Photo: mathrubhumi
അന്താരാഷ്ട്ര വിപണയിലെ ചലനങ്ങള്‍ക്കനുസരിച്ചാണ് രാജ്യത്തെ സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ നിശ്ചയിക്കുന്നത്. എന്നിരുന്നാലും ഡല്‍ഹി, മുംബൈ, കേരളം, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ഓരോ ദിവസവും വ്യത്യസ്ത നിരക്കുകളാണ് സ്വര്‍ണത്തിന് ഈടാക്കുന്നത്. കേരളത്തിലുള്ളതിനേക്കാള്‍ വിലക്കുറവാണ് മുംബൈയിലും ഡല്‍ഹിയിലുമെന്ന് കാണാം.
രാജ്യത്തെ സ്വര്‍ണവില നിശ്ചയിക്കുന്നത് ഇവയെ അടിസ്ഥാനമാക്കിയാണ്:
ആഗോള വിപണിയിലെ വില
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്തൃരാജ്യമാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍കണക്കിന് സ്വര്‍ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. ആഗോള വിപണിയിലെ ഓരോ ചലനങ്ങളും അടിസ്ഥാനപരമായി രാജ്യത്തെ സ്വര്‍ണവിലയിലും പ്രതിഫലിക്കും.
ഇന്ത്യയിലെ വില
അന്താരാഷ്ട്ര വിപണിയെ അടിസ്ഥാനമാക്കിയാണ് ആഭ്യന്തര വിപണിയിലും വില നിശ്ചയിക്കുന്നതെങ്കിലും ആഗോള വിപണയില്‍ വിലയിടിഞ്ഞാല്‍ രാജ്യത്തെ സ്വര്‍ണവിലയില്‍ കുറവുണ്ടാകണമെന്നില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ തുടങ്ങിയവയെല്ലാം രാജ്യത്തെ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
രൂപയുടെ വിനിമയ മൂല്യം
ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം രാജ്യത്തെ സ്വര്‍ണവിലയെയും ബാധിക്കും. രൂപയുടെ മൂല്യമിടിയുന്നത് ആഭ്യന്തര വിപണിയിലെ വിലവര്‍ധിക്കാനിടയാക്കും. ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്ക്റ്റ് അസോസിയേഷന്‍ ഔണ്‍സിന് 1320 ഡോളറാണ് വില നിശ്ചയിക്കുന്നതെന്നിരിക്കട്ടെ, ഇന്ത്യയില്‍ ഒരു ഗ്രാമിന് 42.44 ഡോളറായിരിക്കും അടിസ്ഥാന വില. 42.44 ഡോളര്‍ രൂപയുടെ മൂല്യം -കണക്കാക്കുമ്പോഴാണ് രാജ്യത്തെ സ്വര്‍ണവില വിലയിരുത്താന്‍ കഴിയുക. അതായത് രൂപയുടെ മൂല്യം ഡോളറിനെതിരെ 60 രൂപയാണെങ്കില്‍ 42.44X60 = 2546 ആയിരിക്കും രാജ്യത്തെ ഗ്രാമിന്റെ വില. ഇതോടൊപ്പം എട്ട് ശതമാനം ഇറക്കുമതി തീരുവ(203.68രൂപ)എന്നിവയും ഈടാക്കിയാണ് യഥാര്‍ത്ഥ വില നിശ്ചയിക്കുന്നത്.
പ്രാദേശിക ആവശ്യകത
ഉത്സവ കാലയളവില്‍ രാജ്യത്തെ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാകാറുണ്ട്. അതുപോലെതന്നെയാണ് വിവാഹ സീസണിലും. പ്രാദേശിക ആവശ്യകത കണക്കാക്കിയാണ് അസോസിയേഷനുകള്‍ വിലനിശ്ചയിക്കുക.
കാരറ്റ് വ്യത്യാസം
21 കാരറ്റ് പരിശുദ്ധിയുള്ള സ്വര്‍ണാഭരണങ്ങളാണ് കേരളത്തില്‍ നേരത്തെ വില്പന നടത്തിയിരുന്നത്. അടുത്തകാലത്താണ് കാരറ്റില്‍ ഏകീകരണമുണ്ടായത്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 22 കാരറ്റ്(.916) സ്വര്‍ണാഭരണങ്ങളാണ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. അതുപോലെതന്നെ 18 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ആഭരണങ്ങളും ലഭ്യമാണ്. കാരറ്റ് അടിസ്ഥാനത്തില്‍ സ്വര്‍ണത്തിന്റെ വലിയില്‍ വ്യതിയാനംവരും. നിലവില്‍ കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ് ജ്വല്ലറികളിലെ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഗോള്‍ഡ് അസോസിയേഷനുകള്‍
അന്താരാഷ്ട്ര വിപണിയില്‍ വിലവ്യതിയാനം ഉണ്ടാകുന്നതിനനുസരിച്ച് ആഭ്യന്തര വിപണിയില്‍ വിലനിശ്ചയിക്കുന്നത് പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ്. മുംബൈ, ചെന്നൈ, കേരളം എന്നിവിടങ്ങളിലെല്ലാം ഈരീതിയിലാണ് വില നിശ്ചയിക്കുന്നത്. ഡിമാന്‍ഡ് അനുസരിച്ച് വിലകുറയ്ക്കാനും കൂട്ടാനും തീരുമാനിക്കുന്നത് ഈ അസോസിയേഷനുകളാണ്. ആവശ്യമെങ്കില്‍ ദിവസത്തില്‍ രണ്ട് തവണവരെ അസോസിയേഷനുകള്‍ വില പുതുക്കി നിശ്ചയിക്കാറുണ്ട്.
Content highlights: Money, Gold price in Kerala and Mumbai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..