അഭിനേതാവിനെ താരം മറികടന്നപ്പോൾ, കാൽവെപ്പായി ആനന്ദും നമക് ഹറാമും


ഷോലെ ബച്ചന്റെ കരിയർതന്നെ മാറ്റി. ആയിരങ്ങൾ ബെൽബോട്ടവും ബച്ചൻകട്ടും ക്ലീൻ ഷേവും സ്വീകരിച്ച് വിഷാദഗൗരവവും പേറിനടന്നു. പെൺകുട്ടികൾക്ക്  ടോൾ ആൻഡ് ഡാർക്ക് യുവാക്കളെ മതിയെന്നായി.

അമിതാഭ് ബച്ചൻ | ഫോട്ടോ: എ.എഫ്.പി

മിതാഭ് ബച്ചൻ ബോളിവുഡിൽ വരവറിയിക്കുമ്പോൾ താരം രാജേഷ് ഖന്നയായിരുന്നു. ഹിന്ദി സിനിമയുടെ ആദ്യത്തെ സൂപ്പർ സ്റ്റാർ ആയിരുന്നു കാക്കാജി എന്ന വിളിപ്പേരുള്ള രാജേഷ് ഖന്ന. പാട്ടുകളായിരുന്നു ആ താരപ്പൊലിമയുടെ മുഖ്യ ചേരുവ. ബച്ചനും ഖന്നയും ഒരുമിച്ചഭിനയിച്ച ഋഷികേശ് മുഖർജിയുടെ ആനന്ദിൽ കാഴ്ചക്കാരന്റെ റോളായിരുന്നു ബച്ചന്. ബാബുമൊഷായ് എന്ന വിളിപ്പേരിൽപോലും പതിഞ്ഞത് ഖന്ന സ്റ്റാമ്പ്. വിഷാദം വാരി വിതറിയ മുകേഷിന്റെ പ്രശസ്തമായ 'കഹി ദൂർ ജബ് ദിൻ ധൽ ജാ'യെ എന്ന പാട്ടിൽ രാജേഷ് ഖന്ന തകർത്തഭിനയിച്ചപ്പോൾ ജനം കരഞ്ഞു, പശ്ചാത്തലത്തിലുണ്ടായിരുന്ന അമിതാഭിനെ ആരും ശ്രദ്ധിച്ചുപോലുമില്ല. മുകേഷും മന്നാഡെയും മുഖ്യഗായകരായിരുന്ന ചിത്രത്തിൽ പക്ഷേ, രാജേഷിന്റെ ശാരീരമെന്ന് അവരോധിക്കപ്പെട്ട കിഷോർകുമാർ ഉണ്ടായിരുന്നില്ല. സലീൽ ചൗധരിയുടെ സംഗീതം. ഋഷികേശ് മുഖർജിയുടെ ഓഫ് ബീറ്റ് ഹിറ്റ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ നമക് ഹറാമിൽ ഇതേ കോംബിനേഷൻ. രാജേഷ് ഖന്നയ്ക്കുവേണ്ടി കിഷോർ തകർത്തുപാടിയ ഹിറ്റുകൾ. 'ദിയെ ജൽത്തെ ഹെ 'എന്നു ഖന്ന പാടുമ്പോൾ വാഹ് വാഹ് എന്നു പറയുന്ന ബച്ചൻ.

ഋഷിദായെ അമിതാഭിന് പക്ഷേ, മറക്കാൻ പറ്റില്ല. പല കാരണങ്ങൾകൊണ്ടും. ആനന്ദിലെയും നമക് ഹറാമിലെയും അവസരം ബച്ചന് ഒരു കാൽവെപ്പായിരുന്നു. ഭാവിവധു ജയാബാദുരിയെ ഗുഡ്ഡിയിലൂടെ ആ സമയത്ത് അവതരിപ്പിച്ച ഋഷിദാ അടുത്തവർഷംതന്നെ ഇരുവർക്കും വലിയൊരു സംഗീതഹിറ്റും നൽകി; അഭിമാനിലൂടെ. സുബിർ കുമാർ എന്ന ഗായകനായിട്ടായിരുന്നു അതിൽ ബച്ചൻ വേഷമിട്ടത്. തലമുറകൾ കൈമാറിയ 'തെരെ ബിന്ദിയാരെ 'എന്ന റഫി, ലത യുഗ്മഗാനവും ലൂട്ടെ കോയി മൻ കാ നഗർ എന്ന മൻഹർ ഉദാസ്, സൂപ്പർ ഹിറ്റും ബച്ചനെ ആരാധകരിലേക്കടുപ്പിച്ചെങ്കിലും കിഷോർ കുമാറിന്റെ സോളോ, 'മീത്ത് നാ മിലാ രെ മൻ കാ 'ഖന്നയ്ക്കു മാത്രമല്ല ബച്ചനും ആ ശബ്ദം അദ്ഭുതകരമായി ഇണങ്ങിച്ചേരുമെന്ന് ആരാധകർ കണ്ടുപിടിച്ചു. 'തെരേ മേരെ മിലൻ കി യെ രെഹ്‌നാ 'എന്ന കിഷോർ ലത ഡ്യുയറ്റും സൂപ്പർഹിറ്റായി. കിഷോർ കുമാറിന്റെയും ആദ്യ ഭാര്യ റുമ ഘോഷിന്റെയും ജീവിതംതന്നെയാണ് സിനിമയായത് എന്ന് പിന്നാമ്പുറങ്ങളിൽ സംസാരമുണ്ടായിരുന്നു. ആർ.ഡി. ബർമൻ മാജിക്ക് പ്രവർത്തിച്ച ആ സിനിമയിൽ ബച്ചൻ-ജയ പ്രണയവും മൊട്ടിട്ടു. പിന്നീട് അതാ ഇരുവരും ചേർന്നഭിനയിച്ച ഹിറ്റ് മിലി.. വീണ്ടും കിഷോർ-ബച്ചൻ ഹിറ്റ്, ബഡി സൂനി സൂനി.. ആർ.ഡി. ബർമന്റെ അവസാന റെക്കോഡിങ് ആയിരുന്നു അത്.
മധ്യവർത്തി ചുറ്റുപാടുകളിൽനിന്ന് ക്ഷോഭിക്കുന്ന യുവത്വത്തിലേക്കുള്ള കൂടുമാറ്റത്തോടെ ബച്ചൻസൂപ്പർതാരമായി. ചുറ്റുമുള്ളവരെല്ലാം നിഷ്പ്രഭരാക്കപ്പെട്ടു. തട്ടുപൊളിപ്പൻ ഹിറ്റുകൾ പിറന്നു. മുപ്പതുകഴിഞ്ഞ് ചുവടുറപ്പിക്കാൻ ബുദ്ധിമുട്ടുന്ന ബച്ചനെ താരസിംഹാസനത്തിലേക്ക് കൈപിടിച്ചു നടത്തിയത് സഞ്ജീറിലൂടെ തിരക്കഥാകൃത്തുക്കളായ സലിം ഖാനും ജാവേദ് അക്തറുമാണ്. കാൽപ്പനിക പരിവേഷത്തിൽ മുങ്ങിക്കിടന്ന പല താരങ്ങളും നിരസിച്ച റോൾ പക്ഷേ, ചരിത്രമായി. അഭിനേതാവിനെ താരം മറികടന്നു എന്നു പറയാം.' ദേഖാ നാ ഹായ്‌രെ 'എന്ന തട്ടുപൊളിപ്പൻ ഹിറ്റ്പാട്ടോടെ ബച്ചൻ - കിഷോർ ഹിറ്റ്‌സഖ്യം പിറന്നു.ഋഷിദായുടെ ചിത്രം ആലാപ് പരാജയപ്പെട്ടതോടെ ഓഫ് ബീറ്റ് ചിത്രങ്ങളോട് ബച്ചൻ തത്കാലം അകലംപാലിച്ചു. യേശുദാസ് ബച്ചനുവേണ്ടി പാടിയ ചിത്രമായിരുന്നു ആലാപ്. മാതാ സരസ്വതി ശാരദാ, ചാന്ദ് അകേലാ എന്നീ മനോഹരഗാനങ്ങൾ അതിലുണ്ടായിരുന്നു. ജയ്‌ദേവിന്റെ സുന്ദരമായ കോംപോസിഷനുകൾ. സിനിമ ബോക്‌സ്ഓഫീസിൽ വിജയിച്ചില്ലെങ്കിലും തന്റെ പിതാവു രചിച്ച അതിലെ ഒരു ഗാനം അമിതാഭ് ഇന്നും ഹൃദയത്തോട് ചേർത്തുവെക്കുന്നു, 'കോയി ഗാതാ മെ സോ ജാതാ..' യേശുദാസിന്റെ ഹിന്ദി സോൾഫുൾ സൂപ്പർ ഹിറ്റുകളിൽ ഒന്ന്. കളംമാറിയതോടെ ബച്ചന്റെ ഭാഗ്യം ഉയരത്തിലേക്കു കുതിച്ചു. കിഷോർ കുമാർ-അമിതാഭ് ബച്ചൻ ദ്വയം അരങ്ങു വാണ ആംഗ്രി യങ് മാൻ നാളുകൾ. സലിം ജാവേദ് രചിച്ച യാഷ് ചോപ്രയുടെ ദീവാർ ബോളിവുഡിൽ പുതുചരിത്രമായി. 'മെരെ പാസ് മെരാ മാ ഹെ 'എന്നുള്ള പഞ്ച് ഡയലോഗ് ശശികപൂർ പറഞ്ഞെങ്കിലും ബച്ചനായിരുന്നു താരം.

