വാര്‍ദ്ധക്യത്തെ തടുക്കാന്‍ പാടുപെടുന്ന നായകര്‍ക്കിടയില്‍ പ്രായത്തെ ആഘോഷിച്ച് ബച്ചന്‍ 


രവിമേനോന്‍

അമിതാഭ് ബച്ചൻ 'ഗുലാബോ സിതാബോ'യിൽ

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ താരത്തിന് എന്‍പതാം പിറന്നാള്‍

സ്‌ക്രീനില്‍ നോക്കി മിഴിച്ചിരിക്കുന്ന പാര്‍വതിയേടത്തിയെ തോണ്ടിവിളിച്ച് അക്ഷമയോടെ ഞാന്‍ ചോദിച്ചു: ``എവിടെ പാറേട്ത്തിടെ സ്വന്തം ആള്? ഇനീം വന്നില്യല്ലോ...''ഞെട്ടിത്തിരിഞ്ഞുനോക്കി ഏട്ത്തി. പിന്നെ, രസച്ചരട് മുറിഞ്ഞുപോയതിന്റെ അമര്‍ഷം മറച്ചുവെക്കാതെ പറഞ്ഞു: ``മുണ്ടാണ്ടിരി ചെക്കാ. ഇപ്പ വരും. ഇങ്ങനെ തോണ്ടിത്തോണ്ടി ബോറടിപ്പിക്കല്ല മനുഷ്യനെ...''

അധികം കാത്തിരിക്കേണ്ടി വന്നില്ല കോട്ടക്കല്‍ രാധാകൃഷ്ണ ടോക്കീസിന്റെ വെള്ളിത്തിരയില്‍ പാറേട്ത്തിടെ ``ആള്‍'' വന്നു നിറയാന്‍. അതും എന്തൊരു വരവ്. തോക്കും വാളും വടിവാളും കുതിരയും തൊപ്പിയും കറുത്ത തുണികൊണ്ട് മറച്ച കണ്ണും ഒക്കെയായി അസ്സലൊരു നാടന്‍ കൗബോയ്. സംസാരം ഹിന്ദിയില്‍ ആണെന്നേയുള്ളൂ. പേരും കിടിലന്‍: ഉസ്താദ് റോബര്‍ട്ട് ടെയിലര്‍. ഇറ്റാലിയന്‍ സ്പഗേറ്റി വെസ്റ്റേണ്‍ പരമ്പരയിലെ പേരില്ലാ കൗബോയ് ക്ലിന്റ് ഈസ്റ്റ് വുഡിന്റെ രൂപഭാവങ്ങളും വേഷപ്പകര്‍ച്ചയുമായി വന്ന ടെയിലര്‍ജി ഏതാനും മിനിറ്റുകളേ വിഹരിച്ചുള്ളൂ സ്‌ക്രീനില്‍. എങ്കിലും ആ വരവും വാള്‍പ്പയറ്റും പോനാല്‍ പോകട്ടും പോടാ മട്ടിലുള്ള ഡയലോഗ് ഡെലിവറിയും അന്നേ മനസ്സില്‍ തങ്ങി.

അതായിരുന്നു അമിതാഭ് ബച്ചനുമായുള്ള ആദ്യ ``കൂടിക്കാഴ്ച.'' ശിഷ്ടകാല ജീവിതത്തിന്റെ ഭാഗമായി മാറാന്‍ പോകയാണ് ഈ ആറടി രണ്ടിഞ്ചുകാരന്‍ എന്ന് അന്നറിയില്ലല്ലോ.

``ഗരം മസാല''യിലെ (1972) ആ മീശക്കാരന്‍ അമിതാഭിലേക്ക് എന്നെ നയിച്ചത് പാറേട്ത്തി തന്നെ. രാധാകൃഷ്ണയില്‍ അപൂര്‍വമായി മാത്രമേ ഹിന്ദി സിനിമ കളിക്കാറുള്ളൂ അന്ന്. ഏതോ മലയാളം പടത്തിന്റെ ഫിലിം പെട്ടി വൈകിയത് കാരണം ഗ്യാപ് പടമായി ഇട്ടതാവണം മെഹമൂദും അരുണാ ഇറാനിയും അഭിനയിച്ച ആ ആക്ഷന്‍ കോമഡി. പക്ഷേ സിനിമയുടെ പോസ്റ്ററില്‍ മുഖ്യതാരങ്ങളുടെ കൂറ്റന്‍ ചിത്രങ്ങള്‍ക്കിടയില്‍ അതിഥി താരം മാത്രമായ ബച്ചന്റെ കുഞ്ഞിത്തല കണ്ടപ്പോള്‍ ആവേശം മൂത്തു പാറേട്ത്തിക്ക്. ഫിലിംഫെയറിലും സ്റ്റാര്‍ഡസ്റ്റിലും ``ബോംബെ ടു ഗോവ''യിലെ താരതമ്യേന നവാഗതനായ യുവനടന്റെ പ്രകടനത്തെ പറ്റി വന്ന പ്രശംസാവാചകങ്ങളില്‍ മയങ്ങിപ്പോയതുകൊണ്ടാവണം.

``എടോ രവ്യെ, മ്മക്ക് ആ സില്‍മ ഒന്നുപോയി കണ്ടു നോക്കാം. ഈ അമിതാബച്ചന്‍ എങ്ങനെയുണ്ട് എന്നറിയാലോ. തോട്ടിക്കോല് പോലെയാണെങ്കിലും ഭയങ്കര സ്‌റ്റൈലാന്നാ കുട്ട്യോളൊക്കെ പറേണത്.....''-- പാറേട്ത്തി.

അമിതാബച്ചനെയെന്നല്ല ഏത് അച്ചനെ കാണാനും റെഡിയായിരുന്നു അന്നത്തെ ആറാം ക്ലാസുകാരന്‍. സിനിമാ കൊട്ടകയുടെ ഇരുട്ടില്‍ രണ്ടു രണ്ടര മണിക്കൂര്‍ സ്വപ്നലോകത്തെന്നോണം സര്‍വവും മറന്നിരിക്കുന്നതോളം ഹരം കൊള്ളിക്കുന്ന മറ്റെന്തുണ്ട് ആ പ്രായത്തില്‍ അവന്? ഹിന്ദി സിനിമ കണ്ടിട്ടില്ലെങ്കിലും താരങ്ങളോട് അന്നേയുണ്ട് ആരാധന. വായിക്കുന്നതധികവും എടരിക്കോട്ടെ തറവാട്ടു വീട്ടിന്റെ തട്ടിന്‍പുറത്തു പൊടിപിടിച്ചു കിടന്ന സ്റ്റാര്‍ഡസ്റ്റിന്റെയും സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന്റെയും ഫിലിം ഫെയറിന്റെയുമൊക്കെ പഴയ ലക്കങ്ങളായതുകൊണ്ടാവാം. പൊന്നുപോലെ സൂക്ഷിച്ചിരുന്ന ഫിലിം കഷ്ണ ശേഖരത്തില്‍ ഒട്ടുമുക്കാലും ഹിന്ദി ചിത്രങ്ങളുടേതായിരുന്നു താനും. നോട്ടുബുക്കില്‍ വെട്ടിയൊട്ടിച്ചിരുന്ന തലകള്‍ ഹിന്ദി താരങ്ങളുടെയും... ധര്‍മേന്ദ്ര, രാജേഷ് ഖന്ന, ദേവാനന്ദ്, ജിതേന്ദ്ര, ശശികപൂര്‍....

സിനിമ കാണാന്‍ ചെന്നപ്പോള്‍ കൊട്ടകയില്‍ പേരിനു പോലുമില്ല ആള്‍ക്കൂട്ടം. ഞാനും പാറേട്ത്തിയും ഗോപ്യേട്ടനും ഉള്‍പ്പെടെ പത്തുപതിനഞ്ചു പേര്‍ മാത്രം. പോസ്റ്ററില്‍ അമിതാഭ് ബച്ചന്റെ പേരുകണ്ടാല്‍ പ്രാന്ത് പിടിച്ചപോലെ ആളുകൂടുന്ന കാലം എത്തിയിരുന്നില്ലല്ലോ. എങ്കിലും ടോക്കീസ് വിട്ടു പോരുമ്പോള്‍ ആകെ മനസ്സില്‍ അവശേഷിച്ചത് ഗസ്റ്റ് ആര്‍ട്ടിസ്റ്റ് റോബര്‍ട്ട് ടെയിലറുടെ നാട്യങ്ങള്‍ ഇല്ലാത്ത സംഭാഷണ ശൈലിയും ഇടംകൈ കൊണ്ടുള്ള വാള്‍പ്പയറ്റും മാത്രം. ചെവി മറയ്ക്കുന്ന ആ ഹെയര്‍ സ്‌റ്റൈലിലും ഉണ്ടായിരുന്നു ഒരു പുതുമ. ശബ്ദം ഇന്നത്തെ പോലെ അഗാധ ഗാംഭീര്യം കൈവരിച്ചിരുന്നില്ല എന്നാണോര്‍മ്മ. എങ്കിലും ഉസ്താദിന്റെ നോട്ടത്തിനൊരു തീക്ഷ്ണതയുണ്ടായിരുന്നു. ഹിന്ദിയിലെ പതിവ് ചോക്ലേറ്റ് ഹീറോകളില്‍ കാണാത്ത ഒന്ന്.

പിന്നീട് ആ നോട്ടം കണ്ടത് മൂന്ന് കൊല്ലം കഴിഞ്ഞാണ്-- രമേഷ് സിപ്പിയുടെ ``ഷോലേ''യില്‍. മൈസൂരിലെ ഏതോ തിയേറ്ററിന്റെ ഇരുട്ടില്‍ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും ഒപ്പം ഇരുന്ന് ഷോലേ ആദ്യമായി കണ്ട നിമിഷങ്ങള്‍ ഇന്നുമോര്‍ക്കുന്നു. പഠനയാത്രയുടെ ഭാഗമായി വയനാട്ടിലെ സ്‌കൂളില്‍ നിന്നെത്തിയതായിരുന്നു ഞങ്ങളുടെ സംഘം. ഹിന്ദി സിനിമയാണ് കാണാന്‍ പോകുന്നതെന്നറിഞ്ഞപ്പോള്‍ ആദ്യം വലിയ ഉത്സാഹമൊന്നും തോന്നിയില്ല. ``ഗരം മസാല'' അത്ര ആവേശകരമായ ഓര്‍മ്മയായിരുന്നില്ലല്ലോ. പക്ഷെ ആ പഴയ ഉസ്താദ് റോബര്‍ട്ട് ടെയിലറിനെയല്ല മൈസൂരിലെ തിയേറ്ററിന്റെ വിശാലമായ സ്‌ക്രീനില്‍ ഞങ്ങള്‍ കണ്ടത്. പകരം കൂടുതല്‍ പക്വതയാര്‍ജിച്ച, അഭിനയത്തിന്റെ സൂക്ഷ്മ ഭാവങ്ങള്‍ അനായാസം വഴങ്ങുന്ന ഒരു നടന്‍ അവിടെ ജ്വലിച്ചു നിന്നു. ഇതിഹാസതുല്യമായ ആ ജൈത്രയാത്ര തുടങ്ങിയിരുന്നേയുള്ളൂ.

കഥയുടെ അവസാനഭാഗത്ത് ആത്മസുഹൃത്തായ വീരുവിന്റെ മടിയില്‍ കിടന്ന് അമിതാഭിന്റെ ജയ് മരണത്തിനു കീഴടങ്ങുമ്പോള്‍ മുന്നിലെ തിരശ്ശീലയില്‍ നോക്കാനാകാതെ നിറകണ്ണുകളോടെ തലതാഴ്ത്തിയിരിക്കുന്ന കൂട്ടുകാരുടെ ചിത്രം ഓര്‍മ്മയിലുണ്ട്. അത്രയേറെ ഞങ്ങളെ സ്പര്‍ശിച്ചിരുന്നു ആ കഥാപാത്രം. തിരിഞ്ഞുനോക്കുമ്പോള്‍, ആ മരണമായിരുന്നില്ലേ അമിതാഭ് ബച്ചന്‍ എന്ന മഹാനടന്റെ ജനനത്തിന് വഴിയൊരുക്കിയത് എന്ന് തോന്നും.

പിന്നെ എത്രയെത്ര സിനിമകള്‍. എത്രയെത്ര വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍. സഞ്ജീറിലെ ഇന്‍സ്‌പെക്ടര്‍ വിജയ് ഖന്ന, ദീവാറിലെ വിജയ് വര്‍മ്മ, മിലിയിലെ ശേഖര്‍ ദയാല്‍, കഭി കഭിയിലെ അമിതാഭ് മല്‍ഹോത്ര, അമര്‍ അക്ബര്‍ ആന്റണിയിലെ ആന്റണി ഗോണ്‍സാല്‍വസ്, മുഖദ്ദര്‍ കാ സികന്ദറിലെ സികന്ദര്‍, സില്‍സിലയിലെ അമിത് മല്‍ഹോത്ര, ശക്തിയിലെ വിജയ് കുമാര്‍, കൂലിയിലെ ഇക്ബാല്‍ ഖാന്‍, അഗ്‌നീപഥിലെ വിജയ് ദിനനാഥ് ചൗഹാന്‍, ഖുദാ ഗവയിലെ ബാദ്ഷാ ഖാന്‍, ബണ്‍ടി ഔര്‍ ബബ്ലിയിലെ ദശരഥ് സിംഗ്, ചീനി കമ്മിലെ ബുദ്ധദേബ് ഗുപ്ത, 102 നോട്ടൗട്ടിലെ ദത്താത്രേയ വഖാരിയ, പികുവിലെ ഭാഷ്‌കര്‍ ബാനര്‍ജി..... അര നൂറ്റാണ്ടിനിപ്പുറവും അമിതാഭിനെ കണ്ടും ആസ്വദിച്ചും മടുത്തിട്ടില്ല എനിക്ക്. താജ് മഹല്‍ ആര്‍ക്കാണ് മടുക്കുക.

ഒടുവില്‍ കണ്ടത് കോവിഡ് കാലത്ത് ആമസോണില്‍ റിലീസായ ``ഗുലാബോ സിതാബോ''യിലെ പടുകിളവന്‍ മിര്‍സ നവാബിന്റെ വേഷത്തില്‍. അതിനു മുന്‍പ് വന്ന ബദ്‌ലയും 102 നോട്ടൗട്ടും എത്ര സുന്ദരം. വിചിത്രമായ വിഗ്ഗുകളും ഗ്രാഫിക്‌സ് കൊണ്ടുള്ള ചെപ്പടിവിദ്യകളും ക്ലിപ്പിട്ട് ഒതുക്കിയ നരാജരാദികളുമായി വാര്‍ദ്ധക്യത്തെ തടുത്തുനിര്‍ത്താന്‍ പെടാപ്പാടുപെടുന്ന നായകര്‍ക്കിടയില്‍ പ്രായത്തെ ഹൃദയപൂര്‍വം ആശ്ലേഷിച്ചും ആഘോഷിച്ചും കൊണ്ട് അമിതാഭ് ബച്ചന്‍ ഇതാ തലയുയര്‍ത്തിനില്‍ക്കുന്നു.

Content Highlights :ravi menon paatuvazhiyorathu amitabh bachchan covid 19

Content Highlights: Amitabh Bachchan 80th Birthday, Legendary actor of Indian Cinema, Bachchan Films


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented