ബഡാ ദോസ്ത് എക്സ്പ്രസ്
ഇന്ത്യയിലെ വാണിജ്യ വാഹനങ്ങളില്‍ മുൻനിരയിലുള്ള കമ്പനിയാണ് അശോക് ലെയ്ലാന്‍ഡ്. ബസുകളും ട്രക്കുകളും ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിളുകളും എന്നുവേണ്ട ലെയ്ലാന്‍ഡ് കൈവെക്കാത്ത മേഖലകളില്ല. എന്നാല്‍, എം.പി.വി. ശ്രേണിയിലേക്ക് 2013ല്‍ പ്രവേശനം നടത്തിയെങ്കിലും വലിയ തിരിച്ചടിയായിരുന്നു ഫലം. സ്റ്റൈല്‍ എന്ന എം.പി.വി. 2013ല്‍ എത്തിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കാതെ 2015ല്‍ അത് പിന്‍വലിക്കുകയായിരുന്നു.
എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം എം.പി.വി. ശ്രേണിക്ക് പകരം മിനി പാസഞ്ചര്‍ ബസ് എന്ന പേരില്‍ ബഡാ ദോസ്ത് എക്സ്പ്രസ് എന്ന വാഹനവുമായാണ് ലെയ്ലാന്‍ഡ് ഈ ഓട്ടോ എക്സ്പോയില്‍ എത്തിയിരിക്കുന്നത്. ദോസ്ത് ഗുഡ്സ് മോഡലിന്റെ രൂപത്തിലും ഭാവത്തിലും ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന 12+1 സീറ്റിങ്ങ് ലേഔട്ടും, എ.സി, സുരക്ഷ ഫീച്ചറുകള്‍ തുടങ്ങിയ സംവിധാനങ്ങളോടെയാണ് ബഡാ ദോസ്ത് എക്സ്പ്രസ് എത്തിച്ചിരിക്കുന്നത്.
സി.എന്‍.ജി. കരുത്തില്‍ എത്തിയിട്ടുള്ളതെന്നതാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ലെയ്ലാന്ഡിന്റെ ഐജെന്‍6 1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ സി.എന്‍.ജി. എന്‍ജിനാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 58 ബി.എച്ച്.പി. പവറും 158 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മലിനീകരണം കുറയ്ക്കുന്നു എന്നതിനൊപ്പം ഫുള്‍ ടാങ്ക് സി.എന്‍.ജിയില്‍ 350 കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനുള്ള ശേഷിയും സുരക്ഷ ഉറപ്പാക്കുന്നതിനായി എ.ബി.എസ് സംവിധാനവും ഈ വാഹനത്തിലുണ്ട്.
ഏറ്റവും മികച്ച യാത്ര ഒരുക്കുന്നതിനുള്ള സംവിധാനങ്ങളോടെയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. വാഹനത്തിനുള്ളില്‍ കയറുന്നതിനും ഇറങ്ങുന്നതിനുമായി സ്ലൈഡിങ്ങ് ഡോറാണ് വശങ്ങളില് നല്‍കിയിട്ടുള്ളത്. എല്ലാ സീറ്റുകളിലും ബെല്‍റ്റ്, ഗ്രാബ് റെയില്‍, സേഫ്റ്റി ഹാന്‍ഡിലുകള്‍, ആന്റി സ്കിഡ് ഫ്ളോറിങ്ങ്, ഓപ്ഷണലായി വെഹിക്കിള്‍ ട്രാക്കിങ്ങ് സംവിധാനം, ഫയര്‍ ഡിറ്റക്ഷന്‍ ആന്‍ഡ് അലാറം തുടങ്ങിയ നിരവധി സംവിധാനങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
2022ല്‍ ലെയ്ലാന്‍ഡ് വിപണിയില്‍ എത്തിച്ച ബഡാ ദോസ്ത് പിക്ക് അപ്പ് ട്രക്കിന് സമാനമാണ് മുന്‍ഭാഗത്തെ ഡിസൈന്‍. വലിയ ഹാലജന്‍ ഹെഡ്ലാമ്പ്, എല്‍ ഷേപ്പില്‍ നല്‍കിയിട്ടുള്ള ഇന്റിക്കേറ്റര്‍, മുന്നില്‍ നല്‍കിയിട്ടുള്ള ലെയ്ലാന്‍ഡ് ബാഡ്ജിങ്ങ്, ബമ്പറില്‍ നല്‍കിയിട്ടുള്ള ഫോഗ്ലാമ്പ് എന്നിവയാണ് മുന്നിലുള്ളത്. അടച്ച് മൂടിയ വലിയ ഗ്ലാസുകളാണ് വശങ്ങളില് നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം സൈഡിലേക്ക് തുറക്കുന്ന ഡോറുകളുമുണ്ട്. പിന്‍ഭാഗം ലളിതമായാണ് ഒരുക്കിയിട്ടുള്ളത്.
Content Highlights: Ashok Leyland Bada Dost Xpress CNG 12 Seater 2023 Auto Expo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..