.
ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് എസ്.യു.വിയായ എം.ജി. ഹെക്ടറിന്റെ 2023 പതിപ്പ് ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. മുന്‍ മോഡലില്‍ നിന്ന് ഡിസൈന്‍ മാറ്റം വരുത്തുന്നതിനൊപ്പം മികച്ച ഫീച്ചറുകളും നല്കി എത്തിയ പുതിയ പതിപ്പിന് 14.73 ലക്ഷം രൂപ മുതല്‍ 20.78 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുന്നതിന് 11 പുതിയ സവിശേഷതകളുടെ അകമ്പടിയോടെ എത്തിയ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (അഡാസ്) ആണ് ഈ വാഹനത്തിലെ ഏറ്റവും വലിയ പുതുമ. പുതിയ ഹെക്ടറില്‍ വരുത്തിയിട്ടുള്ള മുഖം മിനുക്കലും ഏറെ ശ്രദ്ധേയമാണ്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച് ഡയമണ്ട് ആകൃതിയിലാണ് ഗ്രില്ല് ഒരുങ്ങിയിട്ടുള്ളത്.
ഇന്ത്യയിലെ സ്പ്ലിറ്റ് ഹെഡ്ലാംപ് മോഡലുകളില്‍ ആദ്യത്തേതാണ് ഹെക്ടര്‍. മുകള്‍ ഭാഗത്തെ എല്‍ഇഡി ഡി.ആര്.എല്‍. മുന്‍ മോഡലിലേതാണ്. എന്നാല്‍ ബംപറിന്റെ രൂപത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അലോയ് വീലിന്റെ രൂപകല്പനയില് അടക്കം മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ടെയില്‍ ലാമ്പുകള്‍ കണക്ട് ആയിട്ടുണ്ടെങ്കില്‍ ഡിസൈനില്‍ വലിയ പുതുമ വരുത്തിയിട്ടില്ല.
എം.ജിയുടെ ബാഡ്ജിങ്ങ് മുന്നിലെ ഗ്രില്ലിന്റെ നടുവില്‍ ഏറ്റവും മുകള്‍ ഭാഗത്തായും പിന്നില്‍ രജിസ്ട്രേഷന് പ്ലേറ്റിന് മുകളില്‍ നടുവിലായുമാണ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്. പിന്നിലെ ബമ്പറിലും ഏതാനും ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എം.ജി ഹെക്ടര്‍ നിരയില്‍ എത്തിയ പുതിയ ഡ്യൂണ്‍ ബ്രൗണ്‍ അടക്കം ഏഴ് നിറങ്ങളില്‍ ഹെക്ടര്‍ വിപണിയില്‍ എത്തും.
ആദ്യ ഹെക്ടറില്‍ 10 ഇഞ്ച് ടച്ച്സ്ക്രീന്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ മോഡലില്‍ 14 ഇഞ്ച് ടച്ച് സ്ക്രീനാണുള്ളത്. ഈ ശ്രേണിയിലെ ഏറ്റവും വലിയ സ്ക്രീനാണിത്. പനോരമിക് സണ്‍റൂഫ്, അകത്തേയും പുറത്തേയും ലൈറ്റുകളുടെ നിയന്ത്രണം, ലോക്ക് സെറ്റിങ്സ്, ടെയില്‍ഗേറ്റ് ഓപ്പണ്‍- ക്ലോസ്, വയര്‍ലസ് ഫോണ്‍ ചാര്‍ജിങ്, ടയര്‍പ്രഷര്‍ മോണിറ്റര്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ടച്ച്സ്ക്രീനില്‍ വിരല്‍ തുമ്പില്‍ ലഭ്യമാണ്. അസ്റ്റര്‍ എസ്യുവില് എംജി അവതരിപ്പിച്ച വോയ്സ് കമാന്റുകളിലൂടെ കാറിന്റെ ഫീച്ചറുകളെ നിയന്ത്രിക്കാനാവുന്ന സൗകര്യം പുതിയ എംജി ഹെക്ടറിലും ലഭ്യമാണ്. അഡാപ്റ്റീവ് ക്രൂസ് കണ്ട്രോള്, അപകട മുന്നറിയിപ്പ് സംവിധാനം, ലൈന്‍ തെറ്റാതെ പോകാന്‍ സഹായിക്കുന്ന സംവിധാനം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് എന്നിവയെല്ലാമുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) പുതിയ എംജി ഹെക്ടറിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. നാല് അടിയിലും കൂടുതല്‍ അകലത്തിലുള്ള കാല്‍നടയാത്രക്കാരെ തിരിച്ചറിയാനും സംവിധാനമുണ്ട്. ട്രാഫിക് ജാം അസിസ്റ്റ് എന്ന പേരില്‍ പുതിയ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുറംമോടിയില്‍ വരുത്തിയ മാറ്റം എന്‍ജിനില്‍ എത്തിയിട്ടില്ല. 5 സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റ് എന്നീ ഗിയര്‍ബോക്സും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് പുതിയ എംജി ഹെക്ടറിനുമുള്ളത്. 7 സ്പീഡ് ഡിസിടി ഗിയര്‍ ബോക്സ് പുതിയ മോഡലിനില്ല. ഡീസല്‍ മോഡലില്‍ 2.0 ലിറ്ററിന്റെ 170 എച്ച്പി ശേഷിയുള്ള എന്ജിന് തന്നെയാണുള്ളത്. മുന്‍പത്തേതു പോലെ സിക്സ് സ്പീഡ് ഗിയര്‍ ബോക്സാണ് ഡീസല്‍ മോഡലിനുള്ളത്.
Content Highlights: Auto Expo 2023: New MG Hector, Hector Plus Launched In India
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..