ ഉണ്ടാവാറുണ്ട്. ആദ്യത്തെ 48 മണിക്കൂര്‍മുതല്‍ 72 മണിക്കൂര്‍ വരെ പാലിന്റെ അളവ് കുറവായി തോന്നിയേക്കാം. ഏകദേശം 1 ounce വരുന്ന ഈ അളവ് കുറവായി തോന്നാമെങ്കിലും കുഞ്ഞിന്റെ വയറു നിറയാന്‍ ഇതു മതിയാകും . ആദ്യദിനങ്ങളില്‍ കുഞ്ഞ് ആറ് മുതല്‍ ഏഴ് തവണ വരെ മൂത്രമൊഴിക്കുന്നുണ്ട് , രണ്ട് മുതല്‍ മൂന്ന് തവണ വരെ മലം പോകുന്നുണ്ട് , കുഞ്ഞ് സുഖമായി ഉറങ്ങുന്നുണ്ട് എങ്കില്‍ കുഞ്ഞിന് ആവശ്യമായ പാല്‍ ലഭിക്കുന്നുണ്ട് എന്നാണ് അര്‍ത്ഥം. നേരത്തെ പറഞ്ഞതു പോലെ അമ്മയ്ക്ക് ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ ഉണ്ടെങ്കില്‍ പാല്‍ കുറയാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ആവശ്യമില്ലാത്ത ചിന്തകള്‍ വെടിഞ്ഞു സന്തോഷപൂര്‍വം കുഞ്ഞിന് മുലപ്പാല്‍ നല്‍കുക. 3 മാസം ,6 മാസം എന്നീ സമയങ്ങളിലും അമ്മമാര്‍ക്ക് തനിക്കു പാല്‍ കുറവാണ് എന്നു തോന്നാറുണ്ട്. ഈ സമയങ്ങളില്‍ കുട്ടിയുടെ ശരീര വികസനത്തിന്റെ ഭാഗമായി കുടലും വികസിക്കുന്നതിനാല്‍ പാല്‍ കുടിക്കുന്നതിന്റെ അളവ് കൂടുകയും ആയതിനാല്‍ പാല്‍ തികയുന്നില്ല എന്ന തോന്നല്‍ അമ്മമാരില്‍ ഉണ്ടാകുകയും ചെയ്യുന്നു. വീണ്ടും മേല്‍ പറഞ്ഞ മൂത്രമൊഴിക്കല്‍ ,ഉറക്കം, മലം പോകല്‍, തൂക്കം വര്‍ധന എന്നിവ നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും കുഞ്ഞിന് പാല്‍ തികയുന്നുണ്ടോ എന്നു. ഈ പറഞ്ഞ കാരണങ്ങള്‍ അല്ലാതെയും പാല്‍ വരുന്നില്ല എങ്കില്‍ കുട്ടികളുടെ ഡോക്ടറുമായോ ഗൈനക്കോളജിസ്റ്റുമായോ ബന്ധപ്പെടുക. നട്സ്, ബദാം, മുതലായവ ധാരാളമായി കഴിക്കുക; ഇവ പാല്‍ വര്‍ധിക്കുവാന്‍ സഹായിക്കുന്നു.
 2. പാല്‍ കുടിക്കുന്നുണ്ടെങ്കിലും എപ്പോഴും കരയുന്നു: മുലപ്പാല്‍ രണ്ടു ഭാഗങ്ങളായാണ് വരുന്നത്;1) വെള്ളം കൂടുതല്‍ അടങ്ങിയ foremilk 2) പോഷകങ്ങള്‍ കൂടുതല്‍ അടങ്ങിയ hindmilk. ചില കുഞ്ഞുങ്ങള്‍ foremilk കുടിച്ചു ദാഹം ശമിക്കുമ്പോള്‍ കുടി നിറുത്തി ഉറങ്ങുന്നു. അല്പം കഴിഞ്ഞു വീണ്ടും വിശക്കുമ്പോള്‍ കരയുകയും ചെയ്യുന്നു. ഇതു മനസ്സിലാക്കി കുഞ്ഞുങ്ങളെ ദീര്‍ഘനേരം മുലയൂട്ടുകയാണ് വേണ്ടത്. കുഞ്ഞു ഉറങ്ങിപ്പോവുകയാണെങ്കില്‍ ചെവിയില്‍ മൃദുവായി പിടിച്ചോ കാല്‍പ്പാദത്തിനാടിയില്‍ ഉരസിയോ കുഞ്ഞിനെ ഉണര്‍ത്തി പാല്‍ കൊടുക്കണം.
