ആ ബച്ചൻ ചിത്രം വിജയിച്ചിരുന്നെങ്കിൽ ഹിന്ദിയിൽ യേശുദാസിന്റെ തലവര മാറിയേനേ


രവി മേനോൻ

"ആ സിനിമയുടെ റിലീസിനോടനുബന്ധിച്ച്  നടന്ന പാർട്ടിയിൽ വെച്ചാണ് അമിതാഭിനെ ആദ്യം കണ്ടതും പരിചയപ്പെട്ടതും. മിതഭാഷിയും മാന്യനുമായ വ്യക്തി എന്നാണ് തോന്നിയത്.  അതേ വിരുന്നിൽ സക്കീർ ഹുസൈന്റെ തബലയുടെ അകമ്പടിയോടെ ഈ  ഗാനം ആലപിച്ചതും ഓർമ്മയുണ്ട്.'' - യേശുദാസ്.

ആലാപ് എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, യേശുദാസ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, മാതൃഭൂമി ആർക്കൈവ്സ്

വിശ്രേഷ്ഠനായ പിതാവ് സിനിമക്ക് വേണ്ടി എഴുതിയ പാട്ടുകളിൽ ഹൃദയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്നത് ആലാപിലെ "കോയീ ഗാത്താ മേ സോ ജാത്താ'' എന്ന പാട്ടാണെന്ന് പറഞ്ഞിട്ടുണ്ട് അമിതാഭ് ബച്ചൻ. മലയാളികൾക്കും അഭിമാനിക്കാൻ വകയുള്ള കാര്യം. പാടിയത് യേശുദാസാണല്ലോ. വെള്ളിത്തിരയിൽ പാട്ടിനൊത്ത് ചുണ്ടനക്കിയത് അമിതാഭും.

അധികം ചലച്ചിത്ര ഗാനങ്ങൾ രചിച്ചിട്ടില്ല ഹരിവംശ്റായ് ബച്ചൻ. പല സിനിമകളിലും അദ്ദേഹത്തിന്റെ കാവ്യശകലങ്ങൾ എടുത്തുചേർത്തിട്ടുണ്ടെങ്കിലും (അഗ്നീപഥ് ഉദാഹരണം) കഥാസന്ദർഭം മുന്നിൽ കണ്ടെഴുതിയ പാട്ടുകൾ അത്യപൂർവം. അവയിൽ "സിൽസില''യിലെ ഹോളി ഗാനമാണ് ഏറെ പ്രശസ്തം: രംഗ് ബർസേ. ശിവ് - ഹരിയുടെ ഈണത്തിൽ അത് പാടിയത് മകൻ അമിതാഭ് ആണെന്ന പ്രത്യേകതയുണ്ട്. സംവിധായകൻ യഷ് ചോപ്രയുടെ നിർബന്ധമായിരുന്നു തലമുറകളുടെ അപൂർവ സംഗമത്തിന് പിന്നിൽ."ആലാപി''ലെ (1977) കാവ്യഗീതം മുംബൈയിലെ ഫിലിം സെന്റർ സ്റ്റുഡിയോയിൽ വെച്ച് ഹരിവംശ്റായ് ബച്ചൻ ചൊല്ലിക്കേൾപ്പിച്ച നിമിഷങ്ങൾ മറക്കാനാവില്ല യേശുദാസിന്. സംഗീതപ്രേമിയായ കവിയുടെ മനസ്സിലെ ഈണത്തിൽ നിന്ന് ബിഹാഗ് രാഗസ്പർശമുള്ള ഒരു ഗാനശില്പം വാർത്തെടുക്കേണ്ട ദൗത്യമേ ഉണ്ടായിരുന്നുള്ളൂ സംഗീത സംവിധായകൻ ജയദേവിന്.

സംവിധായകൻ ഹൃഷികേശ് മുഖർജിയുടെ ആഗ്രഹമായിരുന്നു ഇഷ്ടകവിയായ ഹരിവംശ്റായിയുടെ ഒരു രചന കൂടി സിനിമയിൽ വേണമെന്നത്. പടത്തിലെ മറ്റു ഗാനങ്ങളെല്ലാം രചിച്ചത് ഡോ റാഹി മാസൂം റാസ. റെക്കോർഡിംഗ് സമയത്ത് ഹരിവംശ് ജിയും ഉണ്ടായിരുന്നു സ്റ്റുഡിയോയിൽ എന്നോർക്കുന്നു യേശുദാസ്. കാവ്യാംശമുള്ള വരികൾ ആയതിനാൽ ഉച്ചാരണം പിഴവറ്റതാണെന്ന് ഉറപ്പുവരുത്താൻ മുൻകൈയെടുത്തത് കവി തന്നെ. "ആ സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടന്ന പാർട്ടിയിൽ വെച്ചാണ് അമിതാഭിനെ ആദ്യം കണ്ടതും പരിചയപ്പെട്ടതും. മിതഭാഷിയും മാന്യനുമായ വ്യക്തി എന്നാണ് തോന്നിയത്. അതേ വിരുന്നിൽ സക്കീർ ഹുസൈന്റെ തബലയുടെ അകമ്പടിയോടെ ഈ ഗാനം ആലപിച്ചതും ഓർമ്മയുണ്ട്.'' - യേശുദാസ്.

മുകേഷിനെ കൊണ്ട് ആലാപിലെ (1977) പാട്ടുകൾ പാടിക്കാനായിരുന്നു സംവിധായകന്റെ ആദ്യ തീരുമാനം. തലേവർഷം പുറത്തുവന്ന അമിതാഭ് ചിത്രമായ "കഭീ കഭീ''യിലെ മുകേഷ് ഗാനങ്ങൾ സൂപ്പർ ഹിറ്റായി നിൽക്കുന്ന സമയം. മുകേഷിന്റെ അകാലമരണമാണ് മറ്റൊരു ഗായകശബ്ദം തിരഞ്ഞുപോകാൻ ഹൃഷികേശ് മുഖർജിയെയും ജയദേവിനേയും പ്രേരിപ്പിച്ചത്.

"ചെമ്മീനി''ന്റെ എഡിറ്റിംഗ് ജോലി നിർവഹിക്കാൻ ചെന്നൈയിൽ ചെന്ന കാലം മുതലേ യേശുദാസിനെ അറിയാം മുഖർജിക്ക്. പുറത്തിറങ്ങാതെ പോയ "ആനന്ദ് മഹലി''ൽ സലിൽ ചൗധരിയുടെ ഈണത്തിൽ യേശുദാസ് പാടിയ നിസഗമപ എന്ന അർദ്ധ ശാസ്ത്രീയ ഗാനത്തിന്റെ ആരാധകനുമായിരുന്നു അദ്ദേഹം. ആ ഗാനത്തിന്റെ ശബ്ദലേഖനം നിർവഹിച്ച മെഹബൂബ് സ്റ്റുഡിയോയിലെ സൗണ്ട് എഞ്ചിനീയർ റോബിൻ ചാറ്റർജിയുടെ ശുപാർശ കൂടി ചേർന്നപ്പോൾ "ആലാപി''ലേക്കുള്ള യേശുദാസിന്റെ പ്രയാണം സുഗമമായി.

"ആലാപി''ലെ ശാസ്ത്രീയ രാഗാധിഷ്ഠിതമായ ഗാനങ്ങൾ യേശുദാസിന്റെ കയ്യിൽ സുരക്ഷിതമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ലായിരുന്നു ജയദേവിന്. ഹരിവംശ് റായിയുടെ വിഖ്യാത കാവ്യസമാഹാരമായ "മധുശാല'' സ്വരപ്പെടുത്തിയത് ജയദേവാണെന്നോർക്കുക. ആലപിച്ചത് മന്നാഡേയും.

കവിത പോലെ ലളിതസുന്ദരമായിരുന്നെങ്കിലും "ആലാപ്'' ബോക്സോഫീസിൽ രക്ഷപ്പെട്ടില്ല. പടം വിജയിച്ചിരുന്നെങ്കിൽ ഹിന്ദി സിനിമയിൽ യേശുദാസിന്റെ തലക്കുറി മറ്റൊന്നായേനേ എന്ന് വിശ്വസിക്കുന്നവർ പലരുണ്ട്. പിൽക്കാലത്ത് അമിതാഭിന് വേണ്ടി അത്യപൂർവം ഗാനങ്ങളെ പാടാൻ അവസരമുണ്ടായുള്ളൂ യേശുദാസിന്. "ത്രിശൂലി''ലെ മൊഹബ്ബത് ബഡെ കാം കാ ചീസ് ഹേ ആണ് ഇക്കൂട്ടത്തിൽ ശ്രദ്ധേയം. അമിതാഭിന്റെ സ്ഥിരം ശബ്ദമായ കിഷോർ കുമാർ ഈ ഗാനത്തിൽ ശശി കപൂറിന് വേണ്ടിയാണ് പിന്നണി പാടിയതെന്ന പ്രത്യേകതയുണ്ട്. ബച്ചൻ കടമെടുത്തത് യേശുദാസിന്റെ ശബ്ദവും.

Content Highlights: amitabh bachchan at 80, amitabh bachchan and kj yesudas songs, alaap movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented