Photo: PTI
ആശങ്കകള്‍ക്കും നാടകീയ നിമിഷങ്ങള്‍ക്കുമൊടുവില്‍ ഇന്ത്യന്‍ ടീമിന് ആശ്വാസം. ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യയുടെ പ്രതിരോധക്കോട്ട കാക്കാന്‍ പരിചയസമ്പന്നനായ സന്ദേശ് ജിംഗനുണ്ടാവും. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിന്റെ കിക്കോഫിന് മൂന്ന് ദിവസം മാത്രമുള്ളപ്പോഴാണ് ജിംഗന്‍ ടീമിലെത്തുന്നത്. പതിനൊന്നാം മണിക്കൂര്‍ വരെ പ്രതിരോധിച്ചുനിന്ന എഫ്.സി. ഗോവ ഒടുവില്‍ ജിംഗനെ ദേശീയ ടീമിലേയ്ക്ക് വിട്ടുകൊടുക്കാന്‍ സന്നദ്ധരായി. ഇതിനുവേണ്ടി സെപ്റ്റംബര്‍ 22-ന് നടക്കേണ്ടിയിരുന്ന ഹൈദരാബാദിനെതിരായ എഫ്.സി.ഗോവയുടെ ആദ്യ ഐ.എസ്.എല്‍ മത്സരം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഐ.എസ്.എല്‍ തുടങ്ങുന്നതുകാരണം ജിംഗനെ വിട്ടുതരാന്‍ ഒരുക്കമല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ എഫ്.സി. ഗോവ പറഞ്ഞത്. ഇതനുസരിച്ച് ജിംഗനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ടീമാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തിറക്കിയത്. എന്നാല്‍, കഴിഞ്ഞ ദിവസം കേന്ദ്രകായിക മന്ത്രാലയം പറത്തിറക്കിയ പട്ടികയില്‍ ജിംഗന്റെ പേരുണ്ടായിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് തങ്ങള്‍ക്ക് ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നായിരുന്നു എഫ്.സി.ഗോവ വിശദീകരിച്ചിരുന്നത്.
ടീമിലെ മൂന്ന് സീനിയര്‍ താരങ്ങളില്‍ ഒരാളാണ് ജിംഗന്‍. ബെംഗളൂരു എഫ്.സി.യുടെ സുനില്‍ ഛേത്രിയും ഗുര്‍പ്രീത് സിങ് സന്ധുവുമാണ് മറ്റ് രണ്ടുപേര്‍. എന്നാല്‍, സന്ധുവിനെ വിട്ടുതരാന്‍ ബെംഗളൂരു എഫ്.സി. ഒരുക്കമായിരുന്നില്ല. അങ്ങനെ മോഹന്‍ ബഗാന്റെ ലിസ്റ്റന്‍ കൊളാസോയെ മുതിര്‍ന്ന താരമായി ഉള്‍പ്പെടുത്തി. ഹൈദരാബാദിന്റെ ഡിഫന്‍ഡര്‍ ചിങ്‌ലെന്‍സന സിങ്ങും ഈസറ്റ് ബംഗാളിന്റെ ഡിഫന്‍ഡര്‍ ലാല്‍ചുങ്‌നുംഗയെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. വൈദ്യപരിശോധനയില്‍ പ്രശ്‌നമില്ലെങ്കില്‍ ഈസ്റ്റ് ബംഗാളിന്റെ വിങ്ങര്‍ മഹേഷ് സിങ്ങും ടീമിലുണ്ടാവും.
ഛേത്രിയുടെ കാര്യത്തില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി എഫ്.സി.ഗോവയുടെ തീരുമാനം ഉണ്ടാവുന്നത്. ജിംഗനെ വിട്ടുതന്നതില്‍ ഐ. എസ്. എല്ലിന്റെ സംഘാടകരായ എഫ്.എസ്.ഡി.എല്ലിനോട് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ കല്ല്യാണ്‍ ചൗബെ നന്ദി പറഞ്ഞു. ഈ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ദേശീയ കോച്ച് ഇഗോര്‍ സ്റ്റിമാച്ചും പറഞ്ഞു.
ഐ.എസ്.എല്‍ പത്താം സീസണ്‍ തുടങ്ങുന്നതിനാല്‍ ക്ലബുകള്‍ കളിക്കാരെ വിട്ടുകൊടുക്കില്ലെന്നായപ്പോള്‍ ജിംഗനെയും സന്ധുവിനെയുമെല്ലാം ഒഴിവാക്കി പതിമൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഫെഡറേഷന്‍ ആദ്യം പ്രഖ്യാപിച്ച ടീം. പഴയ ടീമില്‍ നിന്ന് നിലനിര്‍ത്തിയ ഏക സീനിയര്‍ താരം സുനില്‍ ഛേത്രിയായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ ലിസ്റ്റില്‍ പഴയ ടീമില്‍ ആകെ ആറ് മാറ്റങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ജിംഗനെ അവര്‍ നിലനിര്‍ത്തി.
Content Highlights: Sandesh Jhingan and two more players join Asian Games squad


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..