 3. പാല്‍ കുടിച്ച ഉടനെ ഛര്‍ദ്ദിക്കുന്നു: പല കുഞ്ഞുങ്ങളും വയറു നിറച്ചു പാല്‍ കുടിച്ചു കഴിഞ്ഞു അല്പം ഛര്‍ദ്ദിക്കാറുണ്ട്. ഇതു സാധാരണമാണ്. മാത്രമല്ല ആദ്യത്തെ 6 മാസം വരെ തേട്ടല്‍ അഥവാ regurgitation സാധാരണ പ്രക്രിയ ആണ്. പാല്‍ കൊടുത്തു കഴിഞ്ഞു കുഞ്ഞിന്റെ പിന്‍ ഭാഗത്തു കൊട്ടുന്നത് ഗ്യാസ് കളയാന്‍ സഹായിക്കുന്നു. ഇതു വഴി ഛര്‍ദ്ദിക്കുവാനുള്ള സാധ്യത കുറയുന്നു. കുഞ്ഞിന്റെ തൂക്കത്തില്‍ വര്‍ധനവുണ്ടെങ്കില്‍ ഒട്ടും പേടിക്കേണ്ടതില്ല .
 4. മുലക്കണ്ണിയില്‍ മുറിവ്: മുലക്കണ്ണിയിലെ മുറിവ് അമ്മക്കും കുഞ്ഞിനും ഒരു പോലെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു. മുറിവുണ്ടാകാനുള്ള പ്രധാന കാരണം മുലയൂട്ടുന്ന രീതി ശരിയല്ല എന്നതാണ്. മുലക്കണ്ണ് പൂര്‍ണ്ണമായും കുഞ്ഞിന്റെ വായ്ക്കുള്ളില്‍ ആയില്ലെങ്കില്‍ പാല്‍ കുടിക്കുമ്പോള്‍ കണ്ണിയില്‍ കടിക്കുന്നത് വഴിയാണ് ഇത്തരത്തില്‍ മുറിവുകള്‍ സംഭവിക്കുന്നത്. ഇതു കാരണം കുഞ്ഞിന്റെ വായ്ക്കുള്ളില്‍ വെള്ള നിറത്തിലുള്ള fungus വരാറുണ്ട്. ഇതിന്റെ പരിഹാരമായി ആദ്യം ചെയ്യേണ്ടത് മുലയൂട്ടുന്ന രീതി ശരിയാക്കണം എന്നുള്ളതാണ്. ഇതിനായി നഴ്സുമാരുടെ സഹായം തേടാവുന്നതാണ്. ഇതോടൊപ്പം മുറിവുണങ്ങാനുള്ള ointmentum തേയ്ക്കണം. കുഞ്ഞിന്റെ വായില്‍ വെള്ള നിറത്തിലുള്ള മുറിവുണ്ടെങ്കില്‍ പീഡിയാട്രീഷ്യനെ കാണിക്കണം. കുഞ്ഞിനെ മുലയൂട്ടിയതിനു ശേഷം അല്പം പാല്‍ പിഴിഞ്ഞു മുറിവുള്ള ഭാഗത്തു ഒഴിക്കുന്നതും മുറിവുണങ്ങാന്‍ നല്ലതാണ്.
 5. ബ്രെസ്റ്റില്‍ അസഹനീയമായ വേദന : ചില അമ്മമാരില്‍ പാല്‍ കൊടുക്കുന്ന ഇടം അസഹനീയമായ വേദന അനുഭവപ്പെടാറുണ്ട്. ഇതിനു കാരണം പാല്‍ കൊടുക്കുന്നതിലും കൂടുതലായി പാല്‍ ഉല്‍പാദനം നടക്കുന്നു എന്നതാണ. അധികമായി ഉണ്ടാകുന്ന പാല്‍ കെട്ടിക്കിടക്കുന്നത് കാരണം അവിടം തടിപ്പുണ്ടാകുകയും ചെയ്യുന്നു. ചിലര്‍ ഇതുകാരണം പാല്‍ കൊടുക്കുന്നത് നിര്‍ത്താറുണ്ട് . എന്നാല്‍ ഇത് കൂടുതല്‍ വേദനയും പാല്‍ കൊടുക്കുന്ന ഇടം നീരു വർധിക്കുവാനും സാധ്യതയുണ്ട് . ഇതിനുള്ള പരിഹാരമായി ചെയ്യേണ്ടത് മാറിടം മസാജ് ചെയ്യുകയാണ് . ഹോട്ട് കംപ്രഷന്‍ അഥവാ ചൂടു പിടിക്കുന്നതും നല്ലതാണ് . കുട്ടികളെ രണ്ടുമണിക്കൂര്‍ ഇടവിട്ട് അല്ലെങ്കില്‍ കൂടുതല്‍ സമയം എടുക്കാതെ മുലയൂട്ടണം. മുലയൂട്ടുന്ന സമയത്തു കുഞ്ഞുങ്ങള്‍ ആദ്യത്തില്‍ വളരെ ശക്തിയോടുകൂടി പാല്‍ വലിച്ചെടുക്കും. ഇതു കെട്ടിക്കിടക്കുന്ന പാലിനെ നീക്കം ചെയ്യുവാനും ഇതു സഹായിക്കുന്നു. ഒരുകാരണവശാലും മുലയൂട്ടല്‍ ഈ അവസരത്തില്‍ നിര്‍ത്തരുത്. നിങ്ങള്‍ക്ക് പനിയോ നീര്‍ക്കെട്ട് കൂടുകയോ ചെയ്യുകയാണെങ്കില്‍ ഡോക്ടറെ ഉടനെ കാണിക്കണം. കാരണം അത് ഇൻഫെക്ഷന്റെ ലക്ഷണമാണ്.
 6. എത്ര കാലം വരെ മുലയൂട്ടണം: 6 മാസം വരെ പൂര്‍ണ്ണമായും മുലപ്പാല്‍ മാത്രവും 6 മാസം മുതല്‍ 2 വയസ്സു വരെ മറ്റു ഭക്ഷണങ്ങളോടൊപ്പം മുലപ്പാലും നല്‍കണം. പല കാരണങ്ങളാലും 6 മാസത്തിന് മുന്‍പേ തന്നെ മറ്റു ഭക്ഷണങ്ങള്‍ കൊടുക്കുന്നവര്‍ മനസ്സിലാക്കേണ്ടത് ഇതു കുഞ്ഞിന് ഒരു ഗുണവും ചെയ്യുന്നില്ല എന്നാണ്. 6 മാസം വരെ മുലപ്പാല്‍ ദഹിക്കുന്നതിനുള്ള ശക്തി മാത്രമേ കുഞ്ഞുങ്ങളുടെ വയറിനള്ളുൂ. മറ്റു ഭക്ഷണങ്ങള്‍ കൊടുക്കുന്നത് വഴി വയറിനു അസ്വസ്ഥത വരികയും ഭക്ഷണത്തോട് വെറുപ്പ് വരുവാനുള്ള സാധ്യതയും ഉണ്ടാകുന്നു. പശുവിന്‍ പാലും ആട്ടിന്‍ പാലും കുട്ടികള്‍ക്കു കൊടുക്കുന്നത് അവരെ ദോഷകരമായി ബാധിച്ചേക്കാം. കാരണം പ്രകൃതി രൂപകല്പന ചെയ്തിരിക്കുന്നത് പശുവിന്‍ പാല്‍ അതു പശുക്കിടാവിനുള്ളതാണ്. പശുക്കിടാവിന് വളരുവാന്‍ വേണ്ടത് കൂടുതല്‍ മസ്തിഷ്‌കം (muscle) ആണ്. അതിനാല്‍ പശുവിന്‍ പാലില്‍ കൂടുതല്‍ പ്രോടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റുമാണുള്ളത് . മറിച്ച് മനുഷ്യ കുഞ്ഞിന് ആദ്യത്തെ രണ്ടു വര്‍ഷം മസ്തിഷ്‌കത്തേക്കാള്‍ ഉപരി വേണ്ടത് ബുദ്ധിയുടെ വളര്‍ച്ച ആകുന്നു. അതിനാല്‍ അമ്മയുടെ പാലില്‍ പ്രോടീന്‍ ഘടകത്തേക്കാള്‍ കാർബോഹൈഡ്രേറ്റ് ആണുള്ളത്. ഇതു ബുദ്ധിയുടെ വളര്‍ച്ചക്ക് സഹായിക്കുന്നു. പശുവIന്‍ പാലില്‍ അടങ്ങിയിട്ടുള്ള അമിതമായ osdium കുഞ്ഞിന്റെ വയറിനെയും കിഡ്‌നി പോലുള്ള പ്രധാന അവയവങ്ങളെ ബാധിക്കുവാനും കാരണമാകുന്നു. ഇതു പോലെ തന്നെ ആണ് ആട്ടിന്‍ പാലും. ആട്ടിന്‍ പാലില്‍ folate എന്ന വസ്തു കുറവായതിനാല്‍ കുട്ടികള്‍ക്ക് രക്ത കുറവ് ഉണ്ടാകുവാന്‍ ഇട വരുന്നു. ആറു മാസത്തിനുള്ളിലായി കുഞ്ഞുമായി പിരിഞ്ഞിരിക്കേണ്ട ആവശ്യം വരികയാണെങ്കില്‍, അമ്മയ്ക്ക് മുലപ്പാല്‍ പിഴിഞ്ഞു സംരക്ഷിക്കാവുന്നതാണ്. മുലപ്പാല്‍ പുറത്തു വച്ചാല്‍ 4 മണിക്കൂര്‍ വരെയും ഫ്രിഡ്ജില്‍ ആണെങ്കില്‍ 24 മണിക്കൂര്‍ വരെയും കേടു കൂടാതെ സൂക്ഷിക്കാന്‍ സാധിക്കും. ഇതു ഫ്രീസറില്‍ ആണെങ്കില്‍ 6 മാസം വരെ സൂക്ഷിക്കാം
 7. മുലയൂട്ടലിന്റെ പ്രാധാന്യവും ആവശ്യകതയും മനസ്സിലാക്കി സര്‍ക്കാരും മറ്റും ഒട്ടേറെ ബോധവത്കരണ പരിപാടികള്‍ നടത്തി വരുന്നുണ്ട്. പൊതു സ്ഥലങ്ങളിലൊക്കെ തന്നെ ബ്രസ്സ്റ്റ് ഫീഡിങിനായി മുറികള്‍ ഇപ്പോള്‍ ലഭ്യമാണ്. മുലയൂട്ടല്‍ എന്ന യാതൊരു വിധ നിക്ഷേപവും ആവശ്യമില്ലാത്ത ഈ മഹത്തായ ഒരു കാര്യത്തെ നാം എല്ലാവരും ഇനിയും പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി അത് ആവശ്യമാണ്.
പീഡിയാട്രിക്‌സ് ആന്റ് നിയോനാറ്റോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ആണ് ലേഖകൻ

Content Highlights: importance of breastfeeding week, world breastfeeding week

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented