Photo: AFP
ഹാങ്ചൗവിലേക്കുള്ള യാത്രയില്‍ ഇന്ത്യയുടെ ആവേശം ഇരട്ടിപ്പിക്കുന്നത് ഗോള്‍ഡന്‍ ഡബിള്‍ കൊണ്ട് ചരിത്രംകുറിച്ച നീരജ് ചോപ്രയുടെ സാന്നിധ്യം മാത്രമല്ല, മറ്റ് രണ്ട് അദ്ഭുതങ്ങള്‍ കൂടിയാണ്. ഒന്ന് ദൂരെ ബുദാപെസ്റ്റില്‍ മൂന്ന് മലയാളികളും ഒരു തമിഴ്‌നാട്ടുകാരനും ചേര്‍ന്ന് 4x400 മീറ്റര്‍ റിലേയില്‍ നടത്തിയ ത്രസിപ്പിക്കുന്ന ഫിനിഷ്. മറ്റൊന്ന് ഒരാഴ്ച മുന്‍പ് ഇങ്ങ് ചണ്ഡീഗഢില്‍ ആര്‍. വിത്ത്യ രാമരാജ് എന്ന തമിഴ്‌നാട്ടുകാരി നടത്തിയ അവിശ്വനീയമായ കുതിപ്പ്.
ഇതു മാത്രമല്ല, ഇക്കുറി ഏഷ്യന്‍ ഗെയിംസിന് ചൈനയിലേക്ക് പോകുന്ന 68 അംഗ അത്ലറ്റിക് സംഘത്തിന്റെ ചെപ്പില്‍ ഇങ്ങനെ നീരജിനെക്കൂടാതെ ചെറുതും വലുതുമായ വിസ്മയങ്ങള്‍ അനവധിയുണ്ട്. ഈ മാസം ഇരുപത്തിയാറിന് ഡല്‍ഹി, ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് ഹാങ്ചൗവിലേക്ക് യാത്രയാവുന്ന സംഘം ലക്ഷ്യമിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടം.
37 കൊല്ലം മുന്‍പ് ഒരേയൊരു പി.ടി. ഉഷ മാനം കാക്കേണ്ടിവന്ന ചരിത്രമുണ്ട് ഇന്ത്യക്ക്. ആ സോളില്‍ നിന്ന്, ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയായി മാറിയ ഇതേ ഉഷയുടെ നേതൃത്വത്തില്‍ ഹാങ്ചൗവില്‍ എത്തുമ്പോള്‍ അതല്ല കഥ. ട്രാക്കിലെ മിന്നല്‍പ്പിണരുകള്‍ ഹിമാ ദാസും ദ്യുതി ചന്ദുമൊന്നും ഇല്ലാതിരുന്നിട്ടും ഒരു ഡസനോളം സ്വര്‍ണമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മെഡല്‍നേട്ടത്തില്‍ ആതിഥേയരായ ചൈനയെപ്പോലും മറികടക്കാമെന്ന ആത്മവിശ്വാസമുണ്ട്.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനമികവ് ആവര്‍ത്തിക്കാനായില്ലെങ്കിലും ലോകചാമ്പ്യഷിപ്പില്‍ റിലേ ടീം പുറത്തെടുത്തത് ഒരു വലിയ അദ്ഭുതമായിരുന്നു 4x400 മീറ്റര്‍ റിലേയില്‍ മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ് ടീമിന് മെഡല്‍ നഷ്ടമായത്. ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയുടെ അഞ്ചാംപാദത്തില്‍ പി.ടി. ഉഷയുടെ 39 വര്‍ഷം പഴക്കമുള്ള ഹര്‍ഡില്‍സ് റെക്കോഡിന്റെ തൊട്ടടുത്തെത്തിയ വിത്ത്യ രാമരാജിന്റെ പ്രകടനം വലിയ ആത്മവിശ്വാസമാണ് മുഴുവന്‍ ടീമിനും സമ്മാനിച്ചത്. ഈ ആത്മവിശ്വാസംതന്നെയാണ് ടീമിന്റെ മുഖ്യപരിശീലകന്‍ പി. രാമചന്ദ്രന്‍ നായര്‍ പങ്കുവെക്കുന്നത്. ഏഷ്യന്‍ അത്ലറ്റിക്‌സില്‍ ഇരുപത്തിയേഴ് മെഡലാണ് നമ്മള്‍ നേടിയത്. ഏഷ്യന്‍ ഗെയിംസില്‍ അത് മുപ്പതിലേറെയാവുമെന്നാണ് പ്രതീക്ഷ. ലോകചാമ്പ്യന്‍ഷിപ്പില്‍ നിറംമങ്ങിയപ്പോയ ശ്രീശങ്കറും ജസ്വിന്‍ ആല്‍ഡ്രിനുമെല്ലാം ഫോമിലേക്ക് തിരിച്ചുവന്നെന്നാണ് വിലയിരുത്തല്‍. - രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
ലോക ചാമ്പ്യന്‍ഷിപ്പിലെ നിറംമങ്ങിയ പ്രകടനത്തില്‍നിന്ന് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ലോങ്ജമ്പ് താരങ്ങളായ എം. ശ്രീശങ്കറും ഷൈലി സിങ്ങും സ്റ്റിപ്പിള്‍ചേസ് താരം അവിനാശ് സാബ്ലെയും ട്രിപ്പിള്‍ ജമ്പ് താരം പ്രവീണ്‍ ചിത്രവേലും. രണ്ടുതവണ കോവിഡ് ബാധിച്ച ഷൈലി പൂര്‍ണ ഫിറ്റ്‌നസ് കൈവരിക്കുമെന്നുതന്നെയാണ് കോച്ച് അഞ്ജു ബോബി ജോര്‍ജിന്റെ പ്രതീക്ഷ. ഇതാണ് ലോകചാമ്പ്യന്‍ഷിപ്പിലെ 6.40 മീറ്ററെന്ന മോശം പ്രകടനത്തിന് കാരണം. ഇതില്‍നിന്ന് ഷൈലി തിരിച്ചുവരുന്നുണ്ട്. 6.76 എന്ന പേഴ്‌സണല്‍ ബെസ്റ്റ് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ അഞ്ജു പറഞ്ഞു.
നീരജ് നിരാശപ്പെടുത്തില്ലെന്നുതന്നെയാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ജാവലിനില്‍ കിഷോര്‍ ജെനയമുണ്ട് മത്സരം ആവേശത്തിലാക്കാന്‍. അവിനാഷ് സാബ്ലെ (3000 സ്റ്റീപ്പിള്‍ ചേസ്), ജിന്‍സണ്‍ ജോണ്‍സണ്‍, അജയ് കുമാര്‍ (1500 മീറ്റര്‍), എം. ശ്രീശങ്കര്‍, ജെസ്വിന്‍ ആല്‍ഡ്രിന്‍, പ്രവീണ്‍ ചിത്രവേല്‍, അബ്ദുള്ള അബൂബക്കര്‍, തേജീന്ദര്‍ പാല്‍ സിങ് ടൂര്‍, ജ്യോതി യരാജി (100 മീറ്റര്‍ ഹര്‍ഡില്‍സ്), പാറുല്‍ ചൗധരി (3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്) കൃഷ്ണന്‍ കുമാര്‍ (800 മീറ്റര്‍). അംലാന്‍ ബൊര്‍ഗോഹെയ്ന്‍, പ്രാചി, പ്രീതി എന്നിവരെയുംകൂടി ഉള്‍പ്പെടുത്തി ടീമിനെ ഒന്നുകൂടി ശക്തിപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Asian Games 2023 athletics india medal hopefuls Neeraj Chopra


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..