തുടർന്നു വന്നത് ബോളിവുഡിന്റെ പാതതന്നെ മാറ്റിയെഴുതിയ മെഗാ ഹിറ്റ് ഷോലെ. ബച്ചന് പതിവുപോലെ ക്ഷോഭിക്കുന്ന യുവത്വ റോളായിരുന്നതിനാൽ ഹിറ്റു പാട്ടുകളൊക്കെ ധർമ്മേന്ദ്രയും ഹേമമാലിനിയും കൊണ്ടുപോയെങ്കിലും 'യെ ദോസ്തി ഹം നഹി തോഡെ ഗെ 'എന്ന കിഷോർ- മന്നാഡെ യുഗ്മഗാനം കാലങ്ങളോളം രാജ്യത്ത് അലയൊലികൾ തീർത്തു. ബച്ചനുവേണ്ടി പാടിയത് പക്ഷേ, മന്നാഡെ ആയിരുന്നു. ഷോലെ ബച്ചന്റെ കരിയർതന്നെ മാറ്റി. ആയിരങ്ങൾ ബെൽബോട്ടവും ബച്ചൻകട്ടും ക്ലീൻ ഷേവും സ്വീകരിച്ച് വിഷാദഗൗരവവും പേറിനടന്നു. പെൺകുട്ടികൾക്ക് ടോൾ ആൻഡ് ഡാർക്ക് യുവാക്കളെ മതിയെന്നായി.

മ്യൂസിക്ക് ഹിറ്റുകൾ പിറന്നുകൊണ്ടിരുന്നു. ഡോൺ(1978) അത്തരത്തിലുള്ള ഒന്നായിരുന്നു. ചിത്രത്തിലെ 'ഖായികെ പാൻ ബനാറസ് വാല 'എന്ന പാട്ട് ബച്ചന് പുതിയ പരിവേഷം സൃഷ്ടിച്ചു. താരരാജാവ് എവിടെയെത്തിയാലും മുഴങ്ങുന്ന ഇൻട്രോ സോങ് ആയി അത് മാറി. ബച്ചന്റെ താരപ്രതിച്ഛായയെ സ്വാധീനിച്ച, തനിക്ക് ഹാസ്യവും നൃത്തവും വഴങ്ങുമെന്ന് തെളിയിച്ച നമ്പറായിരുന്നു കല്ല്യാൺജി ആനന്ദ്ജി ടീം അദ്ദേഹത്തിന് സമ്മാനിച്ചത്. അതിൽതന്നെയുള്ള 'അരെ ദിവാനോം മുഝെ പെഹച്ഛാനോ 'മറ്റൊരു ഹിറ്റായി മാറി. ആ വർഷംതന്നെ സൂപ്പർ ദീപാവലി ഹിറ്റായ മുക്കദ്ദർ കാ സിക്കന്ദർ ഇറങ്ങി. 'രോതെ ഹുവെ ആതെ ഹെ സബ്., ഓ സാഥീരെ 'എന്നീ രണ്ട് ഹിറ്റുകൾ കിഷോർ ബച്ചനുവേണ്ടി പാടി. കോളേജുകളിൽ 'ഓ സാഥീ രെ 'അലയടിച്ച കാലം. ഖായികെ പാൻ ബനാറസ് മട്ടിലുള്ള നമക് ഹലാലിലെ സൂപ്പർ ഹിറ്റ്, 'പഗ് ഘുങ്ഗ്രൂ ബാന്ധ് മീരാ നാച്ചീഥീ... 'ഇന്ത്യയിലെങ്ങും തരംഗം തീർത്തു. പ്രത്യേകിച്ചൊരു ആയാസവും വേണ്ടതില്ലാത്ത ബച്ചൻ ഡാൻസ് അതോടെ വേരുപിടിച്ചു. തുടർന്ന് ഇടവേളകളില്ലാതെ ഹിറ്റുകൾ .

യാരാനയിലെ 'സാരാ സമാനാ', 'ഹസീനോം കാ ദിവാനാ', ശരാബിയിലെ 'ദെ ദെ പ്യാർ ദെ', അമർ അക്ബർ ആൻറണിയിലെ' മൈ നെയിം ഈസ് ആൻണി ഗോൺസാൽവസ്,' ബേമിസാലിലെ 'ഏക് റോസ് മെം തഡപ്കർ, സിൽസിലയിലെ 'ദേഖാ ഏക് ഖ്വാബ്' അങ്ങനെയങ്ങനെ. രാജേഷ്ഖന്നയ്ക്കായി നൽകിയ കിഷോർ സ്‌പെഷൽ യോഡ്‌ലിങ് നമക് ഹലാലിൽ ബച്ചനുവേണ്ടി അദ്ദേഹം തീർത്തു. 'തോഡീ സീ ജൊ പീ ലീ ഹെ'. അടിക്കുമ്പോൾ ബച്ചനെപ്പോലെ ആടണമെന്ന് മദ്യപർ പറഞ്ഞു. തൂഫാനിൽ 'ആയാ ആയാ തൂഫാൻ 'ആയിരുന്നു കിഷോർ ബച്ചനുവേണ്ടി പാടിയ അവസാന ഗാനം.

അമിതാഭിനുവേണ്ടി പാടുമ്പോൾ മൂന്നുതരത്തിലുള്ള ശബ്ദം കിഷോർ ഉപയോഗിക്കുമായിരുന്നു. ബച്ചന്റെ ശബ്ദത്തിനനുയോജ്യമായ ബാസ് ഉപയോഗിച്ചുള്ളത്, ഹാസ്യരസത്തിനായി അൽപ്പം മൂക്ക് കലർത്തിയുള്ളവ, അപൂർവമായി അതീവ ലോലമായ ശബ്ദത്തിൽ. അത്തരത്തിലൊന്നായിരുന്നു യാരാനായിലെ 'ഝൂക്കർ മെരെ മൻ കോ.' കിഷോർകുമാറിന്റെ ഏറ്റവും മികച്ച മെലഡികളിൽ ഒന്ന്. അമിതാഭ് ബച്ചനുവേണ്ടി കിഷോർ കുമാർ പാടിയ ഏറ്റവും മികച്ച ഗാനം പക്ഷേ, മൻസിൽ എന്ന 79ലെ ബസു ചാറ്റർജി ചിത്രത്തിലേതായിരുന്നു. രിംഝിം ഗിരെ സാവൻ. ആർ.ഡി. ബർമന്റെ കംപോസിഷനും ചിത്രീകരണവും ബച്ചനും സംഗീതവും കിഷോറും ഒന്നിച്ചുചേരുമ്പോൾ ആ പാട്ട് അതീവ വശ്യമായി. മഴയെപ്പറ്റിയും പ്രണയത്തെപ്പറ്റിയും പറയുന്ന ബോളിവുഡിലെ ഏറ്റവും മികച്ച ഗാനം. മഴ ബച്ചന്റെ മറ്റൊരു ഹിറ്റിനെയും ഓർമയിലെത്തിക്കുന്നു. നമക് ഹലാലിലെ മനോഹരമായ യുഗ്മഗാനം. ബച്ചനും സ്മിത പാട്ടീലും സ്‌ക്രീനിൽ. 'ആജ് രപട് ജായെ തോ... 'കിഷോർകുമാറും ആശാ ഭോസ്‌ലേയും മത്സരിച്ചുപാടിയ പാട്ട്. ആ സീൻ പിന്നീട് കണ്ട് ഞെട്ടിയ സ്മിതപാട്ടീൽ പിന്നീട് കമേഴ്‌സ്യൽ ചിത്രങ്ങളിൽ അഭിനയിച്ചില്ലെന്ന് കഥകൾ.

അമിതാഭ്ബച്ചൻതന്നെ തനിക്കുവേണ്ടി പാടിയ പാട്ടുകളേയും പരാമർശിക്കാതെ വയ്യ. ഹ്യൂമർപെപ്പി നമ്പറുകൾ ബച്ചനെക്കൊണ്ട് പാടിക്കാൻ സംഗീതസംവിധായകർക്കിഷ്ടമായിരുന്നു. ലാവാരിസിലെ 'മെരെ അംഗനെ മെ 'വൻ ഹിറ്റായി മാറി. സിൽസിലയിൽ തന്റെ പിതാവിന്റെ രചനയിൽ ബച്ചൻ മറ്റൊരു ഹിറ്റ് പാടി, 'രംഗ് ഭര് സെ ചുനര് വാലീ... ' നീലെ ആസ്മാൻ എന്ന സിൽസിലയിലെ ഹിറ്റ് തനിക്ക് റൊമാൻസും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. രേഖയും ജയബാദുരിയും ബച്ചനും ഒത്തുചേർന്ന ചിത്രമായിരുന്നു സിൽസില. രേഖ പിന്നീട് ബച്ചനൊപ്പം അഭിനയിച്ചതേയില്ല. പതിറ്റാണ്ടുകൾ കഴിഞ്ഞാണ് പിന്നീട് ജയ ബച്ചനൊപ്പം അഭിനയിച്ചത്'കഭി ഖുശി കഭി ഗം 'എന്ന ഹിറ്റിൽ.ബച്ചന്റെ തട്ടുപൊളിപ്പൻ പാട്ടുകളിൽ ഓർമയിലെത്തുന്ന ഒടുവിലത്തെ ഹിറ്റ് പാടിയത് സുദേഷ് ഭോസ്‌ലെയാണ്. 91ലെ ഹം എന്ന ചിത്രത്തിൽ' ചുമ്മാ ചുമ്മാ ദെ ദെ 'എന്ന പാട്ട് പഴയ ബച്ചൻ ചിത്രങ്ങളുടെ ഓളം സൃഷ്ടിച്ചിരുന്നു. ബണ്ടി ഓർ ബബ്‌ളിയിൽ മകനോടും മരുമകളോടുമൊപ്പം 'കജ്‌രാരെ കജ്‌രാരെ'ക്ക് ചുവടുവയ്ക്കുമ്പോഴും ബച്ചനിൽ ഒരു പാൻ ബനാരസ് രസം നമ്മൾ കണ്ടു.

രാജേഷ്ഖന്നയിൽനിന്ന് കിഷോറിന്റെ ശബ്ദം ഏറ്റെടുത്ത അമിതാഭ് ബച്ചൻ പക്ഷേ, ഇതര ഗായകരെ സ്വീകരിക്കുന്നതിൽ മടിയൊന്നും കാണിച്ചില്ല. സൂപ്പർ ഹിറ്റ് ചിത്രമായ ഷാനിൽ 'യമ്മാ യമ്മാ 'എന്ന പാട്ടിന് ബച്ചനായി പാടിയത് ആർ.ഡി. ബർമൻതന്നെയായിരുന്നു. മിമിക്രി ഇഫക്റ്റ് ഉണ്ടായിരുന്നെങ്കിലും റഫിയോടൊപ്പമുള്ള ആ കോമ്പിനേഷൻ തരംഗമായി. റഫിക്കുവേണ്ടി ബച്ചൻ ഒരു ഹിറ്റ് പാട്ട് എഴുതിയിട്ടുണ്ട്. നസീബിൽ. 'ചൽ മെരെ ഭായ്' എന്ന ഗാനം. സുഹാഗിൽ രേഖയ്‌ക്കൊപ്പം ചുവടുവയ്ക്കുമ്പോൾ ബച്ചന് വേണ്ടി 'ആഠ്രാ ബരസ് കി തു 'പാടിയത് റഫിയായിരുന്നു. അതേ ചിത്രത്തിൽ 'ഓ ഷേരോ വാലി' എന്നതിന് ശബ്ദം നൽകിയതും റഫി തന്നെ. ദേശീയോദ്ഗ്രഥനത്തിനായി മൻമോഹൻ ദേശായി എടുത്ത ദേശ് പ്രേമിയിലെ സൂപ്പർ ഹിറ്റ് 'ആപസ് മെ പ്രേം കരോ ദേശ് 'പ്രേമിയോ ബച്ചനുവേണ്ടി അദ്ദേഹം പാടി. നസീബിലെ ജോൺ ജാനി ജനാർദൻ ആയിരിക്കാം ഒരുപക്ഷേ, ബച്ചൻറഫി കോമ്പിനേഷനിലെ സൂപ്പർ ഹിറ്റ്. എന്നാൽ ബച്ചനുവേണ്ടി റഫി പാടിയ ഏറ്റവും മികച്ച ഗാനം അഭിമാനിലെ 'തെരെ ബിന്ദിയാ രെ 'ആണ് എന്നുപറയാം. ലതയ്‌ക്കൊപ്പമുള്ള അവിസ്മരണീയമായ യുഗ്മഗാനം കൗതുകകരമായ കാര്യം ബച്ചന്റെ ഐക്കോണിക് സോങ് ഏതെന്ന് ചൂണ്ടിക്കാണിക്കാൻ പറഞ്ഞാൽ പലരും പറയുന്നത് ഇതൊന്നുമായിരിക്കില്ല. ഒരു യാഷ് ചോപ്ര ചിത്രത്തിലെ ഗാനം. സാഹിർ ലുധിയാൻവിയുടെ കവിതയ്ക്ക് ഖയ്യാം നൽകിയത് മാസ്മരിക സംഗീതം. 'കഭീ കഭീ മെരെ ദിൽ മേം 'അത് ബച്ചനായി പാടിയതാകട്ടെ മുകേഷും.

Content Highlights: amitabh bachchan at 80, superhit songs of amitabh bachchan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented