വിജയ്, 22 സിനിമകളിൽ അമിതാഭ് സ്വന്തം കഥാപാത്രത്തിന് ഉപയോ​ഗിച്ച പേര്


കെ. വിശ്വനാഥ്

ആധുനിക ഇന്ത്യയിൽ ഇത്രയും ദീർഘമായ ഒരു കാലഘട്ടത്തിൽ ജനമനസ്സുകളെ സ്വാധീനിക്കുകയും സജീവസാന്നിധ്യമാവുകയും ചെയ്ത മനുഷ്യൻ വേറെയാരുണ്ട്?

അമിതാഭ് ബച്ചൻ | ഫോട്ടോ: റോയിട്ടേഴ്സ്

ആദ്യം കേട്ടത് ഘനഗംഭീരമായ ശബ്ദമായിരുന്നു. അധികം വൈകാതെ ശബ്ദത്തിനുടമയായ ആജാനുബാഹുവിന്റെ രൂപവും സ്‌ക്രീനിൽ തെളിഞ്ഞുകണ്ടു. അരനൂറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലയേറിയ സാന്നിധ്യമായി നമ്മളുടെ കണ്ണുകളിലും കാതുകളിലും അമിതാഭ് നിറയുകയാണ്.

ആധുനിക ഇന്ത്യയിൽ ഇത്രയും ദീർഘമായ ഒരു കാലഘട്ടത്തിൽ ജനമനസ്സുകളെ സ്വാധീനിക്കുകയും സജീവസാന്നിധ്യമാവുകയും ചെയ്ത മനുഷ്യൻ വേറെയാരുണ്ട്? ഈ കാലയളവിൽ മലയാളമടക്കം ഒൻപത് ഭാഷകളിലായി ഇരുന്നൂറിൽ താഴെ സിനിമകളിലേ അമിതാഭ് അഭിനയിച്ചിട്ടുള്ളൂ. അതിലേറെ സിനിമകളിൽ നായകവേഷത്തിൽ അഭിനയിച്ച എത്രയോ നടന്മാർ ഇന്ത്യയിലുണ്ട്. പക്ഷേ, അമിതാഭിനോളം അവരാരും വളർന്നില്ല. അമിതാഭിനേക്കാൾ വലിയൊരു താരം ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല. ഇന്ത്യക്ക് പുറത്ത് ഏറ്റവും അറിയപ്പെടുകയും കൂടുതൽ പേരുടെ ആരാധനയ്ക്ക് പാത്രമാവുകയും ചെയ്യുന്ന സിനിമാതാരം അമിതാഭാണ്. യു.എസ്., ഓസ്ട്രേലിയ, യു.കെ., ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, ഫിജി, മൗറീഷ്യസ്, ഈജിപ്ത്, യു.എ.ഇ., ട്രിനിഡാഡ് ആൻഡ് ടുബാഗോ, സുരിനാം, ഗയാന തുടങ്ങിയ രാജ്യങ്ങളിലെല്ലാം അമിതാഭിന്റെ സിനിമകൾക്ക് പ്രേക്ഷകരുണ്ട്. മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം നാലുതവണ നേടിയ ഒരേയൊരു അഭിനേതാവും അമിതാഭ് തന്നെ.ഇന്ത്യൻ സിനിമയുടെ പര്യായമായിമാറിയ മഹാനടന്റെ അഭിനയജീവിതത്തെ അടയാളപ്പെടുത്തുകയെന്നത് ഏറെ ദുഷ്‌കരമായ കൃത്യമാണ്. മറിച്ച് അമിതാഭിന്റെ നടനസപര്യയിലെ നാഴികക്കല്ലുകളായിമാറിയ സിനിമകളിലും കഥാപാത്രങ്ങളിലും കൂടെയുള്ള പര്യടനമാണ് ഈ ലേഖനം. ബോക്സ് ഓഫീസ് കളക്ഷന് പുറമേ കലാമൂല്യവും അമിതാഭിന്റെ അഭിനയമികവും പരിഗണിച്ച് തികച്ചും വ്യക്തിനിഷ്ഠമായ തിരഞ്ഞെടുപ്പാണിത്.

സൂപ്പർതാരപദവിയിലേക്ക് അമിതാഭിനെ ഉയർത്തിയ ആദ്യകാല സൂപ്പർ ഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങൾക്ക് പൊതുവായ ഒരു പേരുണ്ടായിരുന്നു - വിജയ്. 48 വർഷംമുൻപ് പുറത്തിറങ്ങിയ ദീവാറിൽ ആദ്യമായി ഉപയോഗിച്ച ഈ പേര് പല സിനിമകളിലും ആവർത്തിക്കപ്പെട്ടു. ഇപ്പോഴുമത് തുടരുന്നുമുണ്ട്. 2011-ൽ പുറത്തിറങ്ങിയ ബുഡ്ഡ-ഹോഗാ തേരാ ബാപ് ഉൾപ്പെടെ 22 സിനിമകളിൽ അമിതാഭിന്റെ കഥാപാത്രത്തിന് വിജയ് എന്ന പേരുണ്ട്.

അമിതാഭ് സൂപ്പർതാരപദവിയിലേക്ക് ആദ്യ ചുവടുവെച്ചത് 1973-ൽ പുറത്തിറങ്ങിയ സഞ്ചീറിലൂടെയാണ്. ക്ഷുഭിതനായ യുവാവിന്റെ പരിവേഷം നേടിക്കൊടുത്ത സിനിമയായിരുന്നു അത്. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിത്താണ വ്യവസ്ഥിതിക്കെതിരേ പോരാടുന്ന യുവ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു അന്ന് 31-കാരനായ അമിതാഭ് അഭിനയിച്ചത്. പ്രകാഷ് മെഹ്റ സംവിധാനംചെയ്ത സഞ്ചീറിന് തിരക്കഥയെഴുതിയത് സൽമാന്റെ പിതാവായ സലീം ഖാനും ജാവേദ് അക്തറും ചേർന്നാണ്. തിയേറ്ററുകളിൽ സൂപ്പർഹിറ്റായിമാറിയ ഈ സിനിമയിൽ അമിതാഭിന്റെ നായിക ജയ ഭാദുരിയായിരുന്നു. പ്രാണിന്റെ വില്ലൻവേഷവും ഏറെ പ്രശംസ പിടിച്ചുപറ്റി. സിനിമ റിലീസായി ഒരുമാസത്തിനുള്ളിൽതന്നെ അമിതാഭ് ജയഭാദുരിയെ വിവാഹംകഴിക്കുകയുംചെയ്തു.

സഞ്ചീറിന്റെ തിരക്കഥാകൃത്തുക്കളായ സലീം ഖാൻ-ജാവേദ് അക്തർ സഖ്യമാണ് 75-ൽ പുറത്തിറങ്ങിയ ദീവാറിനും തിരക്കഥ രചിച്ചത്. ഇതിലും അമിതാഭിന്റെ കഥാപാത്രത്തിന്റെ പേര് വിജയ് എന്നുതന്നെ. പോലീസിന് പകരം കള്ളക്കടത്തുകാരനായിമാറി. സഹോദരനായി അഭിനയിച്ച ശശി കപൂർ പോലീസ് ഉദ്യോഗസ്ഥനും. രണ്ട് സഹോദരന്മാർക്കിടയിലെ സ്‌നേഹബന്ധവും പോരാട്ടവുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോവുന്നത്. പർവീൺ ബാബിയും നീതു സിങ്ങും ഉൾപ്പെട്ട താരനിര അണിനിരന്ന ഈ സിനിമ സംവിധാനംചെയ്തത് ഹിന്ദി സിനിമയിലെ ഏക്കാലത്തെയും സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളായ യാഷ് ചോപ്രയാണ്. ദീവാർ സൂപ്പർ ഹിറ്റായി മാറിയശേഷം തുടർച്ചയായി നാല് പടങ്ങൾ അമിതാഭിനെ നായകനാക്കി ചോപ്ര സംവിധാനംചെയ്തു.

ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിമാറിയ ഷോലെയും സലീംഖാൻ-ജാവേദ് അക്തർ സഖ്യത്തിന്റെ തിരക്കഥയിലാണ് പിറന്നത്. രമേഷ് സിപ്പി സംവിധാനംചെയ്ത ഈ സിനിമയാണ് ഇന്ത്യൻ സൂപ്പർതാരം എന്ന നിലയിൽ അമിതാഭിന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത്. അമിതാഭിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷങ്ങളിൽ ധർമേന്ദ്രയും സഞ്ജീവ് കുമാറും നായികമാരായി ജയ ഭാദുരിയും ഹേമമാലിനിയും അഭിനയിച്ചു. ഗബ്ബർ സിങ്ങെന്ന ക്രൂരനായ കൊള്ളത്തലവന്റെ വേഷത്തിലെത്തിയ അംജദ് ഖാൻ ഇന്ത്യൻ സിനിമയിലെ വില്ലൻസങ്കല്പത്തെത്തന്നെ മാറ്റിമറിക്കുന്ന പ്രകടനമാണ് നടത്തിയത്. ഗ്രാമവാസികളെ ഏറെ ദ്രോഹിച്ചിരുന്ന ഗബ്ബറിനെ വകവരുത്താൻ ഇറങ്ങിത്തിരിച്ച ചെറുപ്പക്കാരുടെ വേഷമായിരുന്നു അമിതാഭിനും ധർമേന്ദ്രയ്ക്കും. ദീവാറിലെപ്പോലെ സിനിമയുടെ അവസാനം വീരനായകപരിവേഷത്തോടെ അമിതാഭിന്റെ കഥാപാത്രം കൊല്ലപ്പെടുകയായിരുന്നു ഈ സിനിമയിലും. അന്ന് ലഭ്യമായിരുന്ന പരിമിതമായ സാങ്കേതികവിദ്യ വിനിയോഗിച്ച് ഏറെ ബുദ്ധിമുട്ടി രണ്ടരവർഷംകൊണ്ടാണ് ഷോലെ ഷൂട്ട്‌ചെയ്തത്.

ഷോലെപോലെ മൾട്ടി സ്റ്റാർ സിനിമയായിരുന്നു 77-ൽ റിലീസായ അമർ അക്ബർ ആന്റണി. അമിതാഭിനൊപ്പം വിനോദ് ഖന്ന, ഋഷി കപൂർ, ശബാന ആസ്മി, നീതു സിങ്, പർവീൺ ബാബി എന്നിവർ അണിനിരന്നു. ആക്ഷനൊപ്പം കോമഡിയും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ച അമിതാഭിന്റെ അഭിനയശൈലി വേറിട്ടുനിന്നു. മൻമോഹൻ ദേശായി സംവിധാനംചെയ്ത സിനിമയ്ക്ക് തിരക്കഥയെഴുതിയത് പിൽക്കാലത്ത് കൊമേഡിയനായി ഹിന്ദി സിനിമകളിൽ നിറഞ്ഞുനിന്ന് ഖാദർഖാനായിരുന്നു. മൂന്ന് സഹോദരന്മാർ ചെറുപ്പത്തിൽ വേറിട്ടുപോവുകയും വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്ന കുടുംബങ്ങളിൽ വളരുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ലക്ഷ്മികാന്ത്-പ്യാരേലാൽ ഈണമിട്ട ഗാനങ്ങളിൽകൂടിയും ശ്രദ്ധേയമായ ഈ സിനിമയും ബോക്സോഫീസ് ഹിറ്റായിമാറി.

1978-ൽ റിലീസായ ഡോൺ ഇരട്ടവേഷത്തിൽ അഭിനയിച്ച സിനിമയാണ്. പോലീസ് തിരയുന്ന കുറ്റവാളിയായ ഡോണിനെയും അയാളുടെ രൂപസാദൃശ്യമുള്ള വിജയിനെയും അമിതാഭ് അവതരിപ്പിച്ച ഈ സിനിമ സംവിധാനംചെയ്തത് ഹിന്ദി സിനിമാലോകത്ത് അധികമൊന്നും അറിയപ്പെടാതിരുന്ന ചന്ദ്രാ ബാരോട്ട് എന്ന സംവിധായകനായിരുന്നു. അമിതാഭിനെവെച്ച് ഹിറ്റുകളുടെ പരമ്പര സൃഷ്ടിച്ചുകൊണ്ടിരുന്ന സലീം-ജാവേദ് സഖ്യത്തിന്റെ തിരക്കഥയായിരുന്നു സിനിമയുടെ കരുത്ത്. രണ്ടുവർഷത്തിനുശേഷം പുറത്തിറങ്ങിയ ഷാനിന്റെയും തിരക്കഥ ഇവരുടെതുതന്നെയായിരുന്നു. അമിതാഭിനൊപ്പം ശത്രുഘൻ സിൻഹയും ശശി കപൂറും അഭിനയിച്ച ഈ സിനിമയിലും അമിതാഭിന്റെ കഥാപാത്രത്തിന്റെ പേര് വിജയ് എന്നുതന്നെ. രമേശ് സിപ്പി സംവിധാനംചെയ്ത ഈ സിനിമയും ബോക്സ് ഓഫീസിൽ തകർത്തുവാരി.

തന്റെ സ്ഥിരം വില്ലനായിരുന്ന പ്രാണിന്റെ മകനായി അമിതാഭ് അഭിനയിച്ച കോമഡി ചിത്രമാണ് ഷരാബി. ജയപ്രദ നായികയായി എത്തിയ ഈ സിനിമ അമിതാഭിന്റെ വ്യത്യസ്തമായ അഭിനയശൈലികൊണ്ട് ശ്രദ്ധേയമായി. 1984-ൽ കോൺഗ്രസ് ടിക്കറ്റിൽ അലഹാബാദിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിച്ച അമിതാഭ് സിനിമയിലേക്ക് തിരിച്ചുവന്നത് 1989-ൽ ഷെഹൻഷാ എന്ന സിനിമയിലൂടെയാണ്. ഭർത്താവിന്റെ തിരിച്ചുവരവിനായി ജയാബച്ചനായിരുന്നു ഈ സിനിമയ്ക്ക് കഥയെഴുതിയത്. ഒരിക്കൽകൂടി വിജയ് എന്ന പേരുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമ സംവിധാനംചെയ്തത് ടിനു ആനന്ദായിരുന്നു. അമിതാഭിനൊപ്പം മീനാക്ഷി ശേഷാദ്രിയും അമരിഷ് പുരിയും വേഷമിട്ട ഈ സിനിമ മുടക്കുമുതലിന്റെ നാലിരട്ടി തിയേറ്ററിൽ കളക്ട്‌ചെയ്തു. പിതാവ് ഹരിവംശ്റായി ബച്ചന്റെ കവിതയുടെ പേരാണ് 1990-ൽ പുറത്തിറങ്ങിയ ആക്ഷൻ സിനിമയ്ക്ക് അമിതാഭ് നൽകിയത്. അഗ്‌നിപഥ് എന്ന ഈ സിനിമയുടെ തുടക്കത്തിൽ ആ കവിത ആലപിക്കുന്നുമുണ്ട്. തന്റെ 58-ാംവയസ്സിൽ മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് അമിതാഭിന് നേടിക്കൊടുത്തതും മുകുൽ എസ്. ആനന്ദ് സംവിധാനംചെയ്ത ഈ സിനിമതന്നെ. അമിതാഭിനൊപ്പം മിഥുൻ ചക്രവർത്തിയും ഈ സിനിമയിൽ നായകപ്രാധാന്യമുള്ള വേഷം അഭിനയിച്ചിരുന്നു.

അഗ്‌നിപഥിനുശേഷം ഒരു ദശകത്തിനുള്ളിൽ മുപ്പതോളം സിനിമകളിൽ അഭിനയിച്ചെങ്കിലും ഹം, സൂര്യവംശി തുടങ്ങി ഒന്നുരണ്ടെണ്ണമല്ലാതെ ഒന്നും കടുത്ത ആരാധകരുടെപോലും ശ്രദ്ധ നേടിയില്ല. അമിതാഭിന്റെ സിനിമാകരിയറിലെ ഇറക്കത്തിന്റെ കാലമായിരുന്നു അത്. എന്നാൽ 2001-ൽ രാകേശ് ഓംപ്രകാശ് മെഹ്റ സംവിധാനംചെയ്ത എ.കെ.എസിൽ ഒരു ബ്രാൻഡ് ന്യൂ അമിതാഭിനെ നമ്മൾ കണ്ടു. അമിതാഭിന്റെ അഭിനയജീവിതത്തിന്റെ പുതിയൊരു ഘട്ടം തുടങ്ങുന്നതിന്റെ സൂചനയായിരുന്നു ആ സിനിമ. അമിതാഭിനൊപ്പം മനോജ് ബാജ്പേയ് എന്ന പ്രതിഭാധനനായ അഭിനേതാവുകൂടി ഈ സിനിമയിൽ വേഷമിട്ടു. മസാല നായകനിൽനിന്ന് കാരക്ടർവേഷങ്ങളിലേക്കുള്ള പരിണാമത്തിന്റെ തുടക്കമായിരുന്നു എ.കെ.എസ്. ബോക്സോഫീസിൽ ചലനമുണ്ടാക്കിയില്ലെങ്കിലും അമിതാഭിനെ സിനിമയ്ക്ക് ഇനിയും ആവശ്യമുണ്ടെന്ന സൂചന നൽകിയ സിനിമയായിരുന്നു അത്. അടുത്ത വർഷം റിലീസായ ആംഖേം എന്ന സിനിമയും അമിതാഭിന്റെ അഭിനയമികവിന്റെ ബലത്തിലാണ് ശ്രദ്ധേയമായത്. ഗുജറാത്തി നാടകസംവിധായകനായ വിപുൽ അമൃത്ലാൽ ഷായുടെ നാടകത്തിന്റെ ചലച്ചിത്ര ആവിഷ്‌കാരമായിരുന്നു ആംഖേം. അക്ഷയ് കുമാർ, അർജുൻ രാംപാൽ, സുസ്മിതാ സെൻ, പരേഷ് റാവൽ, ആദിത്യ പഞ്ചോലി എന്നിവരും ബാങ്ക്‌കൊള്ളയുടെ കഥ പറയുന്ന ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

2005-ൽ പുറത്തിറങ്ങിയ ബ്ലാക്കിൽ തന്റെ കരിയറിലെതന്നെ ഏറ്റവും മികച്ച പ്രകടനമാണ് അമിതാഭ് പുറത്തെടുത്തത്. 1962-ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ ദ മിറാക്കിൾ വർക്കറിന്റെ ചുവടുപിടിച്ചാണ് ബ്ലാക്കിന്റെ തിരക്കഥയെഴുതിയത്. അന്ധയും ബധിരയുമായിരുന്ന അമേരിക്കൻ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായിരുന്ന ഹെലൻ കെല്ലറിന്റെയും അവരുടെ ട്യൂട്ടറായിരുന്ന അന്ന സുലൈവന്റെയും ജീവിതത്തെ അധികരിച്ചായിരുന്നു മിറാക്കിൾ വർക്കർ ചിത്രീകരിച്ചത്. ബ്ലാക്കിൽ ഹെലനെ അനുസ്മരിപ്പിക്കുന്ന മൈക്കലെ എന്ന കഥാപാത്രമായി റാണി മുഖർജിയും സുലൈവനോട് സാദൃശ്യമുള്ള ദേബാരാജ് സഹായി എന്ന കഥാപാത്രമായി അമിതാഭും അഭിനയിക്കുകയായിരുന്നു. വൃദ്ധനും ബുദ്ധിമാനുമായ ട്യൂട്ടറുടെ റോളിൽ അമിതാഭ് അഭിനയിച്ച് തകർത്തു. അമിതാഭിന് തന്റെ രണ്ടാമത്തെ ദേശീയ അവാർഡ് നേടിക്കൊടുത്ത സിനിമയാണിത്. അഗ്‌നിപഥിലെ പ്രകടനത്തിന് അവാർഡ് ലഭിച്ചപ്പോൾ ചില വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിൽ ബ്ലാക്കിന്റെ കാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. അത്രയ്ക്ക് ആധികാരികമായിരുന്നു ഈ സിനിമയിൽ അമിതാഭിന്റെ പ്രകടനം.

2005-ൽതന്നെ പുറത്തിറങ്ങിയ സർക്കാറിൽ അമിതാഭ് ജീവൻ പകർന്ന സുഭാഷ് നാഗ്രേയും അമിതാഭിന്റെ അഭിനയപാടവത്തിന് ഉത്തമ നിദർശനമാണ്. രാം ഗോപാൽ വർമ സംവിധാനംചെയ്ത ഈ സിനിമയിൽ മുംബൈയിലെ സമാന്തര സർക്കാറായി മാറുന്നരീതിയിൽ സ്വാധീനശേഷിയുള്ള ഒരു കഥാപാത്രമാണ് സുഭാഷ് നാഗ്രെ. സുഭാഷ് നാഗ്രെയുടെ ഇളയ മകനായി എത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അമിതാഭിന്റെ മകൻ അഭിഷേക് ബച്ചനായിരുന്നു. ഈ സിനിമയുടെ തുടർച്ചയായി സർക്കാർ രാജ് (2008), സർക്കാർ 3 (2017) എന്നീ സിനിമകൾകൂടി പുറത്തിറങ്ങി. മൂന്ന് സിനിമകളിലും അമിതാഭും അഭിഷേകും വേഷമിട്ടു.

2009-ൽ റിലീസ് ചെയ്ത പാ ഇന്ത്യൻ സിനിമയിലെ ഒരു വിസ്മയമായിരുന്നു. സ്വന്തം മകനായ അഭിഷേക് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകന്റെ റോളിലാണ് അമിതാഭ് അഭിനയിച്ചത്. ജന്മനാ വൈകല്യമുള്ള 12-വയസ്സുകാരനായെത്തിയ അമിതാഭ് അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചുകളഞ്ഞു. തന്റെ മൂന്നാമത്തെ ദേശീയഅവാർഡും ഈ സിനിമയിലൂടെ അമിതാഭിന് ലഭിച്ചു. ആർ. ബാലകൃഷ്ണനാ(ബാൽകി)ണ് പായുടെ സംവിധായകൻ. അമിതാഭിന് മികച്ച നടനുള്ള നാലാമത്തെ ദേശീയ അവാർഡ് നേടിക്കൊടുത്തത് 2015-ൽ പുറത്തിറങ്ങിയ പികുവിലെ വയോധികന്റെ വേഷമാണ്. ഷൂജിത് സർക്കാർ സംവിധാനംചെയ്ത ഈ സിനിമയിൽ പ്രധാന ഇതിവൃത്തം അമിതാഭിന്റെ കഥാപാത്രമായ പികു ബാനർജിയുടെ മലബന്ധമാണ്. ഗൗരവവും ഹാസ്യവും ഇടകലർത്തി പ്രശംസനീയമായ രീതിയിലാണ് അമിതാഭ് അഭിനയിച്ചിരിക്കുന്നത്. ദീപിക പദുക്കോണും ഇർഫാൻ ഖാനുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

2015-ൽത്തന്നെ പുറത്തിറങ്ങിയ ഷമിതാഭ്, അമിതാഭിനെവെച്ച് പായുടെ സംവിധായകനായ ബാൽകി വീണ്ടും സംവിധാനംചെയ്ത സിനിമയാണ്. തമിഴ് നടനായ ധനുഷും അമിതാഭും മത്സരിച്ചഭിനയിച്ച സിനിമയാണിത്. മൂകനായ ഒരു യുവാവ് മറ്റൊരാളുടെ ശബ്ദം 'കടംകൊണ്ട്' അഭിനയിച്ച് ബോളിവുഡിൽ സൂപ്പർതാരമായി മാറുന്ന വളരെ വ്യത്യസ്തമായ ഇതിവൃത്തമായിരുന്നു ഈ സിനിമയ്ക്ക്. മൂകയുവാവായ ധാനീഷായി ധനുഷും അയാൾക്ക് ശബ്ദം നൽകുന്ന അമിതാഭ് സിൻഹയായി അമിതാഭും അഭിനയിച്ചു. 2016-ൽ പുറത്തിറങ്ങിയ തീൻ നവാസുദ്ധീൻ സിദ്ദിഖിക്കും വിദ്യാ ബാലനുമൊപ്പം ഉദ്വേഗജനകമായ കുറ്റാന്വേഷണ സിനിമയാണ്. ജോൺ ബിശ്വാസ് എന്ന എഴുപതുകാരൻ എട്ടുവർഷംമുൻപ് കാണാതായ കൊച്ചുമകളുടെ മരണത്തിന് ഉത്തരവാദിയായ കുറ്റവാളിയെ അന്വേഷിച്ച് കണ്ടെത്തുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. റിഭുദാസ് ഗുപ്ത സംവിധാനംചെയ്ത ഈ സിനിമയിലും അതുല്യമായ അഭിനയപാടവം അമിതാഭ് പ്രകടമാക്കിയിരിക്കുന്നു. അതേവർഷം പുറത്തിറങ്ങിയ പിങ്കും ഒരു ത്രില്ലറാണ്. തനിക്ക് പരിചയമുള്ള മൂന്നു പെൺകുട്ടികളെ സഹായിക്കുന്നതിനായി ഏറെ വർഷത്തെ ഇടവേളക്കുശേഷം കോടതിയിൽ ചെന്നു കേസ് വാദിക്കുന്ന വയോധികനായ അഭിഭാഷകന്റെ വേഷത്തിലാണ് അമിതാഭ്. സ്ത്രീകളുടെ അവകാശങ്ങൾക്കായി വാദിക്കുന്ന സിനിമയെന്ന നിലയിൽ പ്രസക്തമായ ഈ സിനിമയുടെ സംവിധായകൻ അനിരുദ്ധ റോയ് ചൗധരിയാണ്.

2018-ൽ റിലീസ് ചെയ്ത 102 നോട്ടൗട്ട് കൈകാര്യം ചെയ്തതും ഏറെ രസകരവും വ്യത്യസ്തവുമായ ഇതിവൃത്തമാണ്. 102-കാരനായ അച്ഛനും 75 വയസ്സായ മകനും ചേർന്നുള്ള ജീവിതവും അവരുടെ വീക്ഷണങ്ങളും രസകരമായി അവതരിപ്പിച്ചിരിക്കുകയാണ്. ജീവിതത്തെ സ്വതന്ത്രവും ആഹ്ലാദകരവുമായി എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കുന്ന 102-കാരന്റെ വേഷത്തിലാണ് ഇതിൽ അമിതാഭ്. ഉമേഷ് ശുക്ല സംവിധാനം ചെയ്ത ഈ സിനിമയിൽ മകനായി വേഷമിട്ടിരിക്കുന്നത് ഋഷി കപൂറാണ്. 2019-ൽ പുറത്തിറങ്ങിയ ബദ്ല തീർച്ചയായും കണ്ടിരിക്കേണ്ട അമിതാഭ് സിനിമകളുടെ ഈ പട്ടികയിൽ ഉൾപ്പെടുത്താം. സുജോയ് ഘോഷ് സംവിധാനംചെയ്ത ഈ സിനിമയിൽ ഒരു കുറ്റകൃത്യത്തിന്റെ ചുരുളഴിക്കുന്ന അഭിഭാഷകന്റെ റോളിലാണ് അമിതാഭ്. അദ്ദേഹത്തിന്റെ വളരെ ഒതുക്കത്തിലുള്ള അഭിനയംകൊണ്ട് ശ്രദ്ധേയമാവുന്ന സിനിമയാ
ണിത്.

Content Highlights: amitabh bachchan @ 80, amitabh bachchan used the name vijay in 22 movies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented