'മുംബൈ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ പരിചയപ്പെട്ട ഉയരം കൂടിയ സുന്ദരൻ'


മധു

ആകാര ഗാംഭീര്യംകൊണ്ടും ശബ്ദ ഗാംഭീര്യംകൊണ്ടും ജനമനസ്സുകൾ കീഴടക്കിയ മഹാനടൻ.അമിതാഭ്‌ ബച്ചന്‌ ഇന്ന്‌ എൺപതിന്റെ നിറവ്‌

അമിതാഭ് ബച്ചൻ, മധു | ഫോട്ടോ: എ.പി, പുഷ്പജൻ തളിപ്പറമ്പ് ‌| മാതൃഭൂമി

മുംബൈ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ അതിവേഗം നടന്നുവരുന്ന ഉയരംകൂടിയ സുന്ദരനായ ആ ചെറുപ്പക്കാരന്റെ മുഖം ഇന്നും മനസ്സിലുണ്ട്. അമ്പത്തിമൂന്നു വർഷം പ്രായമുള്ള ഓർമ. അതോർത്തുവെക്കാൻ പ്രധാന കാരണം അന്നാദ്യമായാണ് ഞാൻ ആ ചെറുപ്പക്കാരനെ കാണുന്നത് എന്നതുകൊണ്ടു മാത്രമല്ല, മറിച്ച് എനിക്കേറെ ആരാധനയും ബഹുമാനവും തോന്നിയ രണ്ടു മഹദ്‌വ്യക്തിത്വങ്ങളുടെ മകനായിരുന്നു അയാൾ എന്നതുകൊണ്ടാണ്

കെ.എ. അബ്ബാസ് സംവിധാനംചെയ്ത ‘സാത്ത്‌ ഹിന്ദുസ്ഥാനി’യുടെ ചിത്രീകരണം മുംബൈയിൽ നടക്കുന്നകാലം. ഉത്പൽദത്ത്, ജലാൽ ആഗ, അൻവർ അലി, ഇർഷാദ് അലി, ഷഹനാസ് തുടങ്ങിയവരോടൊപ്പം ഞാനും സെറ്റിലുണ്ട്. ഷൂട്ടിങ്‌ തുടങ്ങി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞുകാണും ഒരു നട്ടുച്ചനേരത്ത് അബ്ബാസ് പറഞ്ഞു: ‘‘പുതിയ ഒരാൾകൂടി വരാനുണ്ട്. മിക്കവാറും നാളെ എത്തും.’’ അയാളുടെ പേരോ മറ്റുവിവരങ്ങളോ ഒന്നുംതന്നെ അദ്ദേഹം പറഞ്ഞതുമില്ല. പിറ്റേദിവസം അയാൾ എത്തി. അന്നത്തെ ഷൂട്ടിങ് റെയിൽവേ സ്റ്റേഷനിലായതുകൊണ്ട് അദ്ദേഹത്തെ കാണുന്നതും പരിചയപ്പെടുന്നതും റെയിൽവേ സ്റ്റേഷനിൽവെച്ചായത് തികച്ചും യാദൃച്ഛികം.സാത്ത്‌ ഹിന്ദുസ്ഥാനിയിലെ അഭിനേതാക്കൾക്കൊക്കെ അയാളെ പരിചയപ്പെടുത്തിക്കൊടുത്തത് സംവിധായാകൻ കെ.എ. അബ്ബാസ് തന്നെയായിരുന്നു. എന്നെ പരിചയപ്പെടുത്തിയപ്പോൾ പുഞ്ചിരിയോടെ അയാൾ പറഞ്ഞു: ‘‘സാറിനെ എനിക്കറിയാം. എന്റെ അമ്മ പലപ്പോഴും സാറിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്...’’ അല്പം കൗതുകത്തോടെ ഞാൻ ചോദിച്ചു: ‘‘അമ്മ?’’ അച്ഛന്റെയും അമ്മയുടെയും പേര് അയാൾ പറഞ്ഞു. ശരിക്കും അദ്‌ഭുതത്തോടെ ഞാൻ ആ ചെറുപ്പക്കാരന്റെ മുഖത്തേക്കുതന്നെ നോക്കി. ഹിന്ദിയിലെ പ്രശസ്തനായ കവി ഹരിവംശറായ് ബച്ചന്റെയും സാമൂഹികപ്രവർത്തക തേജ് ബച്ചന്റെയും മകനാണ് എന്റെമുന്നിൽ നിൽക്കുന്നത്. അമിതാഭ് ബച്ചൻ എന്ന ഇന്നത്തെ ബിഗ് ബിയെ ഞാനാദ്യം കാണുന്നതും പരിചയപ്പെടുന്നതും അന്നായിരുന്നു.

സാത്ത് ഹിന്ദുസ്ഥാനിയുടെ ഷൂട്ടിങ്ങിനിടെ

ഷൂട്ടിങ്ങിനായി അടുത്ത ലൊക്കേഷനിലേക്ക് ഞങ്ങൾ പുറപ്പെട്ടു. ട്രെയിനിലായിരുന്നു യാത്ര. എനിക്കരികിലിരുന്ന അമിതാഭുമായി സംസാരിച്ചതിലേറെയും അദ്ദേഹത്തിന്റെ അച്ഛനമ്മമാരെക്കുറിച്ചായിരുന്നു. കോളേജിൽ പഠിക്കുമ്പോൾമുതൽ ഹരിവംശറായ് ബച്ചന്റെ കവിതകളെ അടുത്തറിയാൻ കഴിഞ്ഞിരുന്നു. ഓരോ കവിതയിലൂടെ കടന്നുപോകുമ്പോഴും അദ്ദേഹത്തോടുള്ള ആരാധന ഏറിവന്നതേയുള്ളൂ. എന്നെങ്കിലും ഹരിവംശറായ് ബച്ചനെ കാണാനും പരിചയപ്പെടാനും ആഗ്രഹിച്ചിരുന്നു. പക്ഷേ, അത് നടന്നില്ല. മുമ്പത്തേതുപോലെ ആരാധന ഇന്നും ഉള്ളിൽത്തന്നെയുണ്ട്. അമിതാഭിന്റെ അമ്മ തേജ് ബച്ചനെ ഒരിക്കൽമാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഇന്ദിരാഗാന്ധിയുമായി വളരെ അടുത്ത സൗഹൃദം അവർക്കുണ്ടായിരുന്നു. ചെമ്മീനിന് ദേശീയ അവാർഡ് ലഭിച്ചപ്പോഴാണ് ഡൽഹിയിലെ അവാർഡ് ചടങ്ങിൽവെച്ച് തേജ് ബച്ചനെ കാണുന്നതും പരിചയപ്പെടുന്നതും. അന്നത്തെ പുരസ്‌കാരനിർണയ സമിതിയിൽ തേജ് ബച്ചനും അംഗമായിരുന്നു. ചെമ്മീനിലെ പരീക്കുട്ടിയെക്കുറിച്ചും എന്റെ അഭിനയത്തെക്കുറിച്ചുമൊക്കെ അവർ നിറഞ്ഞ സ്നേഹത്തോടെ സംസാരിച്ചു. പിന്നീട് ഞാൻ തേജ് ബച്ചനെ കണ്ടിട്ടുമില്ല.

മറക്കാത്ത ആ ദിനങ്ങൾ

സാത്ത് ഹിന്ദുസ്ഥാനിയുടെ ഷൂട്ടിങ് ഏറെയും നടന്നത് ഗോവയിലായിരുന്നു. ഗോവൻ വിമോചനത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു അത്. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്യുന്ന ഏഴ് കമാൻഡോകളുടെ കഥയാണ് സാത്ത് ഹിന്ദുസ്ഥാനി. ഗോവയിൽ ഒരു വീട് വാടകയ്ക്കെടുത്ത് സംവിധായകനും നിർമാതാവും അഭിനേതാക്കളുമൊക്കെ ഒന്നിച്ച് താമസിച്ച് വളരെ ചുരുങ്ങിയ ദിവസങ്ങൾകൊണ്ടായിരുന്നു സാത്ത് ഹിന്ദുസ്ഥാനിയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. രാവിലെ എല്ലാവരും ഒന്നിച്ച് ലൊക്കേഷനിലേക്ക് പോകും. രാത്രി ഒന്നിച്ച് മടങ്ങിവരും. ശരിക്കും ഒരു നാടകക്യാമ്പുപോലെ. രാത്രിയാകുമ്പോൾ എല്ലാവരും വീടിന്റെ മുറ്റത്ത് വട്ടമിട്ടിരിക്കും. പാട്ടും തമാശയുമൊക്കെ നിറഞ്ഞ ആ രാത്രികളിൽ ഞങ്ങൾ ഏറെ ശ്രദ്ധയോടെ കേട്ടിരുന്നത് അമിതാഭിന്റെ ശബ്ദമായിരുന്നു. ഹരിവംശറായിയുടെ കവിതകളെല്ലാം അമിതാഭിന് മനഃപാഠമായിരുന്നു. ഉച്ചത്തിൽ, മനോഹരമായി ആ കവിതകൾ അമിതാഭ് ചൊല്ലും. ആ ശബ്ദം ഞങ്ങളെയെല്ലാം അദ്‌ഭുതപ്പെടുത്തി. വീണ്ടും വീണ്ടും ആ കവിതകൾ ഞങ്ങൾക്കുവേണ്ടി അമിതാഭ് ചൊല്ലി. പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, കുട്ടിക്കാലംമുതലേ അച്ഛന്റെ കവിതകൾ നിരന്തരം ചൊല്ലിയാവാം അമിതാഭിന് ഇത്രയും ഗാംഭീര്യമുള്ള ശബ്ദമുണ്ടായതെന്ന്. ഇന്നും സ്‌ക്രീനിനെ പിടിച്ചുകുലുക്കുന്ന ആ ശബ്ദഗാംഭീര്യത്തിന്റെ ഉറവിടം ശരിക്കും ഹരിവംശറായിയുടെ കവിതകളിൽനിന്നുതന്നെയാവാം.

അകലെയായാലും അടുപ്പം

സാത്ത് ഹിന്ദുസ്ഥാനിയുടെ ഷൂട്ടിങ്‌ കഴിഞ്ഞ് പിരിഞ്ഞശേഷം ഞാനും അമിതാഭും വീണ്ടും കണ്ടുമുട്ടിയത് മുംബൈയിലെ ആർ.കെ. സ്റ്റുഡിയോയിൽവെച്ചായിരുന്നു. വീണ്ടും ഞാനൊരു ഹിന്ദി ചിത്രത്തിന്റെ ഭാഗമായി മാറിയവേളയിലായിരുന്നു അത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഞങ്ങൾ സംസാരിച്ചു പിരിഞ്ഞു. ഏതാനും വർഷങ്ങൾക്കുമുമ്പ്‌ ഊട്ടിയിൽ കാണ്ഡഹാറിന്റെ ചിത്രീകരണം നടക്കുമ്പോഴാണ് മോഹൻലാൽ വിളിച്ചത്. ഫോൺ അമിതാഭിന്റെ കൈയിൽക്കൊടുത്തശേഷം ലാൽ പറഞ്ഞു: ‘‘സാറ് സംസാരിക്കൂ...’’ ഒടുവിൽ അമിതാഭ് ബച്ചനുമായി സംസാരിച്ചത് അന്നായിരുന്നു.

അരനൂറ്റാണ്ടിനപ്പുറമുള്ള ഞങ്ങളുടെ സൗഹൃദത്തിൽ അധികം കണ്ടുമുട്ടലുകളോ ഫോൺ സംഭാഷണങ്ങളോ ഒന്നുമുണ്ടായിട്ടില്ല. എങ്കിലും ഞങ്ങളുടെ മനസ്സിൽ ഞങ്ങളുണ്ട് എന്നതാണ് ഏറെ സന്തോഷം.

Content Highlights: amitabh bachchan 80th birthday, madhu about amitabh bachchan, saat hindustani movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented