ഡൽഹി ഓട്ടോ എക്സ്പോയിൽ നിന്നും | ഫോട്ടോ: മാതൃഭൂമി
ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണിയുടെ 80 ശതമാനവും കൈയാളുന്നത് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ആണ്. അതുകൊണ്ടുതന്നെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ പ്രധാന്യമാണ് ടാറ്റ മോട്ടോഴ്സ് നല്‍കുന്നത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് മുമ്പ് പ്രദര്‍ശിപ്പിച്ച അവിന്യ, കര്‍വ്വ്, സിയേറ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ പ്രത്യേകതകള്‍ വെളിപ്പെടുത്തി 2023 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചത്. പ്രൊഡക്ഷന്‍ പതിപ്പിനോട് അടുത്തു നില്ക്കുന്ന കണ്‍സെപ്റ്റ് മോഡലാണ് ടാറ്റ പ്രദര്‍ശിപ്പിച്ചത്.
ടാറ്റ സിയേറ ഇലക്ട്രിക്
2020 ഓട്ടോ എക്സ്പോയില്‍ ടാറ്റയുടെ പവലിയന്റെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു സിയേറയുടെ കണ്‍സെപ്റ്റ്. അന്ന് അത് തീര്‍ത്തും ഒരു കണ്‍സെപ്റ്റ് ആയിരുന്നെങ്കില്‍ ഇന്ന് പ്രൊഡക്ഷനോട് ഏറെ അടുത്ത് നില്ക്കുന്ന ഒന്നാണ്. ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച എസ്.യു.വി. എന്ന ഖ്യാതിയുള്ള സിയേറയുടെ പരമ്പരാഗത സൗന്ദര്യം നഷ്ടപ്പെടാതെയായിരിക്കും ഇലക്ട്രിക് മോഡലും എത്തിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 1991-ല്‍ വിപണിയില്‍ എത്തി 2000-ത്തില്‍ നിര്‍മാണം അവസാനിപ്പിക്കേണ്ടി വന്ന സിയേറ എന്ന നാമം 2025-ല്‍ ഇലക്ട്രിക് കരുത്തില്‍ പുനര്ജനിപ്പിക്കുമെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്.
ഹാരിയര്‍ ഇലക്ട്രിക്
ടാറ്റ മോട്ടോഴ്സിന്റെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് എസ്.യു.വിയായിരിക്കും ഹാരിയര്‍ ഇ.വി. എന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുമായി എത്തുന്ന ഈ വാഹനവും 2025-ല്‍ ആയിരിക്കും നിരത്തുകളില്‍ എത്തുക. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം (അഡാസ്) ആയിരിക്കും ഈ വാഹനത്തിന്റെ ഹൈലൈറ്റ്. ബി.വൈ.ഡി. ആറ്റോ-3, എം.ജി. ഇസഡ്.എസ്. ഇലക്ട്രിക്, മഹീന്ദ്രയുടെ വരാനിരിക്കുന്ന എക്സ്.യു.വി. ഇ8 എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.
അവിന്യ ഇലക്ട്രിക്
2022-ല്‍ ഓട്ടോ എക്സ്പോ നടക്കാതെ വന്നതോടെ ടാറ്റ മോട്ടോഴ്സ് അവിന്യ എന്ന ഇലക്ട്രിക് വാഹനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ കണ്‍സെപ്റ്റ് കൂടുതല്‍ മെച്ചപ്പെടുത്തി 2023 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുകയാണ്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തില്‍ അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍ നല്‍കുമെന്നാണ് ടാറ്റ ഉറപ്പുനല്‍കുന്നത്. ടാറ്റയുടെ പുതിയ ലോഗോ പതിച്ചെത്തുന്ന അവിന്യയില് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനുള്ള ശേഷിയും നല്‍കും. 2025-ഓടെ നിരത്തുകളില്‍ എത്താനാണ് അവിന്യയും ഒരുങ്ങുന്നത്.
കര്‍വ് ഇലക്ട്രിക് കണ്‍സെപ്റ്റ്
ഭാവിയിലേക്കായി ടാറ്റ മോട്ടോഴ്സ് ഒരുക്കുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ ആദ്യമെത്തുന്ന മോഡലാണ് കര്‍വ്. 2024-ല്‍ നിരത്തുകളില്‍ എത്തുന്ന ഈ ഇലക്ട്രിക് കൂപ്പെ കാറിന് സമാനമായ ഡിസൈനിലാണ് എത്തിയിട്ടുള്ളത്. കരുത്തിനൊപ്പം ഏറ്റവും മികച്ച റേഞ്ചുമായിരിക്കും ഈ വാഹനത്തിന്റെ മുഖമുദ്രയെന്നാണ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ച ടാറ്റ അറിയിച്ചിരിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലായിരിക്കും ഈ വാഹനവും ഒരുങ്ങുകയെന്നും ടാറ്റ ഉറപ്പു നല്‍കിയിട്ടുണ്ട്.
ടാറ്റ അള്‍ട്രോസ്, പഞ്ച് സി.എന്‍.ജി
2023-ല്‍ ഓട്ടോ എക്സ്പോയില്‍ ടാറ്റ പഞ്ചിന്റെ ഇലക്ട്രിക് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് മുന്നിലേക്ക് ടാറ്റ അവതരിപ്പിച്ചത് പഞ്ചിന്റെ സി.എന്‍.ജി. മോഡലായിരുന്നു. ഇക്കൂട്ടത്തില്‍ പ്രതീക്ഷിക്കാത്ത ഒരു മോഡല്‍ കൂടിയെത്തി. അള്‍ട്രോസിന്റെ സി.എന്‍.ജി. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പമായിരിക്കും രണ്ട് മോഡലിലും സി.എന്‍.ജി. സംവിധാനം നല്‍കുക. വാഹനം അവതരിപ്പിച്ചെങ്കിലും വില സംബന്ധിച്ച പ്രഖ്യാപനം ടാറ്റ മോട്ടോഴ്സ് നടത്തിയിട്ടില്ല.
Content Highlights: Tata, Delhi, EV, Delhi Auto Expo 2023, Harrier, Sierra, Avinia, Curve, Altros, Electric Cars
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..