.
വാകപ്പൂക്കള്‍ വീണു മൂടിയ വഴികളേക്കാള്‍ മെയ് മാസത്തില്‍ എന്നെ ആനന്ദിപ്പിച്ച കാഴ്ച്ച സ്‌കൂള്‍ തുറപ്പിനുള്ള പുസ്തകങ്ങളും ബാഗും വാങ്ങി അച്ഛന്റെ കൈയില്‍ തൂങ്ങി വരുന്ന കുട്ടികളായിരുന്നു. മാനാഞ്ചിറയിലൂടെയോ മിഠായി തെരുവിലൂടെയോ വെറുതെ അന്തംവിട്ട് നടക്കുമ്പോള്‍ എത്രയോ അച്ഛനും മകളും എന്റെയരികിലൂടെ അങ്ങനെ കടന്നു പോയി. തനിക്ക് താങ്ങാവുന്നതിലുമപ്പുറമുള്ള ഭാരമായിരുന്നിട്ടു കൂടി ബാഗും പുസ്തകങ്ങളുമടങ്ങിയ കവര്‍ കൈയില്‍പ്പിടിച്ചതിന്റെ അഭിമാനം അവളുടെ മുഖത്തും കാപ്പിപ്പൊടി നിറത്തിലുള്ള പേപ്പര്‍ കൊണ്ട് പുസ്തകം പൊതിയാനുള്ള ധൃതി അവളുടെ കാലിലുമുണ്ടാകും. അവളെ അങ്ങനെ നോക്കി നില്‍ക്കെ ഒരു മങ്ങിയ ഫ്രെയിം പോലെ ചതുരാകൃതിയിലുള്ള നീല ബാഗും മഴവില്‍ കുടയുടെ അറ്റത്ത് പിടിപ്പിച്ച മുത്തിലൂടെ ഇറ്റി വീഴുന്ന മഴത്തുള്ളികളും മനസ്സിലെത്തും. എന്റെ സ്‌കൂള്‍ കാലത്തിന്റെ ഓര്‍മ്മയില്‍ നര പറ്റാതെ അവശേഷിക്കുന്നത് ആ കുടയും ബാഗും മാത്രമാണ്.
എല്ലാവര്‍ക്കും സ്‌കൂളിലെ ആദ്യ ദിനമായി ഒരൊറ്റ ദിവസം മാത്രമാണുണ്ടാകുക. എന്നാല്‍ രണ്ട് പ്രവേശനോത്സവം ആഘോഷിച്ച് സ്‌കൂളിന്റെ ഗെയ്റ്റ് കടന്നു പോയവളാണ് ഞാന്‍. ഇപ്പോഴും കൂടെയുള്ള, ഒരിക്കലും വിട്ടുപോകാത്ത മടി തന്നെയായിരുന്നു അതിന് കാരണം. ആദ്യമായി ഉപ്പാന്റെ കൈയും പിടിച്ച് സ്‌കൂളിലേക്ക് പോയത് നാലാം വയസ്സിലായിരുന്നു. അന്ന് എന്നെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു പോകുകയാണ് എന്നൊന്നും അറിയില്ലായിരുന്നു. വീട്ടില്‍ നിന്ന് നടന്നു പോകാനുള്ള ദൂരം മാത്രമുള്ള കുമ്മിണിപ്പറമ്പ് ഗവണ്‍മെന്റ് മാപ്പിള എല്‍.പി സ്‌കൂളിന്റെ തുരുമ്പിച്ച ഗെയ്റ്റും കടന്ന് ഞാന്‍ ഹെഡ്മാസ്റ്ററുടെ റൂമിലെത്തി. മുടി മറക്കാനിട്ടിരുന്ന കുഞ്ഞു മക്കനയും മഞ്ഞ പശ്ചാത്തലത്തില്‍ കറുത്ത അക്ഷരങ്ങള്‍ കൊണ്ടെഴുതിയ സ്‌കൂളിന്റെ പേരുള്ള ബോര്‍ഡും ചരല്‍ കല്ലുള്ള മുറ്റവും പെയ്ന്റിളകിയ തൂണുകളും മാത്രമേ അന്നത്തെ ആ ദിവസത്തിന്റെ ഓര്‍മ്മയായി മനസ്സില്‍ അവശേഷിക്കുന്നുള്ളൂ. ബാക്കിയെല്ലാം മാഞ്ഞു പോയി.
ഏതായാലും നാലാം വയസ്സില്‍ എന്നെ സ്‌കൂളില്‍ ചേര്‍ത്തെങ്കിലും ആ വഴിക്ക് ഞാന്‍ പോയില്ല. രാവിലെ ഏഴു മണി മുതല്‍ ഒമ്പതര വരെയുള്ള മദ്രസ വിട്ടു വന്നാല്‍ ഞാന്‍ വീടിന്റെ മൂന്നു ഭാഗവും ഓട്ടമായിരിക്കും. രണ്ടു വീടുകള്‍ പരസ്പരം ഒട്ടി നില്‍ക്കുന്നതില്‍ ഒരെണ്ണമായിരുന്നു എന്റെ പഴയ വീട്. അതുകൊണ്ട് വീടിന്റെ ചുറ്റും ഓടി എന്ന് പറയാന്‍ പറ്റില്ല. ആദ്യത്തെ ദിവസം വീട്ടുകാര്‍ ക്ഷമിച്ചു. മടി മാറിക്കോളും എന്ന് ഉമ്മ പറഞ്ഞു. പക്ഷേ ഞാനുണ്ടോ വിടുന്നു. ദിവസം മൂന്നും നാലും കഴിഞ്ഞ് ആഴ്ച്ചകള്‍ കടന്നു പോയി. എന്നിട്ടും ഞാന്‍ സ്‌കൂളിന്റെ പടി ചവിട്ടിയില്ല.
അപ്പോഴാണ് വല്ല്യുമ്മ (ഉപ്പയുടെ ഉമ്മ) പുതിയ കണ്ടുപിടുത്തവുമായി വരുന്നത്. എല്ലാ വ്യാഴാഴ്ച്ചയും ഞങ്ങളുടെ നാട്ടിലെ പ്രമാണിയായ ഇസ്മായില്‍ ഹാജിയുടെ വീട്ടില്‍ ഒരു മൊല്ലാക്ക (മുസ്ലിയാര്‍) വരും. അയാള്‍ വിചാരിച്ചാല്‍ എന്റെ മടി മാറ്റാന്‍ കഴിയും എന്നായിരുന്നു വല്ല്യുമ്മയുടെ കണ്ടുപുടുത്തം. അടുത്ത വ്യാഴാഴ്ച്ച അയാളുടെ അടുത്ത് പോയി നോക്കാം. വല്ല്യുമ്മ ഉമ്മയോട് പറഞ്ഞു. ആ ആശ്വാസത്തില്‍ അടുത്ത വ്യാഴാഴ്ച്ചയാകുന്നതും കാത്ത് ഉമ്മ സമാധാനത്തോടെ ഉറങ്ങി.
അങ്ങനെ ആ വ്യാഴാഴ്ച്ച വന്നെത്തി. വല്ല്യുമ്മ എന്നെയും കൂട്ടി മൊല്ലാക്കയുടെ അടുത്തേക്ക് വെച്ചുപിടിച്ചു. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് മൊല്ലാക്കയെ ദര്‍ശിക്കാന്‍ അവസരം കിട്ടിയത്. വല്ല്യുമ്മ മൊല്ലാക്കയോട് കാര്യങ്ങളെല്ലാം പറഞ്ഞു. എല്ലാം ക്ഷമയോടെ കേള്‍ക്കുന്നതിനിടയില്‍ വെള്ള മുണ്ടും കുപ്പായവും തലേക്കെട്ടും കെട്ടിയ അയാള്‍ എന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ഞാന്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഏതോ സ്വപ്നലോകത്ത് മുഴുകിയിരിക്കുകയായിരുന്നു.
അവസാനം മൂപ്പര് അറബിയില്‍ എന്തൊക്കെയോ ചൊല്ലി മുന്നിലിരുന്ന വെള്ളത്തില്‍ മന്ത്രിച്ച് ഊതി. എന്നിട്ട് ആ വെള്ളം ഒരു കവിള്‍ എന്നെ കുടിപ്പിച്ചു. ബാക്കിയുള്ളത് ഒരു ചെറിയ കുപ്പിയിലാക്കി വല്ല്യുമ്മയ്ക്ക് കൊടുത്തു. പിന്നീട് ഒരു കറുത്ത ചരടെടുത്ത് എന്നെ ഉഴിഞ്ഞ് അതെന്റെ കഴുത്തിലും കെട്ടി. എന്നിട്ട് വല്ല്യുമ്മയോടെ പറഞ്ഞു: ''ഇഞ്ഞ് ഇവള്‍ടെ മടിയൊക്കെ മാറും. ഇങ്ങള് ഒന്ന് കൊണ്ടും ബേജാറകണ്ട'' സന്തോഷത്തോടെയും അതിലുപരി സമാധാനത്തോടെയും വല്ല്യുമ്മ എന്റെ കൈയും പിടിച്ച് വീട്ടിലേക്ക് തിരിച്ചു നടന്നു. എന്നാല്‍ ആ മൊല്ലാക്കയുടെ മന്ത്രത്തിലൊന്നും ഞാന്‍ വീണില്ല. മന്ത്രിച്ചൂതിയ കുപ്പിവെള്ളം ഞാന്‍ മുറതെറ്റാതെ കുടിച്ചെങ്കിലും വീടിന് മൂന്നു ഭാഗവും ഓടുന്നത് ഞാന്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. അവസാനം സഹികെട്ട് ഉപ്പ പറഞ്ഞു. '' ഇനി ഇവളെ ഇക്കൊല്ലം സ്‌കൂളില്‍ പറഞ്ഞയക്കണ്ട, അടുത്ത കൊല്ലം അഞ്ചാം വയസ്സില്‍ ഒന്നൂടെ ചേര്‍ക്കാം'' അങ്ങനെ നാലാം വയസ്സിലെ എന്റെ സ്‌കൂള്‍ കാലം ഒരു ഒത്തുതീര്‍പ്പില്‍ അവസാനിച്ചു.
പിന്നീട് ഒരു വര്‍ഷത്തിന് ശേഷം അഞ്ചാം വയസ്സില്‍ മടിയൊക്കെ മാറ്റിവെച്ച് നല്ല കുട്ടിയായി ഞാന്‍ രണ്ടാമതും സ്‌കൂളിലേക്ക് പോകാന്‍ തുടങ്ങി. അന്നൊക്കെ മദ്രസ വിട്ട് വന്ന്, മുടി പിന്നിക്കെട്ടി, ഓട്ടട (ഒരു പലഹാരം)യും തിന്ന് സ്‌കൂളിലേക്ക് ഒരോട്ടമായിരുന്നു. താത്ത(ചേച്ചി) മുടി പിന്നിക്കെട്ടി തരുന്നതിനിടയിലാകും ഡയറി എഴുതുക. ഒരു കുഞ്ഞു നോട്ടു പുസ്തകത്തില്‍ ഓരോ ദിവസത്തെയും ഡയറി എഴുതിക്കൊണ്ട് ചെല്ലണമെന്ന് നിര്‍ബന്ധമായിരുന്നു. അന്നത്തെ ആ ഡയറി ഇപ്പോള്‍ എടുത്ത് വായിച്ചാല്‍ ചിരി വരും. എല്ലാ ദിവസവും ഡയറി തുടങ്ങുന്നത് ഇങ്ങനെയാകും: 'രാവിലെ എഴുന്നേറ്റു, പല്ലു തേച്ചു, കുളിച്ചു......'
Content Highlights: school day memories, sajna alungal, first day school, school nostalgia, education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..